SignIn
Kerala Kaumudi Online
Thursday, 25 April 2024 8.49 PM IST

ഗുരു പറഞ്ഞത് മനസ്സിലാകാത്തവർ അന്നും ഇന്നും, വികസനം ഗുരുദേവനെ ഉൾക്കൊണ്ട് : മുഖ്യമന്ത്രി

sivagiri

ശിവഗിരി:വിദ്യാഭ്യാസം, വ്യാപാരം, വ്യവസായം എന്നിവയിലൂടെയല്ലാതെ വ്യക്തിക്കും നാടിനും വളരാനാവില്ലെന്ന് ഉപദേശിച്ച ആദ്ധ്യാത്മിക, സാമൂഹ്യ വിപ്ളവകാരിയായ ശ്രീനാരായണ ഗുരുവിന്റെ കാഴ്ചപ്പാടിൽ ഉറച്ചു നിന്നാണ് സർക്കാർ വികസനം നടപ്പാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 89-ാമത് ശിവഗിരി തീർത്ഥാടന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പൊതുവിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതും റെയിൽ, റോഡ്, വൈദ്യുതി, കമ്പ്യൂട്ടർ, മൂല്യവർദ്ധിത കാർഷിക ഉത്പന്നങ്ങൾ എന്നിവയ്ക്ക് പ്രാധാന്യം നൽകിയുള്ള വികസനനയം നടപ്പാക്കുന്നതും ഗുരുവിന്റെ കാഴ്ചപ്പാട് പൂർണമായി ഉൾക്കൊണ്ടാണ്. ഗുരുവിന്റെ മാനുഷിക, വികസന കാഴ്ചപ്പാടുകൾ മനസിലാക്കാത്തവർ അന്നും ഉണ്ടായിരുന്നു. ഇന്നുമുണ്ട്.

ശ്രീനാരായണഗുരു സ്‌മൃതിയും ശിവഗിരി തീർത്ഥാടനവും വികസനത്തെ സഹായിക്കും. മതം ഏതായാലും മനുഷ്യൻ നന്നായാൽ മതിയെന്ന് ഗുരു പറഞ്ഞു. മനുഷ്യൻ നന്നാവുക എന്നതിനർത്ഥം നല്ല ജീവിതോപാധികളുണ്ടാകുക എന്നാണ്. ഒൻപത് പതിറ്റാണ്ട് മുമ്പ് കാർഷിക, വ്യാവസായിക, തൊഴിൽ പ്രദർശനത്തിന് ഒരു ആദ്ധ്യാത്മിക ഗുരു മുതിർന്നത് ചിന്തിക്കാനാവാത്ത കാര്യമാണ്.

ഇന്ന് ഏറ്റവും രക്തമൊഴുകുന്നത് ജാതി, മത തർക്കങ്ങളിലാണ്. ഇൗ ഘട്ടത്തിൽ ഗുരുവിന്റെ പലമതസാരവും ഏകം എന്ന ചിന്തയാണ് ഓർക്കേണ്ടത്. ഗുരുവിന്റെ മതാതീത മനുഷ്യസ്നേഹ സന്ദേശങ്ങൾക്ക് സമൂഹത്തിൽ സ്വീകാര്യത ഉണ്ടാക്കാൻ സംഘടിത ശ്രമം വേണം. ഇന്ത്യയുടെ മതനിരപേക്ഷതയിൽ കരിമേഘങ്ങൾ പടരുന്ന കാലമാണിത്. വർഗീയത ഫാസിസ്റ്റ് രൂപത്തിൽ സമൂഹത്തിൽ പിടിമുറുക്കുമെന്ന ആപത്ശങ്ക എല്ലാവർക്കമുണ്ട്. മതനിരപേക്ഷ മൂല്യങ്ങൾ മുൻനിറുത്തിയുള്ള പോരാട്ടങ്ങൾക്ക് ഉൗർജ്ജം പകരുന്നതാണ് ഗുരുസ്മൃതി.

ഗുരു പകർന്ന വെളിച്ചം കാലത്തെ മാറ്റി. അത് വീണ്ടും കലുഷമാക്കാൻ സംഘടിത ശ്രമമുണ്ട്. ഗുരു സന്ദേശം മനുഷ്യ സ്നേഹമായിരുന്നു. അതുകൊണ്ടാണ് അത് ജാതിയുടെയും മതത്തിന്റെയും അതിർവരമ്പുകൾ ഭേദിച്ചത്. മനുഷ്യാണാം മനുഷ്യത്വം എന്നാണ് ജാതിയെക്കുറിച്ച് ഗുരു പറഞ്ഞത്. നമുക്ക് ജാതിയില്ലെന്നും മതമില്ലെന്നും വ്യക്തമാക്കി.

തീർത്ഥാടന സമ്മേളനത്തിൽ സന്യാസിമാർക്ക് സംസാരിക്കാൻ കൂടുതൽ സമയം നൽകണം. നിർഭാഗ്യവശാൽ വിശിഷ്ടാതിഥികൾ കൂടുതൽ സംസാരിക്കുകയും ആതിഥ്യമര്യാദ മാനിച്ച് സ്വാമിമാർ കുറച്ച് സംസാരിക്കുകയും ചെയ്യുന്നു. ഗുരുവിന്റെ സാമൂഹ്യപ്രസക്തി സ്വാമിമാർ പറയുമ്പോഴാണ് ജനകീയ സ്വീകാര്യത കിട്ടുക.

സമ്മേളനത്തിനു മുൻപ് മുഖ്യമന്ത്രി ഗുരുദേവ സമാധിയിൽ പുഷ്പാർച്ചന നടത്തി.

നവകേരളം ജാതിരഹിത സമൂഹ രചന

ഗുരുവിന്റെ മഹാസന്ദേശങ്ങൾ പ്രാവർത്തികമാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. നവകേരളം ഗുരു പറഞ്ഞതു പോലെ ജാതിരഹിത, മതരഹിത സമൂഹ രചനയാണ്. ഇനി ദേവാലയങ്ങൾ വേണ്ട വിദ്യാലയങ്ങൾ മതിയെന്ന് ഒരു ഘട്ടത്തിൽ പറഞ്ഞ ഗുരുവിന്റെ പേരിൽ സർവ്വകലാശാല തുടങ്ങിയത് ഉന്നത വിദ്യാഭ്യാസമേഖലയിൽ മാറ്റമുണ്ടാക്കാനാണ് - മുഖ്യമന്ത്രി പറഞ്ഞു.

കനിമൊഴിക്ക് പ്രശംസ

ഗുരുവിന്റെ കർമ്മമണ്ഡലമായിരുന്ന തമിഴ്നാട്ടിൽ നിന്ന് തീർത്ഥാടന സമ്മേളനത്തിന് ഡി.എ.കെ നേതാവ് കനിമൊഴി എത്തിയതിനെ മുഖ്യമന്ത്രി പ്രകീർത്തിച്ചു. തമിഴ്നാട്ടുകാരും കേരളീയരും സഹോദര്യം സൂക്ഷിക്കുന്നവരാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SIVAGIRI
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.