SignIn
Kerala Kaumudi Online
Thursday, 25 April 2024 6.23 PM IST

എല്ലാ മരുന്നിനും വിലക്കുറവ്, എന്നിട്ടും വേണ്ട 'ജൻ ഔഷധി'!

t

 മരുന്നുകളിലെ വിലവ്യത്യാസം മനസിലാക്കാതെ രോഗികൾ

കൊല്ലം: സ്വകാര്യ മെഡിക്കൽ സ്റ്റോറുകളിലെ കൊള്ളവിലയിൽ നിന്ന് പാവപ്പെട്ട രോഗികൾക്ക് ആശ്വാസം പകരാൻ ആരംഭിച്ച പ്രധാനമന്ത്രി ജൻ ഔഷധി കേന്ദ്രങ്ങളെപ്പറ്റി വലിയ ധാരണയില്ലാത്തതിനാൽ ഭൂരിഭാഗം പേരും ഇപ്പോഴും ചൂഷണത്തിന് ഇരയാവുന്നു. പൊതുവിപണയേക്കാൾ 30 മുതൽ 90 ശതമാനം വരെ വിലക്കുറവിൽ മരുന്നു ലഭിക്കുന്ന ജൻഔഷധി കേന്ദ്രങ്ങളിൽ അവിചാരിതമായി എത്തുമ്പോൾ മാത്രമാണ് അത്ഭുതകരമായ വിലക്കുറവിനെപ്പറ്റി അറിയുന്നതു പോലും.

ആയിരത്തിലധികം ജനറിക് മരുന്നുകൾ, നൂറിലേറെ മെഡിക്കൽ, അനുബന്ധ ഉപകരണങ്ങൾ എന്നിവ ജൻഔഷധി കേന്ദ്രങ്ങളിൽ ലഭ്യമാണ്. പ്രമേഹ പരിശോധനയ്ക്കുള്ള ഗ്ലൂക്കോമീറ്റർ കേവലം 525 രൂപയ്ക്ക് 25 സ്ട്രിപ്പുകൾ സഹിതം ഇവിടെ ലഭിക്കും. സാനിട്ടറി നാപ്കിനുകൾക്ക് ഒരു രൂപ മാത്രമേയുള്ളു. കാൻസർ, ഹൃദ്രോഗം എന്നിവയ്ക്കുള്ള മരുന്നുകൾക്കും ഏറെ വിലക്കുറവാണ്. ജില്ലയിൽ നിലവിൽ 70 ഓളം ജൻ ഔഷധി കേന്ദ്രങ്ങളുണ്ട്. സമീപത്തെ ജൻ ഔഷധി കേന്ദ്രം ഏതെന്ന് കണ്ടെത്തുന്നതിനും മരുന്നിന്റെ ലഭ്യതയേയും വിലയേയും കുറിച്ച് അറിയുന്നതിനും 'ജൻഔഷധി സുഖം' എന്ന മൊബൈൽ ആപ്ലിക്കേഷനും ലഭ്യമാണ്. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നോ ഐ ഫോൺ സ്‌റ്റോറിൽ നിന്നോ ഈ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാം.

ഗുണനിലവാരമുള്ള മരുന്നുകളും സർജിക്കൽ ഉപകരണങ്ങളും കുറഞ്ഞ വിലയ്ക്ക് ജനങ്ങൾക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച, പ്രധാനമന്ത്രിയുടെ പ്രത്യേക പദ്ധതിയാണ് ജൻ ഔഷധി. കേന്ദ്ര സർക്കാർ ബ്യൂറോ ഒഫ് ഫാർമ പബ്ലിക്സെക്ടർ അണ്ടർടേക്കിംഗ്സ് ഒഫ് ഇന്ത്യ വഴി നിർമ്മാണ കമ്പനികളിൽ നിന്നു നേരിട്ട് മരുന്ന് വാങ്ങിയാണ് ജൻ ഔഷധി കേന്ദ്രങ്ങളിൽ വില്പനയ്ക്ക് എത്തിക്കുന്നത്.

# ജനറിക് മരുന്നുകൾ

നിർമ്മാണ കമ്പനി നൽകുന്ന പേരിലല്ലാതെ ഉപയോഗിച്ചിരിക്കുന്ന രാസപദാർത്ഥങ്ങളുടെ പേരിൽ വില്പനയ്ക്കുള്ളവയാണ് ജനറിക് മരുന്നുകൾ. ഇവയുടെ രൂപവും നിറവും ബ്രാൻഡഡ് മരുന്നിൽ നിന്നു വ്യത്യസ്തമായിരിക്കും. എന്നാൽ ഗുണഫലത്തിൽ വ്യത്യാസമുണ്ടാകില്ല.

# ജൻഔഷധി വിലയും സാധാരണ വിലയും

 പാന്റോപ്രസോൾ 40 മി. ഗ്രാം(എരിച്ചിലിന്): 11, 90

 ഹ്യൂമൻ മിസ്റ്റാഡ് 30/70 ഇൻസുലിൻ (പ്രമേഹം): 90, 150

 സിലിഡിപ്പിൻ (പ്രമേഹം): 22, 108

 ലെവോകാർനൈറ്റിൻ (പ്രതിരോധ ശേഷിക്ക്): 52, 193

 ലൊസാർട്ടൻ 50 മി. ഗ്രാം ടാബ് (രക്തസമ്മർദ്ദം): 9, 90

 ഗ്ലൂക്കോമീറ്റർ (പ്രമേഹ പരിശോധന): 525, 1000

 ഗ്ലൂക്കോമീറ്റർ സ്ട്രിപ്പ് (25 എണ്ണം)- 225, 600-1000

# ഹോം ഡെലിവറി

ഓരോ പ്രദേശത്തെയും ജൻഔഷധി കേന്ദ്രങ്ങളിൽ ഫോൺ മുഖാന്തരം ബന്ധപ്പെട്ടാൽ മരുന്നുകൾ വീടുകളിലും എത്തിച്ചുനൽകും. ഡോക്ടറുടെ കുറിപ്പും ആവശ്യമായ മരുന്നുകളുടെ വിവരവും വാട്സാപ്പ് മുഖേന അയച്ചാൽ മതി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, 1
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.