Kerala Kaumudi Online
Wednesday, 22 May 2019 10.05 AM IST

ഉയിര്‍ത്ത് എഴുന്നേല്‍പ്പിന്റെ ഓര്‍മ്മ പുതുക്കി ഇന്ന് ഈസ്റ്റര്‍

kaumudy-news-headlines

1. ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബോയില്‍ ഈസ്റ്റര്‍ ദിനത്തില്‍ രണ്ട് ക്രിസ്ത്യന്‍ പള്ളികളില്‍ അടക്കം അഞ്ചിടങ്ങളില്‍ സ്‌ഫോടനം. 42 മരിച്ചതായും 500 പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ട്. പ്രാദേശിക സമയം 8.45ഓടെ ആയിരുന്നു സ്‌ഫോടനം. ഈ സമയം പള്ളികളില്‍ എല്ലാം ഈസ്റ്റര്‍ ദിന പ്രാര്‍ത്ഥന നടക്കുക ആയിരുന്നു എന്ന് ശ്രീലങ്കന്‍ പൊലീസ് വക്താവ്.

2. കൊളംബോയിലെ സെന്റ് ആന്റണീസ് ചര്‍ച്ച് നെഗൊമ്പോയിലെ സെന്റ് സെബാസ്റ്റ്യന്‍ ചര്‍ച്ച് എന്നീ പള്ളികളിലും ഹോട്ടലുകള്‍ കേന്ദ്രീകരിച്ചും ആയിരുന്നു സ്‌ഫോടനം. 200 ഓളം പേരെ കൊളംമ്പിയയിലെ നാഷണല്‍ ആശുപത്രിയില്‍ ഗുരുതര പരിക്കുകളോടെ പ്രവേശിപ്പിച്ചു. സംഭവത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ ശ്രീലങ്കയിലെ ഇന്ത്യന്‍ ഹൈകമ്മിഷണറുമായി ബന്ധപ്പെട്ടിട്ടുണ്ട് എന്നും സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരുന്നതായും വിദേശകാര്യമന്ത്രി സുഷമ സ്വരാജ്

3. സംസ്ഥാനത്ത് ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചരണം ഇന്ന് അവസാനിക്കും. വിവിധ കേന്ദ്രങ്ങളില്‍ വൈകിട്ടാണ് കൊട്ടിക്കലാശം. ചൊവ്വാഴ്ച രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറു വരെയാണ് പോളിംഗ്. പരസ്യ പ്രചരണം അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ ഒപ്പത്തിന് ഒപ്പം എത്താനുള്ള ഓട്ടത്തിലാണ് മുന്നണികള്‍. അവസാനഘട്ടത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന പൊതുയോഗങ്ങള്‍ പൂര്‍ത്തിയാക്കുന്നതോടെ കളം പിടിക്കാനാകുമെന്ന പ്രതീക്ഷയിലാണ് എല്‍.ഡി.എഫ്. കൊട്ടിക്കലാശ ദിനത്തില്‍ റോഡ് ഷോയോടെയാകും എല്‍.ഡി.എഫ് പ്രചരണം അവസാനിപ്പിക്കുക

4. എ.കെ ആന്റണിയും ഉമ്മന്‍ചാണ്ടിയും തിരുവനന്തപുരത്തെ തീരദേശ മേഖലകളില്‍ നടത്തുന്ന റോഡ് ഷോയോടെ യു.ഡി.എഫ് ക്യാമ്പും കാലശ പോരാട്ടത്തിന് സജ്ജമാകും. രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും നടത്തിയ കേരള സന്ദര്‍ശനവും മുതല്‍ക്കൂട്ട് ആകുമെന്നാണ് യു.ഡി.എഫ് കരുതുന്നത്. വൈകിയാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത് എങ്കിലും ഗൃഹസന്ദര്‍ശനം അടക്കുമുള്ള പ്രചരണ രീതികള്‍ക്ക് ഒപ്പം മോദിയുടെയും അമിത്ഷായുടെയും തിരഞ്ഞെടുപ്പ് പര്യടനവും നല്‍കുന്ന ആത്മ വിശ്വാസത്തോടെ ആണ് എന്‍.ഡി .എ കൊട്ടിക്കലാശത്തിന് എത്തുന്നത്.

5. വൈകിട്ട് ആറു മണിക്ക് പരസ്യ പ്രചാരണം അവസാനിക്കും. സംസ്ഥാനത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്ന കൊട്ടിക്കലാശത്തില്‍ രാഹുല്‍ ഗാന്ധി ഒഴികെയുള്ള 20 ലോകസഭ മണ്ഡലങ്ങളിലേയും സ്ഥാനാര്‍ഥികള്‍ പങ്കെടുക്കും. തിരിച്ചറിയല്‍ കാര്‍ഡ് ഉള്‍പ്പെടെയുള്ള പതിമൂന്ന് രേഖകള്‍ വോട്ടിംഗിനായി ഉപയോഗിക്കാം. ഇതില്ലാത്തവര്‍ക്കും വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തവര്‍ക്കും വോട്ട് ചെയ്യാന്‍ സാധിക്കില്ല.

6. പരസ്യ പ്രചാരണം അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കേ വടകരയില്‍ വോട്ടുറപ്പിക്കാനുള്ള ഓട്ടത്തിലാണ് സ്ഥാനാര്‍ഥികള്‍. അക്രമ രാഷ്ട്രീയമെന്ന പ്രചരണായുധം ജനങ്ങള്‍ ഏറ്റെടുക്കുമെന്ന വിശ്വാസത്തിലാണ് യു.ഡി.എഫ്. എന്നാല്‍ രക്തസാക്ഷി കുടുംബങ്ങളുടെ സംഗമം ഒരുക്കി ഇതിനെ സമര്‍ത്ഥമായി പ്രതിരോധിക്കാന്‍ സാധിച്ചു എന്നാണ് എല്‍.ഡി.എഫ് വിലയിരുത്തല്‍. ഇടതു ശക്തി കേന്ദ്രങ്ങളില്‍ പ്രത്യേകം ശ്രദ്ധ പതിപ്പിച്ചായിരുന്നു യു.ഡി.എഫ് സ്ഥാനാര്‍ഥി കെ. മുരളീധരന്റെ പര്യടനം

7. അക്രമ രാഷ്ട്രീയം ഉയര്‍ത്തിക്കാട്ടി നടത്തിയ പ്രചാരണം വോട്ടായി മാറുമെന്ന പ്രതീക്ഷയാണ് മുരളീധരനുള്ളത്. ഇടതു മുന്നണി സംഘടിപ്പിച്ച രക്തസാക്ഷി കുടുംബസംഗമം ഒന്നും വടകരയില്‍ വിലപ്പോകില്ലെന്നും കെ. മുരളീധരന്‍. യു.ഡി.എഫിന്റെ ആരോപണങ്ങള്‍ക്ക് എണ്ണി എണ്ണി മറുപടി പറഞ്ഞാണ് ഇടതു സ്ഥാനാര്‍ഥി പി.ജയരാജന്‍ അവസാനഘട്ട പ്രചാരണം കൊഴുപ്പിക്കുന്നത്. വടകര ഇക്കുറി ഇടത്തേക്ക് ചായുമെന്ന കാര്യത്തില്‍ ജയരാജന് സംശയമില്ല. എന്‍.ഡി.എ സ്ഥാനാര്‍ഥി വി.കെ സജീവനും അവസാന ഘട്ട പ്രചരണത്തില്‍ സജീവമാണ്. ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന വടകരയില്‍ വോട്ടര്‍മാര്‍ ആരെ തുണക്കുമെന്നത് ഇനി കാത്തിരുന്നു തന്നെ കാണണം.

8. സംസ്ഥാനത്ത് എല്‍.ഡി.എഫും യു.ഡി.എഫും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന മണ്ഡലങ്ങളില്‍ ഒന്നാണ് ആലത്തൂര്‍. പരസ്യ പ്രചാരണം അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ പൊതു പിന്തുണയിലാണ് യു.ഡി.എഫ് പ്രതീക്ഷ. അടിത്തട്ടുകള്‍ ഭദ്രമാണെന്നാണ് എല്‍.ഡി.എഫ് വിലയിരുത്തല്‍. ഇടതുമുന്നണിക്ക് ശക്തമായ വേരോട്ടമുള്ള മണ്ഡലം. സംസ്ഥാനത്തെ എല്‍.ഡി.എഫ് കോട്ടകളിലൊന്ന്. അതായിരുന്നു ആലത്തൂര്‍.

9. എന്നാല്‍ ഈ തിരഞ്ഞെടുപ്പിലെ വലിയ പ്രത്യേകതകളില്‍ ഒന്ന് ആലത്തൂര്‍ മണ്ഡലത്തിന്റെ രാഷ്ട്രീയ സ്വഭാവത്തില്‍ ഉണ്ടായ മാറ്റമാണ്. എല്‍.ഡി.എഫിനും യു.ഡി.എഫിനും സാധ്യതയുള്ള മണ്ഡലങ്ങളില്‍ ഒന്നായി ആലത്തൂര്‍ മാറിക്കഴിഞ്ഞു. എല്‍.ഡി.എഫിന്റെ സംഘടനാ സംവിധാനത്തിന് ഒരു കോട്ടവും ഉണ്ടായിട്ടില്ലെങ്കിലും മുന്‍ തിരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് പ്രചാരണത്തില്‍ എല്‍.ഡി.എഫിന് ഒപ്പമെത്താന്‍ യു.ഡി.എഫിന് സാധിച്ചു.

10. റാലികളിലും പൊതു യോഗങ്ങളിലും സാമൂഹ്യ മാദ്ധ്യമങ്ങളിലും യു.ഡി.എഫ് ഓളം തീര്‍ക്കുമ്പോള്‍ ബൂത്ത് തലത്തിലുള്ള പ്രവര്‍ത്തനത്തില്‍ എല്‍.ഡി.എഫ് തന്നെയാണ് മുന്നില്‍. 37000 വോട്ടിനാണ് 2014 ല്‍ എല്‍.ഡി.എഫ് ജയിച്ച് കയറിയത്. ഭൂരിപക്ഷം വര്‍ദ്ധിപ്പിക്കാനാകുമെന്ന് സംസ്ഥാനത്ത് എല്‍.ഡി.എഫും ചെറിയ ഭൂരിപക്ഷത്തിന് ജയിക്കാനാകുമെന്ന് യു.ഡി.എഫും കരുതുന്നു.

11. ഉയിര്‍ത്ത് എഴുന്നേല്‍പ്പിന്റെ ഓര്‍മ്മ പുതുക്കി ക്രൈസ്തവ വിശ്വാസികള്‍ക്ക് ഇന്ന് ഈസ്റ്റര്‍ ആഘോഷിക്കുന്നു. സംസ്ഥാനത്തെ വിവിധ ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥന ചടങ്ങുകളും ശുശ്രൂഷകളും നടന്നു. 50 ദിവസത്തെ വ്രത അനുഷ്ഠാനത്തിന് പരിസമാപ്തി കുറിച്ചാണ് യേശുവിന്റെ ഉയിര്‍ത്ത് എഴുന്നേല്‍പ്പിന്റെ ആനന്ദം പങ്ക്ുവച്ച് ക്രൈസ്തവ വിശ്വാസികള്‍ ഈസ്റ്റര്‍ ആഘോഷിക്കുന്നത്. 2. തിരുവനന്തപുരം സെന്റ് ജോസഫ് കത്തീഡ്രലിലെ ഉയിര്‍പ്പിന്റെ ശുശ്രൂഷക്ക് ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് എം സൂസെപാക്യം മുഖ്യ കാര്‍മികത്വം വഹിച്ചു. എല്ലാ മലയാളികള്‍ക്കും മുഖ്യമന്ത്രി പിണറായി വിജയന്‍ ഈസ്റ്റര്‍ ആശംസകള്‍ നേര്‍ന്നു. മാനവ സ്‌നേഹത്തിന്റെയും ത്യാഗത്തിന്റെയും മഹത്തായ സന്ദേശം നല്‍കുന്ന ഈസ്റ്ററിന് വര്‍ത്തമാന കാലത്ത് കൂടുതല്‍ പ്രസക്തി ഉണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: KERALA NEWS, INDIA NEWS, HEADLINES, KAUMUDY HEADLINES, EASTER SHOPPING, EASTER PREPARATIONS, EASTER
KERALA KAUMUDI EPAPER
TRENDING IN VIDEOS
VIDEOS
PHOTO GALLERY