SignIn
Kerala Kaumudi Online
Saturday, 20 April 2024 9.49 AM IST

എന്റെ കേരളം എന്റെ സ്വപ്നം

kerala

സ്വന്തം ദേശം പുതുവർഷത്തിൽ

എങ്ങനെയാകണം?

ഇവർ മനോവിചാരമെഴുതുന്നു

തിയേറ്ററുകളിൽ
സിനിമ വളരും

സത്യൻ അന്തിക്കാട്

കൊവിഡിൽ ധർമ്മസങ്കടത്തിലാണ് സിനിമാമേഖല. പക്ഷേ, കരകയറുമെന്നത് ഉറപ്പാണ്. സിനിമ ആത്യന്തികമായി തിയേറ്റർ കലയാണ്. തിയേറ്ററിൽ സിനിമ കാണുന്നത് ഉല്ലാസവും ആഘോഷവുമാണ്. വീടുകളിൽ നിന്ന് പുറത്തിറങ്ങുന്നതും ഭക്ഷണം കഴിക്കുന്നതുമെല്ലാം ഉല്ലാസത്തിന്റെ ഭാഗമാണ്. കൊവിഡ് ഭീതി മാറിയാൽ പൂർവാധികം ശക്തമായി സിനിമ തിയേറ്ററിൽ വളരും. ഫോണിലും മറ്റും സിനിമ കണ്ട് എല്ലാവർക്കും മടുത്തു.

കുറച്ചെങ്കിലും ആസ്വാദ്യമാണെങ്കിൽ തിയേറ്ററിൽ ഓടും. പല പുതിയ സിനിമകളും അതാണ് കാണിക്കുന്നത്. താരമൂല്യങ്ങൾക്കപ്പുറം മലയാള സിനിമയെ എല്ലാവരും സ്നേഹിക്കുന്നു. പ്രേക്ഷകർ അസാമാന്യ ബുദ്ധിയും വിവേകവുമുള്ളവരാണ്. സംവിധായകരേക്കാൾ ഉയർന്ന ചിന്താഗതിയുളള പ്രേക്ഷകരുള്ളതുകൊണ്ട് സിനിമയുടെ ഭാവിക്ക് ഒന്നും സംഭവിക്കില്ല.

ചലച്ചിത്ര മേഖലയിൽ കൊവിഡ് കാലത്ത് വലിയ മാറ്റങ്ങളുണ്ടായി. ഒ.ടി.ടി. എന്ന പുതിയ പ്ളാറ്റ്ഫോം ഉണ്ടായി. ഒ.ടി.ടി. വന്നപ്പോൾ വലിയ ആശങ്കകളുണ്ടായിരുന്നു. തിയേറ്ററുകൾ അസ്തമിക്കുമെന്ന് സംശയിച്ചു. ടെലിവിഷൻ വന്നപ്പോഴും ഈ ആശങ്ക ഉണ്ടായിരുന്നു. പക്ഷേ, സിനിമ ടിവിയിൽ കാണാൻ തുടങ്ങിയത് ഗുണകരമാവുകയാണ് ചെയ്തത്. ചാനലുകളിൽ നിന്ന് സിനിമാമേഖലയ്ക്ക് വരുമാനം കിട്ടാൻ തുടങ്ങി. അതുകൊണ്ടുതന്നെ ഒ.ടി.ടി.യും സാമ്പത്തിക സ്രോതസായി മാറും.

കൊവിഡ് കാലത്ത് നമുക്ക് ഒരുപാട് വിഷമങ്ങളുണ്ടായെങ്കിലും കുറേ തിരിച്ചറിവുമുണ്ടായി. പണത്തിന്റെ വില അറിഞ്ഞു. ഒന്നോ രണ്ടോ വർഷം വരുമാനമുണ്ടായില്ലെങ്കിൽപ്പോലും ഇനി എന്തെങ്കിലും കരുതിവയ്ക്കണമെന്ന തോന്നലുണ്ടായി. സമൂഹത്തിൽ പരസ്പരസ്നേഹവും വിശ്വാസവും കൂടി. രാഷ്ട്രീയത്തിന് അതീതമായി സഹജീവികളോട് സ്നേഹം കൂടി. മനുഷ്യന്റെ അഹങ്കാരത്തിനു കിട്ടിയ വലിയ ഒരടിയാണ് ഈ സൂക്ഷ്മ വൈറസ്. നമ്മൾ എല്ലാറ്റിനും മീതെയാണെന്ന ധാരണ തൂത്തെറിയപ്പെട്ടു. പക്ഷികളും മൃഗങ്ങളും സുരക്ഷിതരാണ്, മനുഷ്യരൊഴികെ. അത് കാണാനും തിരിച്ചറിയാനുമുളള കണ്ണുകളാണ് വേണ്ടത്.

കാറൽ മാർക്സ്

എന്ന പാവം

ശ്രീനിവാസൻ

ഗ്രീസിലാണത്രേ ആദ്യം ജനാധിപത്യത്തിന്റെ ഒരു മോഡൽ ഉണ്ടായത്. അക്കാലത്തു തന്നെ ജനാധിപത്യത്തിന്റെ കുഴപ്പമെന്തെന്നും സോക്രട്ടീസ് പറഞ്ഞിരുന്നു. 'നല്ല കഴിവും സത്യസന്ധതയുമുള്ള ഭരണാധികാരികളെ തിരഞ്ഞെടുക്കാനുള്ള യഥാർത്ഥ കഴിവ് എല്ലാ വോട്ടർമാർക്കും ഉണ്ടാകണമെന്നില്ല' എന്ന സോക്രട്ടീസിന്റെ അന്നത്തെ നിഗമനം ശാശ്വതസത്യമായി തുടരുകയാണ്. കുറച്ച് പണം കിട്ടിയാൽ, മദ്യം കിട്ടിയാൽ, ഒരു കിറ്റ് കിട്ടിയാൽ അവൻ ആർക്കും വോട്ടുചെയ്യും. ഒരു തിരഞ്ഞെടുപ്പിൽ കോടികൾ ചെലവിടുന്ന സ്ഥാനാർത്ഥികളും പാർട്ടികളും ആ പണം വീണ്ടെടുക്കുന്നിടത്താണ് അഴിമതി തുടങ്ങുന്നത്. പഴയ കുത്തകമുതലാളി കശ്മലൻ ഇന്ന് ഏറ്റവും പ്രിയപ്പെട്ട സുഹൃത്താണ്.

കാറൽ മാർക്സ് പാവമാണ്. നല്ല മനുഷ്യനാണ്. പക്ഷേ ഒരാൾ അഞ്ചുതവണ എം.എൽ.എ ആയാൽ അഞ്ചു പെൻഷൻ വാങ്ങുന്ന സോഷ്യലിസം അദ്ദേഹം വിഭാവനം ചെയ്തതല്ല. (ഇത്തരം ക്രൂരതൾ നികുതികൊടുക്കുന്ന കഴുതകളായ പൊതുജനം അറിയുന്നതേയില്ല). ഒരു മനുഷ്യന് നിലനിൽക്കാൻ ആദ്യം വേണ്ടത് മൂന്നു നേരം ഭക്ഷണം കഴിക്കാനുള്ള ചുറ്റുപാടും കിടന്നുറങ്ങാൻ വീടുമാണ്. അതുകഴിഞ്ഞിട്ടു പോരേ, അതിവേഗത്തിൽ ഓടുന്ന ട്രെയിനിൽ സഞ്ചരിക്കാൻ. നാളെയെക്കുറിച്ച് ചിന്തിക്കുമ്പോൾ, ജനങ്ങളോട് സ്നേഹവും സത്യസന്ധതയുള്ള ഒരു ഏകാധിപതി പോലും ഇന്നത്തെ ജനാധിപത്യത്തേക്കാൾ എത്രയോ നല്ലതെന്നേ കരുതാനാകൂ.

നിരാശയുടെ

നിഴലില്ലാതെ

ടി. പദ്മനാഭൻ

പല രംഗങ്ങളിലും ഏറെ വിഷമങ്ങൾ സഹിച്ച വർഷമാണ് കടന്നുപോകുന്നത്. പക്ഷേ, ഒരിക്കലും നിരാശയുടെ കരിനിഴൽ വീണിട്ടില്ല,​ വീഴുകയുമരുത്. കൊവിഡിനെതിരെ നമ്മൾ ധീരമായാണ് പൊരുതിയത്. ഈ യുദ്ധത്തിൽ ഏതാണ്ട് പൂർണമായും ജയിച്ചുവെന്നു കരുതിയ ഘട്ടത്തിലാണ് മറ്റൊരു മഹാമാരിയായി ഒമിക്രോൺ കടന്നുവരുന്നത്. ഇതിനെയും നമുക്ക് അതിജീവിക്കാനാവുമെന്ന പൂർണ വിശ്വാസമുണ്ട്.

ഈ വിഷയത്തിൽ സർക്കാരിന് പൂർണസഹകരണവും പിന്തുണയും നൽകേണ്ട ഉത്തരവാദിത്വം നമുക്കുണ്ട്. പിഴവുകൾ വന്നിട്ടുണ്ടാകാം. അതിനെ പർവതീകരിക്കുന്നത് ശരിയല്ല. കാലമാണ് ഏറ്റവും വലിയ ശക്തി. ആ കാലത്തെയും തോൽപ്പിക്കാനാകും. പ്രിയകവി ജി. ശങ്കരക്കുറുപ്പിന്റെ വരികൾ തന്നെ ഉദ്ധരിക്കാം:

വെമ്പുക, വിളറുക,​ വിറകൊള്ളുക! നോക്കൂ,​
നിൻ പുരോഭാഗത്തതാ ധീരതേജസാം നാളെ!

വിനോദസഞ്ചാര മേഖല

മുന്നേറ്റമുണ്ടാക്കും

മുഹമ്മദ് റിയാസ്

(പൊതുമരാമത്ത്, ടൂറിസം മന്ത്രി)

സംസ്ഥാനത്തിന്റെ പൊതുവികസന മുന്നേറ്റത്തിന് അടിസ്ഥാനമിടാൻ കഴിയുന്ന പദ്ധതികളുമായി പൊതുമരാമത്ത്,​ ടൂറിസം വകുപ്പുകളിൽ പുതുവർഷത്തിൽ മുന്നേറ്റമുണ്ടാക്കാനാകുമെന്നാണ് പ്രതീക്ഷ. ഇ - ഓഫീസ് സംവിധാനത്തിലേക്കു മാറി,​ വേഗതയിൽ സുതാര്യമായി ഫയൽ നീക്കം നടത്താനാകുന്ന വകുപ്പായി പൊതുമരാമത്ത് വകുപ്പ് പുതുവത്സരദിനത്തിൽത്തന്നെ മാറും.

നേരത്തേ പ്രഖ്യാപിച്ച വർക്കിംഗ് കലണ്ടർ, റണ്ണിംഗ് കോൺട്രാക്ട്, പ്രോജക്ട് മാനേജ്‌മെന്റ് സിസ്‌റ്റം തുടങ്ങിയ പദ്ധതികൾ ഈ വർഷം പ്രാബല്യത്തിൽ വരും. ദേശീയപാത 66ന്റെ വികസനം എല്ലാ റീച്ചുകളിലും ഈ വർഷം ആരംഭിക്കാനാകും. കഴക്കൂട്ടം ഫ്ളൈഓവർ, നീലേശ്വരം ആർ.ഒ.ബി, തലശ്ശേരി- മാഹി ബൈപ്പാസ് തുടങ്ങിയവ പൂർത്തിയാക്കാനും ലക്ഷ്യമിടുന്നു. ലെവൽ ക്രോസ് ഇല്ലാത്ത കേരളം പദ്ധതിയിലെ ഓവർബ്രിഡ്ജുകളുടെ നിർമ്മാണത്തിലും പ്രധാന പുരോഗതി നേടാനാകും.

കൊവിഡ് പ്രതിസന്ധികൾക്കിടയിലൂടെ ടൂറിസം മേഖലയും പുതുവത്സരത്തിലേക്ക് കടക്കുകയാണ്. സുരക്ഷിത കേരളം,​ സുരക്ഷിത ടൂറിസം എന്ന സന്ദേശമുയർത്തി ടൂറിസം മേഖല ശക്തമായ തിരിച്ചു വരവിന്റെ പാതയിലാണ്. കേരളത്തിലെ ടൂറിസം കേന്ദ്രങ്ങൾ കാരവാനുകൾ കീഴടക്കുമെന്നു പ്രതീക്ഷിക്കുന്ന വർഷം കൂടിയാണിത്.

കേരളത്തിന്റെ രുചിവൈവിദ്ധ്യം സഞ്ചാരികൾക്ക് അനുഭവവേദ്യമാക്കുന്ന ഫുഡ് ടൂറിസവും സുപ്രധാന കാൽവയ്‌പാകും. ലിറ്റററി സർക്യൂട്ട്,​ ബയോ ഡൈവേഴ്‌സിറ്റി സർക്യൂട്ട് എന്നിവയിലൂടെ വിനോദ സഞ്ചാരത്തിന് വേറിട്ട വഴികൾ തുറക്കപ്പെടും.

എങ്ങനെ കാണും,​

നല്ല സ്വപ്നങ്ങൾ?​

ജസ്റ്റിസ് കെമാൽ പാഷ

എന്റെ കേരളത്തെക്കുറിച്ച് നല്ല പ്രതീക്ഷകളൊന്നുമില്ല. എല്ലാം അസ്തമിച്ചു. കേരളത്തിൽ നടക്കുന്ന അക്രമങ്ങൾ, ഗുണ്ടാവിളയാട്ടം ഇതെല്ലാം മനസ്സിന്റെ സ്വസ്ഥത കെടുത്തുന്നു. ഭരണപരമായ കാര്യങ്ങളിലുള്ള എല്ലാ പ്രതീക്ഷയും അസ്തമിച്ചു. ജനങ്ങളെ പണയപ്പെടുത്തി കടമെടുത്ത് നടത്തുന്ന സിൽവർ ലൈൻ എന്ന കെ- റെയിൽ മാമാങ്കം സൈര്യം കെടുത്തുന്നു.

വരും വർഷത്തിൽ അഴിമതിയും അക്രമങ്ങളും ഇല്ലാതാക്കണം. അഭ്യന്തരവകുപ്പ് കാര്യക്ഷമമായി പ്രവർത്തിച്ചാൽ അക്രമവും ഗുണ്ടാവിളയാട്ടവും അടിച്ചമർത്താൻ സാധിക്കും. ശരിയായ ഇന്റലിജൻസ് സംവിധാനം വേണം. അതിന് ഉദ്യോഗസ്ഥരെ കെട്ടഴിച്ചു വിടുകയല്ല ചെയ്യേണ്ടത്. അനാവശ്യ രാഷ്ട്രീയ ഇടപെടൽ ഒഴിവാക്കി,​ അവർക്ക് മനോവീര്യം കൊടുക്കണം. അഴിമതിയിൽ മാത്രം കണ്ണുനട്ട് കോടികൾ കടമെടുത്ത് പോക്കറ്റിൽ വച്ച് എന്നും ഭരിക്കാമെന്ന് വിചാരിക്കുന്നത് തെറ്റാണ്.

പുതിയ പരീക്ഷണങ്ങൾ

ഉണ്ടാകണം
ബേസിൽ ജോസഫ്

എല്ലാ മേഖലകളിലും പുതിയ പരീക്ഷണങ്ങളുണ്ടാവണം. സിനിമ, ശാസ്ത്രം, ആരോഗ്യം ഉൾപ്പെടെ സമസ്തമേഖലയിലും കഴിവുള്ള യുവജനങ്ങളുടെ കർമ്മശേഷിക്ക് പ്രാധാന്യം നല്കണം. സാമൂഹ്യമാദ്ധ്യമങ്ങളിൽ ഒതുങ്ങിപ്പോകാതെ മാനുഷിക മൂല്യങ്ങളിലൂന്നി ഭാവിയിലേക്കുള്ള പദ്ധതികളുമായി മുന്നോട്ടു പോകണം. അടുത്ത വർഷം കൊവിഡ് പോലുള്ള മഹാമാരികളില്ലാതെ രക്ഷപ്പെട്ടു കിട്ടിയാൽ മതിയെന്നാണ് ഏറ്റവും വലിയ ആഗ്രഹം. രണ്ടുവർഷം നഷ്ടപ്പെട്ടതൊക്കെ തിരിച്ചെടുക്കാനുള്ള ശ്രമത്തിലാണ് എല്ലാവരും. ആ ശ്രമം തുടരണം.

സുഗമമായ കേരളം

ചിദംബരം

സംവിധായകൻ

തീരുമാനങ്ങൾ പെട്ടെന്നെടുത്ത്,​ എല്ലാ കാര്യങ്ങളും സുഗമമായി പോകുന്നൊരു കേരളമാണ് പുതുവർഷത്തിൽ പ്രതീക്ഷിക്കുന്നത്. ഭരണപരമായ കാര്യങ്ങൾ സുതാര്യവും സുഗമവുമാകണം. വികസന പദ്ധതികൾ പരിസ്ഥിതി സൗഹൃദവും സന്തുലിതവുമാകണം.

നമ്മൾ എവിടെയും

കുടുങ്ങാതിരിക്കട്ടെ

അനീസ് സലീം

കഴിഞ്ഞ രണ്ടുവർഷവും പ്രതീക്ഷയറ്റ കാലങ്ങളായിരുന്നു. അതുകൊണ്ടുതന്നെ ഇനിയങ്ങോട്ട് അമിത പ്രതീക്ഷകളില്ല. മതങ്ങളുടെ മതിൽക്കെട്ടു തകർത്ത് എല്ലാവരും സാഹോദര്യത്തോടെ വാഴുന്നൊരു കാലമുണ്ടാകുമെന്നു കരുതുക തീരെ വയ്യ! ഭരണ,​ പ്രതിപക്ഷങ്ങൾ പൊതുജനങ്ങളുടെ രാഷ്ട്രീയ പ്രബുദ്ധതയും ബുദ്ധിയും ചിന്താശേഷിയുമൊക്കെ പരിഗണിച്ച് അഭിപ്രായപ്രകടനം നടത്താൻ തയ്യാറാകണം. ഒരിക്കൽ പറയുന്നത് പിന്നീട് തിരുത്തിപ്പറയേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കണം. പൊതുജനം പണ്ടത്തെപ്പോലെയല്ല, സാമൂഹ്യ മാദ്ധ്യമങ്ങളുടെ ഇടപെടൽ ശക്തമാണ്. സമൂഹം എല്ലാ കാര്യങ്ങളും നന്നായി വിലയിരുത്തുന്നുണ്ട്. ലോകത്തിന്റെ അതിർത്തികൾ അടഞ്ഞു കിടക്കുകയാണ്. പണ്ടൊക്കെ പണവും വിസയുമുണ്ടെങ്കിൽ എവിടെയും യാത്ര ചെയ്യാമായിരുന്നു. ഇന്നിപ്പോൾ എല്ലാമുണ്ടെങ്കിലും എവിടെയെങ്കിലും കുടുങ്ങിപ്പോകുമോ എന്ന ആശങ്കയുണ്ട്. ഈ വർഷം അത്തരം അരക്ഷിതാവസ്ഥകളൊക്കെ മാറട്ടെ.

ആവശ്യമില്ലാത്ത

സദാചാരബോധം

സുസ്മേഷ് ചന്ദ്രോത്ത്

ശുഭപ്രതീക്ഷയുള്ള സംസ്ഥാനമാണ് കേരളം. ഇതേ മട്ടിൽ അത് നിലനിൽക്കണം. മതേതര ജനാധിപത്യ മൂല്യങ്ങൾ കേരളത്തിലുണ്ട്. വാട്സ് ആപ്പ് യൂണിവേഴ്സിറ്റികൾ ഉൾപ്പെടെ അതിനെ തുരങ്കംവയ്ക്കാൻ ശ്രമിക്കുന്നവർ നമുക്കിടയിൽ ധാരാളമുണ്ട്. എങ്കിലും അതിനെയൊക്കെ ചെറുത്തുനിൽക്കാൻ ശേഷിയുള്ളവരാണ് കേരള ജനത. ഭൗതിക വളർച്ചയിൽ നമ്മൾ മുന്നിലാണെങ്കിലും മാനസികവും ആന്തരികവുമായ പുരോഗതിയിൽ ഏറെ പിന്നിലുമാണ്.

മലയാളികളിൽ ഏറെയും പുരോഗതിയുടെ മുഖംമൂടി അണിഞ്ഞവരാണ്. അതിന് ഉദാഹരണമാണ് സ്ത്രീധന കൊലപാതകങ്ങൾ പോലെയുള്ള ക്രൂരതകൾ ഇവിടെ തുടരുന്നത്. വലിയവീടും കാറും ബാങ്ക് ബാലൻസുമൊക്കെ ഉണ്ടെങ്കിലും അനാചാരങ്ങളിലും അന്ധവിശ്വാസങ്ങളിലും അധിഷ്ഠിതമായ മനോഭാവമുണ്ട്. ആവശ്യമില്ലാത്ത സദാചാരബോധവും പാപബോധവും കേരളത്തിൽ ലൈംഗിക അരാജകത്വം വർദ്ധിപ്പിക്കുകയാണ്. മാനസിക വളർച്ചയുടെ കാര്യത്തിൽ കേരളം ഏറെ മുന്നേറാനുണ്ട്.

ലോക്ക് ഡൗൺ സമയത്ത് ഒരുപാട് വാഹനങ്ങൾ നിരത്തിലിറക്കി. ഇത്രയും വാഹനങ്ങൾക്ക് സഞ്ചരിക്കാനുള്ള റോഡുകളോ പാർക്കിംഗ് സംവിധാനങ്ങളോ കേരളത്തിലില്ല. മറ്റു സംസ്ഥാനങ്ങളിൽ നിന്നു വരുന്ന വാഹനങ്ങളെക്കൂടി കാണേണ്ടതുണ്ട്. അന്ധവിശ്വാസങ്ങളിൽ നിന്നും അനാചാരങ്ങളിൽ നിന്നും പുതുതലമുറയെ രക്ഷിക്കാൻ ആന്ത്രോപ്പോളജി സ്കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണം. ചരിത്രവും സയൻസും പഠിക്കുന്നതിനൊപ്പം മാനവരാശിയുടെ പുരോഗതിയുടെ ചരിത്രം കൂടി മനസ്സിലാക്കിയാലേ മാനുഷിക മൂല്യങ്ങൾക്ക് പ്രാധാന്യമുണ്ടാകൂ.

ആണുങ്ങൾ പെണ്ണിനെ

പേടിച്ചു തുടങ്ങട്ടെ

ഡോ. എസ്. ശാരദക്കുട്ടി

എല്ലാത്തവണയും എന്നതുപോലെ ശുഭപ്രതീക്ഷകളുടെ ഒരായിരം സ്വപ്നങ്ങളുമായാണ് ഞാൻ പുതുവർഷത്തെ എതിരേല്ക്കുന്നത്. സ്ത്രീകൾ നേരിടുന്ന അതിക്രമങ്ങളും പെൺകുട്ടികളുടെ ആത്മഹത്യകളും പെരുകിവരുന്നതാണ് ഏറെ ആശങ്കപ്പെടുത്തുന്ന ഒരു വിഷയം. പെണ്ണ് ആണിന്റെ അടിമവസ്തു ആണെന്ന ബോധം, അവളുടെ സംരക്ഷകൻ അവനാണെന്ന അധികാരിഭാവം സമൂഹമനസ്സിൽ നിന്ന് ഇല്ലാതാക്കാനുള്ള ദീർഘകാല പദ്ധതികൾ ആസൂത്രണം ചെയ്യണം. ഒപ്പം ശക്തമായ നിയമ സംവിധാനങ്ങളും ഉറപ്പാക്കണം.

തനിക്ക് അനുകൂലമായി നിയമങ്ങളുണ്ടെന്നും അത് ഫലപ്രദമായി ഉപയോഗിക്കാനുള്ള ശക്തമായ സംവിധാനങ്ങളുണ്ടെന്നും പെൺകുട്ടിക്കും വീട്ടുകാർക്കും ബോദ്ധ്യമുണ്ടാകണം. പെൺവീട്ടുകാർക്ക് നിയമം അറിയാമെന്നും അതുപയോഗിച്ചാൽ തങ്ങൾ കുടുങ്ങുമെന്നും ആൺകൂട്ടർക്ക് ഭയമുണ്ടാകണം. നിയമം കൊണ്ടു മാത്രം കാര്യമില്ല. നിയമം ഇവിടയുണ്ടെന്ന ബോധവും,​ വേണ്ടിടത്ത് അത് ഉപയോഗിക്കാനുള്ള ധൈര്യവും ഉണ്ടാകണം. പുതുവർഷം കൂടുതൽ സ്ത്രീ സൗഹൃദമാകട്ടെ. ആരോഗ്യ സംവിധാനങ്ങളും നിയമപരിപാലനവും കുറ്റമറ്റതാകട്ടെ . രാഷ്ട്രീയകക്ഷികൾ മാതൃകാപരമായ പെരുമാറ്റ സംഹിതകൾ പാലിക്കുവാനുള്ള ഉത്തരവാദിത്വം കാണിക്കട്ടെ.

ലിംഗസമത്വം വരണം,​

അഴിമതി പോകണം

എം. എൻ കാരശ്ശേരി

ലിംഗസമത്വം നിലനില്ക്കുന്നതും അഴിമതിരഹിതവുമായ ഒരു കേരളമുണ്ടാകട്ടെ എന്നാണ് സ്വപ്നം.

നമ്മുടെ രാജ്യവും സംസ്ഥാനവും നേരിടുന്ന ഏറ്റവും പ്രധാന പ്രശ്നം അഴിമതിയും വർഗീയതയുമാണ്. ജനാധിപത്യത്തിന്റെ ഏറ്റവും മഹത്തായ രൂപം തുല്ല്യതയാണ്. ഈ തുല്ല്യത ഇല്ലാതാക്കുന്നതാണ് അഴിമതിയും വർഗീയതയും.

ഞാൻ കെ- റെയിലിന് എതിരാണ്. ഇത്രയധികം പണം ചെലവഴിച്ച് പരിസ്ഥിതിക്ക് വലിയ ആഘാതം സൃഷ്ടിക്കുന്ന ഒരു പദ്ധതി കേരളത്തിന് ആവശ്യമില്ല. അഴിമതി നടത്താൻ വേണ്ടിയാണ് ഈ പദ്ധതിയെന്ന് ഞാൻ കരുതുന്നു. ഇതിനെ എതിർക്കുമ്പോൾ മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും പേരു പറഞ്ഞാണ് സർക്കാർ നേരിടുന്നത്.

നീതിനിഷ്ഠമായ സമൂഹത്തിൽ എല്ലാവർക്കും തുല്ല്യത ഉണ്ടാവണം. ഇതിൽ പുരുഷനും സ്ത്രീയും ട്രാൻസ്ജെൻഡറും ഉൾപ്പെടും.

വിപണികളിലേക്ക്

വഴിയൊരുക്കാം

ഡോ. സി.ആർ. എൽസി

ലോകവ്യാപാര സംഘടന കാർഷികവിപണിയുടെ വാതിൽ തുറന്നിട്ടിരിക്കുകയാണ്. ലോകരാജ്യങ്ങൾക്ക് ഉത്പന്നങ്ങൾ എവിടെയും വിറ്റഴിക്കാം. ഇന്ത്യയിലേക്ക് മറ്റു രാജ്യങ്ങളിൽ നിന്നുള്ള ഉത്പന്നങ്ങൾ ധാരാളമെത്തുന്നു. നമ്മുടെ ഉത്പന്നങ്ങളുടെ വിപണി ഇടിയുന്നു. ഇതിനൊരു മറുവശമുണ്ട്. മറ്റു രാജ്യങ്ങളുടെ വിപണിയിൽ ചെന്നെത്താൻ നമ്മുടെ ഉത്പന്നങ്ങൾക്കും സാധിക്കും. പക്ഷേ,​ അവിടെയെത്താനുള്ള വഴികൾ കർഷകർക്ക് മനസ്സിലാകുന്നില്ല. അതിനുളള സാങ്കേതികജ്ഞാനം അവർക്കില്ല. അവിടെയാണ് സർക്കാരും സർക്കാർ ഏജൻസികളും കർഷകർക്ക് താങ്ങാകേണ്ടത്.

വിളവില്ലാത്തതല്ല, വിപണിയില്ലാത്തതാണ് ഇന്നത്തെ മുഖ്യ പ്രശ്നം. പ്രാദേശികവിപണിയെ പ്രോത്സാഹിപ്പിച്ചാൽ തനത് ഉത്പന്നവിപണി ഉഷാറാക്കാം. ഓൺലൈൻ പ്ലാറ്റ്ഫോമുകളും ഊർജ്ജസ്വലമായി പ്രവർത്തിക്കണം. ഇതിന്റെ നടത്തിപ്പ് കർഷകർ തന്നെയാകണം. ലാഭവിഹിതം കർഷകർക്കു ലഭിക്കണം. കൂടുതൽ ഉത്പാദിപ്പിക്കപ്പെടുന്ന വിളകളെ മൂല്യവർദ്ധിതമാക്കാനുളള സാങ്കേതികജ്ഞാനവും സൗകര്യവും കർഷകൻ ആഗ്രഹിക്കുന്നു. സംഭരണ കേന്ദ്രങ്ങളും വേണം.

(കേരള കാർഷിക സർവകലാശാലയുടെ ബൗദ്ധിക സ്വത്തവകാശ സെൽ മുൻ കോർഡിനേറ്റർ ആണ് ലേഖിക)​

സ്വാർത്ഥത വെടിയാം.

സാന്ത്വനമാകാം

കർദ്ദിനാൾ ബസേലിയോസ് ക്ളീമിസ് കാതോലിക്കാ ബാവ

സമാധാനവും സംതൃപ്തിയും സന്തോഷവും സമൃദ്ധിയും നിറഞ്ഞതാകട്ടെ ഈ പുതിയ വർഷം. ലോകം പ്രതിസന്ധിയിലായപ്പോൾ മനുഷ്യൻ കൂടുതൽ വിവേകിയും കാരുണ്യവാനുമായി. മഹാമാരിയും സ്വാർത്ഥ ചിന്തകളും മനുഷ്യ മനസ്സിനെ ഭയപ്പെടുത്തുമ്പോൾ നാം ഉണർവോടും അനുമ്പകയോടും പ്രവർത്തനിരതരാവുക. തെറ്റിദ്ധാരണ മൂലം മനുഷ്യമനസ്സുകൾ കീറിമുറിക്കപ്പെടുകയും വേദനിപ്പിക്കപ്പെടുകയും ചെയ്യുമ്പോൾ അതിന് സാന്ത്വനമാകാനും പരസ്‌പരസ്നേഹവും ബന്ധവും നിലനിറുത്തുവാനും നാം കൂടുതൽ സഹിഷ്‌ണുതയും സ്‌നേഹവും പ്രകടിപ്പിക്കേണ്ട സമയമാണ്. നാടിന്റെ പുരോഗതിക്കും മനുഷ്യരുടെ സന്തോഷത്തിനും വേണ്ടി സ്വാർത്ഥത വെടിഞ്ഞ് രാഷ്ട്രീയ സാമൂഹിക,​ മതസൗഹാർദ്ദം ഊട്ടിയുറപ്പിക്കാൻ നമുക്ക് പ്രയത്നിക്കാം. പുതുവർഷം പ്രത്യാശയുടെയും സന്തോഷത്തിന്റെയും സമൃദ്ധിയുടെയും കാലമാകാൻ സർവേശ്വരനോട് പ്രാർത്ഥിക്കുകയും ചെയ്യാം.

വികസനത്തിന് മതമൂല്യങ്ങൾ

പ്രയോജനപ്പെടുത്താം

പാളയം ഇമാം ഡോ.വി.പി സുഹൈബ് മൗലവി

ക്ഷമയും സഹനവുമെന്ന മഹത്തായ ആശയത്തെ പ്രബോധനം ചെയ്തു മാത്രമേ ശാന്തവും സുരക്ഷിതവുമായ ഒരു നാടിനെ നിലനിർത്താനാവൂ. ശ്രീനാരായണ ഗുരുവിന്റെയും വക്കം മൗലവിയുടെയും നവോത്ഥാന സ്പർശനങ്ങളേറ്റ മണ്ണാണ് കേരളം. നാടിന്റെ പുരോഗതിക്കും വികസനത്തിനും മതമൂല്യങ്ങളെയും വിശ്വാസങ്ങളെയും പ്രയോജനപ്പെടുത്തണം. ആചാരങ്ങൾ സംരക്ഷിക്കപ്പെടണം. അന്ധവിശ്വാസങ്ങളിൽ നിന്ന് അകന്നു നിൽകാൻ നമുക്ക് സാദ്ധ്യമാവുകയും വേണം.

സ്ത്രീധനത്തിനെതിരെ യുവാക്കളും രക്ഷിതാക്കളും ശക്തമായ നിലപാടെടുക്കണം.പരിസ്ഥിതിനാശം കുറഞ്ഞ വികസന പദ്ധതികൾ ആവിഷ്കരിക്കരിക്കണം. മുന്നാക്ക ജനവിഭാഗങ്ങളുടെ സാമ്പത്തിക സുരക്ഷയ്ക്ക് ആവശ്യമായ നിലപാട് സ്വീകരിക്കുന്നതിനൊപ്പം,​ ചരിത്രപരമായ കാരണങ്ങളാൽ സാമൂഹികവും വിദ്യാഭ്യാസപരവുമായി പിന്നാക്കം പോയ ജനവിഭാഗങ്ങൾക്കുള്ള സംവരണാനുപാതങ്ങളിൽ വിട്ടുവീഴ്ച ചെയ്യാതെ മുന്നോട്ടു പോകാൻ ഭരണകൂടങ്ങൾക്കാവണം. മത, രാഷ്ട്രീയ കക്ഷികൾ അഹിംസയെന്ന മഹത്തായ ആശയം ഉൾക്കൊണ്ട് മുന്നോട്ടുപോകുന്ന പുതുവർഷത്തെയാണ് സ്വപ്നം കാണുന്നത്.

കാൻസർ ചികിത്സയിൽ
പ്രത്യാശാ കാലം

ഡോ.രേഖ എ. നായർ

(ഡയറക്ടർ, ആർ.സി.സി)

കൊവിഡിനെ അതിജീവിച്ച കരുത്തുമായാണ് കേരളത്തിന്റെ കാൻസർ ചികിത്സാരംഗം പുതുവർഷത്തിലേക്കു കടക്കുന്നത്. കൊവിഡ് കാലത്തെ കാൻസർ ചികിത്സ ശ്രമകരമായിരുന്നു. എന്നാൽ രോഗികൾക്ക് ബുദ്ധുമുട്ടുണ്ടാകാതിരിക്കാൻ സർക്കാരിന്റെ മാർഗനിർദ്ദേശ പ്രകാരം സ്വീകരിച്ച ചികിത്സാ വികേന്ദ്രീകരണം ഫലവത്തായി. ലോക്ക്ഡൗണിൽ യാത്രാ സൗകര്യമില്ലാതിരുന്നതിനാൽ ജില്ലാ, താലൂക്ക് ആശുപത്രികളിലൂടെ ആർ.സി.സിയിലെ രോഗികൾക്ക് വീട്ടുമുറ്റത്ത് ചികിത്സ എത്തിക്കാനായി.അത് പുതിയൊരു തുടക്കമായിരുന്നു.

ജില്ലാ,താലൂക്ക് ആശുപത്രികളിലെ ചികിത്സയും പരിശോധനയും ഇപ്പോഴും തുടരുകയാണ്. അവിടെ കാൻസർ ചികിത്സ സജ്ജീകരിക്കുക എന്നതാണ് സ്വപ്‌നം.

മഹാഗുരുക്കന്മാരുടെ

വചനം കേൾക്കുക

ഗുരു മുനി നാരായണപ്രസാദ്

കേരളം വിദ്യാഭ്യാസകാര്യത്തിൽ ഏറ്റവും മുന്നിലെന്നാണ് നമ്മുടെ അഭിമാനം. പക്ഷേ,​ പണമുണ്ടാക്കുന്ന മെഷീനുകളായി മനുഷ്യരെ വാർത്തെടുക്കുന്നതിനാണ് വിദ്യാഭ്യാസം ഉപയോഗിക്കപ്പെടുന്നത്. ഫലമോ,​ മനുഷ്യർ മൂല്യബോധമില്ലാതെ ജീവിക്കുന്നവരായിത്തീരുന്നു! അതേ മനുഷ്യർ തന്നെ കൂടുതൽ കൂടുതൽ മാനസിക സംഘർഷം അനുഭവിക്കുന്നവരായും തീരുന്നു. വിദ്യാഭ്യാസ രീതിയും രക്ഷിതാക്കളുടെ മന:സ്ഥിതിയും ഒരുപോലെ മാറിയെങ്കിലേ ഇതിനു പരിഹാരമാകൂ.

ഏതു തൊഴിൽ ചെയ്യുന്നവരും നല്ല മനുഷ്യരായിക്കൂടി ജീവിക്കേണ്ടിയിരിക്കുന്നു. മനുഷ്യൻ എങ്ങനെയാണ് ജീവിക്കേണ്ടതെന്നു പഠിപ്പിക്കുന്ന ഒരു പ്രത്യേക വിഷയം കൂടി പാഠ്യപദ്ധതിയുടെ ഭാഗമാക്കണം. ഈ വിഷയത്തിൽ പരീക്ഷയും നടത്തണം. ഉപഭോഗ സംസ്കാരത്തിന്റെ വളർച്ചയാണ് മറ്റൊന്ന്. ഇത് ഒഴിവാക്കണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നു. വ്യവസായം വളരുന്നതിനനുസരിച്ച് ഉപഭോഗസംസ്കാരവും വളരും. ഉപഭോഗസംസ്കാരം വളരാൻ അനുവദിക്കാതിരിക്കുകയും വ്യവസായം വളരുകയും ചെയ്യണമെന്നത് ഒന്നിച്ചു നടക്കുകയില്ല.

വ്യവസായം വളരണമെന്നാഗ്രഹിക്കുന്ന അധികാരികൾ ഇക്കാര്യം ആലോചിക്കുന്നുണ്ടോ?​ ജനനന്മയേക്കാൾ ഭരണാധികാരികൾക്കു വിലപ്പെട്ടത് തങ്ങളുടെ ഭരണകാലത്ത് കൂടുതൽ വികസനമുണ്ടാക്കിയെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തി അടുത്ത തിഞ്ഞെടുപ്പിൽ അധികാരം കയ്യാളുകയാണ്. ഈ ഭരണസംസ്കാരത്തിന് മാറ്റമുണ്ടായില്ലെങ്കിൽ ജനങ്ങളുടെ ജീവിതം അസ്വസ്ഥമാവുക തന്നെ ചെയ്യും.

വ്യവസായങ്ങൾ സൃഷ്ടിക്കുന്ന പരിസ്ഥിതി നശീകരണവും മലിനീകരണവുമാണ് മറ്റൊരു പ്രശ്നം. ഇത് മനുഷ്യരുടെയും മറ്റു ജീവജാലങ്ങളുടെയും ക്രമേണയുളള നാശത്തിനാണ് വഴിവയ്ക്കുക. ഈ പ്രവണത കണ്ടിട്ട് നാരായണ ഗുരു ഒരിക്കൽ ദു:ഖത്തോടെ പറഞ്ഞു: ഹൊ! ഈ മനുഷ്യൻ എല്ലാം നശിപ്പിക്കുന്നു. അവൻ സ്വയം നശിപ്പിച്ചിരുന്നെങ്കിൽ മറ്റു ജീവികളെങ്കിലും ഇവിടെ സമാധാനമായി ജീവിക്കുമായിരുന്നു! മഹാഗുരുക്കന്മാരുടെ ഇത്തരം വാക്കുകൾക്ക് കാതോർത്താൽ പ്രകൃതിക്കും അതിന്റെ ഭാഗം മാത്രമായ മനുഷ്യനും സമാധാനവും ആനന്ദവും കൈവരും.

വൈറസിനു മേൽ

പൂർണജയം

ഡോ. ജി.വിജയരാഘവൻ

(വൈസ് ചെയർമാൻ, കിംസ്)​

കൊവിഡിനു മേൽ പൂർണജയം നേടുന്ന പുതുവർഷമാണ് ഞാൻ പ്രതീക്ഷിക്കുന്നത്. എല്ലാവരും ഭയപ്പെട്ടിരുന്ന ഒമിക്രോൺ അത്ര അപകടകാരിയല്ല. ശക്തി ക്ഷയിച്ച് വൈറസ് കെട്ടടങ്ങുകയാണ്. നാടിനെ വിറപ്പിച്ച സ്പാ‌നിഷ് ഫ്ലൂ ഇതുപോലെയാണ് 1919-ൽ കെട്ടടങ്ങിയത്. ഒമിക്രോണിന് വ്യാപന നിരക്ക് കൂടുതലാണെങ്കിലും അതിതീവ്രമാകില്ല. രോഗം കൂടുതൽ പേരിൽ വന്നുപോകുന്നതിലൂടെ പ്രത്യേകതരം പ്രതിരോധം സമൂഹം നേടും. അത് ഗുണകരമാണ്. നിയന്ത്രണങ്ങളും വിലക്കുകളുമില്ലാത്ത സർവസ്വതന്ത്രമായ നാളുകളെയാണ് നമ്മൾ വരവേല്ക്കാനൊരുങ്ങുന്നത്. ആരോഗ്യരംഗത്തെ മികച്ചൊരു കേരള മോഡൽ സമ്മാനിക്കാൻ 2022ന് കഴിയും.

ഇനി വേണ്ടത്

നമ്മുടെ ലോകം

ഡോ. ദിവ്യ എസ്. അയ്യർ

(ജില്ലാ കളക്ടർ,​ പത്തനംതിട്ട)​

എനിക്കുണ്ടൊരു ലോകം, നിനക്കുണ്ടൊരു ലോകം, നമുക്കില്ലൊരുലോകം.... എന്ന കുഞ്ഞുണ്ണി മാഷിന്റെ വരികൾക്ക് ഏറെ പ്രസക്തിയുള്ള കാലമാണ്. ഓരോ ദിവസവും മുന്നിലെത്തുന്നവരുടെ ജീവിതാനുഭവങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ മനസ്സിൽ നുരയുന്ന വേദനയും അതു തന്നെയാണ്. ഒന്ന് ഉള്ളുതുറന്നു സ്നേഹിക്കാൻ, മനസ്സു തുറന്നു പങ്കുവയ്ക്കാൻ, കൈപിടിച്ചു കയറ്റാൻ, കണ്ണീരൊപ്പാൻ ആരുമില്ലാത്ത അനേകർ ചുറ്രുമുണ്ട്. നമ്മൾ പലപ്പോഴും അവരെ അറിയുന്നില്ല. അത്രമേൽ അകന്നുവോ എന്റെയും നിന്റെയും ലോകങ്ങൾ! എന്റെയും നിന്റെയും എന്ന വേർതിരിവിനു മീതെ നമുക്കായി നമ്മുടെ കേരളത്തെ വീണ്ടെടുക്കേണ്ട നാളുകളാണ് ഇനി.

വോളിബാളിന്

പുതിയ വെളിച്ചം

ടോം ജോസഫ്

(മുൻ ഇന്റർനാഷണൽ വോളിബാൾ താരം)

വോളിബാളിനെ സംബന്ധിച്ചിടത്തോളം 2022 പുതുവെളിച്ചം പകരുന്ന വർഷമാകും. ഐ.പി.എൽ മാതൃകയിലെ പ്രൈം വോളി ലീഗിന്റെ വരവാണ് വോളിബാൾ കളിക്കാർക്കും കാണികൾക്കും ഒരുപോലെ ആവേശം പകരുന്നത്. നമ്മുടെ കൊച്ചിയാണ് പ്രൈം ലീഗിന്റെ വേദിയെന്നത് കേരളത്തിലെ വോളിബാളിന് ഏറെ ഗുണം ചെയ്യും. മൂന്നു വർഷം മുമ്പ് പ്രോ വോളി ലീഗ് തുടങ്ങിയിരുന്നെങ്കിലും ഒറ്റ സീസൺകൊണ്ട് അവസാനിച്ചിരുന്നു. പ്രോ വോളിക്ക് ആ സ്ഥിതി ഉണ്ടാവില്ലെന്നാണ് പ്രാഥമിക സൂചനകൾ. കളി പ്രൊഫഷണലാകുന്നത് കളിക്കാർക്ക് സാമ്പത്തികമായി ഉൗർജ്ജം പകരുന്നതിനൊപ്പം കാണികളിൽ ആവേശവും നിറയ്ക്കും. ടിവിയിൽ ലൈവായി വോളിബാൾ കാണാൻ കഴിയുന്നത് യുവതലമുറയിൽ ഈ ഗെയിമിനോട് താത്പര്യമുയർത്തും.

വലിയ മത്സരങ്ങളുടെ

വർഷം

എം. ശ്രീശങ്കർ

(ഇന്റർനാഷണൽ അത്‌ലറ്റ്)

പിന്നിട്ടത് ഒളിമ്പിക് വർഷമായിരുന്നെങ്കിൽ 2022 നിരവധി ലോക അത്‌ലറ്റിക്സ് മാമാങ്കങ്ങൾക്കാണ് വേദിയാവുന്നത്. ഏഷ്യൻ ഗെയിംസ്, കോമൺവെൽത്ത് ഗെയിംസ്, ലോക അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പ്, ലോക യൂണിവേഴ്സിറ്റി അത്‌ലറ്റിക്സ് തുടങ്ങി നിരവധി മത്സരങ്ങൾ പുതുവർഷത്തിൽ കാത്തിരിക്കുന്നു. കഴിഞ്ഞ വർഷം കൊവിഡിന്റെ താണ്ഡവം ലോകത്തെ മുഴുവൻ അത്‌ലറ്റുകളെയും ബാധിച്ചിരുന്നു. വ്യക്തിപരമായി എനിക്കും തിരിച്ചടികളുണ്ടായി. ആരോഗ്യം വീണ്ടെടുത്ത് പഴയ ഫോമിലെത്താൻ മാസങ്ങളെടുത്തു. പുതിയ വർഷത്തെ വലിയ മത്സരങ്ങൾ ലക്ഷ്യമിട്ട് പാലക്കാട്ട് പരിശീലനം തുടരുകയാണ് ഞാൻ. പുതിയ വർഷം എല്ലാവരുടെയും പ്രതീക്ഷകൾ സഫലമാക്കട്ടെ എന്നാണ് പ്രാർത്ഥന.

പ്രതീക്ഷകൾ

പൂവണിയട്ടെ

അപർണ ബാലൻ

(ഇന്റർനാഷണൽ ബാഡ്മിന്റൺ താരം)

കഴിഞ്ഞ രണ്ടു വർഷമായി കായിക ലോകത്തെ കൊവിഡ് സാരമായി ബാധിച്ചിട്ടുണ്ട്. ബാഡ്മിന്റൺ രംഗത്ത് പല ടൂർണമെന്റുകളും നടത്താനായില്ല. ലോക ചാമ്പ്യൻഷിപ്പിലുൾപ്പെടെ നടന്ന ടൂർണമെന്റുകളിൽ പ്രധാനതാരങ്ങൾക്ക് പങ്കെടുക്കാനുമായില്ല. പുതിയ വർഷത്തിൽ എല്ലാം പഴയതുപോലെ ആകട്ടെ എന്നാണ് പ്രാർത്ഥന. ടോക്യോ ഒളിമ്പിക്സിലും പാരാലിമ്പിക്സിലും ഇന്ത്യയ്ക്ക് മെഡൽ നൽകിയ കായിക ഇനമാണ് ബാഡ്മിന്റൺ. ഒട്ടേറെ യുവതാരങ്ങളാണ് ബാഡ്മിന്റണിൽ താത്പര്യം കാട്ടുന്നത്. അവരുടെ സ്വപ്നങ്ങൾ സഫലമാകട്ടെ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KERALA
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.