SignIn
Kerala Kaumudi Online
Friday, 19 April 2024 7.57 AM IST

2021 തിരിഞ്ഞുനോട്ടം വികസനവും വിപ്ളവ മണ്ണിലെ കൊലവിളിയും

alpy

ആലപ്പുഴ: വികസന കുതിപ്പിന്റെ തേരിലേറിയായിരുന്നു പോയ വർഷം ആലപ്പുഴയുടെ തുടക്കം. സ്വപ്‌ന പദ്ധതിയായ ബൈപ്പാസിന്റെ പിറവി വാനോളം പ്രതീക്ഷകളാണ് നൽകുന്നത്. ക‌ടലിൽ നിന്ന് തീരത്തുകയറിയ,​ കാഴ്ച വിരുന്നായ പടക്കപ്പലും വാർത്തകളിൽ ഇടം തേടി. മാഞ്ഞുപോയ വിപ്‌ളവ നക്ഷത്രം കെ.ആർ. ഗൗരിഅമ്മ ഒാർമ്മകളിൽ ഇന്നും ജ്വലിക്കുന്നു. എന്നാൽ, ഡിസംബറിന്റെ ഒടുവിൽ മണിക്കൂറുകളുടെ വ്യത്യാസത്തിലുണ്ടായ രണ്ട് രാഷ്‌ട്രീയ കൊലപാതകങ്ങൾ ഭീതിജനകവും നൊമ്പരപ്പെടുത്തുന്നതുമായി. 2021 ലേക്ക് ഒരു തിരിഞ്ഞുനോട്ടം.

 1

ആലപ്പുഴ ബൈപ്പാസ്

അരനൂറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവിൽ ബൈപ്പാസെന്ന സ്വപ്‌നം ജനുവരിയിൽ പൂവണിഞ്ഞു. ബീച്ചിന് മുകളിലൂടെ പോകുന്ന മേൽപ്പാലം അസാദ്ധ്യ ദൃശ്യവിരുന്നാണ് സമ്മാനിക്കുന്നത്. പൊതുമരാമത്ത് മന്ത്രിയായിരുന്ന ജി. സുധാകരന്റെ നിശ്ചയദാർഢ്യം ഒന്നുകൊണ്ട് മാത്രമാണ് പദ്ധതി പൂർത്തിയായത്. കടലോര കാഴ്ചകൾ കണ്ട് ചീറിപ്പായുന്ന വാഹനങ്ങൾ അപകടത്തിൽപ്പെടുന്നതും നിത്യസംഭവമാണ്.

 2

ചുവന്ന് തുടുത്ത്

നിയമസഭാ തിരഞ്ഞെടുപ്പിൽ ഒമ്പതിൽ എട്ടു സീറ്റും നേടി ഇടതുമുന്നണി ജില്ലയെ ചുവപ്പിച്ചു. പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തലയുടെ ഹരിപ്പാട്ടെ വിജയം മാത്രമായിരുന്നു യു.ഡി.എഫിന്റെ ആശ്വാസം. പ്രമുഖരെ മാറ്റി നിറുത്തിയുള്ള സി.പി.എമ്മിന്റെ സ്ഥാനാർത്ഥി പരീക്ഷണം പാളുമെന്ന നിരീക്ഷണങ്ങൾ തെറ്റിയ തിരഞ്ഞെടുപ്പുകൂടിയായിരുന്നു അത്. ജില്ലാ പഞ്ചായത്ത് അരൂർ ഡിവിഷനിലെ ഉപതിരഞ്ഞെടുപ്പിലും സി.പി.എം മികച്ച ഭൂരിപക്ഷത്തോടെ സീറ്റ് നിലനിറുത്തി.

 3

ഒാർമ്മകളിൽ മാഞ്ഞവർ...

രാഷ്‌ട്രീയ വീഥികളിൽ ഒളിമങ്ങാത്ത ഓർമ്മകളുടെ വിപ്ളവ നക്ഷത്രമായ കെ.ആർ. ഗൗരിഅമ്മയുടെ വിയോഗം മേയ് 11 നായിരുന്നു. കവിയും ചലച്ചിത്ര ഗാനരചയിതാവുമായ അനിൽ പനച്ചൂരാൻ ജനുവരി മൂന്നിന് ഒാർമ്മയായി. കൊവിഡ് ബാധിച്ചായിരുന്നു മരണം. മലയാള സിനിമയിൽ അഭിനയത്തിന്റെ ഒരുപാട് മൂഹൂർത്തങ്ങൾ സമ്മാനിച്ച നെടുമുടി വേണുവും ഒക്‌ടോബർ 11ന് വിടപറഞ്ഞു.

 4

വെള്ളാപ്പള്ളിയുടെ കാൽനൂറ്റാണ്ട്

എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി, എസ്.എൻ ട്രസ്റ്റ് സെക്രട്ടറി പദവികളിൽ തുടർച്ചയായി 25 വർഷം പൂർത്തിയാക്കിയ വെള്ളാപ്പള്ളി നടേശൻ ജൈത്രയാത്ര തുടരുകയാണ്. ഒരു വർഷം നീളുന്ന ആഘോഷങ്ങൾ ഗവർണർ ആരിഫ് മുഹമ്മദ് ഖാനാണ് ഉദ്ഘാടനം ചെയ്‌തത്. മുഖ്യമന്ത്രി പിണറായി വിജയനും പങ്കെടുത്തിരുന്നു.

 5

വിരുന്നൊരുക്കി പടക്കപ്പൽ

നീണ്ട കാത്തിരിപ്പിനൊടുവിലാണ് നാവികസേനയുടെ പടക്കപ്പൽ ബീച്ചിലെത്തിയത്. 60 ടൺ ഭാരമുള്ള ഫാസ്‌റ്റ് അറ്റാക്ക് ക്രാഫ്‌ട് റോഡ് മാർഗമാണ് എത്തിച്ചത്. ഒക്‌ടോബർ 23 ന് ബീച്ചിലൊരുക്കിയ പ്രത്യേക പീഠത്തിൽ കപ്പൽ പ്രദർശനത്തിനായി സജ്ജീകരിച്ചു.

 6

പുലിവാല് പിടിച്ച് മെഡിക്കൽ കോളേജ്

കൊവിഡ് ചികിത്സയിലിരുന്ന രോഗി മരിച്ചെന്ന തെറ്റായ വിവരം ബന്ധുക്കൾക്ക് നൽകി. മൃതദേഹം മാറി നൽകിയതും വിവാദത്തിലായി. ഒടുവിൽ സൂപ്രണ്ടിന്റെ കസേരയും തെറിച്ചു.

7

തട്ടിപ്പ് വീരൻ മോൻസൺ

പുരാവസ്തു തട്ടിപ്പ് കേസിൽ ചേർത്തലയിലെ വീട്ടിൽ നിന് മോൻസൺ പിടിയിലായത് സെപ്‌തംബർ 26 നായിരുന്നു. പിന്നീട് കോടികളുടെ തട്ടിപ്പാണ് പുറത്തായത്.

 8

രാഷ്ട്രീയ കൊലക്കളം

ഫെബ്രുവരി 24നാണ് വയലാറിൽ ആർ.എസ്.എസ് ഗഡനായകായ നന്ദു കൃഷ്‌ണ കൊല്ലപ്പെട്ടത്. എസ്.ഡി.പി.ഐ പ്രവർത്തകരായിരുന്നു പ്രതികൾ. ഇതിന് തിരിച്ചടിയായിരുന്നു എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാന്റെ കൊലപാതകം. മണിക്കൂറുകൾക്കുള്ളിൽ ബി.ജെ.പി ഒ.ബി.സി മോർച്ച സംസ്ഥാന സെക്രട്ടറി രൺജിത്ത് ശ്രീനിവാസനും കൊല്ലപ്പെട്ടു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.