തൃശൂർ : പച്ചക്കറിയിൽ കേരളം സ്വയം പര്യാപ്തമാകണമെന്ന് മന്ത്രി കെ. രാജൻ. പച്ചക്കറിക്കൃഷിയിൽ സ്വയം പര്യാപ്തത കൈവരിക്കാനും, വീട്ടുവളപ്പിലെ പച്ചക്കറിക്കൃഷി പ്രോത്സാഹിപ്പിക്കാനുമായി കാർഷിക സർവകലാശാല മണ്ണൂത്തിയിൽ സംഘടിപ്പിച്ച വിജ്ഞാന വ്യാപന വിപണന മേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മേയർ എം.കെ.വർഗ്ഗീസ് അദ്ധ്യക്ഷത വഹിച്ചു. രാവിലെ 10 മുതൽ വൈകീട്ട് 9 മണി വരെ മേള ഉണ്ടാകും. ഇന്ന് അവസാനിക്കുന്ന മേളയിൽ മൂവായിരത്തോളം പച്ചക്കറി വിത്ത് പാക്കറ്റുകൾ സൗജന്യമായി വിതരണം ചെയ്യും. മേളയുടെ ഭാഗമായി മണ്ണുത്തിയിലുള്ള പ്രദർശനത്തോട്ടം കാണുന്നതോടൊപ്പം വിത്തുകൾ, നടീൽ വസ്തുക്കൾ, അലങ്കാരച്ചെടികൾ, മൂല്യ വർദ്ധിത ഉല്പന്നങ്ങൾ എന്നിവ വാങ്ങാനുള്ള സൗകര്യവുമുണ്ട്. കൂടാതെ, പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കാനായി വേലൂർ, പുത്തൂർ, കൊടകര പഞ്ചായത്തുകളിലെ കർഷക കൂട്ടായ്മയ്ക്കുള്ള വിത്ത് വിതരണം അതാത് പഞ്ചായത്ത് പ്രസിഡന്റുമാർക്ക് നൽകി തുടക്കം കുറിച്ചു. മലപ്പുറം ജില്ലയിലെ കീഴാറ്റൂർ പഞ്ചായത്തിലെ വിദ്യാർത്ഥികൾക്കുള്ള വിത്ത് വിതരണവും ഇതോടൊപ്പം നടത്തി. വൈസ് ചാൻസിലർ ഡോ.ആർ.ചന്ദ്രബാബു കർഷകരെ അഭിസംബോധന ചെയ്തു. ഡോ.ശ്രീവത്സൻ ജെ.മേനോൻ, ഡോ.ജയശ്രീ കൃഷ്ണൻകുട്ടി എന്നിവർ സന്നിഹിതരായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |