SignIn
Kerala Kaumudi Online
Thursday, 25 April 2024 9.48 AM IST

വാണ്ടററേഴ്സിൽ വീണ്ടുമൊരു വണ്ടറിന് കാതോർത്ത്

wandereres

ഇന്ത്യ - ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്റ്റ് ഇന്നുമുൽ വാണ്ടററേഴ്സ് സ്റ്റേഡിയത്തിൽ

സെഞ്ചൂറിയനിൽ ജയിച്ച ഇന്ത്യ മൂന്ന് മത്സര പരമ്പരയിൽ 1-0ത്തിന് മുന്നിൽ

ജോഹന്നാസ്ബർഗ്: മൂന്ന് വർഷം മുന്നേ നടന്ന ദക്ഷിണാഫ്രിക്കൻ പര്യടനത്തിലെ ഇന്ത്യയുടെ ഏക ടെസ്റ്റ് വിജയം നേടാനായത് ജോഹന്നാസ് ബർഗിലെവാണ്ടററേഴ്സ് സ്റ്റേഡിയത്തിൽ ആയിരുന്നു. വിരാട് കൊഹ്‌ലി നയിച്ച ഇന്ത്യൻ ടീം അന്ന് വാണ്ടററേഴ്സിലെത്തിയത് പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റുകളും തോറ്റതിന്റെ നിരാശയിലായിരുന്നു.എന്നാൽ വാണ്ടററേഴ്സിൽ ഹാഷിം അംലയും ഡുപ്ളെസിയും ഡിവില്ലിയേഴ്സും ക്വിന്റൺ ഡികോക്കുമൊക്കെ അണിനിരന്ന ദക്ഷിണാഫ്രിക്കയെ 63 റൺസിന് ഇന്ത്യ അട്ടിമറിച്ച് തലയുയർത്തിയാണ് മടങ്ങിയത്.ഇത്തവണത്തെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിലെ രണ്ടാം ടെസ്റ്റിന് ഇന്ത്യ ഇന്ന് വാണ്ടററേഴ്സ് സ്റ്റേഡിയത്തിലിറങ്ങുമ്പോൾ പ്രതീക്ഷിക്കുന്നത് അത്തരത്തിലൊരു അത്ഭുതമാണ്.

അന്നത്തെപ്പോലെ തോറ്റവരായല്ല ഇന്ത്യ ഇന്ന് ഇവിടേക്ക് എത്തുന്നത്. സെഞ്ചൂറിയനിൽ നടന്ന ആദ്യ ടെസ്റ്റിൽ 113 റൺസിന്റെ വിജയം നേടിയ തിളക്കത്തിലാണ് വിരാടും സംഘവും. മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ഇപ്പോൾ ഇന്ത്യ 1-0ത്തിന് മുന്നിലാണ്. മറുവശത്ത് ദക്ഷിണാഫ്രിക്കയെ ആദ്യ മത്സരത്തിലെ പരാജയം മാത്രമല്ല അലട്ടുന്നത്. ഇന്ത്യയുടെ കഴിഞ്ഞ പര്യടനത്തിൽ ഉണ്ടായിരുന്നതുപോലെ അതുല്യ താരങ്ങളൊന്നും ഡീൻ എൽഗാർ നയിക്കുന്ന ഇപ്പോഴത്തെ ടീമിലില്ല. അതിനൊപ്പം ഒന്നാം ടെസ്റ്റിന് ശേഷമുള്ള ഡി കോക്കിന്റെ അപ്രതീക്ഷിത വിരമിക്കലും ചേർന്ന് ആതിഥേയരെ വലയ്ക്കുന്നു. ആദ്യ ടെസ്റ്റിലെ തോൽവിയിൽ നിന്ന് കരകയറാനുള്ള ദക്ഷിണാഫ്രിക്കൻ ശ്രമങ്ങൾക്ക് ക്വിന്റൺ ഡി കോക്കിന്റെ അപ്രതീക്ഷിത വിരമിക്കൽ തിരിച്ചടിയാണ്. ഡികോക്കിന് പകരം ടീമിലുള്ള കൈൽ വെരിയെന്നെയോ റയാൻ റിക്കിൾടെന്നോ കളിച്ചേക്കും.

രാഹുലാണ് കരുത്ത്

മികച്ച ഫോമിലുളള കെ.എൽ രാഹുലാണ് ഇന്ത്യൻ ബാറ്റിംഗിന്റെ കരുത്ത്. ആദ്യ ടെസ്റ്റിൽ ബാറ്റിംഗ് ദുഷ്കരമായ സെഞ്ചൂറിയനിലെ പിച്ചിൽ രാഹുൽ നേടിയ സെഞ്ച്വറിയാണ് ഇന്ത്യയുടെ വിജയത്തിന് അടിസ്ഥാനമായത്. സമീപകാലത്ത് എല്ലാഫോർമാറ്റുകളിലും ഇന്ത്യയുടെ ഏറ്റവും മികച്ച ബാറ്റ്സ്മാനാണ് രാഹുൽ. രോഹിത് ശർമ്മയുടെ അഭാവത്തിൽ ഓപ്പണിംഗിൽ മാത്രമല്ല ഉപനായകവേഷത്തിലും രാഹുലാണ് ഇന്ത്യയ്ക്ക് താങ്ങാവുന്നത്. ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം നടക്കുന്ന ഏകദിന പരമ്പരയിലെ നായകനും രാഹുൽ തന്നെ. കഴിഞ്ഞ ദക്ഷിണാഫ്രിക്കൻ പര്യടനത്തിലും രാഹുൽ കളിച്ചിരുന്നു. മായാങ്ക് അഗർവാളാണ് സഹഓപ്പണർ.

ആശങ്ക മദ്ധ്യനിരയിൽ

ഒന്നാം ടെസ്റ്റ് വിജയത്തിന്റെ ലഹരിയിലും ബാറ്റിംഗിന്റെ നേടുംതൂണുകളായ നായകൻ വിരാട് കൊഹ്‌ലി, അജിങ്ക്യ രഹാനെ, ചേതേശ്വർ പൂജാര എന്നിവരുടെ മോശം ഫോം ഇന്ത്യയെ അലട്ടുന്നുണ്ട്. സമീപകാലത്തു മൂവർക്കും ഒരുപോലെ ഫോം നഷ്ടമായത് മധ്യനിരയുടെ കെട്ടുറപ്പിനെ ബാധിച്ചിട്ടുണ്ട്. 2019ന് ശേഷം ടെസ്റ്റിൽ മുപ്പതിൽ താഴെയാണ് വിരാടിന്റെ ബാറ്റിംഗ് ശരാശരി. ആദ്യ ടെസ്റ്റിലെ നിറം മങ്ങിയ പ്രകടനത്തോടെ പ്ളേയിംഗ് ഇലവനിൽ പൂജാരയുടെ സ്ഥാനം പരുങ്ങലിലാണ്. സെഞ്ചൂറിയനിൽ ആദ്യ ഇന്നിംഗ്സിൽ ആദ്യ പന്തിൽ പുറത്തായ പൂജാര രണ്ടാമിന്നിംഗ്സിൽ 64 പന്തുകൾ കളിച്ചെങ്കിലും 16 റൺസ് മാത്രമാണ് നേടിയത്. പുജാരയ്ക്കു പകരം ഹനുമ വിഹാരിയെയോ ശ്രേയസ് അയ്യരെയോ പരീക്ഷിക്കാൻ ടീം മാനേജ്‌മെന്റ് തയ്യാറാകുമോ എന്നതാണ് ആരാധകരുടെ ചോദ്യം. ഒന്നാം ടെസ്റ്റിൽ 48, 20 എന്നിങ്ങനെയായിരുന്നു രഹാനെയുടെ പ്രകടനം. മുൻ പരമ്പരയ്ക്കു വിപരീതമായി ബാറ്റിങ്ങിൽ താളം കണ്ടെത്തുന്നതിന്റെ ലക്ഷണങ്ങൾ കാട്ടിയെങ്കിലും വലിയ സ്‌കോർ നേടാൻ കഴിഞ്ഞില്ല. ദക്ഷിണാഫ്രിക്കയിൽ കളിച്ചിട്ടുള്ള പരിചയവും അനുഭവസമ്പത്തുമാണ് രഹാനെയെ ടീമിലെ‌ടുക്കാൻ വീണ്ടും പ്രേരിപ്പിക്കുന്നത്.

കരുത്ത് ബൗളിംഗിൽ

മൂന്ന് വർഷം മുമ്പ് വാണ്ടററേഴ്സിൽ ഇന്ത്യ നേടിയ വിജയത്തിന്റെ ശിൽപ്പികളായിരുന്ന രണ്ട് പേസർമാരും- ഷമിയും ബുംറയും -ഇത്തവണയും ടീമിലുണ്ട്. ഇരുവരും മികച്ച ഫോമിലാണ് താനും. ഷമി സെഞ്ചൂറിയനിൽ ഇരു ഇന്നിംഗ്സുകളിലുമായി എട്ടുവിക്കറ്റുകളാണ് വീഴ്ത്തിയത്. ബുംറ ആദ്യ ഇന്നിംഗ്സിൽ രണ്ടും രണ്ടാം ഇന്നിംഗ്സിൽ മൂന്നും വിക്കറ്റുകൾ സ്വന്തമാക്കി.സെഞ്ചൂറിയനിൽ ബൗളിംഗിനിടെ പരിക്കേറ്റിട്ടും മടങ്ങിയെത്തി വിക്കറ്റ് വീഴ്ത്തി ബുംറ കൊഹ്‌ലിക്ക് ആത്മവിശ്വാസം പകരുന്നു.

വിജയവേദിയായി വാണ്ടററേഴ്സ്

ഇന്ത്യ ഇതുവരെ ടെസ്റ്റിൽ തോറ്റിട്ടില്ലാത്ത ദക്ഷിണാഫ്രിക്കൻ വേദിയാണ് വാണ്ടററേഴ്സ്.

അഞ്ചുമത്സരങ്ങളാണ് ഇന്ത്യ ഇവിടെ ദക്ഷിണാഫ്രിക്കയുമായി കളിച്ചത്.

അതിൽ രണ്ട് മത്സരങ്ങളിൽ ഇന്ത്യ വിജയം നേടി.മൂന്നെണ്ണം സമനിലയിൽ പിരിഞ്ഞു.

2006ൽ 123 റൺസിനായിരുന്നു ഇവിടെ ഇന്ത്യയുടെ ആദ്യ വിജയം .

2018ലാണ് ഇവിടെ അവസാനം കളിച്ചത്. അന്ന് ഇന്ത്യ 63 റൺസിന് ജയിച്ചു.

2018ലെ വണ്ടർ

2018 ജനുവരി നാലിനാണ് വാണ്ടററേഴ്സിൽ ഇന്ത്യ - ദക്ഷിണാഫ്രിക്ക മൂന്നാം ടെസ്റ്റ് തുടങ്ങിയത്. ആദ്യ ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 187 റൺസിന് ഒന്നാം ഇന്നിംഗ്സിൽ ആൾഒൗട്ടായി.പുജാരയും കൊഹ്‌ലിയും അർദ്ധസെഞ്ച്വറികൾ നേടി. അഞ്ചുവിക്കറ്റ് വീഴ്ത്തിയ ബുംറയും മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഭുവനേശ്വറും ചേർന്ന് ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിംഗ്സ് 194ൽ അവസാനിപ്പിച്ചു. രണ്ടാം ഇന്നിംഗ്സിൽ രഹാനെയും (48),കൊഹ്‌ലിയും (41),ഭുവനേശ്വറും (33), ഷമിയും (27,) മുരളി വിജ‌യ്‌യും (25) ഒത്തുപിടിച്ച് ഇന്ത്യയെ 247ലെത്തിച്ചു.241 റൺസ് ലക്ഷ്യവുമായി ഇറങ്ങിയ ദക്ഷിണാഫ്രിക്കയെ അഞ്ചുവിക്കറ്റ് വീഴ്ത്തിയ ഷമിയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ ബുംറയും ഇശാന്തും ചേർന്ന് 177ൽ ആൾഒൗട്ടാക്കി.

ടി.വി ലൈവ് : ഉച്ചയ്ക്ക് 1.30 മുതൽ സ്റ്റാർ സ്പോർട്സിൽ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, CRICKET
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.