SignIn
Kerala Kaumudi Online
Saturday, 20 April 2024 5.51 AM IST

കെ.റെയിൽ: ചോദ്യങ്ങൾക്ക് മറുപടിയുമായി സി.പി.എം

seminar
'കെ: റെയിൽ നേരും നുണയും' സെമിനാർ സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം ഡോ.ടി.എം.തോമസ് ഐസക് ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്: നിർദ്ദിഷ്ട കെ റെയിൽ പദ്ധതിയ്ക്കെതിരെ പ്രതിഷേധക്കാർ ആക്രമണത്തിനു മൂർച്ച കൂട്ടുന്നിടത്തു തന്നെ പ്രത്യാക്രമണത്തിനു വേദിയൊരുക്കുകയായിരുന്നു സി.പി.എം നേതൃത്വം. പാർട്ടി ജില്ലാ സമ്മേളനത്തിനു മുന്നോടിയായി ഇന്നലെ എലത്തൂരിനടുത്ത് കാട്ടിലപ്പീടികയിൽ സംഘടിപ്പിച്ച സെമിനാറിന്റെ ഉദ്ഘാടനം നിർവഹിച്ച കേന്ദ്ര കമ്മിറ്റി അംഗം ഡോ.ടി.എം.തോമസ് ഐസക് ഒരു മണിക്കൂറോളം നീണ്ട പ്രസംഗത്തിനു ശേഷം നാട്ടുകാരുടെ സംശയങ്ങൾക്കു മറുപടി നൽകാനും സമയം കണ്ടെത്തി.

കെ റെയിൽ വിരുദ്ധ സമരസമിതിക്കാർ മാസങ്ങളായി പന്തൽ കെട്ടി സമരം തുടരുന്നത് കാട്ടിലപ്പീടികയിലാണ്. ഇവിടെ സമരസമിതി 10ന് മേധ പട്കറെ കൊണ്ടുവരാനുള്ള ഒരുക്കത്തിനിടെയായിരുന്നു കനത്ത പ്രതിരോധം തീർക്കുകയെന്ന ലക്ഷ്യം വെച്ച് 'കെ റെയിൽ : നേരും നുണയും' എന്ന വിഷയത്തിൽ സി.പി.എം സംഘടിപ്പിച്ച സെമിനാർ.

ഏതു വഴിയിലൂടെയെല്ലാമാണ് പാത കടന്നുപോകുന്നതെന്ന അലൈൻമെന്റ് ഉണ്ടായാലേ പഠനങ്ങൾ സാദ്ധ്യമാവൂ എന്ന് ഡോ.തോമസ് ഐസക് പറഞ്ഞു. വിമർശനമുയർത്തുന്നവർ ആദ്യം അതിന് വഴിയൊരുക്കുകയാണ് വേണ്ടത്. 300 കിലോമീറ്റർ വേഗതയുള്ള ട്രെയിനോടിക്കാൻ റെയിൽവേ തീരുമാനിക്കുമ്പോൾ കേരളത്തിലെന്തിനാണ് 200 കിലോമീറ്റർ മാത്രം വേഗതയുള്ള വണ്ടിയെന്നാണ് ഉമ്മൻചാണ്ടിയുടെ ചോദ്യം. അതാണ് കോൺഗ്രസിന്റെ പ്രശ്‌നമെങ്കിൽ അത് ചർച്ച ചെയ്യാം. 300 മീറ്റർ വേഗതയിൽ കേരളത്തിൽ ട്രെയിൻ ചീറിപ്പാഞ്ഞാൽ എത്ര സ്റ്റോപ്പ് അനുവദിക്കാനാവുമെന്നു കൂടി ഉമ്മൻചാണ്ടിയും കൂട്ടരും വിശദീകരിക്കണം. നിലവിലുള്ള ലൈനിന് സമാന്തരമായാണ് കെ റെയിൽ കൂടുതലായും വിഭാവനം ചെയ്യുന്നത്. കേരളത്തിൽ റെയിൽപാളത്തിന് 620 വളവുണ്ട്. അത്രയും വളവുകൾ നിവർത്തിയിട്ടല്ല കെ റെയിൽ നടപ്പാക്കുക. ഇത്രയും വളവിലൂടെ 300 മീറ്റർ വേഗതയിൽ കേന്ദ്രം ട്രെയിൻ ഓടിച്ചാൽ എത്ര സ്‌റ്റോപ്പുകൾ തീർക്കാനാവും?. അവർ വ്യക്തമാക്കട്ടെ. യാഥാർത്ഥ്യം മറച്ചുവെക്കരുത്.

കെ റെയിലിനു 11 സ്റ്റോപ്പുകളാണുണ്ടാവുക. അതുതന്നെ കൂട്ടണമെന്ന ആവശ്യമാണ് ഉയരുന്നത്. അപ്പോൾ വേഗത കൂട്ടുകയും സ്‌റ്റോപ്പ് കൂട്ടുകയും വേണമെന്ന നിർദ്ദേശം പ്രായോഗികമല്ല. ഇനി അങ്ങനെ തന്നെ വേണമെന്നാണെങ്കിൽ അതും ചർച്ച ചെയ്യാം.

പിന്നെ പാരിസ്ഥിതിക - സാമൂഹിക ആഘാത പഠനത്തിന്റെ കാര്യം. തീർച്ചയായും അത് വേണം. പക്ഷേ, അതിനു മുമ്പ് കൃത്യമായ അലൈൻമെന്റുണ്ടാക്കണമല്ലോ. അതിന് അവസരമൊരുക്കണം.

റോഡ് വികസിപ്പിച്ചാൽ പോരേ എന്ന ചോദ്യമാണ് മറ്റൊന്ന്. റോഡ് വികസനം അതിന്റെ മുറയ്ക്ക് നടക്കുന്നുണ്ട്. കേരളം മുഴുവൻ ആറു വരിയാവുകയാണ്. 45 മീറ്ററിലാണ് റോഡ് വരുന്നത്. കെ റെയിലിന് വേണ്ടത് 25 മീറ്റർ. ഏതു പാതയിലാണ് നാട് മുറിയുക ?. ദേശീയപാത വികസനത്തിനെതിരെ എവിടേയും സമരമില്ലല്ലോ?.

ഏറ്റെടുക്കുന്ന ഭൂമിയ്ക്ക് സർക്കാർ നൽകുന്നത് പൊന്നുംവിലയാണ്. ആരെയും പെരുവഴിയിൽ തള്ളി ഭൂമി തട്ടിയെടുക്കുന്നില്ല. റോഡ് ഗതാഗതം ഉണ്ടാക്കുന്നതിന്റെ എത്രയോ ചെറുതാണ് റെയിൽ ഗാതാഗതവുമായി ബന്ധപ്പെട്ട പാരിസ്ഥിതിക പ്രശ്‌നങ്ങൾ.

സി.പി.എം മഹാരാഷ്ട്രയിലെ പദ്ധതിയെ എന്തിനു എതിർക്കുന്നു എന്ന ചോദ്യവും ഉയരുന്നുണ്ട്. മഹാരാഷ്ട്രയെയും കേരളത്തെയും താരതമ്യം ചെയ്യാനാവുമോ ?. കേരളത്തിന്റെ വിദ്യാഭ്യാസ - ആരോഗ്യ മേഖലകളിലെ പുരോഗതിയുടെ അടുത്തെങ്ങാനുമെത്തുമോ മഹാരാഷ്ട്ര. അവിടുത്തെ കർഷകരെ പദ്ധതിയെക്കുറിച്ച് ബോദ്ധ്യപ്പെടുത്തി, അവരുടെ പ്രശ്‌നങ്ങൾ കൂടി അറിഞ്ഞുള്ള ചർച്ചകളുണ്ടാവട്ടെ. ജനങ്ങളെ ബോധ്യപ്പെടുത്തുകയെന്നതാണ് പ്രശ്‌നം. അവരെ മുഖവിലക്കെടുത്തുള്ള എന്തു വകസനവും ആവാം.

ഭീഷണി പ്രയോഗിച്ച് മുടക്കാമെന്ന് ആരും
കരുതേണ്ട: ഡോ.തോമസ് ഐസക്

കേരളത്തിന്റെ ഭാവിവികസനം ലക്ഷ്യമിട്ടുള്ള കെ റെയിൽ പദ്ധതിയ്ക്ക് ഭീഷണിപ്രയോഗങ്ങളിലൂടെ തുരങ്കം വെക്കാമെന്ന തോന്നൽ ആർക്കും വേണ്ടെന്ന് ഡോ.ടി.എം.തോമസ് ഐസക്.

ജമാഅത്തെ ഇസ്ലാമിയും പോപ്പുലർ ഫ്രണ്ടും ആർ.എസ്.എസും ഒപ്പം യു.ഡി.എഫും ചേർന്നാണ് പദ്ധതിയെ എതിർക്കുന്നത്. ഇക്കാലമത്രയും കേരളത്തിന് വേണ്ടി ഇവർ ചെയ്ത സംഭാവനകൾ ഒന്ന് അക്കമിട്ട് പറഞ്ഞുതന്നാൽ നന്നായിരുന്നു. കേരളജനത അതൊന്നറിയട്ടെ. ഇവിടുത്തെ സാമാന്യ ജനത്തിന് കാര്യങ്ങൾ ബോദ്ധ്യപ്പെട്ടിട്ടുണ്ടെന്ന് 'കെ: റെയിൽ നേരും നുണയും' സെമിനാറിന്റെ ഉദ്ഘാടനം നിർവഹിച്ച് അദ്ദേഹം പറഞ്ഞു.

കെ.റെയിൽ കൊണ്ടുവരുന്നത് വരേണ്യവർഗത്തിന്റെ വികസനം ലക്ഷ്യമിട്ടാണെന്ന വിമർശനങ്ങളൊന്നും വിലപ്പോകില്ല. ഇവിടുത്തെ സാധാരണക്കാരിൽ സാധാരണക്കാരായവരുടെ മക്കളുടെ ഭാവിയാണ് ലക്ഷ്യം വെക്കുന്നത്. പണ്ട് നടന്നും ഇന്ന് ബസ്സിലും യാത്രചെയ്യുന്നവരുടെ മക്കൾ ഉയർന്ന വിദ്യാഭ്യാസവും ഉന്നതതൊഴിലും നേടി വികസിക്കുന്ന കേരളത്തിനൊപ്പം വളരണം. വ്യവസായം വളരണം. ടൂറിസം വികസിക്കണം. ഒപ്പം നാടും നാട്ടുകാരും.

കെ റെയിൽ കൂടി സാദ്ധ്യമായാൽ അടുത്ത ഇലക്‌ഷനും കട്ടപ്പുറത്താകുമെന്ന പേടിയാണ് യു.ഡി.എഫിന്. അവർ ഇനിയുള്ള കാലം കട്ടപ്പുറത്ത് തന്നയായിരിക്കും.

മുൻ എം.എൽ.എ പി.വിശ്വൻ അദ്ധ്യക്ഷത വഹിച്ചു. കാനത്തിൽ ജമീല എം.എൽ.എ, കെ.ടി.കുഞ്ഞിക്കണ്ണൻ, കെ.ദാസൻ, പി.കെ.ചന്ദ്രൻ, പി.ബാബുരാജ് എന്നിവരും സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.