SignIn
Kerala Kaumudi Online
Friday, 29 March 2024 1.09 PM IST

ബാലികേറാമലയിൽ

cpm

പത്തനംതിട്ടയിലെ ശബരിമലയെപ്പറ്റി മാലോകർക്കെല്ലാം അറിയാം. ശബരിമല തീർത്ഥാടനത്തിന്റെ കാലവുമാണിത്. അടുത്തിടെയായി മറ്റൊരു മലയെപ്പറ്റി പത്തനംതിട്ടയിൽ വലിയ ചർച്ചകൾ നടക്കുകയാണ്. ആ മല ബാലികേറാമലയെന്നാണ് അറിയപ്പെടുന്നത്. ബാലികേറാമലയുടെ നെറുകയിൽ ആരാണ് വാഴാൻ പോകുന്നത് എന്ന തർക്കം രാഷ്ട്രീയാന്തരീക്ഷത്തെ കലുഷിതമാക്കിയിട്ടുണ്ട്. പത്തനംതിട്ട പാർലമെൻ്റ് മണ്ഡലം തങ്ങൾക്ക് ബാലികേറാമല അല്ലെന്ന് സി.പി.എം ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു അടുത്തിടെ നടത്തിയ പ്രസ്താവന ബാലിയുടെ വാലിന് തീപിടിച്ച പോലെ കോലാഹലമുണ്ടാക്കിയിട്ടുണ്ട്. ഭാനു സഖാവ് വെറുതെ തള്ളിയതല്ല. കക്ഷി പാർട്ടി സെക്രട്ടറിയായത് മൂന്നാം തവണയാണ്.

ബാലികേറാമലയുടെ മുകളിൽ ആരുമില്ലെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. മലയിൽ നിന്ന് താഴേക്ക് പതിച്ചത് യു.ഡി.എഫ് ആണെന്ന കാര്യത്തിൽ സംശയമില്ല. പതിനഞ്ച് വർഷം മുൻപ് വരെ മലയിലെ മൂപ്പൻമാർ കോൺഗ്രസുകാരായിരുന്നു. മൃഗീയ ഭൂരിപക്ഷത്തിൽ പിടിച്ച പാർലമെൻ്റ് മണ്ഡലം, നിയമസഭാ മണ്ഡലങ്ങൾ, ജില്ലാ പഞ്ചായത്ത്, പകുതിയോളം ഗ്രാമപഞ്ചായത്തുകൾ... ഇങ്ങനെ മലയുടെ ഓരോ തട്ടും സ്വന്തമാക്കി മുകളറ്റത്ത് കയറി സർവാധിപത്യത്തോടെ പൂണ്ടു വിളയാടിയ കാലം. മലമുകളിൽ നിന്ന് വീണെങ്കിലും പഴയ സുഖലോലുപതയുടെ ഓർമ്മക്കാലത്തിലാണ് ഇപ്പോഴും കോൺഗ്രസ് നേതാക്കൾ. മലയുടെ അടിവാരത്തെങ്ങാനും ഇരുപ്പുറപ്പിക്കാൻ കഴിഞ്ഞിരുന്നുവെങ്കിൽ എന്ന് എൽ.ഡി.എഫ് അക്കാലത്ത് മോഹിച്ചിരുന്നു. അതിന് അവർ മലയുടെ ചുവട്ടിലെ മണ്ണിളക്കി. പുറമേ കട്ടിയെന്ന് തോന്നിച്ചെങ്കിലും ഉൾക്കനമില്ലെന്ന് കുഴിച്ചുകുഴിച്ച് ചെന്നപ്പോൾ തിട്ടമായി. ഓരോതരി മണ്ണും സ്വന്തമാക്കി അവർ മുന്നേറിയപ്പോൾ ഉരുൾപൊട്ടൽ കണക്കെ തുരന്നും പിളർന്നും മലയുടെ രൂപം മാറി. ചോരച്ചുവപ്പാണ് ഈ മലയുടെ നിറമെന്ന് കാലമാറ്റം സാക്ഷ്യപ്പെടുത്തി. പഞ്ചായത്തുകളെല്ലാം ചുവന്നു. നിയമസഭാ മണ്ഡലങ്ങൾ ചുവന്നു. ജില്ലാ പഞ്ചായത്തും ചുവന്നു. ഇനി നിറം മാറാൻ പാർലമെന്റ് മണ്ഡലം കൂടി ബാക്കി. അതു കൊണ്ടാണ് ബാലികേറാമലയല്ല പത്തനംതിട്ടയെന്ന് ഉദയഭാനു ഉറപ്പിച്ചു പറയുന്നത്. പക്ഷെ, ചുവട്ടിലെ മണ്ണൊലിച്ചതും നിറം മാറുന്നതും കോൺഗ്രസുകാർക്ക് കാണാനാവുന്നില്ല. കണ്ടത് ഒരേയൊരാളേയുള്ളൂ. യു.ഡി.എഫ് ജില്ലാ ചെയർമാനും കേരള കോൺഗ്രസ് നേതാവുമായ വിക്ടർ ടി.തോമസ്. അദ്ദേഹത്തിന്റെ വാക്കുകൾ ശ്രദ്ധിക്കുക: "ഉദയഭാനു പറഞ്ഞത് വെറുതേയല്ല. യു.ഡി.എഫ് ഇങ്ങനെ പോയാൽ പത്തനംതിട്ട പാർലമെന്റ് മണ്ഡലവും എൽ.ഡി.എഫ് പിടിക്കും.

കോൺഗ്രസിലെ ഗ്രൂപ്പിസവും ഘടകകക്ഷികളെ ഒതുക്കലും ജില്ലയിൽ യു.ഡി.എഫിന്റെ അടിത്തറ തകർത്തു. ഘടകകക്ഷികളെ ഇല്ലായ്മ ചെയ്യുന്നതിലാണ് ചില കോൺഗ്രസ് നേതാക്കൾക്ക് താത്‌പര്യം. കോൺഗ്രസ് നേതൃത്വത്തോട് പലതവണ പരാതിപ്പെട്ടിട്ടും അനങ്ങാപ്പാറ നയം തുടരുകയാണ്. കൺവീനർ എം. എം. ഹസൻ ഉൾപ്പെടെയുള്ള നേതാക്കളോടും ജില്ലയിലെ പ്രശ്നങ്ങൾ പറഞ്ഞിട്ടുണ്ട്. നേതൃത്വത്തിന്റെ വീഴ്ച കൊണ്ടാണ് കോയിപ്രം ഉൾപ്പെടെയുള്ള ബ്ലോക്ക് പഞ്ചായത്തുകളും സഹകരണ ബാങ്കുകളുടെ ഭരണവും നഷ്ടപ്പെട്ടത്. കഴിഞ്ഞ ദിവസം നടന്ന കോയിപ്രത്തെ എൽ.ഡി.എഫ് അവിശ്വാസത്തെപ്പറ്റി കോൺഗ്രസ് നേതാക്കൾ ചർച്ച ചെയ്തത് തലേന്നാണ്. ഉടനെ കേരള കോൺഗ്രസ് അംഗത്തിന് വിപ്പ് കൊടുത്തു.

യു.ഡി.എഫിന്റെ കയ്യിലിരുന്ന കോന്നി ബ്ലോക്ക് പഞ്ചായത്ത് മാസങ്ങൾക്ക് മുമ്പ് നഷ്ടപ്പെട്ടു. യു. ഡി. എഫ് ശക്തികേന്ദ്രമായ ജില്ലയിൽ അഞ്ച് നിയമസഭാ മണ്ഡലങ്ങളും നഷ്ടമായി. പാർലമെന്റ് മണ്ഡലം എൽ.ഡി.എഫിന് ബാലികേറാമലയല്ലെന്ന് സി.പി.എം ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു പറഞ്ഞത് തള്ളിക്കളയാനാവില്ല. എൽ.ഡി.എഫിലെ ഘടകകക്ഷികളെ സി.പി.എം ചേർത്ത് പിടിക്കുന്നുണ്ട്. യു.ഡി.എഫിലെ ഘടകകക്ഷികളെ കോൺഗ്രസ് തകർക്കുകയാണ്. ഗ്രൂപ്പുകളുടെ കൂടാരമായ കോൺഗ്രസ് ഘടകകക്ഷികൾ പറയുന്നത് കേൾക്കില്ല.

റിബലുകളെ സംരക്ഷിക്കുന്ന നിലപാട് കോൺഗ്രസ് നിർത്തിയാലേ യു.ഡി.എഫ് രക്ഷപ്പെടുകയുളളൂ. തദ്ദേശസ്ഥാപന തിരഞ്ഞെടുപ്പിൽ ഘടകകക്ഷി സ്ഥാനാർഥികൾക്ക് എതിരെ കോൺഗ്രസുകാരായ റിബലുകൾ ധാരാളമുണ്ടായിരുന്നു. അവരെ നേതാക്കൾ സംരക്ഷിക്കുകയായിരുന്നു. അഡ്വ. പീലിപ്പോസ് തോമസ് കോൺഗ്രസ് വിട്ടുപോയത് നഷ്ടം തന്നെയാണ്. മികച്ച സംഘാടകനായിരുന്നു ... " ഇങ്ങനെ പോകുന്നു വിക്ടറിന്റെ പരിദേവനം.

ഇരുപത് വർഷമായി യു.ഡി.എഫ് ജില്ലാ ചെയർമാനായി പ്രവർത്തിക്കുന്ന വിക്ടർ കോൺഗ്രസിനെ ഉപദേശിച്ച് മടുത്തു. നേരെയാകാത്ത ഒരു മുന്നണിയുടെ തലപ്പത്തുനിന്ന് ഇറങ്ങിപ്പോന്നു കൂടെയെന്ന് അദ്ദേഹത്തോട് ചോദിച്ചാൽ ക്ഷോഭിക്കും. തേനും പാലുമൂട്ടി വളർത്തിയിട്ട് വലിച്ചെറിഞ്ഞ് പോരാൻ പറ്റുമോ എന്നാണ് അദ്ദേഹത്തിന്റെ മറുചോദ്യം. അഞ്ചുവർഷം കൂടി ആ പദവിയിലിരിക്കണം. പൊതുപ്രവർത്തനത്തിൽ സുവർണ ജൂബിലി ആഘോഷിക്കുന്നവർ ഏറെയാണ്. യു.ഡി.എഫ് ജില്ലാ ചെയർമാൻ എന്ന നിലയിൽ വിക്ടറിന് സിൽവർ ജൂബിലിയെങ്കിലും ആഘോഷിക്കണം.

കോൺഗ്രസ് ഗ്രൂപ്പിസം യു.ഡി.എഫിനെ തകർത്തുവെന്ന് ആരോപിക്കുന്ന വിക്ടർ കണ്ണാടിക്ക് മുന്നിൽനിന്ന് മുഖത്തേക്ക് നോക്കണമെന്നാണ് കോൺഗ്രസുകാർ ഓർമ്മിപ്പിക്കുന്നത്. തിരുവല്ല നിയമസഭാ മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച വിക്ടറിനെ കാലുവാരി തോല്‌പിച്ചത് ആരാണ് ?. തോല്‌വിയുടെ കയ്പറിഞ്ഞ വിക്ടർ പൊട്ടിത്തെറിച്ചത് സ്വന്തം പാർട്ടി നേതാവായ ജോസഫ് എം.പുതുശേരിക്കെതിരെ ആയിരുന്നു. ഇപ്പോഴും നേരിൽ കണ്ടാൽ കീരിയും പാമ്പുമാണ് വിക്ടറും പുതുശേരിയും. പാളയത്തിലെ കുഴപ്പങ്ങൾ തീർത്തിട്ടു വരൂവെന്നാണ് കോൺഗ്രസ് നേതാക്കൾ പറയുന്നത്.

യു.ഡി.എഫിലെ ഒന്നാംകക്ഷിയായ കോൺഗ്രസും രണ്ടാംകക്ഷിയായ കേരള കോൺഗ്രസും നേരെയാകാൻ ഇനിയും സമയമെടുക്കും. എല്ലാം ശരിയാക്കി മേലോട്ടു നോക്കുമ്പോൾ ബാലികേറാമലയിൽ ചെങ്കൊടി കാണാം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PTA DIARY
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.