തിരുവനന്തപുരം: കൺസ്യൂമർ ഫെഡിന്റെ പ്രീമിയം കൗണ്ടറിൽ നിന്ന് മദ്യം മോഷ്ടിച്ച് കടക്കാൻ ശ്രമിച്ച യുവാവിനെ ജീവനക്കാർ പിടികൂടി പൊലീസിനെ ഏല്പിച്ചു. തിരുവനന്തപുരം വട്ടപ്പാറ സാമ്പ്രാഹൗസിൽ സുജിത്താണ് (രാധാ സുജിത്ത് -38 ) പിടിയിലായത്. ഇന്നലെ രാവിലെ 11ന് ആലപ്പുഴ ബോട്ട് ജെട്ടിയിലെ കൺസ്യൂമർ ഫെഡിന്റെ പ്രീമിയം കൗണ്ടറിലാണ് സംഭവം. തിരക്കുള്ളതിനാൽ ജീവനക്കാർ ഷോപ്പിലെ പലയിടങ്ങളിലായി നിന്നിരുന്നു. സുജിത്ത് ,ഷെൽഫിൽ നിരത്തിയ ബെക്കാഡി ലെമൺ വൈറ്റ് റമ്മിന്റെ പൈന്റും, ഗ്രീൻലേബൽ വിസ്കി അര ലിറ്ററിന്റെയും ഓരോ കുപ്പിവീതം എടുത്ത് പാന്റ്സിനുള്ളിൽ ഒളിപ്പിച്ച ശേഷം ഒരു ബിയറുമെടുത്ത് ബിൽ കൗണ്ടറിലെത്തി. ബിയറിന്റെ ബില്ല് മാത്രം അടിക്കുന്നതുകണ്ട ജീവനക്കാർ സുജിത്തിനെ പിടികൂടി പോക്കറ്റിൽ നിന്ന് മദ്യക്കുപ്പികൾ കണ്ടെടുത്തു. തുടർന്ന് വിവരം അറിയിച്ചതനുസരിച്ച് നോർത്ത് എസ്.ഐ നിഥിൻ രാജിന്റെ നേതൃത്വത്തിലെത്തിയ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരത്ത് മോഷണക്കേസിലെ പ്രതിയായ ഇയാൾ എറണാകുളത്തു നിന്നു മടങ്ങുന്നതിനിടെയാണ് ആലപ്പുഴയിലെത്തിയതെന്ന് പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |