SignIn
Kerala Kaumudi Online
Thursday, 25 April 2024 10.11 PM IST

മാസ്‌ക് ധാരണം ഒരു പുനർവിചിന്തനം

mask

വിദ്യാഭ്യാസത്തിനുള്ള വേദി വിദ്യാലയങ്ങളിൽ നിന്നും ഗൃഹാന്തരീക്ഷത്തിലേക്കു മാറിയിട്ട് രണ്ട് അദ്ധ്യയന വർഷമാകുന്നു. കേരളപ്പിറവിദിനത്തിൽ ഉയർന്ന ക്ലാസുകളിലെ കുട്ടികൾക്കു വിദ്യാലയങ്ങളിലെത്തിച്ചേർന്ന് അദ്ധ്യാപകരുടെ മുഖദാവിൽ നിന്നും വിദ്യ അഭ്യസിക്കാൻ അവസരം സർക്കാർ ഒരുക്കി. എന്നാൽ ചുരുക്കം ദിവസങ്ങളിൽ ലഭിച്ച ഇത്തരം ക്ലാസുകൾ കുട്ടികൾക്ക് പൂർണമായും ആസ്വദിക്കാനോ പ്രയോജനകരമാംവിധം ഉൾക്കൊള്ളാനോ കഴിഞ്ഞിട്ടുണ്ടോ എന്നത് വിലയിരുത്തേണ്ടതാണ്.

മുഖാവരണമണിഞ്ഞുകൊണ്ട് ഓരോ ബെഞ്ചിലും സാമൂഹിക അകലം പാലിച്ച് മൗനമായിരിക്കുന്ന കുട്ടികൾക്ക്, മുഖാവരണം അണിഞ്ഞെത്തുന്ന അദ്ധ്യാപകർ പാഠ്യവിഷയങ്ങൾ പകർന്നു നല്‌കിയത് എത്രത്തോളം വിജയിച്ചിട്ടുണ്ടാകുമെന്നതും ചർച്ച ചെയ്യപ്പെടേണ്ടതാണ്. അദ്ധ്യാപകരുടെ നാവിൻതുമ്പത്തുനിന്ന് വരുന്ന വാക്കുകൾ, വാക്യങ്ങൾ എന്നിവയുടെ ആന്തരതലം, ഗഹനത തുടങ്ങിയവ അദ്ധ്യാപകരുടെ ചുണ്ടുകളുടെ ചലനാത്മകതയിൽ നിന്നും മുഖഭാവത്തിൽ നിന്നുമാണ് കുട്ടികൾക്ക് പൂർണമായും ഗ്രഹിച്ചെടുക്കാൻ സാധിക്കുന്നത്. അതുപോലെ കുട്ടികളുടെ കണ്ണുകൾക്കു പുറമേ പൂർണമായ മുഖഭാവം കൂടി ദൃശ്യമായാൽ മാത്രമേ പഠനപ്രക്രിയയുടെ ഭാഗമായുള്ള ആശയവിനിമയം ഫലപ്രദമായി വിനിയോഗിക്കപ്പെട്ടോയെന്ന് അദ്ധ്യാപകനും ബോദ്ധ്യമാകൂ. മാത്രമല്ല അദ്ധ്യാപകർ പകർന്നുനല്കുന്ന പാഠങ്ങളും ഭാവങ്ങളും ഹൃദിസ്ഥമാക്കുമ്പോഴേ പഠനപ്രക്രിയ പൂർണതയിലെത്തൂ. ഇതിലൊക്കെ ഉപരിയായി രാവിലെ മുതൽ വൈകുന്നേരം വരെയുള്ള മാസ്‌ക് ധാരണം ശാരീരിക ബുദ്ധിമുട്ടും ആരോഗ്യപ്രശ്നങ്ങളും സൃഷ്ടിക്കുന്നുമുണ്ട്. ഒന്നോ അതിലധികമോ മാസ്‌ക് ധരിച്ചുകൊണ്ട് ഏറെനേരം ശ്വസിക്കുമ്പോൾ നമുക്ക് യഥാർത്ഥത്തിൽ ലഭിക്കേണ്ട ഓക്സിജന്റെ അളവിൽ കാര്യമായ കുറവ് സംഭവിച്ചേക്കാം. അത് ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്കും ആന്തരാവയവങ്ങളുടെ പ്രവർത്തനക്ഷമത കുറയ്ക്കുന്നതിനും സാദ്ധ്യതയുണ്ട്. ശാസ്ത്രീയമായ പഠനമർഹിക്കുന്ന വിഷയമാണിത്.

സാഹചര്യത്തിന്റെ ഗൗരവം മനസിലാക്കിക്കൊണ്ട് തന്നെ പറയട്ടെ, ഭാവിതലമുറയുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് കോട്ടംതട്ടാനിടയുള്ള ഇത്തരം വിഷയങ്ങൾ എന്തുകൊണ്ടോ അധികാരികളുടെ ശ്രദ്ധയിൽപ്പെടാതെ പോകുന്നു. നമ്മുടെ സംസ്ഥാനത്തല്ലാതെ മറ്റിടങ്ങളിൽ മാസ്‌ക് ധരിച്ചവരെ ക്ലാസ് മുറികളിലോ വാഹനങ്ങളിലോ പുറത്തൊരിടത്തുമോ പൊതുവെ കാണാറില്ലെന്നതാണ് വസ്തുത. പൊതു ഇടങ്ങളിൽ മാസ്‌ക് നിർബന്ധമാണെന്നിരിക്കെ, അത് അങ്ങനെതന്നെ തുടർന്നുകൊണ്ട്, വിദ്യാലയങ്ങളിൽ ക്ലാസ് മുറികൾക്കുള്ളിൽ വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും മാസ്‌ക് ഒഴിവാക്കാനാകുമോ എന്നത് ചിന്തിക്കേണ്ടതല്ലേ ?

ഈ ജനുവരിയിൽ 15 നും 18 നും മദ്ധ്യേ പ്രായമുള്ള കുട്ടികൾക്ക് വാക്സിൻ നല്കിത്തുടങ്ങി. ജനനം മുതൽ 15 വയസ് വരെയുള്ള കുട്ടികൾക്ക് പല ഘട്ടങ്ങളിലായി നല്‌കേണ്ടതായ പ്രതിരോധ കുത്തിവെയ്പ്പ് കൃത്യമായി നല്കിവരുന്നതിനാൽ അവർക്ക് സ്വമേധയാ പ്രതിരോധശേഷി ആർജ്ജിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും നമുക്ക് അനുമാനിക്കാം. സംസ്ഥാനത്ത് 18 വയസിന് മുകളിൽ പ്രായമുള്ളവരിൽ 98 ശതമാനത്തോളം പേർ ഒരു ഡോസ് വാക്സിനും 80 ശതമാനത്തിലേറെ പേർ രണ്ടു ഡോസ് വാക്സിനും എടുത്തു കഴിഞ്ഞു. മാത്രമല്ല ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ച് ശതമാനത്തിൽ താഴെയാകുകയും ചെയ്തു. അതുകൊണ്ട് തന്നെ ഒമിക്രോൺ എന്ന മൂന്നാം തരംഗത്തെ ഫലപ്രദമായി നേരിടാൻ ആരോഗ്യമേഖലയുടെ പ്രവർത്തനങ്ങൾക്കൊപ്പം മാനവരാശി ആർജ്ജിച്ചെടുത്ത പ്രതിരോധശേഷിയും മനക്കരുത്തും മതിയാകും.

ഈയൊരു പശ്ചാത്തലത്തിൽ മാസ്‌ക് കാലക്രമേണ ഒഴിവാക്കി, സ്വയം നേടിയെടുക്കാൻ കഴിയുന്ന പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ വേണ്ട നിർദ്ദേശങ്ങൾ ആരോഗ്യവകുപ്പിന്റെ ഭാഗത്തു നിന്നുണ്ടാകേണ്ടത് അനിവാര്യമാണ്. സംഹാരശേഷിയുള്ള വൈറസുകളുടെ വകഭേദങ്ങളെ പ്രതിരോധിക്കാൻ തീർച്ചയായും എല്ലാവരും മാസ്‌ക് ധരിച്ചിരിക്കണം. മാസ്‌ക് ധാരണം എപ്പോഴൊക്കെ, എവിടെയൊക്കെ, എത്രത്തോളം സമയം തുടർച്ചയായി ധരിക്കാം എന്നതിനെക്കുറിച്ചുള്ള ശരിയായ മാർഗനിർദ്ദേശങ്ങൾ നല്‌കാൻ സർക്കാരും ആരോഗ്യവകുപ്പും മുൻകൈയെടുക്കുകയാണ് വേണ്ടത്.

ചുറ്റുപാടും കാണുന്ന മറ്റൊന്നുകൂടി ഈ സാഹചര്യത്തിൽ പറഞ്ഞുകൊള്ളട്ടെ. പല ഷോപ്പിംഗ് മാളുകളിലേക്കും ഒഴുകിയെത്തുന്ന മാസ്‌ക് ധാരികളായ ജനസഹസ്രങ്ങൾ അവിടത്തെ ഫുഡ്‌കോർട്ടിൽ പ്രവേശിച്ചാൽ മുഖാവരണമൊക്കെ മാറ്റി പരസ്പരം ആഹ്ലാദത്തോടെ സംസാരിച്ച് ഭക്ഷണം കഴിക്കുന്ന രസകരമായ കാഴ്ച തെല്ലൊന്നുമല്ല അതിശയം ജനിപ്പിക്കുന്നത്. യഥാർത്ഥത്തിൽ കർശനമായ മാസ്‌ക് ധാരണം ഇങ്ങനെ സാമൂഹികാകലം പാലിക്കാത്ത ജനക്കൂട്ടമുള്ളിടത്തല്ലേ നിർബന്ധമായും വേണ്ടത്. മാസ്‌ക് ഒഴിവാക്കി ക്ലാസുകൾ കൈകാര്യം ചെയ്യാൻ അദ്ധ്യാപകരെയും അനുവദിക്കാമോ എന്നതും ഗൗരവമായി പരിഗണിക്കേണ്ടതാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MASK FOR SCHOOL STUDENTS
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.