SignIn
Kerala Kaumudi Online
Friday, 29 March 2024 4.04 PM IST

നിരത്തുകളിലെ അഴിഞ്ഞാട്ടത്തിന് തടയിടണം

kk

ഒരു നിയന്ത്രണവുമില്ലാതെ പായുന്ന വാഹനങ്ങൾ സംസ്ഥാനത്തെ നിരത്തുകളിൽ ചോരപ്പുഴ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. ഇടക്കാലത്ത് ഗതാഗത നിയമങ്ങൾ കുറച്ചെങ്കിലും പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാൻ നടപടി എടുത്തിരുന്നു. ഇപ്പോൾ എല്ലാം അയഞ്ഞ മട്ടാണു കാണുന്നത്. ഒന്നരക്കോടിയോളം വാഹനങ്ങളുള്ള സംസ്ഥാനത്ത് ട്രാഫിക് സംവിധാനങ്ങൾക്കായി പ്രത്യേകമായി വകുപ്പും ഉദ്യോഗസ്ഥന്മാരുമൊക്കെ വേണ്ടതാണ്. എന്നാൽ ലോക്കൽ പൊലീസിന്റെ തലയിലാണ് അതും ചെന്നെത്തി നിൽക്കുന്നത്. ട്രാഫിക് നിയന്ത്രിക്കാൻ നഗരപ്രദേശങ്ങളിൽ മാത്രമാണ് ട്രാഫിക് പൊലീസുള്ളത്. മറ്റിടങ്ങളിൽ ചുമതല ലോക്കൽ പൊലീസിനും. റോഡപകടങ്ങളുണ്ടായാൽ തുടർ നടപടികളെടുക്കേണ്ടതും അവർ തന്നെ. റോഡുനീളെ കാമറ നിരീക്ഷണമുണ്ടെന്നാണു വയ്പ്. എന്നാൽ നിരത്തുകളിൽ അപകടം നടന്നാലോ അപകടം സൃഷ്ടിച്ച വാഹനം നിറുത്താതെ പോയാലോ പൊലീസിന് ആശ്രയമാകുന്നത് പാതവക്കിലുള്ള സ്ഥാപനങ്ങളിൽ സ്ഥാപിച്ചിട്ടുള്ള സ്വകാര്യ കാമറകളാകും. അമിതവേഗവും അതുവഴി ഉണ്ടാകുന്ന വാഹനാപകടങ്ങളും സംസ്ഥാനത്തെവിടെയും പെരുകിവരികയാണ്. നിയമലംഘനങ്ങൾ വല്ലാതെ പെരുകിയിട്ടും ഗതാഗത നിയന്ത്രണത്തിന് കാര്യമായ നടപടികളുണ്ടാകുന്നില്ല.

ചൊവ്വാഴ്ച തിരുവനന്തപുരം വഴയിലയിൽ പ്രായപൂർത്തിയാകാത്ത മൂന്നു സ്കൂൾ വിദ്യാർത്ഥികൾ ബൈക്കപകടത്തിൽ മരണമടഞ്ഞ സംഭവം ഗതാഗത നിയമങ്ങൾ കർക്കശമാക്കേണ്ടതിന്റെ അനിവാര്യത ഒരിക്കൽക്കൂടി സർക്കാരിനെ ഓർമ്മിപ്പിക്കുന്നതാണ്. ഡ്രൈവിംഗ് ലൈസൻസ് ലഭിക്കാൻ പോലും അർഹതയില്ലാത്ത പ്രായക്കാരാണ് നിമിഷനേരം കൊണ്ട് പാതവക്കത്ത് പൊലിഞ്ഞത്. ബൈക്കിൽ മൂന്നുപേർ സഞ്ചരിക്കുന്നത് ശിക്ഷാർഹമായിട്ടും കുട്ടികൾ ആ സാഹസത്തിന് ഒരുങ്ങിയത് സഹജമായ ആവേശത്തിളപ്പിലാകും. അവരെ അതിൽ നിന്നു പിന്തിരിപ്പിക്കാൻ ആരുമുണ്ടായില്ല. ഇതുപോലുള്ള നിയമലംഘനങ്ങൾ എവിടെയും കാണാം.

ഇരുചക്ര വാഹനക്കാരും കാൽനടക്കാരും എപ്പോഴും വലിയ വാഹനം ഓടിക്കുന്നവരുടെ അമിതവേഗത്തിനിരയാകാറുണ്ട്. അശ്രദ്ധമായ ഡ്രൈവിംഗ് എപ്പോഴും അപകടങ്ങൾ ക്ഷണിച്ചുവരുത്തും. തിരുവനന്തപുരം ജില്ലയിൽ വിതുരയിൽ ജീപ്പിന്റെ പിന്നിൽ കെട്ടിവലിച്ചു കൊണ്ടുപോയ കോൺക്രീറ്റ് മിക്സിംഗ് യന്ത്രം ബന്ധമറ്റു മറിഞ്ഞ് സ്‌കൂട്ടർ യാത്രികൻ മരണമടഞ്ഞതും ചൊവ്വാഴ്ചയാണ്. ജീപ്പ് അമിതവേഗത്തിൽ വളവു തിരിഞ്ഞതാണ് അപകടത്തിലേക്കു നയിച്ചതത്രെ. ഇത്തരത്തിൽ യാതൊരു സുരക്ഷയും പാലിക്കാതെ ചരക്കുവാഹനങ്ങൾ ഓടിക്കുന്നവരെ എവിടെയും കാണാം. ഇരുചക്ര വാഹനങ്ങളിൽ വലിയ കോവണികൾ വരെ കയറ്റി പോകുന്നവരും പിന്നിൽ മീറ്ററുകളോളം നീളത്തിൽ കമ്പികളും പൈപ്പുകളും മറ്റും കയറ്റി പായുന്ന വാഹനങ്ങളും നിത്യകാഴ്ചകൾ തന്നെ. മദ്യവും മറ്റു ലഹരിവസ്തുക്കളും കഴിച്ച് വാഹനം ഓടിക്കുന്നവർ ഒട്ടും കുറവല്ല. അപകടമുണ്ടാക്കിയശേഷവും നിറുത്താതെ വാഹനങ്ങളുമായി പായുന്നവരുടെ സംഖ്യയും കൂടിവരികയാണ്. തൃശൂർ ജില്ലയിൽ കഴിഞ്ഞ ദിവസം മദ്യലഹരിയിൽ കാറോടിച്ച് ബൈക്ക് സഞ്ചാരികളായ ദമ്പതികളെ ഇടിച്ചുവീഴ്‌‌ത്തിയത് എ.എസ്.ഐ ആണ്. അപകടശേഷം നിറുത്താതെ പോയ ഇയാളെ നാട്ടുകാർ പിന്തുടർന്ന് പിടികൂടി പൊലീസിനു കൈമാറുകയായിരുന്നു. തലസ്ഥാന ജില്ലയുടെ പ്രാന്തപ്രദേശമായ വെഞ്ഞാറമൂട്ടിൽ രണ്ടുദിവസം മുൻപ് രണ്ടു യുവാക്കൾ മദ്യലഹരിയിൽ കാറോടിച്ച് അപകട പരമ്പര തന്നെ സൃഷ്ടിച്ചിരുന്നു. അപകടങ്ങളിൽ കാറിന്റെ മുൻ ടയറുകളിലൊന്ന് പൂർണമായും അടർന്നുമാറിയിട്ടും നിറുത്താതെ കിലോമീറ്ററുകളോളം മുന്നോട്ടുപോയി. ഈ സംഭവത്തിലും നാട്ടുകാർ ഒടുവിൽ സംഘടിച്ച് കാർ തടഞ്ഞുനിറുത്തുകയായിരുന്നു. നിരത്തുകളിൽ മറ്റു വാഹനങ്ങൾക്കും ആളുകൾക്കും അപകടം വരുത്തുന്ന ഇത്തരം നിയമ നിഷേധികളുടെ ലൈസൻസ് സ്ഥിരമായി റദ്ദാക്കാൻ പാകത്തിൽ നിയമ ഭേദഗതി കൊണ്ടുവരണം.സംസ്ഥാനത്തുടനീളം ട്രാഫിക് നിയമലംഘകരെ പിടികൂടാൻ സംവിധാനങ്ങളൊരുക്കണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EDITORIAL
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.