SignIn
Kerala Kaumudi Online
Thursday, 25 April 2024 2.00 AM IST

ഒന്നാം നമ്പർ കറുത്ത കാർ

car

ഒന്നാം നമ്പർ സ്റ്റേറ്റ് കാർ തൂവെള്ള നിറത്തിൽ നിന്ന് കറുപ്പിലേക്ക് മാറിയത് കേരളം ചർച്ച ചെയ്യുകയാണിപ്പോൾ. പൊലീസിന്റെ ശുപാർശ പ്രകാരം വെള്ള ഇന്നോവ ക്രിസ്റ്റ കാറിൽനിന്ന് കറുത്ത ഇന്നോവയിലേക്ക് മുഖ്യമന്ത്രി പിണറായി വിജയൻ യാത്ര മാറ്റിയിരിക്കുകയാണ്. കെ.എൽ.01 സി.ടി 6683 രജിസ്‌ട്രേഷനിലെ ഫുൾ ഓപ്ഷൻ ക്രിസ്റ്റൽ ഷൈൻ ബ്ലാക്ക് ക്രിസ്റ്റയാണ് മുഖ്യമന്ത്രിയുടെ പുതിയ ഔദ്യോഗിക വാഹനം. ഇതുവരെയുള്ള മുഖ്യമന്ത്രിമാരെല്ലാം വെള്ള നിറമുള്ള കാറുകളിലാണ് യാത്രചെയ്തിരുന്നത്. ആദ്യമായാണ് കറുത്ത ഒന്നാംനമ്പർ സ്റ്റേറ്റ് കാർ സെക്രട്ടേറിയറ്റിന്റെ നോർത്ത് ബ്ലോക്കിനു മുന്നിൽ ഗമയോടെ കിടക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്രമോഡി അതീവ സുരക്ഷാ സജ്ജീകരണങ്ങളുള്ള കറുത്ത മേഴ്സിഡീസ് മെയ്ബാ എസ്-650 കാറിലേക്ക് യാത്ര മാറ്റിയതിനു പിന്നാലെയാണ് മുഖ്യമന്ത്രിയും കറുത്ത കാറിലേക്ക് ഔദ്യോഗിക യാത്രകൾ മാറ്റിയത്. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് എ.കെ.ജി സെന്ററിലേക്കായിരുന്നു കറുത്ത ഇന്നോവയിൽ മുഖ്യമന്ത്രിയുടെ ആദ്യ യാത്ര. മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിൽ ഉൾപ്പെടുത്താൻ കറുത്ത നിറത്തിലുള്ള മൂന്ന് ഇന്നോവ ക്രിസ്റ്റ കാറുകളും ടാറ്റയുടെ രണ്ട് ഡാർക്ക് എഡീഷൻ ഹാരിയറുകളും വാങ്ങാനായിരുന്നു പൊലീസിന്റെ ശുപാർശ. ഡി.ജി.പിയായിരിക്കെ ലോക്നാഥ് ബെഹറയാണ് പൈലറ്റ് വാഹനങ്ങളുടെ നിറം മാറ്റാൻ ശുപാർശ ചെയ്തത്. പൈലറ്റ്, എസ്കോർട്ട് കാറുകൾ വാങ്ങാൻ പൊലീസിന് പ്രത്യേക ഫണ്ടിൽ നിന്ന് 62.46ലക്ഷം രൂപ അനുവദിച്ചിരുന്നു. നാല് വർഷം പഴക്കമുള്ള രണ്ട് കാറുകൾ വാഹനവ്യൂഹത്തിൽ നിന്ന് മാറ്റും. ലഭിച്ച ആദ്യ കാറാണ് മുഖ്യമന്ത്രി ഉപയോഗിച്ച് തുടങ്ങിയത്. വാഹനവ്യൂഹത്തിലെ പൈലറ്റ്, അകമ്പടി ഉൾപ്പടെ വി.വി.ഐപി സെക്യൂരിറ്റി ബോക്സിൽപെട്ട വാഹനങ്ങളെല്ലാം കറുത്ത നിറത്തിലേക്ക് മാറും.

രാത്രി സുരക്ഷയ്‌ക്ക് മികച്ചത് കറുപ്പ് നിറമാണ് എന്ന വിലയിരുത്തലിലാണ് മുഖ്യമന്ത്രി പിണറായി വിജയന് കറുത്ത കാർ വേണമെന്ന് പൊലീസ് ശുപാർശ ചെയ്തത്. രാത്രി ആക്രമണങ്ങളിൽ നിന്ന് രക്ഷനേടാൻ കറുത്ത വാഹനങ്ങൾ സഹായിക്കും എന്ന വിലയിരുത്തലിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെ പല രാഷ്ട്രത്തലവന്മാരും ഇത്തരം കാറുകളാണ് ഉപയോഗിക്കുന്നത്. ഫുൾ ഓപ്ഷൻ ക്രിസ്​റ്റൽ ഷൈൻ ബ്ളാക്ക് ഇന്നോവ ക്രിസ്​റ്റയാണ് മുഖ്യമന്ത്രിയുടേത്. അംബാസിഡർ കാറുകളാണ് മുമ്പ് മന്ത്രിമാർ ഉപയോഗിച്ചിരുന്നത്. സ്ഥാനമേ​റ്റ് ആദ്യദിനങ്ങളിൽ അംബാസിഡറിൽ യാത്രചെയ്‌തെങ്കിലും ഉമ്മൻചാണ്ടി പിന്നീട് ഇന്നോവയിലേക്കു മാറി. പിണറായി വിജയൻ ആദ്യം മുതൽ ഇന്നോവയാണ് ഉപയോഗിച്ചിരുന്നത്. ഭൂരിഭാഗം മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും ഇന്നോവ ക്രിസ്​റ്റയാണ് ഉപയോഗിക്കുന്നത്.

മുഖ്യമന്ത്രിക്കായി സുരക്ഷാ കോട്ട

മുഖ്യമന്ത്രിക്കും ഗവർണർക്കുമാണ് സംസ്ഥാനത്ത് ഏറ്റവുമധികം സുരക്ഷയുള്ളത്. മാവോയിസ്റ്റ് ഭീഷണിയടക്കമുള്ളതിനാൽ ഇസ‍ഡ് പ്ലസ് സുരക്ഷയാണ് മുഖ്യമന്ത്രിക്കുള്ളത്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന് സുരക്ഷയൊരുക്കാൻ എസ്.പി റാങ്കിലുള്ള ഒരു ഡെപ്യൂട്ടി കമ്മിഷണറെ നിയോഗിക്കണമെന്നാണ് ഡി.ജി.പിയുടെ ശുപാർശ. ക്ലിഫ് ഹൗസിന്റെ സുരക്ഷാകാര്യങ്ങൾ വിലയിരുത്താൻ ഡി.ഐ.ജി സെക്യൂരിറ്റിയുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളിലുള്ള ഉദ്യോഗസ്ഥരുടെ കമ്മിറ്റി രൂപീകരിക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെ സുരക്ഷയുടെ മേൽനോട്ടം ഡെപ്യൂട്ടി കമ്മിഷണർ റാങ്കിലുള്ള ഉദ്യോഗസ്ഥനായിരിക്കണമെന്ന ശുപാർശയും ആഭ്യന്തര വകുപ്പ് അംഗീകരിച്ചിട്ടുണ്ട്. ഇതിനായി പുതിയ തസ്തിക സൃഷ്ടിക്കും.

പൊലീസിന്റെ കണ്ണുവെട്ടിച്ച് യൂത്ത്‌ കോൺഗ്രസ് പ്രതിഷേധം ക്ലിഫ് ഹൗസ്‌ ഗേ​റ്റിനു സമീപമെത്തിയതിനെ തുടർന്ന് 2020 നവംബറിൽ, ചാടിക്കടക്കാൻ കഴിയാത്ത വിധത്തിൽ ചുറ്റുമതിലിന്റെ ഉയരം കൂട്ടി മുകളിൽ മുള്ളുവേലി സ്ഥാപിച്ചിരുന്നു. ക്ലിഫ്ഹൗസിനു അകത്തും പുറത്തുമുള്ള സേനാംഗങ്ങളുടെ എണ്ണം ഇരട്ടിയായി കൂട്ടിയിട്ടുണ്ട്. ദേവസ്വം ബോർഡ് ജംഗ്ഷനിൽ നിന്ന് ക്ലിഫ് ഹൗസ്‌ റോഡിലേക്ക് യാത്രക്കാരെ കർശന പരിശോധനയ്ക്ക്‌ ശേഷമേ കടത്തിവിടൂ. ക്ലിഫ് ഹൗസിലെ വൃക്ഷങ്ങളുടെ ശിഖരങ്ങളിലൂടെ മുഖ്യമന്ത്രിയുടെ വസതിയിലേക്ക് എളുപ്പത്തിൽ ഇറങ്ങാൻ കഴിയുമെന്ന പൊലീസ് റിപ്പോർട്ടിനെത്തുടർന്ന് ശിഖരങ്ങൾ മുറിച്ചുമാറ്റി. ക്ലിഫ് ഹൗസിന് മുന്നിലെ ഗാർഡ് റൂമിന്റെ സൗകര്യങ്ങൾ വർദ്ധിപ്പിച്ച് വാച്ച് ടവറിന്റേതിനു തുല്യമാക്കി. നിലവിലുണ്ടായിരുന്നതിന് പുറമേ ഒരു സി.സി.ടിവി കാമറ കൂടി ദേവസ്വം ബോർഡ് ജംഗ്ഷനിൽ സ്ഥാപിച്ചു. വൈദ്യുതി മുടക്കമില്ലാതെ ലഭിക്കാൻ ഒരു ജനറേ​റ്റർ കൂടി സ്ഥാപിച്ചിട്ടുമുണ്ട്.

ക്ലിഫ്ഹൗസ് പ്രത്യേക സുരക്ഷാമേഖലയായി നേരത്തേ പ്രഖ്യാപിച്ചിരുന്നു. പൊലീസ് ആക്ടിലെ 83(2)വകുപ്പ് പ്രകാരം ജനങ്ങളുടെ പ്രവേശനത്തിനും കെട്ടിടങ്ങളുടെ ഉപയോഗത്തിനുമടക്കം കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ജനങ്ങൾക്കും വാഹനങ്ങൾക്കും നിയന്ത്രണവും പാർക്കിംഗ് നിരോധനവും ഏർപ്പെടുത്തി. നന്തൻകോട് ജംഗ്ഷനപ്പുറം പ്രകടനം, പ്രതിഷേധം എന്നിവ പാടില്ല. 100 മീറ്ററിൽ ഉച്ചഭാഷണിയും 500 മീറ്ററിൽ ഡ്രോണും പാടില്ല. നാലുചുറ്റുമുള്ള റോഡുകളിൽ സ്പീഡ് ബ്രേക്കറുകളുണ്ടാക്കും. ക്ലിഫ്ഹൗസിന് സമീപത്തൂടെയുള്ള വൈ.എം.ആർ- ദേവസ്വംബോർഡ് റോഡിൽ നിയന്ത്രണമേർപ്പെടുത്തിയിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസുള്ള സെക്രട്ടേറിയറ്റും അതീവസുരക്ഷാ മേഖലയാണ്.

പ്രധാനമന്ത്രിയുടെ കറുത്ത കാർ

പ്രധാനമന്ത്രിയുടെ യാത്രയ്ക്കായി വാങ്ങിയ, അത്യാധുനിക സുരക്ഷാ സംവിധാനങ്ങളുള്ള ജർമ്മൻ നിർമ്മിത മെഴ്സിഡീസ്‌ മെയ്ബാ എസ് 650 കാറിന് 12കോടിയോളം വിലയുണ്ട്. വെടിയുണ്ടയേൽക്കാത്ത ഈ കാറിന്റെ പരമാവധി വേഗം മണിക്കൂറിൽ 160 കിലോമീ​റ്ററാണ്. 2010 എക്സ്‌പ്ലോഷൻ പ്രൂഫ് വാഹനമാണിത്. രണ്ടുമീ​റ്റർ അകലെയുണ്ടാകുന്ന ഉഗ്രസ്‌ഫോടനം പോലും അതിജീവിക്കാൻ ശേഷിയുണ്ട് ഈ കാറിന്. യാത്രാകാറുകളിൽ ഇന്നുള്ളതിൽ ഏ​റ്റവുമുയർന്ന വി.ആർ10 സുരക്ഷ ഇതിലുണ്ട്. എസ്.പി.ജി ആവശ്യപ്പെട്ട സുരക്ഷാ സംവിധാനങ്ങളാണ് പ്രധാനമന്ത്രിയുടെ കാറിന് ഒരുക്കിയിട്ടുള്ളത്. പ്രധാനമന്ത്രി സഞ്ചരിക്കുന്ന കാറിന്റെ അതേ മോഡലിലുള്ള മ​റ്റൊരു കാറും വാഹനവ്യൂഹത്തിലുണ്ടാകും. രണ്ടുമീ​റ്റർ അകലെ 15 കിലോഗ്രാം ടി.എൻ.ടി. സ്‌ഫോടനമുണ്ടായാലും കാറിലെ യാത്രക്കാർ സുരക്ഷിതരായിരിക്കും. വിഷവാതക ആക്രമണത്തെ ചെറുക്കാൻ വാഹനത്തിനുള്ളിൽ പ്രത്യേക വായുവിതരണ സംവിധാനമുണ്ട്. തുളയുണ്ടായാൽ സ്വയം അടയ്ക്കുന്ന വസ്തു പൂശിയ ഇന്ധന ടാങ്കാണുള്ളത്. അതിനാൽ തീപിടുത്ത സാദ്ധ്യതയും വെടിയുണ്ടയേറ്റ് കത്തുന്നതുമെല്ലാം ഒഴിവാകും. എച്ച് 64 അപ്പാച്ചി ഹെലികോപ്ടറിൽ ഉപയോഗിക്കുന്ന അതേ വസ്തുവാണിത്. വെടിയുണ്ടയേറ്റാലോ തുളയുണ്ടായാലോ ഓടാനാവുന്ന റൺ ഫ്ളാ​റ്റ് ടയറുകളാണ് പ്രധാനമന്ത്രിയുടെ കാറിന്. പ്രധാനമന്ത്രി ഉപയോഗിച്ചിരുന്ന ബി.എം.ഡബ്ല്യു കാർ എട്ട് വർഷം പഴക്കമുള്ളതായിരുന്നു. ആ തരത്തിലുള്ള കാറിന്റെ ഉത്പാദനം കമ്പനി നിറുത്തിയതുകൊണ്ടാണ് പുതിയ വാഹനം വാങ്ങിയത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NILAPADU, BLACK INNOVA
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.