SignIn
Kerala Kaumudi Online
Thursday, 25 April 2024 6.56 PM IST

ജീവിതം ഓർമ്മപ്പെടുത്തുന്ന മൂന്നു മുഖങ്ങൾ

grandma

റിസപ്ഷനിൽനിന്ന് വിളിച്ചുപറഞ്ഞു: 'ഒരു എം.എസ്. നൗഫൽ കാണാൻ വന്നിട്ടുണ്ട്.' 'ഇരിക്കാൻ പറയൂ' എന്നറിയിച്ച് പുറത്തേക്കിറങ്ങുമ്പോൾ ഒരു കാലഘട്ടം എന്നോടൊപ്പം വന്നു. കൊല്ലം എസ്.എൻ.കോളേജിൽ പഠിക്കുമ്പോൾ എന്റെ സീനിയർ കൂട്ടുകാരനാണ് ഇപ്പോൾ പ്രൊഫസറായ നൗഫൽ. പാറിപ്പറക്കുന്ന മുടിയുമായി കോളേജിന്റെ വരാന്തയിലൂടെ തെന്നിത്തെന്നി വരുന്ന നൗഫലിന് കാര്യമായ മാറ്റൊമൊന്നുമില്ല.

അന്നത്തെ മട്ടും ഭാവവും ചിരിയും. സംസാരത്തിനുമില്ല മാറ്റം. വർഷങ്ങൾക്കുമുമ്പ് പള്ളിക്കലിൽ ഒരു സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ എന്നെക്കണ്ട് ബസിൽ നിന്നിറങ്ങിവന്ന നൗഫൽ... 'നീയിതെവിടന്നു വന്നു' എന്നു ചോദിക്കേ- 'ജോലികഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്നു. അപ്പോഴാണ് അളിയന്റെ പേരെഴുതിയ ഫ്ലക്സ് ബോഡ് കണ്ടത്. നോക്കുമ്പോഴുണ്ട് ജോ‌ർജ് ഓണക്കൂറും ഇന്ദ്രബാബുവും എത്തിയെന്ന അനൗൺസ്മെന്റ്. പെട്ടെന്ന് ചാടിയിറങ്ങിയതാ...'. അതിനുശേഷം ഇന്നലെ വന്നതും അപ്രതീക്ഷിതമായിത്തന്നെ. ഒരു പുസ്തകം തന്നിട്ട് പറഞ്ഞു: 'സമയം കിട്ടിയാൽ വായിക്കണം'. ഓ‌ർമ്മക്കുറിപ്പുകൾ എന്നോ യാത്രാക്കുറിപ്പുകൾ എന്നോ ഒക്കെ പറയാവുന്ന കുറേ ചെറുരചനകളുടെ സമാഹാരമാണ് 'തൂവാനം' എന്ന പുസ്തകം. പേജുകൾ മറിക്കുമ്പോൾ ശ്രദ്ധയിൽപ്പെട്ട 'ഒരു കുമ്പിൾ കൊന്നപ്പൂവ്' എന്ന കുറിപ്പ് ആരുടെയും കണ്ണുനനയ്ക്കും. ബസ് യാത്രയ്ക്കിടയിൽ പഴ്സിൽ നോക്കി വ്യാകുലപ്പെടുന്ന വയോധികയോട് ഗ്രന്ഥകാരൻ ചോദിച്ചു: എന്തുപറ്റി അമ്മേ, വല്ലതും നഷ്ടപ്പെട്ടോ?' നിറകണ്ണുകളോടെ അവർ ചോദിച്ചു: 'മോന്റെ കൈയിൽ ഒരു പത്ത് രൂപയുണ്ടോ?' ആ ശബ്ദം കാറ്റുപോലെ വിറയാ‌ർന്നിരുന്നു.

'എന്തേ?'-

'കൊല്ലത്തുവരെയുള്ള ടിക്കറ്റേ എടുത്തിട്ടുള്ളൂ.... പൈസ തികയത്തില്ല'

'അമ്മയ്ക്കെവിടെയാ ഇറങ്ങേണ്ടത്?'

'ഓച്ചിറയിൽ'

ഓച്ചിറയിൽ അവരുടെ വീടായിരുന്നില്ല. ചേർത്തലയിൽ എവിടെയോ ആണ് വീട്. ഇപ്പോൾ അവിടെ ആരുമില്ല. തിരുവനന്തപുരത്ത് ജോലിയായ മകന്റെ കൂടെയായിരുന്നു താമസം. കറിക്കരിഞ്ഞുകൊണ്ടിരുന്ന കൈകളുടെ താളം പിഴച്ചപ്പോൾ, കൊച്ചുമകൾക്ക് പൊതിച്ചോറുമായി ഓടിയ കാലുകൾക്ക് വേഗം കുറഞ്ഞപ്പോൾ വീട്ടിൽ അവർ ഒറ്റപ്പെട്ടു. ചിന്തകളുടെ താളംതെറ്റി. ഒരു ദിവസം മോനും മരുമകളുംകൂടി ഓച്ചിറയിലൊക്കെ ഒന്നുപോകാമെന്നു പറഞ്ഞ് അവരെ കൂട്ടിയപ്പോൾ സന്തോഷംതോന്നി. പക്ഷേ, തിരികെ കൊണ്ടുപോയില്ല. ദക്ഷിണകാശി എന്നറിയപ്പെടുന്നിടമാണ് ഓച്ചിറ പരബ്രഹ്മ ക്ഷേത്രം. അവിടെ പടനിലത്ത്, പരബ്രഹ്മത്തെ കാവലേല്‌പ്പിച്ച് മടങ്ങുമ്പോൾ മകൻ പറഞ്ഞു: 'അമ്മയ്ക്കിവിടാ നല്ലത്. ഞാൻ ഇടയ്ക്കിടെ വരാം.'

കഴിഞ്ഞകൊല്ലം മകൻ വന്നപ്പോഴാണ് കൊച്ചുമകളുടെ കല്യാണക്കാര്യം പറഞ്ഞത്. ഇഷ്ടമുള്ള പയ്യനെയാണ് വിവാഹം കഴിക്കുന്നത്. അന്ന് മകന്റെ കാലിൽപ്പിടിച്ച് അവർ ഒത്തിരി കരഞ്ഞു. കൊച്ചുമോളെ ഒന്നു കാണണം. അങ്ങനെയാണ് തിരുവനന്തപുരത്തേക്ക് തിരികെ പോയത്. പക്ഷേ,വീട്ടിലാർക്കും ഇഷ്ടമായില്ല. അടുത്ത മാസമാണ് വിവാഹം. അതുവരെ വീട്ടിൽ നില്‌ക്കാനോ? കൊച്ചുമകൾ അച്ഛനോട് പറഞ്ഞു: 'ഞാൻ സുധിയോട് പറഞ്ഞത് ഗ്രാൻഡ് മാ മരിച്ചൂന്നാ,..' പിന്നവിടെ നില്‌ക്കാനായില്ല. ആരും അറിയാതെ വീട്ടിൽനിന്നിറങ്ങി നടന്നു. കൊല്ലത്തുവരെ എത്താനുള്ള പൈസയെ കൈയിലുണ്ടായിരുന്നുള്ളൂ. നൂറു രൂപ കൊടുത്തിട്ട് വാങ്ങാതെ 10 രൂപ മാത്രം സ്വീകരിച്ച് അവർ പറഞ്ഞു: 'അവിടെത്താനുള്ള കാശ് മതി. അന്നദാനത്തിന്റെ ചോറൊക്കെ അവിടുണ്ട്.'

ഇത്രയും പറഞ്ഞിട്ട് നൗഫൽ എഴുതുന്നു: എന്റെ പ്രിയ വായനക്കാരാ, ഇതിൽ കഥയുടെ ഒരു നേരിയ അംശം പോലുമില്ല. വേലുത്തമ്പിദളവ പണിത രണ്ട് ആൽത്തറകൾ കാലം വരുത്തിയ മാറ്റങ്ങളോടെ അവിടെയുണ്ട്. സേവാപന്തലുകളിലും മണൽനിലങ്ങളിലും വീട്ടുകാരും മക്കളും ഉപേക്ഷിച്ച എത്രയെത്ര ജീവിതങ്ങൾ. വയസായ അമ്മയെ കുട്ടയിലാക്കി കഴുകന്മാ‌ർ നിറഞ്ഞ മലകളുടെ താഴ്വരയിൽ ഉപേക്ഷിച്ചുപോകുന്ന ഒരു ജാപ്പനീസ് ചിത്രമുണ്ട്.- 'ബാലഡ് ഒഫ് നരയാമ'- പിരിയുമ്പോൾ അമ്മ മകനോട് ഒരു കാര്യമേ പറയുന്നുള്ളൂ. തിരിഞ്ഞുനോക്കാതെ പോകണമെന്ന്. പറന്നുവരുന്ന ഒരു കഴുകന്റെ ചിറകടി അപ്പോൾ കേൾക്കുന്നു.

വൈകല്യങ്ങളുള്ള കാളകളെയും നേർച്ചയായി സമർപ്പിക്കാവുന്നിടമാണ് ഓച്ചിറ പരബ്രഹ്മ ക്ഷേത്രം. അവിടെ മിണ്ടാപ്രാണികൾക്കൊപ്പം മിണ്ടിയും മിണ്ടാതെയും എത്രയോ അമ്മമാരാണ് വെറും നിലത്തുറങ്ങുന്നത്. അരൂപിയായ പരബ്രഹ്മം അവർക്ക് സാക്ഷി, തുണ.

ഇക്കുറി പുതുവത്സരാഘോഷത്തിൽ പങ്കെടുക്കാൻ തിരുവനന്തപുരത്തെ ശ്രീചിത്ര ഹോമിൽ എത്തിയപ്പോൾ കുട്ടികൾ കുറവായിരുന്നു. അതൊരു നല്ല ലക്ഷണമാണ്. പക്ഷേ, വൃദ്ധസദനങ്ങളുടെയും സമാനമായ അനാഥാലയങ്ങളുടെയും കാര്യം അതല്ല. അവിടെ അനുദിനം ആളെണ്ണം കൂടുകയാണ്. വൈകല്യങ്ങൾ ബാധിച്ചവരെയും വയോധികരെയും എവിടെയെങ്കിലുംകൊണ്ട് തള്ളുന്ന നില കൂടിക്കൊണ്ടിരിക്കുന്നു. പണം നല്‌കിയാൽ സുരക്ഷിതമായ വാർദ്ധക്യകാല ജീവിതം ഉറപ്പാക്കുന്ന സ്ഥാപനങ്ങളും ധാരാളമുണ്ട്. സമാന ദുഃഖിതരുമായി മിണ്ടിയും പറഞ്ഞുമിരിക്കാം, മറ്റ് ഉത്തരവാദിത്തങ്ങളുമില്ല. ആ നിലയിൽ വൃദ്ധസദനങ്ങൾ സ്വയം തിരഞ്ഞെടുക്കുന്നവരും പെരുകുന്നു. ആവതുകാലത്തെ ജീവിതവും സമ്പാദ്യവും മുഴുവൻ മക്കൾക്കായി സമർപ്പിച്ചവർ എന്തുചെയ്യും? അവർക്ക് പരബ്രഹ്മമല്ലാതെ മറ്റൊരു തുണയില്ല!

കഴിഞ്ഞയാഴ്ച നാട്ടിൽ ചെന്നപ്പോഴാണ് വീട്ടിനുമുന്നിലെ റോഡിനപ്പുറം നല്ലനിലയിൽ താമസിച്ചിരുന്ന പങ്കജാക്ഷി അക്കച്ചി എന്ന് ഞങ്ങൾ വിളിക്കുമായിരുന്ന വാത്സല്യനിധിയായ പങ്കജാക്ഷിഅമ്മ വൃദ്ധസദനത്തിലാണെന്ന് അറിഞ്ഞത്. ഉള്ളൊന്നു കാളി. എന്തുപറ്റി? നല്ല മക്കളാണല്ലോ അവർക്കുള്ളത്. ഒരുപാട് പ്രായമായെങ്കിലും സൗന്ദര്യം തുളുമ്പുന്ന മുഖമായിരുന്നു പങ്കജാക്ഷിഅമ്മയ്ക്ക്. എപ്പോഴും ചിരിക്കുന്ന മുഖമുള്ള ആ അമ്മ ഇപ്പോൾ എങ്ങനെയാവും ചിരിക്കുകയും ചിന്തിക്കുകയും ചെയ്യുക! പണം നല്കി പരിപാലനം ഉറപ്പാക്കിയാണ് പക്ഷജാക്ഷിഅമ്മയെ വൃദ്ധസദനത്തിലാക്കിയത്. തത്‌കാലം മറ്റ് നിർവാഹമില്ലാത്ത സ്ഥിതിയിലാണ് അങ്ങനെ ചെയ്യേണ്ടിവന്നതെന്നും അറിഞ്ഞു. എങ്കിലും അത് ഉൾക്കൊള്ളാനാവുന്നില്ല. പഴന്തുണിപോലെ കളയാവുന്നതാണോ അമ്മയെ, അച്ഛനെ, മുത്തച്ഛനെ, മുത്തശ്ശിയെ... പ്രായമാകുന്തോറും മാറ്റുകൂടുന്നതാണ് മനുഷ്യജീവിതം. ആ നിലയിൽ അച്ഛനമ്മമാരെ കാണുന്നവരും ധാരാളമുണ്ട് നമ്മുടെ നാട്ടിൽ. ഇപ്പോൾ നമ്മുടെ മന്ത്രിയായ പി. പ്രസാദ് കോളേജ് വിദ്യാർത്ഥിയായിരിക്കെ ഏറെ അവശനിലയിലായിരുന്ന, ഒറിജിനൽ കമ്മ്യൂണിസ്റ്റായ പിതാവിനെ പരിപാലിച്ചതിനെക്കുറിച്ച് അദ്ദേഹത്തിന്റെ ചില സുഹൃത്തുക്കൾ പറഞ്ഞു കേട്ടിട്ടുണ്ട്. അതിന്റെ അനുഗ്രഹവും മഹത്വവും അദ്ദേഹത്തിൽ ഇപ്പോഴും കാണാം.

മറ്റൊരാളുടെ മുഖം കൂടി പെട്ടെന്ന് തെളിയുന്നു. തിരുവനന്തപുരത്തെ സാഹിത്യ,സാംസ്കാരിക പ്രവർത്തനങ്ങളിൽ നിറഞ്ഞുനിന്നിരുന്ന പാച്ചല്ലൂർ സുകുമാരൻ. അദ്ദേഹം ഇപ്പോഴില്ല. അദ്ദേഹത്തിന്റെ മക്കൾ സംഘടിപ്പിക്കുന്ന അനുസ്മരണസമ്മേളനം നാളെ(ജനുവരി 8) പ്രസ്ക്ലബ്ബിൽ രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. ഭാര്യ എം.തങ്കമ്മ മരിച്ചതോടെ വാർദ്ധക്യത്തിന്റെ അവശതകൾ വേഗത്തിൽ ബാധിച്ച അദ്ദേഹത്തെ കൊച്ചുകുട്ടിയെ എന്നപോലെ മക്കൾ പരിപാലിക്കുന്നതുകണ്ട് എന്റെ കണ്ണ് നിറഞ്ഞിട്ടുണ്ട്. ചെറുകഥാകൃത്തായിരുന്ന പാച്ചല്ലൂർ സുകുമാരൻ വഞ്ചിനാട് ദ്വൈവാരികയുടെ പത്രാധിപർ, വഞ്ചിനാട് കലാവേദിയുടെ മുഖ്യ കാര്യദർശി എന്നീ നിലകളിലാണ് അറിയപ്പെട്ടിരുന്നത്. സാമുദായിക പ്രവർത്തനമായിരുന്നു മറ്റൊരു കർമ്മവഴി. കേരള തണ്ടാൻ (തച്ചർ) സർവീസ് സൊസൈറ്റിയുടെ സ്ഥാപക നേതാവാണ്. പിന്നാക്കാവസ്ഥയിൽ ആയിരുന്ന ഒട്ടേറെപ്പേർക്ക് താങ്ങും തണലുമായിരുന്നു. പി.ഡബ്ല്യൂ. ഡി യിൽ സീനിയർ സൂപ്രണ്ടായിരുന്ന അദ്ദേഹം തന്റെ ശമ്പളത്തിന്റെ ഒരു വിഹിതം ഉപയോഗിച്ചാണ് സാംസ്കാരിക പ്രവർത്തനം നടത്തിയിരുന്നത്. വഞ്ചിനാട് കലാവേദിയുടെ ആഭിമുഖ്യത്തിൽ നടത്തിയിരുന്ന പ്രതിമാസ പരിപാടികളിൽ പ്രമുഖരായ രാഷ്ട്രീയ നേതാക്കളും ഏഴുത്തുകാരും സാംസ്കാരിക പ്രവർത്തകരും ആഹ്ലാദത്തോടെ പങ്കെടുത്തിരുന്നു. ആരോടും അനിഷ്ടം കാണിക്കുന്ന രീതി അദ്ദേഹത്തിനുണ്ടായിരുന്നില്ല. വളരെ ശാന്തമായിരുന്നു പ്രകൃതം. കേരളകൗമുദിയുമായി നല്ല അടുപ്പം പുലർത്തിയിരുന്നു. പത്രമെന്ന നിലയിൽ കേരളകൗമുദി മാത്രം വായിക്കുന്ന പാരമ്പരാഗത വരിക്കാരനായിരുന്നു അദ്ദേഹം. എപ്പോഴും ചായ കുടിക്കുന്ന പ്രകൃതമുണ്ടായിരുന്ന അദ്ദേഹത്തിന്‌ ചായയേക്കാൾ പ്രധാനം കേരളകൗമുദി ആയിരുന്നു. കേരളകൗമുദിയെക്കുറിച്ച് നല്ലതല്ലാതെ ഒന്നും അദ്ദേഹത്തിൽ നിന്ന് കേട്ടിട്ടില്ല. പത്രാധിപരുമായും അടുത്ത വ്യക്തി ബന്ധം പുലർത്തിയിരുന്നു.

പാച്ചല്ലൂർ സുകുമാരന്റെ മൂന്നു മുഖങ്ങളാണ് അദ്ദേഹത്തിന്റെ മൂന്ന് മക്കളിലായി കാണുന്നത്. മൂത്തമകൻ വഞ്ചിനാട് സുനിലാണ് കലാ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തുന്നത്. അഗതികൾക്ക് അന്നം എത്തിയ്ക്കുന്ന തലസ്ഥാനത്തെ പ്രമുഖ സാമൂഹിക പ്രവർത്തകനാണ് രണ്ടാമത്തെ മകൻ അനിൽകുമാർ ടി.എസ്. വിജിലൻസ് സർക്കിൾ ഇൻസ്പെക്ടറായ ഇളയ മകൻ സനിൽകുമാർ ടി.എസ് ഔദ്യോഗിക രംഗത്താണ് ശോഭിയ്ക്കുന്നത്. ഈ മൂന്ന് കാര്യങ്ങളും ഒരുമിച്ച് സഫലമാക്കിയ വ്യക്തിയാണ് പാച്ചല്ലൂർ സുകുമാരൻ. 30വർഷം മുടങ്ങാതെ വഞ്ചിനാട് ദ്വൈവാരിക പ്രസിദ്ധീകരിച്ചു. അത്രയും കാലം വഞ്ചിനാട് കലാവേദിയുടെ പ്രവർത്തനവും മുടങ്ങാതെ നിർവഹിച്ചു. യുവ ഏഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്നതിനായി നല്‌കിയിരുന്ന പി.കെ.ബാലകൃഷണൻ സ്മാരക അവാർഡ് ശ്രദ്ധേയമായിരുന്നു.അദ്ദേഹം ഓർമ്മയായിട്ട് 2022 ജനുവരി അഞ്ചിന് രണ്ടു വർഷം തികഞ്ഞു. പ്രണാമം. ഓർമ്മകൾക്ക് മരണമില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KALLUM NELLUM, OLD AGE
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.