SignIn
Kerala Kaumudi Online
Saturday, 20 April 2024 4.00 AM IST

സമരജ്വാലയായ മണ്ണന്തല

mannanthalakarunakaran

മണ്ണന്തല കരുണാകരൻ എന്ന പേട്ട കരുണാകരന്റെ ജീവിതം ഇന്നത്തെ തലമുറയ്ക്ക് ഒരു ഐതിഹ്യം പോലെ തോന്നാം.`` തിരുവായ്‌ക്ക് എതിർ വായ'' ഇല്ലാതിരുന്ന ഒരു കാലത്ത് രാജവാഴ്ചയ്ക്കും ദിവാൻ ഭരണത്തിനും മാടമ്പി വാഴ്ചയ്ക്കും അയിത്തത്തിനും അനാചാരങ്ങൾക്കുമെതിരെ ഒരു ശരാശരി കൗമാരപ്രായക്കാരൻ ധീരമായ നിലപാട് എടുക്കുകയെന്നു വച്ചാൽ ജീവിതം പന്താടുക എന്നായിരുന്നു അർത്ഥം.

തീരെ ചെറിയ കുട്ടിയായിരിക്കുമ്പോഴേ അദ്ദേഹത്തെ പരിചയപ്പെടാനും അടുത്തറിയാനും ഭാഗ്യം ലഭിച്ച ഒരാളാണ് ഈ ലേഖകൻ. എന്റെ പിതാവ് കെ. അനിരുദ്ധന്റെയും മാതാവ് കെ. സുധർമ്മയുടെയും കുടുംബ സുഹൃത്തായിരുന്നു അദ്ദേഹം. ഘനഗംഭീരമായ ശബ്ദവും അസാമാന്യമായ തലയെടുപ്പും അദ്ദേഹത്തിന്റെ പ്രത്യേകതയായിരുന്നു.

പേട്ടയിൽ സ്ഥിരതാമസമാക്കിയ അദ്ദേഹം രാഷ്ട്രീയ പൊതുപ്രവർത്തന രംഗത്ത് മാത്രമല്ല കായിക രംഗത്തും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു. മരണം വരെ അമൂല്യ നിധിയായി പേട്ട കരുണാകരൻ കൊണ്ടുനടന്നത് അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മെമ്പർഷിപ്പ് കാർഡായിരുന്നു. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അംഗമായി ചേർന്നത് ഗാന്ധിജിയിലും ജവഹർ ലാൽ നെഹ്‌റുവിലും ആകൃഷ്ടനായാണ്. എന്നാൽ, ദേശീയ സ്വാതന്ത്ര്യ പ്രക്ഷോഭവും ജനാധിപത്യ അവകാശങ്ങളും എന്നതിനപ്പുറം കരുണാകരൻ എന്ന ഉത്‌പതിഷ്‌ണുവായ യുവാവിനെ കൊണ്ടെത്തിച്ചത് പുന്നപ്ര- വയലാറിന്റെ വിപ്ളവ ആവേശത്തിലേക്കാണ്. പുതുപ്പള്ളി രാഘവൻ, ഉള്ളൂർ ഗോപി, തൈക്കാട് ഭാസ്‌കർ മുതലായവർ അംഗങ്ങളായിരുന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യത്തെ സിറ്റികമ്മിറ്റി സെക്രട്ടറിയായിരുന്നു കരുണാകരൻ.

1925. വൈക്കം സത്യാഗ്രഹികളെ സന്ദർശിച്ച് പ്രശ്നം പഠിച്ച മഹാത്മാഗാന്ധി തിരുവനന്തപുരത്തേക്ക് കാർമാർഗം യാത്ര തിരിച്ചത് ക്ഷേത്രനടയിലെ റോഡുകൾ എല്ലാ പൊതുജനങ്ങൾക്കുമായി തുറന്നുകൊടുക്കണമെന്ന് റീജന്റ് മഹാറാണി സേതുലക്ഷ്മി ഭായിയോട് അഭ്യർത്ഥിക്കാനാണ്. അദ്ദേഹത്തെ വഴിയിൽ തടഞ്ഞുനിറുത്തി ഹാരാർപ്പണം ചെയ്ത കരുണാകരൻ എന്ന കുട്ടിക്ക് പത്തുവയസായിരുന്നു പ്രായം. മണ്ണന്തല തുടുപ്പോട്ടുകോണത്തു വീട്ടിൽ രാജഭക്തനായ കൊച്ചുരാമൻ എന്ന പ്രമാണിയുടെ പുത്രനായി ജനിച്ച കരുണാകരൻ രാജവാഴ്ചയ്ക്കും ദിവാൻ ഭരണത്തിനുമെതിരായ പ്രക്ഷോഭങ്ങളുടെ നായകനായി മാറിയതും തലസ്ഥാന ജില്ലയിലെ ആദ്യകാല കമ്മ്യൂണിസ്റ്റ് പാർട്ടി സംഘാടകനായി മാറിയതും ചരിത്ര നിയോഗമാകാം.

1947 ജൂലായ് 13 ലെ പേട്ട വെടിവയ്പിനെ തുടർന്ന് അദ്ദേഹത്തിന് ഒളിവിൽ പോകേണ്ടിവന്നു. പലപ്പോഴായി നേതാക്കളെ ഒളിവിൽ താമസിപ്പിച്ചതിനെ തുടർന്നാണ് മണ്ണന്തലയിലെ കുടുംബവീട്ടിൽനിന്ന് കരുണാകരൻ പുറത്തായത്. തുടർന്നാണ് പേട്ടയിൽ സ്ഥിരതാമസമാകുന്നത്. 1942 ആഗസ്റ്റ് 14 ന് അർദ്ധരാത്രിയിൽ സെക്രട്ടേറിയറ്റിന്റെ മുകളിൽ കെട്ടിയിരുന്ന തിരുവിതാംകൂറിന്റെ കൊടി അഴിച്ചുമാറ്റി (രണ്ടാം ലോക മഹായുദ്ധ കാലമായതിനാൽ വെള്ളക്കൊടി) സർക്കാർ നിരോധിച്ച ദേശീയപതാക കെട്ടിയതും ഇൗ അസാമാന്യ ധീരൻ തന്നെ! അസാമാന്യമായ ചങ്കൂറ്റം ഒളിപ്പിച്ചുവച്ച അഗ്‌നിസ്‌ഫുലിംഗം പോലെയായിരുന്നു ആ ജീവിതം.

സുകുമാരൻ എന്ന കള്ളപ്പേരിൽ ഇ.കെ. നായനാർക്ക് കേരളകൗമുദി പത്രത്തിൽ ജോലി വാങ്ങിക്കൊടുത്തത് പത്രാധിപർ കെ. സുകുമാരനുമായുള്ള കരുണാകരന്റെ ആത്മബന്ധംകൊണ്ടായിരുന്നു.

തന്റെ ആദ്യത്തെ സർക്കാർ ഉദ്യോഗമായ `അഞ്ചൽ മാസ്റ്റർ' വലിച്ചെറിഞ്ഞാണ് പോരാട്ടങ്ങളുടെ അഗ്‌നിശലാകയായി മണ്ണന്തല കരുണാകരൻ മാറിയതെങ്കിൽ പിന്നീട് സ്വന്തം വരുമാനമാർഗം തേടി അദ്ദേഹം ചെന്നെത്തിയ പല സംരംഭങ്ങളും അടച്ചുപൂട്ടേണ്ടിവന്നു. അപ്പോഴും അടച്ചുപൂട്ടാതിരുന്നത് അദ്ദേഹത്തിന്റെ മനസും പേട്ടയിലെ വസതിയിലെ വാതിലുമായിരുന്നു.

1997 ൽ രാഷ്ട്രപതി ഡോ. കെ.ആർ. നാരായണൻ രാഷ്ട്രപതി ഭവനിലേക്ക് വിളിച്ചുവരുത്തി ആദരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MANNANTHALA KARUNAKARAN
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.