പണ്ടുകാലത്ത് രാജകുടുംബങ്ങളിൽ ആഭരണങ്ങൾ സൂക്ഷിക്കാൻ ഉപയോഗിച്ചിരുന്ന തടികൊണ്ട് നിർമ്മിച്ച മനോഹരമായ പെട്ടികളുണ്ടായിരുന്നു. നൂറ്റാണ്ടുകളോളം പഴക്കത്തിന്റെയും പെരുമയുടെയും കഥയാണ് നെട്ടൂർ പെട്ടികൾ എന്നറിയപ്പെട്ട ഈ ചരിത്രസ്പന്ദനങ്ങൾക്ക് പറയാനുള്ളത്. എത്ര വിലപിടിപ്പുള്ള ആഭരണ ശേഖരങ്ങളും ബാങ്ക് ലോക്കറിനെക്കാൾ സുരക്ഷിതമായിരുന്ന നെട്ടൂർ പെട്ടിയുടെ കഥ പറയുന്നു തിരുവനന്തപുരം ചാക്ക സ്വദേശിയായ വി. വി. സുരേഷ് കുമാർ. സുരേഷ് കുമാറും സഹോദരൻ രമേഷും പാരമ്പര്യമായി നെട്ടൂർ പെട്ടിയുടെ നിർമ്മാതാക്കളാണ്. നാലുതലമുറയോളമായി നെട്ടൂർ പെട്ടികൾ ഇവരുടെ ജീവിതത്തിന്റെ തന്നെ ഭാഗമാണ്.
ആട്ടപ്പെട്ടിയും കാൽപ്പെട്ടിയും
ഈ പെട്ടിയുടെ ഉത്ഭവത്തെക്കുറിച്ച് പല കഥകളുമുണ്ട്. ചിലർ മലബാർ ഭാഗത്തു നിന്നാണ് തുടക്കമെന്ന് പറയുമ്പോൾ മറ്റു ചിലർ തിരുവിതാംകൂർ അധീനതയിലുണ്ടായിരുന്ന തമിഴ്നാടിന്റെ ഭാഗങ്ങളിൽ നിന്നാണ് ഇവ രൂപം കൊണ്ടതെന്നും പറയുന്നു. ആമാടപെട്ടി, മോട്ടുപെട്ടി, മലബാർ പെട്ടി എന്നിങ്ങനെ പല പേരുകളിലും ഇവ അറിയപ്പെടുന്നുണ്ട്.
പോർച്ചുഗീസുകാരുടെ ആമാടം എന്ന നാണയത്തിൽ നിന്നാണ് ആമാടപ്പെട്ടി എന്ന പേര് വന്നത്. ഓടിട്ട മേൽക്കൂരയ്ക്ക് സമാനമായി ഇരിക്കുന്നത് കൊണ്ടാണ് ഇതിനെ മോട്ടുപെട്ടി എന്ന് വിളിക്കുന്നത്. മണിച്ചിത്രത്താഴ് സിനിമയിൽ നാഗവല്ലിയുടെ ആഭരണം സൂക്ഷിക്കുന്ന പെട്ടിയും നെട്ടൂർ പെട്ടി തന്നെയാണ്. നെട്ടൂർ എന്ന പ്രദേശത്തുനിന്നാവാം ഈ പെട്ടികളുടെ ഉത്ഭവം എന്നാണ് വിശ്വാസം. ഇതുമായി ബന്ധപ്പെട്ട് പല കഥകളും വാദങ്ങളും പ്രചാരത്തിലുണ്ട്.
സുരേഷ് കുമാറും രമേഷും അഞ്ചുപേരും ഉൾപ്പെടെയുള്ള സംഘമാണ് പെട്ടികൾ നിർമ്മിക്കുന്നത്. പൂർവികർ നിർമ്മിച്ച 400 വർഷം പഴക്കമുള്ള നെട്ടൂർ പെട്ടി വരെ ഇവരുടെ പക്കലുണ്ട്. ചെറുതും വലുതുമായ പെട്ടികളുണ്ട്. ഏറ്റവും ചെറിയ പെട്ടി നിർമ്മിക്കാൻ ഏകദേശം 5000 രൂപയോളം ചെലവുവരും. ഈട്ടി, തേക്ക്, ആഞ്ഞിലി, മഹാഗണി എന്നീ തടികളാണ് ഉപയോഗിക്കുന്നത്. അനേകവർഷം ഉപയോഗിക്കേണ്ടതു കൊണ്ട് തടിയുടെ കാതൽ മാത്രമാണ് എടുക്കുന്നത്. തടിയുടെയും കൊത്തുപണികളുടെയും വലിപ്പത്തിന്റെയും അടിസ്ഥാനത്തിലാണ് വില തീരുമാനിക്കുന്നത്. നെട്ടൂർ പെട്ടികൾക്കൊപ്പം തന്നെ ആട്ടപ്പെട്ടി, കൈപ്പെട്ടി, കാൽപ്പെട്ടി, ഉപ്പുമരവി, അരിപ്പെട്ടി, ആനക്കാൽ പെട്ടി എന്നിവയും ഇവരുടെ കൈകളിൽ ഭദ്രമാണ്. ആട്ട പെട്ടി നിർമ്മിക്കുന്നത് കഥകളിയുടെ ആടയാഭരണങ്ങളും മറ്റും സൂക്ഷിക്കുന്നതിനായാണ്. ഏകദേശം അഞ്ച് അടിയോളം വരും ഇവ. ദേശങ്ങൾ കടന്ന് കഥകളി അവതരണത്തിന് പോകുമ്പോൾ സാമഗ്രികൾ കൊണ്ടു പോകുന്നത് ആട്ട പെട്ടിയിലാണ്. രണ്ടാളുകൾ വേണം താങ്ങിയെടുക്കാൻ.
ഓർമ്മകളുടെ സുഗന്ധം
കാൽപ്പെട്ടി ഉപയോഗിക്കുന്നത് വിലകൂടിയ വസ്ത്രങ്ങളും പ്രമാണങ്ങളും മറ്റും സൂക്ഷിക്കാനാണ്. പണ്ട് കാലത്ത് അമ്മൂമ്മമാർ കാൽപ്പെട്ടികളിൽ കൈത പൂക്കൾ ഒട്ടിച്ചു വയ്ക്കാറുണ്ടായിരുന്നു അലമാരയ്ക്കുള്ളിലെ സ്വാഭാവികമായ ഗന്ധത്തിനു വേണ്ടിയായിരുന്നു അത് ചെയ്തിരുന്നത്. കൈപ്പെട്ടി വളരെ ചെറിയ പെട്ടിയാണ്. ഇത്തരം പെട്ടികൾ പണ്ടുകാലത്ത് കണക്കപ്പിള്ളമാർ പണം സൂക്ഷിക്കുന്നതിന് കൈകളിൽ കൊണ്ട് നടന്നതായിരുന്നു. ചതുരകൃതിയിൽ ഉള്ള ഇത്തരം പെട്ടികളിൽ കുറെ കള്ള അറകൾ ഉണ്ടായിരുന്നതുകൊണ്ട് തന്നെ പണം അതിൽ ഭദ്രമായി സൂക്ഷിക്കാമായിരുന്നു. അമ്മിക്കല്ലിനോട് ചേർന്ന് അരക്കാനുള്ള പൊടികൾ സൂക്ഷിക്കുന്നതിന് ആയിരുന്നു അരപ്പാൻ പെട്ടി ഉപയോഗിച്ചിരുന്നത്. ഉപ്പ് വെള്ളത്തിൽ ലയിപ്പിച്ച് അത് സൂക്ഷിച്ച് പാചക ആവശ്യങ്ങൾക്ക് വയ്ക്കുന്നതിന് ആയിരുന്നു തടികൊണ്ടുണ്ടാക്കിയ ഉപ്പു മരവി ഉപയോഗിച്ചിരുന്നത്. ആന കാലിന്റെ ആകൃതിയിലുള്ള ആനക്കാൽ വള പട്ടി ഉപയോഗിച്ചിരുന്നത് ഇരിക്കാനും അതിനോടൊപ്പം തന്നെ വളകളും മറ്റും സൂക്ഷിച്ചുവയ്ക്കുന്നതിനുമായിരുന്നു. വലിയ ആനക്കാൽ പെട്ടികൾ ഇരിക്കാനും വളകൾ സൂക്ഷിക്കാനും ചെറിയ ആനക്കാൽ പെട്ടികൾ ആഭരണങ്ങൾ സൂക്ഷിക്കാനുമായിരുന്നു ഉപയോഗിച്ചിരുന്നത്.
പാരമ്പര്യത്തിന്റെ ഉറപ്പ്
കരകൗശലത്തിനുള്ള സംസ്ഥാന അവാർഡ് ജേതാവും ദേശീയ അംഗീകാരവും ലഭിച്ച ജി.വിശ്വനാഥൻ ആചാരിയുടെ മക്കളാണ് സരേഷും രമേഷും. അച്ഛനെ സഹായിച്ചു കൊണ്ടാണ് സുരേഷ് കുമാറും അനിയനും ഈ രംഗത്തേക്ക് കടന്നു വന്നത്. 2015 -16 ലെ സംസ്ഥാന കരകൗശല പുരസ്കാരം വി വി സുരേഷ്കുമാറിന് ആയിരുന്നു.
നീണ്ട കാലയളവും കഠിനാദ്ധ്വാനവും നിർമ്മാണത്തിന് ആവശ്യമുണ്ട്. കൈ കൊണ്ടാണ് നിർമ്മാണം. നെട്ടൂർ പെട്ടികളുടെ നിർമാണത്തിനുപയോഗിക്കുന്ന കുടയാണി വരെ ഇവർ കൈ കൊണ്ടാണ് നിർമ്മിക്കുന്നത്. ഇതിന്റെ നിർമാണത്തിനായി ഉള്ള മരപ്പണി, പിച്ചളപണി, കൊത്ത്പണി, പെയിന്റിംഗ് എല്ലാം കൈ കൊണ്ട് തന്നെയാണ് ചെയ്യുന്നത്. വീട്ടിൽ വരുന്ന ഓർഡറുകൾ അനുസരിച്ചാണ് നെട്ടൂർ പെട്ടി സാധാരണയായി ഇവർ നിർമ്മിച്ച് നൽകുന്നത്. നേരത്തെ നിർമ്മിച്ചു വയ്ക്കാറില്ല. അളവുകൾ വളരെ കൃത്യമായി അറിഞ്ഞാൽ മാത്രമേ ഇത്തരം പെട്ടികൾ ഭംഗിയായി നിർമിക്കാൻ കഴിയുകയുള്ളൂ. അളവുകൾ തെറ്റി പോയാൽ പെട്ടിക്ക് കോട്ടം വരാൻ തന്നെ സാദ്ധ്യതയുമുണ്ട്. കുട്ടിക്കാലം മുതലേ ചെയ്തു ശീലമുള്ളതിനാലുള്ള പ്രാവീണ്യവും ജന്മസിദ്ധമായ കഴിവുമാണ് നെട്ടൂർ പെട്ടികളുടെ ഭംഗി കൂട്ടുന്നത്.
കൊവിഡ് കാലത്ത് തടിയുടെ ദൗർലഭ്യം നിർമ്മാണത്തെ ബാധിച്ചു. വിൽപ്പനയെയും സാരമായി ബാധിച്ചിരുന്നു. രണ്ടാമത്തെ ലോക്ക്ഡൗൺ കഴിഞ്ഞും ഈ മേഖലയ്ക്ക് ഒരു വീണ്ടെടുപ്പ് ഉണ്ടായില്ല എന്നതാണ് സത്യം. പണം കിട്ടാനുള്ള താമസം കാരണം പെട്ടിയുടെ വിൽപ്പനയും വളരെ കുറവായിരുന്നു. തിരുവനന്തപുരം ജില്ലയിലെ കോവളത്ത് സ്ഥിതിചെയ്യുന്ന ആർട്ട് ആൻഡ് ക്രാഫ്റ്റ് വില്ലേജ് സ്റ്റുഡിയോ നടത്തിയ 'Gift a tradition" എന്ന ക്യാംപെയിൻ വഴി നല്ല വിൽപ്പന നടന്നിരുന്നു. ആ ക്യാംപെയിനിൽ നെട്ടൂർ പെട്ടിയും കൈത്തറി ഉത്പന്നങ്ങളും ആറന്മുള കണ്ണാടിയും കരകൗശലവസ്തുക്കളും മറ്റുമായിരുന്നു വിൽപ്പന. ഓൺലൈനായി നേരിട്ട് വിൽപ്പന നടത്താറില്ലെങ്കിലും ഇവരുടെ സാധനങ്ങൾ കേരള ആർട്ട് ആൻഡ് ക്രാഫ്റ്റ് വില്ലേജ് വാങ്ങി ഓൺലൈൻ വിൽപ്പന നടത്താറുണ്ട്. നെട്ടൂർ പെട്ടി യോടൊപ്പം തന്നെ ട്രോഫികളും ഇവർ നിർമ്മിക്കുന്നു. ഒരു ജീവിതമാർഗം എന്ന നിലയിൽ മുന്നോട്ടു പോകാൻ സഹായിക്കുന്നത് ഈ ജോലിയാണ്.
(വി.വി. സുരേഷ് കുമാറിന്റെ ഫോൺ:94472 11331)