SignIn
Kerala Kaumudi Online
Wednesday, 24 April 2024 4.18 AM IST

യു.പി ഉൾപ്പെടെ 5 സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് തീയതിയായി, അഞ്ചിടത്ത് അങ്കം ഫെബ്രുവരി 10 മുതൽ, ഫലം മാർച്ച് 10ന്

ragul

 യു.പിയിൽ ഫെബ്രു. 10 - മാർച്ച് 7 ഏഴു ഘട്ടം

 മണിപ്പൂർ ഫെബ്രു.27, മാർച്ച് 3 രണ്ടു ഘട്ടം

 പഞ്ചാബ്, ഗോവ, ഉത്തരാഖണ്ഡ് ഫെബ്രു.14

 ജനുവരി 15വരെ റാലികൾക്ക് നിരോധനം

ന്യൂഡൽഹി: ഉത്തർപ്രദേശ് ഉൾപ്പെടെ ബി.ജെ.പി ഭരിക്കുന്ന നാലു സംസ്ഥാനങ്ങളിലും കോൺഗ്രസ് ഭരിക്കുന്ന പഞ്ചാബിലും നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ 2024 ലോക് സഭാ തിരഞ്ഞെടുപ്പിന്റെ സെമിഫൈനൽ പോരാട്ടത്തിനും കളമൊരുങ്ങി. യു.പി പിടിക്കുന്നവർ രാജ്യവും പിടിക്കുമെന്ന് വിലയിരുത്തുന്നതിനാൽ കൊവിഡ് ഭീതിക്കിടയിലും കടുത്ത രാഷ്ട്രീയപ്പോരിന്റെ ദിനങ്ങളാണിനി. ബി.ജെ.പിക്ക് 2017ലെ ഉജ്വല വിജയം ആവർത്തിക്കണം. അഖിലേഷ് യാദവിന് നഷ്ടപ്രതാപം വീണ്ടെടുക്കണം. കോൺഗ്രസിനാകട്ടെ, കലങ്ങിമറിഞ്ഞ പഞ്ചാബ് നിലനിറുത്തുകയും മറ്റിടങ്ങളിൽ തിരിച്ചു വരുകയും വേണം.

യു.പിയിൽ ഫെബ്രു. 10നും മാർച്ച് 7നുമിടയിൽ ഏഴു ഘട്ടമായാണ് വോട്ടെടുപ്പ്. പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ സംസ്ഥാനങ്ങളിൽ ഫെബ്രുവരി 14നും മണിപ്പൂരിൽ ഫെബ്രുവരി 27നും മാർച്ച് മൂന്നിനും രണ്ടു ഘട്ടമായും വോട്ടെടുപ്പ് നടക്കും. ഫലം മാർച്ച് 10ന് അറിയാം.

കൊവിഡ് പ്രോട്ടോക്കോൾ കർശനമായതിനാൽ ജനുവരി 15വരെ റാലികൾ, റോഡ് ഷോ, പദയാത്ര, സൈക്കിൾ-ബൈക്ക് റാലി എന്നിവ നിരോധിച്ചതായി മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ സുശീൽ ചന്ദ്ര വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

രാത്രി എട്ടു മുതൽ രാവിലെ എട്ടു വരെ പ്രചാരണം പാടില്ല. റോഡുകളിലെ പൊതുയോഗങ്ങൾക്കും തിരഞ്ഞെടുപ്പിന് ശേഷമുള്ള വിജയാഹ്ളാദത്തിനും നിയന്ത്രണം ഏർപ്പെടുത്തി. വീടുകൾ തോറും വോട്ടു ചോദിക്കാൻ സ്ഥാനാർത്ഥി അടക്കം 5 പേരേ പാടുള്ളൂ.

നാല്പതു ലക്ഷം രൂപവരെ പ്രചാരണത്തിന് വിനിയോഗിക്കാം. സമൂഹമാദ്ധ്യമ പ്ളാറ്റ്ഫോമുകളും വെർച്വൽ മാർഗങ്ങളും പരമാവധി ഉപയോഗിക്കണം.

പോളിംഗ്സമയം ഒരു മണിക്കൂർ നീട്ടി. ഓൺലൈൻ പത്രികാ സമർപ്പണത്തിന് സൗകര്യം. 80 കഴിഞ്ഞവർക്കും ഭിന്നശേഷിക്കാർക്കും ബാലറ്റ് വോട്ട്. തിരഞ്ഞെടുപ്പ് ജീവനക്കാർക്ക് കരുതൽ ഡോസ് വാക്‌സിനും നൽകും.

ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥിന്റെയും ഉത്തരാഖണ്ഡിൽ പുഷ്കർ സിംഗ് ധാമിയുടെയും മണിപ്പൂരിൽ ബീരേൻ സിംഗിന്റെയും നേതൃത്വത്തിൽ ബി.ജെ.പിയും പഞ്ചാബിൽ ചരൻസിംഗ് ഛന്നിയുടെ കോൺഗ്രസുമാണ് ഭരണത്തിൽ.

690

ആകെ സീറ്റുകൾ

18.34 കോടി

ആകെ വോട്ടർമാർ

29.5 ലക്ഷം

പുതിയ വോട്ടർമാർ

പ്രതീക്ഷയും വെല്ലുവിളിയും

1. 403ൽ 312 എന്ന മൃഗീയ ഭൂരിപക്ഷവുമായി 2017ൽ യു.പി.ഭരണം പിടിച്ച ബി.ജെ.പി ഇത്തവണ ആ ഗ്ളാമർ നിലനിറുത്തുമോ എന്നാണ് കണ്ടറിയേണ്ടത്. എക്സ് പ്രസ് ഹൈവേകളുൾപ്പെടെ വികസനവും അയോദ്ധ്യാ ക്ഷേത്രം, കാശി ഇടനാഴി എന്നിവയിലൂടെ ഹിന്ദു വോട്ട് ഏകീകരണവും പ്രതീക്ഷ നൽകുമ്പോഴും കർഷക സമരമേല്പിച്ച പരിക്കാണ് പ്രധാന ഉത്കണ്ഠ. വിവാദ നിയമങ്ങൾ പിൻവലിച്ചെങ്കിലും 700ലധികം പേരുടെ മരണത്തിനിടയാക്കി ഒരുവർഷത്തിലേറെ നീണ്ട ക്ളേശം കർഷകർ മറക്കുമോയെന്നത് ബി.ജെ.പി ക്യാമ്പിനെ അസ്വസ്ഥമാക്കുന്നു. ലഖിംപുർഖേരിയിൽ വാഹനം ഇടിച്ച് കർഷകരെ കൊലപ്പെടുത്തിയതിലെ മുഖ്യപ്രതി കേന്ദ്രമന്ത്രിയുടെ മകനാണെന്നതും അങ്കലാപ്പ് കൂട്ടുന്നു.

മുഖ്യ എതിരാളിയായ സമാജ് വാദി പാട്ടി അഖിലേഷിന്റെ നേതൃത്വത്തിൽ കടുത്ത വെല്ലുവിളി ഉയർത്തുമെന്നുമുറപ്പ്.

2. പഞ്ചാബിൽ 117ൽ 77 സീറ്റുമായി ഭരണമേറ്റിട്ടും അമരീന്ദർ പിണങ്ങിപ്പോയതോടെ ആടിയുലഞ്ഞ കോൺഗ്രസ് ഛന്നിയിലൂടെ സംസ്ഥാനത്ത് ആദ്യമായി ദളിതനെ മുഖ്യമന്ത്രിയാക്കിയെന്ന ഖ്യാതിയുമായാണ് തുടർഭരണം തേടുന്നത്. ഹൈക്കമാൻഡിനെ വരെ വെല്ലുവിളിക്കാൻ മടിക്കാത്ത പാർട്ടി അദ്ധ്യക്ഷൻ സിദ്ദു എങ്ങനെ കളിക്കുമെന്നതാണ് ആശങ്ക. അമരീന്ദറിനെ കൂട്ടുപിടിച്ച് നില മെച്ചപ്പെടുത്താൻ ശ്രമിക്കുന്ന ബി.ജെ.പിക്ക് ഇവിടെയും ഉത്കണ്ഠ കർഷക വോട്ടിലാണ്. ഡൽഹി കഴിഞ്ഞാൽ ശക്തമായ വേരോട്ടമുള്ള പഞ്ചാബിൽ ആം ആദ്മി പാട്ടിയും വലിയ പ്രതീക്ഷയിലാണ്.

3. 40 അംഗ ഗോവ സഭയിൽ വെറും 13 സീറ്റുനേടിയിട്ടും 17 സീറ്റുള്ള കോൺഗ്രസിനെ കാഴ്ചക്കാരാക്കി ഭരണം പിടിച്ച ബി.ജെ.പിക്ക് ഇത്തണ ലക്ഷ്യം വ്യക്തമായ ഭൂരിപക്ഷമാണ്. കോൺഗ്രസാകട്ടെ ശക്തമായ തിരിച്ചുവരവിനും ശ്രമിക്കുന്നു.

4. ഉത്തരാഖണ്ഡിൽ എൻ.ഡി.എ സഖ്യം ഭരണം നിലനിറുത്തുമെന്നാണ് വിലയിരുത്തൽ.

5. മണിപ്പൂരിൽ ഭരണത്തിലുള്ള എൻ.ഡി.എയ്ക്കും കോൺഗ്രസിനും തുല്യസാദ്ധ്യതയാണ് കല്പിക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ELECTION
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.