SignIn
Kerala Kaumudi Online
Thursday, 25 April 2024 10.19 PM IST

ഇനി ബിറ്റ്‌കോയിൻ തട്ടിപ്പിന്റെ കാലം

cripto

കണ്ടാലും കൊണ്ടാലും മലയാളി പഠിക്കില്ല. ആട്,മാഞ്ചിയം മുതൽ ടോട്ടൽ ഫോർ യു.വരെ മലയാളികളെ വട്ടം ചുറ്റിച്ച എത്രയെത്ര തട്ടിപ്പുകൾ. നാനോ ടെക്നോളജി വന്നപ്പോൾ അതിന്റെ പേരിലും നാനോ എക്സൽ എന്ന തട്ടിപ്പിന് കളമൊരുങ്ങി. ഏറ്റവും പുതിയ ക്രിപ്റ്റോ കറൻസി വന്നപ്പോൾ അതിന്റെ പേരിലും തട്ടിപ്പ്. മലയാളിയെ പറ്റിക്കാൻ ഇക്കുറി വന്നത് മോറിസ് ക്രിപ്റ്റോ കോയിൻ തട്ടിപ്പാണ്.

മലപ്പുറം നിലമ്പൂർ പൂക്കോട്ടുംപാടം സ്വദേശി മുഹമ്മദ് നിഷാദ് പിരിച്ചെടുത്ത തുക കേട്ടാൽ ഞെട്ടും. 1300 കോടി രൂപ! ഇത്, ഇതുവരെ കണ്ടെത്തിയ കണക്കു മാത്രമാണ്. തുക ഇനിയും കൂടാനേ തരമുള്ളൂ. കേസ് ഇപ്പോൾ സിനിമാമേഖലയിൽ വരെയെത്തി നില്‌ക്കുന്നു. കണ്ണൂർ സിറ്റി അസി. കമ്മിഷണർ പി.പി.സദാനന്ദന്റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിലാണ് വൻ മണിചെയിൻ തട്ടിപ്പ് കണ്ടെത്തിയത്. എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റും വിഷയത്തിൽ ഇടപെട്ടിരിക്കുന്നു.

എന്താണ് ക്രിപ്റ്റോ കറൻസി?

കമ്പ്യൂട്ടർ നെറ്റ് വർക്കിൽ ബ്ളോക്ക് ചെയിൻ സാങ്കേതിക വിദ്യ അടിസ്ഥാനമാക്കി ക്രിപ്റ്റോഗ്രഫി എന്ന രഹസ്യകമ്പ്യൂട്ടർ ഭാഷ ഉപയോഗിച്ച് ഉണ്ടാക്കിയെടുത്ത ഡിജിറ്റൽ കറൻസിയാണ് ക്രിപ്റ്റോ കറൻസി. ഇത് കൂടുതൽ ഉണ്ടാക്കാനാവില്ല. ഉണ്ടാക്കിയിട്ടുള്ള കറൻസികൾ കൈകാര്യം ചെയ്യാനും വില്‌ക്കാനും വാങ്ങാനും മാത്രമേ കഴിയുകയുള്ളൂ. ഡിമാൻഡ് കൂടുന്നതനുസരിച്ച് മൂല്യം കൂടിക്കൊണ്ടേയിരിക്കുമെന്നതാണ് പ്രത്യേകത.

രഹസ്യ ഇടപാടുകൾക്ക് കൂടുതൽ ഉപയോഗിക്കുന്നതു കൊണ്ട് ഇതിന് ഡിമാൻഡ് കൂടുതലാണ്. ലോകത്തെ ഏത് കറൻസിയിലേക്കും മാറ്റിയെടുക്കാമെന്നതാണ് മറ്റൊരു സവിശേഷത. ബിറ്റ് കോയിൻ അടക്കം ഇത്തരത്തിൽ നിരവധി ക്രിപ്റ്റോ കറൻസികളുണ്ട്. ഡോളറിലേക്കും മറ്റും മാറ്റിയെടുക്കാവുന്ന എക്സ്‌ചേഞ്ചുകൾ വിദേശങ്ങളിലുണ്ട്, ഇന്ത്യയിലില്ല. ഇന്ത്യയിൽ ക്രിപ്റ്റോകറൻസികൾ വഴിയുള്ള ഇടപാടുകൾ വിലക്കിക്കൊണ്ട് റിസർവ് ബാങ്ക് 2018 ഏപ്രിലിൽ സർക്കുലർ പുറപ്പെടുവിച്ചിരുന്നു. എന്നാൽ, ഇതിനെതിരായ ഹർജിയിൽ ക്രിപ്റ്റോ കറൻസി രാജ്യത്തു വിലക്കാനാകില്ലെന്ന് കഴിഞ്ഞവർഷം സുപ്രീംകോടതി വിധിച്ചു.

വിലക്കു നീക്കിയെങ്കിലും സർക്കാരോ റിസർവ് ബാങ്കോ ഇതുവരെ ക്രിപ്റ്റോകറൻസിയെ നിയമപരമായി അംഗീകരിച്ചിട്ടില്ല.

മോറിസ് ക്രിപ്റ്റോ കറൻസി തട്ടിപ്പ്

ഒരു ഇന്ത്യക്കാരൻ വികസിപ്പിച്ച ആദ്യ ക്രിപ്റ്റോ കറൻസി എന്ന അവകാശവാദവുമായാണു മോറിസ് കോയിൻ നിക്ഷേപത്തട്ടിപ്പ് പദ്ധതിക്കു തുടക്കം.

15,000 രൂപയാണ് ഏറ്റവും കുറഞ്ഞ നിക്ഷേപം. ഇതിന് 270 രൂപാവീതം 300 ദിവസം ലാഭവിഹിതം കിട്ടുമെന്നായിരുന്നു വാഗ്ദാനം. മറ്റൊരാളെ ചേർത്താൽ കമ്മിഷൻ വേറെ കിട്ടും. നിക്ഷേപങ്ങൾ മോറിസ് കോയിൻ എന്ന ക്രിപ്റ്റോ കറൻസിയാക്കി മാറ്റി നിക്ഷേപകർക്കു ലഭിക്കുമെന്നും 300 ദിവസം ലാഭവിഹിതം ലഭിച്ചു കഴിഞ്ഞാൽ മോറിസ് കോയിൻ വില‌്ക്കാമെന്നും പറഞ്ഞായിരുന്നു പണം സമാഹരിച്ചത്. 10 ലക്ഷം രൂപയുടെ നിക്ഷേപം സമാഹരിച്ചാൽ 50,000 രൂപ വീതം കമ്മിഷൻ ലഭിച്ചിരുന്നതായി തട്ടിപ്പുകാരുടെ ഏജന്റുമാർ പൊലീസിനു മൊഴി നല്കിയിട്ടുണ്ട്. വാട്സാപ് അടക്കമുള്ള സമൂഹമാധ്യമങ്ങൾ വഴിയാണ് ഇടപാടുകൾക്ക് പ്രചാരം നല്കിയത്.15000രൂപ നിക്ഷേപിച്ചാൽ 300 ദിവസത്തെ ലാഭം മാത്രം ഏകദേശം 81,000 രൂപ വരുമെന്നു കണ്ടപ്പോൾ നിക്ഷേപകരുടെ എണ്ണം ലക്ഷങ്ങളായി. നിക്ഷേപകനായി ചേർന്ന ഒരാൾ മറ്റൊരാളെ ചേർക്കുമ്പോൾ അവരുടെ നിക്ഷേപത്തിന്റെ 10 ശതമാനം കമ്മിഷനും ലഭിക്കും. താഴെയുള്ള കൂടുതൽ കണ്ണികളിലേക്കു നിക്ഷേപകരെത്തുമ്പോൾ അഞ്ച് ശതമാനം, മൂന്ന് ശതമാനം, ഒരു ശതമാനം എന്നിങ്ങനെ വീണ്ടും കമ്മിഷൻ. 15,000 രൂപയുടെ നിക്ഷേപത്തിന് 10 'മോറിസ് കോയിൻ' എന്ന ക്രിപ്റ്റോ കറൻസിയാണു തിരികെ ലഭിക്കുക. 300 ദിവസത്തെ ലാഭവിഹിതം കിട്ടിക്കഴിഞ്ഞാൽ ഈ മോറിസ് കോയിൻ വിറ്റ് കാശാക്കുകയും ചെയ്യാം. പക്ഷേ, എങ്ങനെ വില്‌ക്കും, എവിടെ വില്ക്കും എന്നതിൽ മാത്രം വ്യക്തതയുണ്ടായിരുന്നില്ല. അതാരും അന്വേഷിച്ചതുമില്ല. സാധാരണക്കാർ മുതൽ ഡോക്ടർമാർ,​ എൻജിനിയർമാർ,​ കോളേജ് അദ്ധ്യാപകർ തുടങ്ങി സിനിമാതാരങ്ങൾ വരെ മോറിസ് കോയിൻ തട്ടിപ്പിൽ നിക്ഷേപിച്ച് കബളിപ്പിക്കപ്പെട്ടവരിലുണ്ട്. ബാങ്ക് അക്കൗണ്ട് ട്രാൻസ്ഫർ, ഗൂഗിൾ പേ, പേയ്‌മെന്റ് ആപ്പുകൾ തുടങ്ങിയവ വഴിയെല്ലാം പണം തട്ടിപ്പുകാരുടെ അക്കൗണ്ടുകളിലെത്തി. 1300 കോടിയോളം രൂപ ബാംഗ്ളൂർ ആസ്ഥാനമായി പ്രവർത്തിച്ച തട്ടിപ്പ് കമ്പനിയുടെ അക്കൗണ്ടിലെത്തിയെങ്കിലും പരാതിപ്പെട്ടവർ വളരെ കുറച്ചാണ്. തുടക്കത്തിൽ ചില ഭാഗ്യവാന്മാർക്ക് മുതലും ലാഭവും കിട്ടി. പിന്നീടുള്ളവരെല്ലാം പെട്ടു. പലരും ദുരഭിമാനം മൂലം തട്ടിപ്പിനെതിരെ പരാതിപ്പെടാൻ ധൈര്യം കാണിക്കുന്നില്ല. ഇത് തന്നെയാണ് തട്ടിപ്പുകാരുടെ ധൈര്യവും. 2019ലാണ് തട്ടിപ്പ് തുടങ്ങിയത്. പിടിക്കപ്പെട്ടത് കഴിഞ്ഞ വർഷവും. ചില വിദ്വാന്മാർ പണം നിക്ഷേപിക്കുന്നതിന് മുമ്പ് സംശയങ്ങളുന്നയിച്ചിരുന്നു. എങ്ങനെ ക്രിപ്റ്റോ കറൻസി പണമാക്കിയും രൂപയാക്കിയുമൊക്കെ മാറ്റുമെന്ന് ചോദിച്ചവരുണ്ട്. കേരളത്തിൽത്തന്നെ ഇതിനായി പ്രത്യേകം എ.ടി.എം തുറക്കുമെന്നും വിദേശത്ത് പോകുന്നവരുണ്ടെങ്കിൽ അവിടെ ഡോളാറാക്കി മാറ്റാം,​ പിന്നീട് ഡോളർ എക്സ്ചേഞ്ചിൽ കൊടുത്ത് രൂപയാക്കാം അല്ലെങ്കിൽ ഒാൺലൈനിൽ വിൽക്കാം പകരം രൂപയോ, ഡോളറോ വാങ്ങാം.,...ഇപ്പോൾ എല്ലാ ഇടപാടും ഒാൺലൈനാണല്ലോ എന്നെല്ലാം പറഞ്ഞാണ് തട്ടിപ്പുകാർ വിശ്വാസ്യത നേടിയത്. മലയാളികളെ പണത്തിന്റെ കാര്യത്തിൽ പറ്റിക്കാമെന്ന് തട്ടിപ്പുകാർക്ക് നന്നായി അറിയാം.

തട്ടിപ്പിൽ വീഴാതിരിക്കാൻ

ഹോം വർക്ക് ചെയ്യൂ

ബാങ്കുകൾ, ഒാഹരികൾ, മ്യൂച്വൽ ഫണ്ടുകൾ, സ്ഥിരനിക്ഷേപങ്ങൾ,സഹകരണബാങ്കുകൾ, റിയൽ എസ്റ്റേറ്റ്, സ്വർണം വാങ്ങൽ, തുടങ്ങി പണം നിക്ഷേപിക്കാൻ പരമ്പരാഗത മാർഗങ്ങൾ ഏറെയുണ്ട്. ഇതിൽനിന്ന് വിട്ട് പുതുനിക്ഷേപ മാർഗങ്ങൾ തേടുന്നത് നല്ലത് തന്നെയാണ്. റിസ്ക് എടുക്കുന്നവർക്കേ നേട്ടമുണ്ടാകൂ എന്നാണ് പറയപ്പെടുന്നത്. അതിൽ കുറെയേറെ ശരിയുമുണ്ട്. എന്നാൽ തുനിഞ്ഞിറങ്ങുന്നതിന് മുമ്പ് സ്വന്തം യുക്തിയെങ്കിലും ഉപയോഗിക്കണം.

മോറിസ് കോയിൻ യഥാർത്ഥത്തിൽ നിലവിലുള്ളതാണോ, 540 ശതമാനം ലാഭവിഹിതം നല്‌കുന്നതിനു മാത്രം വളർച്ച മോറിസ് കോയിനോ മറ്റേതെങ്കിലും ബിസിനസിനോ സാധിക്കുമോ എന്നൊക്കെ പണം എറിയും മുമ്പ് ആലോചിക്കാമായിരുന്നു.

യു.എസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന പേ ബിറ്റോ എന്ന ക്രിപ്റ്റോ കറൻസി എക്സ്‌ചേഞ്ചിൽ മോറിസ് കോയിൻ ലിസ്റ്റ് ചെയ്തിട്ടുണ്ടെന്നൊക്കെ തട്ടിപ്പുകാർ പറയുമ്പോൾ അതൊക്കെ ഒാൺലൈനിൽ പരിശോധിച്ച് ഉറപ്പ് വരുത്താൻ സംവിധാനങ്ങളുണ്ടെന്ന് മറക്കരുത്. ആവശ്യത്തിനും അനാവശ്യത്തിനും ഗൂഗിൾ പരതുന്ന നാം ഇത്തരം പണത്തിന്റെയും നിക്ഷേപത്തിന്റെയും കാര്യത്തിൽ ആ മിടുക്ക് പലപ്പോഴും കാണിക്കാറില്ല. ഇത്തരം തട്ടിപ്പുകളെ തടയാനും കുറ്റക്കാർക്ക് ശിക്ഷ ഉറപ്പാക്കാനും നഷ്ടമായ പണം വീണ്ടെടുത്ത് നല്കാനും നമ്മുടെ നാട്ടിൽ വേണ്ടത്ര നിയമങ്ങളില്ലെന്നതും അതിന് സംവിധാനങ്ങളില്ലെന്നതും വസ്തുതയാണ്. പണം നഷ്ടപ്പെട്ടതിനു ശേഷം പൊലീസിലും കോടതിയിലും കയറിയിറങ്ങിയിട്ട് അധികം ഫലമുണ്ടാകുമോയെന്ന് കണ്ടറിയണം. പൊലീസിനെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. അവർക്ക് ഏറെ പരിമിതികളുണ്ട്. നിയമങ്ങളുടെ അപര്യാപ്തതകളുണ്ട്. തട്ടിപ്പിനിരയാകാതെ മുൻകരുതലെടുക്കുകയാണ് വേണ്ടത്. ഇത്തരം കേസുകളിൽ

തർക്കപരിഹാരത്തിന് നമുക്ക് അംഗീകൃത ചട്ടക്കൂടുകളില്ല. ഇതിലൂടെയെല്ലാം സമാഹരിക്കുന്ന കണക്കില്ലാത്ത പണം നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കും രാജ്യദ്രോഹത്തിനും ഉപയോഗിക്കപ്പെടാം. അതിൽച്ചെന്ന് ചാടാതിരിക്കുകയാണ് ഉത്തരവാദിത്തമുള്ള പൗരന് ചെയ്യാനുള്ളത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BIT COIN FRAUD
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.