SignIn
Kerala Kaumudi Online
Thursday, 25 April 2024 6.19 AM IST

കുഴി തോണ്ടി സമസ്തയും ലീഗും പോര് ഇനിയും കനക്കും

samastha

സ്വന്തം കുഴി സ്വയം തോണ്ടുകയെന്ന പ്രയോഗം അക്ഷരാർത്ഥത്തിൽ ശരിവയ്ക്കുകയാണ് സമസ്തയും മുസ്‌ലിം ലീഗും. വഖഫ് നിയമന വിവാദം ഇരുസംഘടനകൾക്കുമിടയിൽ ഉണ്ടാക്കിയ വിടവ് അനുദിനം വർദ്ധിക്കുന്ന കാഴ്ചയാണിപ്പോൾ. ഇരുമെയ്യാണെങ്കിലും ഒരേ മനസെന്ന പുകഴ്ത്തൽ വേണ്ടുവോളം കിട്ടിയിട്ടുണ്ട് സമസ്തയ്ക്കും ലീഗിനും. ഇരുസംഘടനകളുടെയും ചരിത്രം പരിശോധിച്ചാൽ വിടവുകൾ നേരിയതും അടുപ്പം ഇഴ കൂടിയതുമാണ്. സമസ്തയ്ക്കും ലീഗിനും ഇടയിലെ പ്രശ്നമെന്തെന്ന ചോദ്യത്തിന് ഒറ്റവാക്കിലുള്ള ഉത്തരം വല്യേട്ടൻ പോര് എന്നാവും. അസ്ഥിത്വവാദവും നിക്ഷ്പക്ഷ നിലപാടുമൊക്കെ ഭംഗിവാക്കുകളായി പറയാമെങ്കിലും ഇരുസംഘടനകളുടെയും ഉന്നത നേതൃത്വത്തിലെ ചിലർക്കിടയിൽ തലപൊന്തിയ വല്യേട്ടൻ മനോഗതിയാണ് പ്രശ്നം തെരുവിലെത്തിക്കുന്നത്. സമസ്തയുടെ പ്രവർത്തകരിൽ ബഹുഭൂരിപക്ഷവും മുസ്‌ലിം ലീഗുകാരാണെന്ന് സമസ്ത നേതൃത്വത്തിന് മറ്റാരെക്കാളും നന്നായിട്ടറിയാം. ലീഗ് പ്രവർത്തകരിലും സമസ്തക്കാരാണ് കൂടുതൽ. മുജാഹിദുകളിൽ നല്ലൊരു പങ്കിന്റെ പിന്തുണ ലീഗിനുണ്ട്. കമ്മ്യൂണിസത്തോട് മാനസിക എതിർപ്പുള്ള എ.പി സുന്നികളുടെ പിന്തുണയും തിരഞ്ഞെടുപ്പുകളിൽ ലീഗിന് കിട്ടാറുണ്ട്. ഇങ്ങനെയൊക്കയാണെങ്കിലും എല്ലാകാലത്തും സമസ്ത തന്നെയാണ് ലീഗിന്റെ ശക്തി. നിർണായക രാഷ്ട്രീയ തീരുമാനങ്ങളിൽ സമസ്ത നേതൃത്വവുമായി ലീഗ് കൂടിയാലോചന നടത്തുന്നതും പതിവായിരുന്നു.

സമസ്തയിലും പാണക്കാട് തങ്ങന്മാർ

സമസ്തയുടെ പോഷക സംഘടനകളുടെ ഭാരവാഹിത്വങ്ങളിൽ കാലങ്ങളായി പാണക്കാട് കുടുംബമുണ്ട്. മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ സുന്നി യുവജന സംഘം സംസ്ഥാന പ്രസി‌ഡന്റ് കൂടിയാണ്. ലീഗിന്റെ ആക്ടിംഗ് പ്രസി‌ഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ വൈസ് പ്രസിഡന്റ് സ്ഥാനവും വഹിക്കുന്നു. സമസ്ത കേരള സുന്നി സ്റ്റു‌ഡന്റ്സ് ഫെഡറേഷൻ (എസ്.കെ.എസ്.എസ്.എഫ്)​ സംസ്ഥാന പ്രസി‌ഡന്റ് പാണക്കാട് ഹമീദലി ശിഹാബ് തങ്ങളാണ്. പാണക്കാടും സമസ്തയും തമ്മിലെ ബന്ധം വ്യക്തമാവാൻ ഇതുമാത്രം മതി. പാണക്കാട് കുടംബാംഗങ്ങളോടുള്ള ആദരസൂചകമായാണ് സമസ്തയുടെ വിവിധ കമ്മിറ്റികളുടെ അദ്ധ്യക്ഷ സ്ഥാനം നല്കുന്നത്. സമസ്തയ്ക്ക് കീഴിലെ നൂറിലധികം പള്ളികളുടെ ഖാളിയാണ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ. സമസ്തയ്ക്ക് കീഴിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടക്കമുള്ളവയുടെ നേതൃസ്ഥാനത്തും പാണക്കാട് കുടുംബമുണ്ട്. കാര്യം ഇങ്ങനെയൊക്കെ ആണെങ്കിൽ പിന്നെ എന്താണ് ഇരുസംഘടനകൾക്കും ഇടയിലെ പ്രശ്നമെന്ന സംശയമുയരാം.

വല്യേട്ടനാര്?​

സമസ്തയ്ക്ക് സ്വതന്ത്ര അസ്ഥിത്വമുണ്ടെന്നും മറ്റ് മുസ്‌ലിം സംഘടനകളെ പോലെ നിക്ഷപക്ഷ നിലപാട് സ്വീകരിക്കാൻ സമസ്തയ്ക്കും കഴിയണമെന്ന ചിന്താഗതി യുവതലമുറയിലെ ഏതാനും നേതാക്കൾക്കിടയിൽ കുറച്ചുകാലമായി ഉയർന്നിട്ടുണ്ട്. സംഘടനയ്ക്കുള്ളിൽ രഹസ്യമായി തുടങ്ങിയ ഈ നീക്കം യുവജന സംഘടനയുടെ സംസ്ഥാന ഭാരവാഹിയിലൂടെ പരസ്യമായതോടെ സമാന ചിന്താഗതിക്കാരും ഒത്തുചേർന്നു. മുൻകാലങ്ങളിലെ സമസ്ത നേതൃത്വങ്ങൾ ഇത്തരത്തിലുള്ള ചിന്താഗതികളെ പ്രോത്സാഹിപ്പിച്ചിരുന്നില്ല. ലീഗ് സമസ്തയുടെയും സമസ്ത ലീഗിന്റേതുമെന്ന ചിന്താഗതിയായിരുന്നു ഇവർക്ക്. പാണക്കാട് കുടുംബത്തിന് പ്രത്യേക മഹിമ കല്പ്പിക്കുന്നവരായിരുന്നു മുൻ സമസ്ത അദ്ധ്യക്ഷന്മാർ. ജിഫ്രി മുത്തുക്കോയ തങ്ങൾ പ്രസി‌ഡന്റായതോടെ സമസ്തയ്ക്കും ലീഗിനും നേതൃത്വമേകുന്നത് സയ്യിദുമാരാണെന്ന പ്രത്യേകത കൂടിയുണ്ടായി. ഒരേ പാരമ്പര്യ മഹിമ പുലർത്തുന്നവർ. പാണക്കാട് കുടുംബാംഗങ്ങളെ പാണക്കാട്ടെത്തി സന്ദർശിക്കുന്ന പതിവായിരുന്നു സമസ്ത നേതൃത്വം മുൻകാലങ്ങളിൽ പുലർത്തിയിരുന്നത്. ജിഫ്രി തങ്ങൾ പ്രസി‌ഡന്റായതോടെ ഇതിന് അറുതിയായി. രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ മതനേതൃത്വത്തെ ഇങ്ങോട്ട് വന്നു കാണുന്നതാണ് പൊതുരീതിയെന്നാണ് ഇതിനോട് ജിഫ്രി തങ്ങളോട് അടുപ്പമുള്ളവരുടെ വിശദീകരണം. രണ്ട് കൂട്ടരും തങ്ങന്മാർ ആയതിനാൽ ആരാണ് വല്യേട്ടനെന്ന ചോദ്യവും ഇവർക്കിടയിൽ പൊങ്ങിവന്നു. സഹപാഠി കൂടിയായ ഹൈദരലി ശിഹാബ് തങ്ങളോട് പ്രത്യേക അടുപ്പം ജിഫ്രി തങ്ങൾ പുലർത്തിയിരുന്നു. ഹൈദരലി തങ്ങൾ ഉദ്ഘാടകനും ജിഫ്രി തങ്ങൾ അദ്ധ്യക്ഷനുമാവുന്ന ചടങ്ങുകൾക്ക് ഒരു കുറവുമുണ്ടായിരുന്നില്ല. സ്ഥാനങ്ങളുടെ തർക്കമോ,​ മേൽക്കോയ്മയോ ഇരുവർക്കുമിടയിൽ ഉയർന്നതുമില്ല. അനാരോഗ്യത്തെ തുടർന്ന് കുറച്ചുകാലമായി പൊതുവേദികളിൽ ഹൈദരലി ശിഹാബ് തങ്ങൾ പങ്കെടുക്കാറില്ല. കോട്ടക്കലിലെ സ്വകാര്യ ആയുർവേദ ആശുപത്രിയിൽ ചികിത്സയിലാണ് ഹൈദരലി തങ്ങൾ. പകരം ചുമതല നിർവഹിക്കുന്നത് സഹോദരനും മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റുമായ സാദിഖലി ശിഹാബ് തങ്ങളാണ്. പ്രായം കൊണ്ടും പദവി കൊണ്ടും ജിഫ്രി തങ്ങളുടെ താഴെയായിരുന്നു സാദിഖലി തങ്ങൾ. മുസ്‌ലിം ലീഗ് സംസ്ഥാന പ്രസി‌ഡന്റിന്റെ ചുമതലയോടെ സമസ്ത പുലർത്തിപോരുന്ന നയമനുസരിച്ച് പല ചടങ്ങുകളുടെയും ഉദ്ഘാടക സ്ഥാനത്ത് സാദിഖലി തങ്ങൾ വരേണ്ടതാണ്.

മറ്റ് തങ്ങൾ കുടുംബാംഗങ്ങളിൽ നിന്ന് വിഭിന്നമായി ലീഗിന്റെ സംഘടനാ രംഗത്ത് സാദിഖലി തങ്ങളുടെ ഇടപെടലുകൾ കൂടുതൽ ശക്തമാണ്. പാണക്കാട് കുടുംബാംഗങ്ങൾക്കേകുന്ന സംസ്ഥാന പ്രസിഡന്റ് പദവി ആലങ്കാരികമല്ലെന്ന് തെളിയിച്ചും സംഘടനാരംഗത്ത് താഴെത്തട്ടിലടക്കം പിടിമുറുക്കിയുമുള്ള പ്രവർത്തന ശൈലിയാണ് സാദിഖലി തങ്ങളുടേത്. രാഷ്ട്രീയ വിവാദങ്ങളിൽ പൊതുവേദികളിൽ കൃത്യവും ശക്തവുമായി വിമർശനങ്ങളും സാദിഖലി തങ്ങളുടെ പ്രത്യേകതയാണ്. സാദിഖലി തങ്ങളുടെ ശൈലിയും മേൽക്കോയ്മയും അംഗീകരിക്കാൻ ജിഫ്രി തങ്ങൾ തയ്യാറല്ലെന്നാണ് അണിയറ സംസാരം.

ശക്തരായി ലീഗ് വിരുദ്ധർ

സമസ്തയുടെ സ്വതന്ത്ര അസ്ഥിത്വവാദം ഉന്നയിക്കുന്നവർ ജിഫ്രി തങ്ങളുടെ വരവോടെ കൂടുതൽ ശക്തരായിട്ടുണ്ട്. രാഷ്ട്രീയ പാർട്ടികളോടുള്ള സമദൂര സിദ്ധാന്തത്തിലൂടെ കാലാകാലങ്ങളിലെ സർക്കാരുകളിൽ നിന്ന് ആനുകൂല്യങ്ങൾ എളുപ്പത്തിൽ നേടിയെടുക്കാമെന്ന ചിന്തയും ഇതിന് കരുത്തേകുന്നുണ്ട്. കേരളത്തിലെ ഏറ്റവും ശക്തരായ മുസ്‌ലിം സംഘടനയെന്ന വിശേഷണമാണ് ഇ.കെ സുന്നി സമസ്തയ്ക്ക്. എന്നാൽ ലീഗ് അനുകൂല നിലപാടുകളാൽ മുൻകാലങ്ങളിലെ ഇടതുസർക്കാരുകൾ സമസ്തയെ അടുപ്പിക്കുകയോ, സമസ്ത അടുക്കുകയോ ചെയ്തിരുന്നില്ല. കമ്മ്യൂണിസം മതനിരാസം പഠിപ്പിക്കുന്നെന്ന വിലയിരുത്തലും കാലങ്ങളായി സമസ്തയ്ക്കുണ്ട്.

ജിഫ്രി തങ്ങളുടെ വരവോടെ സർക്കാരിനെതിരെയുള്ള വിമർശനങ്ങളുടെ മൂർച്ച സമസ്ത കുറച്ചതായി സംഘടനയിലെ ലീഗ് അനുകൂലികൾ ആരോപിക്കുന്നു. മുഖ്യമന്ത്രിയുടെ കേരള പര്യടനത്തിന്റെ ഭാഗമായി ചേർന്ന യോഗത്തിൽ കോഴിക്കോട്ട് സമസ്ത മുശാവറ അംഗം ഉമ്മർ ഫൈസി മുക്കവും മലപ്പുറത്ത് കെ. മോയിൻകുട്ടിയും പങ്കെടുത്തിരുന്നു. മലപ്പുറത്തെ പരിപാടിയിൽ പങ്കെടുക്കുന്നതിൽ നിന്ന് സമസ്ത ജനറൽ സെക്രട്ടറി കെ.ആലിക്കുട്ടി മുസ്‌ലിയാരെ വിലക്കിയത് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെന്ന വിവാദവുമുയർന്നു. പങ്കെടുക്കരുതെന്ന സാദിഖലി തങ്ങളുടെയും പി.കെ.കുഞ്ഞാലിക്കുട്ടിയുടെയും ആവശ്യം ആലിക്കുട്ടി മുസ്‌ലിയാർ തള്ളിയതോടെ ഹൈദരലി തങ്ങൾ ഇടപെട്ട് തടഞ്ഞെന്നായിരുന്നു ആക്ഷേപം. ഇടതു മുഖ്യമന്ത്രിമാരുമായി വേദി പങ്കിടാൻ മടിച്ച സമസ്തയ്ക്കുണ്ടായ മാറ്റം ലീഗ് തുടക്കത്തിലേ തിരിച്ചറിഞ്ഞില്ല. സംഘടനാ ശക്തിയും പാണക്കാട്ടെ നേതൃത്വത്തെയും മുന്നിൽ നിർത്തി സമസ്തയെ നിലയ്ക്ക് നിർത്താമെന്ന കണക്കുകൂട്ടലിലായിരുന്നു ലീഗ്. എന്നാൽ ഇതിന് വഴങ്ങില്ലെന്ന് സമസ്ത തെളിയിച്ചതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് വഖഫ് വിവാദത്തിൽ സർക്കാരിനേകിയ പിന്തുണ. കെ.റെയിലിൽ യു.ഡി.എഫ് പരസ്യപ്രതിഷേധം ശക്തമാക്കാൻ കോപ്പുകൂട്ടുമ്പോൾ സമസ്ത മുഖപത്രം സർക്കാരിന് പരോക്ഷ പിന്തുണയുമായെത്തി. വിഷയത്തിൽ ഉരുണ്ടുകൂടിയ ആശങ്കയകറ്റാൻ സർക്കാർ മുൻകൈയെടുക്കണമെന്നാണ് ആവശ്യം. കെ -റെയിലിൽ സമരം ശക്തമാക്കുമ്പോൾ യു.ഡി.എഫിന് പിന്തുണയേകാൻ സമസ്ത തയ്യാറായിട്ടില്ല. ലീഗിന്റെ നിലപാടല്ല തങ്ങളുടേതെന്ന് ആവർത്തിച്ച് വ്യക്തമാക്കുകയാണ് സമസ്ത.

മനസ് തുറക്കാതെ നേതൃത്വങ്ങൾ

എന്തുകൊണ്ടാണ് സമസ്ത മുൻനിലപാടിൽ നിന്ന് പിന്നാക്കം പോവുന്നതെന്ന് വിലയിരുത്തി നേതൃത്വവുമായുള്ള ചർച്ചകൾക്കോ തിരുത്തലിനോ ഇതുവരെ മുസ്‌ലിം ലീഗ് തയ്യാറായിട്ടില്ല. കണ്ണുരുട്ടിയും സ്വരംമാറ്റിയും പേടിപ്പിക്കാമെന്ന ധാരണയിൽ നിന്ന് ലീഗ് അല്പം പോലും മുന്നോട്ടുപോയിട്ടില്ല. കാലിനടിയിലെ മണ്ണ് ചോരുമ്പോഴും സംഘടനാതലത്തിൽ ഗൗരവമായി ചർച്ച ചെയ്യാൻ ലീഗ് യാതൊരു നടപടിയുമെടുത്തിട്ടില്ല. പ്രവർത്തക സമിതി യോഗം ചേർന്നിട്ടും ഏറെ നാളായി. ലീഗിന്റെ ഭരണഘടനയിൽ ഇല്ലാത്ത ഉന്നതാധികാര സമിതിയെന്ന ഏതാനും നേതാക്കൾ ചേർന്ന് പാർട്ടി സംവിധാനങ്ങളെ നോക്കുകുത്തിയാക്കി തീരുമാനമെടുക്കുന്ന അവസ്ഥയിലേക്ക് ലീഗ് എത്തിയിട്ടുണ്ട്. അതത് സമയങ്ങളിലെ വിഷയങ്ങളിൽ അഭിപ്രായം പറഞ്ഞുപോവുക എന്നതിനപ്പുറം രാഷ്ട്രീയ അജണ്ട ലീഗിന് ഇപ്പോഴില്ല. സ്ഥിരം സംസ്ഥാന ജനറൽ സെക്രട്ടറിയെ പോലും തിരഞ്ഞെടുക്കാൻ ലീഗിനായിട്ടില്ല. പള്ളികളിലെ പ്രതിഷേധത്തിൽ നിന്നുള്ള സമസ്തയുടെ പിൻമാറ്റത്തിന് തൊട്ടുപിന്നാലെ കോഴിക്കോട് വമ്പൻ റാലി നടത്തി ശക്തി തെളിയിച്ചെന്ന വീമ്പാണ് സമസ്തയുടെ അകൽച്ചയിലുള്ള ലീഗ് നേതൃത്വത്തിന്റെ ഏക മറുപടി. സമസ്തയിൽ ലീഗ് അനുകൂലികളും വിരുദ്ധരുമെന്ന രണ്ട് ചേരി സൃഷ്ടിച്ചെടുക്കാനുള്ള ഇടതു കേന്ദ്രങ്ങളുടെ ശ്രമങ്ങൾക്ക് ലീഗ് നേതാക്കളുടെ അപക്വമായ മറുപടികളും നിലപാടും കരുത്തുപകരുന്നുണ്ട്.

വാതിൽ തുറന്നിട്ട് കാന്തപുരം

ലീഗ് വിരുദ്ധർക്ക് സ്വാഗതമേകി കാന്തപുരം സമസ്ത സദാസമയം വാതിൽ തുറന്നിട്ടിട്ടുണ്ട്. കേഡർ സംവിധാനവുമായി കാന്തപുരം സമസ്ത വിഭാഗം എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിക്കുമ്പോൾ പ്രവർത്തക പിന്തുണയിൽ ബഹുദൂരം മുന്നിലുള്ള ഇ.കെ.സുന്നികൾ സംഘടനാ സംവിധാനങ്ങളിൽ ഇപ്പോഴും കിതയ്ക്കുകയാണ്. ആൾക്കൂട്ടമെന്നതിൽ ഉപരി ശക്തമായ സംഘടനാ സംവിധാനം ഇ.കെ.സമസ്തക്കില്ല. എന്നാൽ മുസ്‌ലിം സമുദായത്തിന്റെ പൊതു ആത്മീയ നേതൃത്വമെന്ന അംഗീകാരം സമസ്തയ്ക്കുണ്ട്. സമസ്ത ഏറ്റവും പ്രബലമായ ജില്ലയാണ് മലപ്പുറം. ഇവിടെ നടന്ന സമസ്തയുടെ ഗോൾഡൻ ജൂബിലി സമാപന സമ്മേളനത്തിലാണ് കമ്മ്യൂണിസത്തിനെതിരെ ജാഗ്രത പുലർത്തണമെന്ന പ്രമേയം അവതരിപ്പിച്ചത്. സമ്മേളനം ഉദ്ഘാടനം ചെയ്തത് സമസ്ത പ്രസി‌ഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ. ഈ വേദിയിൽ വച്ചാണ് വിവാദ പ്രമേയം അവതരിപ്പിച്ചത്. തൊട്ടടുത്ത ദിവസം ഈ പ്രമേയത്തെ ജിഫ്രി തങ്ങൾ തള്ളിപ്പറഞ്ഞു. തന്റെ അറിവോടെയല്ല പ്രമേയം അവതരിപ്പിച്ചത് എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. തന്റെ ഫോട്ടോ വച്ച് സോഷ്യൽ മീഡിയയിലും ചില ചാനലുകളിലും പ്രമേയം പ്രചരിപ്പിക്കുന്നതിന് പിന്നിൽ ഗൂഢലക്ഷ്യമാണെന്ന് കൂടി ജിഫ്രി തങ്ങൾ പറഞ്ഞുവച്ചു. ഫലത്തിൽ സ്വന്തം സംഘടനയിൽ നടക്കുന്നതൊന്നും താൻ അറിയുന്നില്ലെന്ന് കൂടി പറയുന്നതിന് തുല്യമായി ജിഫ്രി തങ്ങളുടെ തുറന്നുപറച്ചിൽ. വിവാദങ്ങൾക്ക് പിന്നാലെ അദ്ധ്യക്ഷനെ മറികടന്നുള്ള തീരുമാനങ്ങളും നടപടികളും ഉണ്ടാവുന്നെന്ന പുതിയ ശൈലി ജിഫ്രി തങ്ങളും തിരിച്ചറിയുന്നില്ല. ലീഗിന്റെയും സമസ്തയുടെയും പരസ്യപോരിൽ പ്രതീക്ഷയർപ്പിക്കുന്നവരെ നിരാശപ്പെടുത്തുന്ന നീക്കങ്ങളൊന്നും ഇതുവരെ ഇരുസംഘനകൾക്കിടയിൽ നിന്നും ഉണ്ടായിട്ടില്ല എന്നതിനാൽ പോര് ഇനിയും കനക്കാനാണ് സാദ്ധ്യത.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MALAPPURAM DIARY
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.