പെരിന്തൽമണ്ണ: കേരള ഫോക്ക് ലോർ അക്കാദമി ഗ്രാമങ്ങളിലായി സംഘടിപ്പിക്കുന്ന സാംസ്കാരിക പരിപാടി ഗ്രാമസന്ധ്യ അങ്ങാടിപ്പുറത്ത് അരങ്ങേറി. കൊവിഡ് പശ്ചാത്തലത്തിൽ പ്രതിസന്ധി നേരിടുന്ന കലാ സാംസ്കാരിക രംഗത്തുള്ളവരെ സജീവമാക്കുന്നതിനായി സംസ്ഥാനസർക്കാർ സംഘടിപ്പിക്കുന്ന പരിപാടികളിലൊന്നാണിത്. സാംസ്കാരിക വകുപ്പിന്റെ സമം പരിപാടിയുടെ വിശദീകരണവും നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കുന്നതിനുള്ള പ്രഭാഷണങ്ങളും കലാപരിപാടികളും നടന്നു.
നാടൻ കലാകാരന്മാരെ ചടങ്ങിൽ ആദരിച്ചു. തുടർന്ന് തുയിലുണർത്ത് പാട്ട്, നാടൻപാട്ട്, ഉടുക്ക് പാട്ട്, മാപ്പിളപ്പാട്ട്, നാടോടിനൃത്തം, ചവിട്ടുകളി എന്നിവയും അരങ്ങേറി. പെരിന്തൽമണ്ണ കലാ സാംസ്കാരിക സഹകരണ സംഘത്തിന്റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. അങ്ങാടിപ്പുറം പൂരപ്പറമ്പിൽ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് കെ.പി.സഈദ ഉദ്ഘാടനം ചെയ്തു. കലാ സാംസ്കാരിക സഹകരണ സംഘം പ്രസിഡന്റ് പാലനാട് ദിവാകരൻ അദ്ധ്യക്ഷനായി. ഫോക്ക് ലോർ അക്കാദമി വൈസ് ചെയർമാൻ എ.വി.അജയകുമാർ, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വേണു പാലൂർ എന്നിവർ സാംസ്കാരിക പ്രഭാഷണങ്ങൾ നടത്തി. സംഘാടക സമിതി ചെയർമാൻ വി പത്മനാഭൻ , കൺവീനർ സജിത്ത് പെരിന്തൽമണ്ണ, കെ.ദിലീപ്, പി.രത്നകുമാരി, കെ ടി നാരായണൻ, സി.സി ദിനേശ് ,കലാമണ്ഡലം അംബിക സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |