മുംബയ്: മലയാളത്തിലെ എക്കാലത്തെയും മികച്ച ഹിറ്റുകളിലൊന്നായ മണിച്ചിത്രത്താഴിന്റെ ഹിന്ദി പതിപ്പായ ഭൂൽ ഭുലായ്യയുടെ രണ്ടാം ഭാഗം വരുന്നു. ഭൂൽ ഭുലായ്യ 2 എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ആദ്യ ഭാഗത്തിലെ താരങ്ങളാരും ഉണ്ടാകില്ലെന്ന് സംവിധായകൻ അനീസ് ബസ്മീ പറഞ്ഞു. എന്നാൽ ആദ്യ ഭാഗത്തിലെ നായിക വിദ്യാ ബാലൻ ചിത്രത്തിൽ അഭിനയിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മലയാളത്തിൽ ശോഭന അവതരിപ്പിച്ച കഥാപാത്രത്തെയാണ് ഹിന്ദിയിലെ ആദ്യത്തെ പതിപ്പിൽ വിദ്യാ ബാലൻ അവതരിപ്പിച്ചത്.
ഹിന്ദി റീമേക്കിന്റെ ആദ്യ ഭാഗം മലയാളി സംവിധായകനായ പ്രിയദർശനായിരുന്നു സംവിധാനം ചെയ്തത്. അക്ഷയ് കുമാർ, വിദ്യാ ബാലൻ, അമീഷാ പട്ടേൽ, ഷൈനി അഹൂജ, പരേഷ് റാവൽ തുടങ്ങിയ വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരന്നിരുന്നു. എന്നാൽ രണ്ടാം ഭാഗത്തിൽ കാർത്തിക്ക് ആര്യനും കിയാര അദ്വാനിയുമാണ് നായികാ നായകന്മാരായി എത്തുന്നത്.
അതേസമയം വിദ്യാ ബാലന് ചിത്രത്തിൽ എന്ത് റോൾ ആയിരിക്കും ഉണ്ടാകുക എന്നതിനെകുറിച്ച് സംവിധായകൻ വെളിപ്പെടുത്തിയിട്ടില്ല. ചിത്രത്തിൽ വിദ്യാ ബാലന് മുഴുനീള കഥാപാത്രമായിരിക്കില്ല എന്നാണ് അറിയാൻ സാധിക്കുന്നത്. ക്ലൈമാക്സിൽ എങ്ങാനും പ്രത്യക്ഷപ്പെടുന്ന അതിഥി താരമായിട്ടോ മറ്റോ ആയിരിക്കാം വിദ്യാ ബാലൻ ചിത്രത്തിൽ പ്രത്യക്ഷപ്പെടുക.