SignIn
Kerala Kaumudi Online
Wednesday, 24 April 2024 3.01 AM IST

ചോരയിൽ മുങ്ങി കാമ്പസുകൾ

politics

തിരുവനന്തപുരം: പത്തൊമ്പത് വർഷം മുമ്പ് ഹൈക്കോടതി കലാലയ രാഷ്ട്രീയം നിരോധിച്ചതാണെങ്കിലും കൊടിയുടെ പേരിലുള്ള അരുംകൊലകൾ കാമ്പസുകളെ ചോരയിൽ മുക്കുന്നത് തുടരുന്നു. അരനൂറ്റാണ്ടിനിടെ, നൂറോളം ജീവനുകൾ കാമ്പസുകളിൽ പൊലിഞ്ഞു. നിരവധി പേർ ക്രൂരമായ അതിക്രമത്തിനിരയായി ജീവിക്കുന്ന രക്തസാക്ഷികളായി. ത്യാഗമനോഭാവവും സാമൂഹ്യബോധവുമുള്ള പൊതുപ്രവർത്തകരെ സൃഷ്ടിക്കുകയെന്ന ദൗത്യത്തിൽ നിന്നകന്ന് രാഷ്ട്രീയപ്പാർട്ടികൾ ആളെക്കൂട്ടുന്ന റിക്രൂട്ട്മെന്റാക്കി മാറ്റിയതാണ് കാമ്പസ് രാഷ്ട്രീയത്തെ രക്തരൂക്ഷിതമാക്കിയത്. കാമ്പസുകളിൽ മാരകായുധങ്ങൾ ശേഖരിക്കുന്നതും സംഘടനകളുടെ വൈരം കൊലപാതകങ്ങളിൽ കലാശിക്കുന്നതും തുടരുകയാണ്. വർഗ്ഗീയതയ്‌ക്കെതിരെ മതനിരപേക്ഷമായ കലാലയങ്ങൾ നിലനിൽക്കണമെങ്കിൽ വിദ്യാർത്ഥികൾക്ക് സംഘടനാബോധമുണ്ടാകണമെന്ന നിലപാടാണ് സർക്കാരിന്റേത്.

കോളേജുകളിലും സ്‌കൂളുകളിലും വിദ്യാർത്ഥി സംഘടനകൾ സമരവും ധർണ്ണയും പ്രകടനവും ഘെരാവോയും നടത്തുന്നത് നിരോധിച്ച് 2020 ഫെബ്രുവരിയിൽ ഹൈക്കോടതി ഉത്തരവിറക്കിയതോടെ, കലാലയ രാഷ്ട്രീയത്തിന് സാധുത നൽകാൻ ഓർഡിനൻസ് പുറപ്പെടുവിക്കാൻ സർക്കാർ ശ്രമിച്ചിരുന്നെങ്കിലും കത്തോലിക്കാ മെത്രാൻ സമിതിയുടേതടക്കം ശക്തമായ എതിർപ്പിനെത്തുടർന്ന് പിന്മാറി. ഓർഡിനൻസിനെതിരെ ഇ. ശ്രീധരനും രംഗത്തെത്തിയിരുന്നു. വിദ്യാർത്ഥി രാഷ്ട്രീയം പഠനത്തെ ബാധിക്കുന്നുണ്ടെന്നും ക്ലാസിൽ നിന്ന് കുട്ടികളെ സമരത്തിനിറക്കുന്നത് പൊലീസ് തടയണമെന്നുമാണ് ഹൈക്കോടതി ഉത്തരവിട്ടത്. വിദ്യാലയങ്ങളിൽ സംഘടനകൾക്ക് യോഗം ചേരാൻ അവകാശമില്ലെന്നും വിദ്യാർത്ഥികൾ ക്രിമിനൽ പ്രവർത്തനം നടത്തിയാൽ മറ്റേത് കുറ്റവാളിയോടും പെരുമാറുന്നതുപോലെ പൊലീസ് നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി ഉത്തരവിലുണ്ട്. രാഷ്ട്രീയ പ്രവർത്തനവും സമരങ്ങളും തടയാൻ മുമ്പ് പുറപ്പെടുവിച്ച ഉത്തരവുകൾ പാലിക്കപ്പെടുന്നില്ലെന്നും കോടതി വിമർശിച്ചിരുന്നു. വിദ്യാ‌‌ർത്ഥി യൂണിയനുകളും വിദ്യാ‌ർത്ഥി പരാതിപരിഹാര അതോറിട്ടിയും ആക്ട് എന്ന നിയമം കൊണ്ടുവന്ന് കലാലയരാഷ്ട്രീയ നിരോധനം മറികടക്കാൻ സർക്കാർ ശ്രമിച്ചെങ്കിലും നടന്നില്ല.

ചോരവീണ കാമ്പസുകൾ

# 1974ൽ തലശ്ശേരി ബ്രണ്ണൻകോളേജിൽ എസ്.എഫ്.ഐ നേതാവ് അഷ്‌റഫ് കൊല്ലപ്പെട്ടു

# 1977ൽ പന്തളം എൻ.എസ്.എസ് കോളേജിൽ ഭുവനേശ്വർ കൊല്ലപ്പെട്ടു

# 1979ൽ തൃപ്പൂണിത്തുറ ആയുർവേദ കോളേജിൽ രാജനെ കുത്തിക്കൊന്നു

# 1982ൽ പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിൽ സി.വി. ജോസ് കൊല്ലപ്പെട്ടു

# 1992ൽ സർവകലാശാലാ കലോത്സവവേദിയിൽ വച്ച് കൊച്ചനിയനെ കുത്തിക്കൊന്നു

# 2012ൽ ഇടുക്കിയിൽ എസ്.എഫ്.ഐ നേതാവ് അനീഷ് രാജ് കൊല്ലപ്പെട്ടു

# 2018 ജൂലായിൽ മഹാരാജാസ് കോളേജിൽ അഭിമന്യു കൊല്ലപ്പെട്ടു

# 1981 ഒക്ടോബറിൽ കുത്തേറ്റ സൈമൺബ്രിട്ടോ മരണംവരെ വീൽചെയറിലായിരുന്നു

രണ്ടുപതിറ്റാണ്ട്, ഉത്തരവുകൾ നിരവധി

2003 മേയ്

കോളേജിൽ രാഷ്ട്രീയപ്രവർത്തനം നിരോധിക്കാനും സംഘടനാ യോഗങ്ങൾ വിലക്കാനുമുള്ള അധികാരം മാനേജ്‌മെന്റുകൾക്കുണ്ടെന്ന് സോജൻ ഫ്രാൻസിസ് കേസിൽ ഹൈക്കോടതി ഉത്തരവ്.

2004 ഫെബ്രുവരി

സമരം, ഘെരാവോ, ധർണ്ണ, ബന്ദ് തുടങ്ങിയവ നിയമവിരുദ്ധമായി പ്രഖ്യാപിച്ചു. അച്ചടക്കപാലനത്തിന് സർക്കാരും സർവ്വകലാശാലകളും നിയമങ്ങളും ചട്ടങ്ങളും ഉണ്ടാക്കണമെന്നും നിർദ്ദേശിച്ചു.

2006 ഡിസംബർ

കലാലയങ്ങളിൽ വിദ്യാർത്ഥി സംഘടനാ പ്രവർത്തനം നിരോധിച്ചു. പരാതി കിട്ടിയാൽ പൊലീസ് ഇടപെടണമെന്നും മാല്യങ്കര എസ്.എൻ.എം കോളജിന്റേത് ഉൾപ്പെടെയുള്ള ഹർജികളിൽ ഉത്തരവ്.

2007 മേയ്

നേതാക്കൾ രാഷ്ട്രീയത്തിന് വളക്കൂറുള്ള മണ്ണ് കണ്ടെത്തുന്നത് വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണെന്ന് രൂക്ഷവിമർശനം. കോളേജുകളിൽ പാർലമെന്ററി രീതിയിൽ തിരഞ്ഞെടുപ്പു നടത്താൻ അനുമതിതേടിയുള്ള ഹർജിയിലായിരുന്നു വിമർശനം

2013 ഒക്ടോബർ

കാമ്പസിൽ സംഘടനകളുടെ ബാനറുകളും കൊടികളും പാടില്ലെന്ന് താക്കീത്. കലാലയങ്ങളിൽ സമാധാനാന്തരീക്ഷം നിലനിറുത്തണമെന്ന മുൻ ഉത്തരവുകൾ നടപ്പാക്കണമെന്ന് അന്ത്യശാസനം.

2020 ഫെബ്രുവരി

കോളേജുകളിലും സ്‌കൂളുകളിലും വിദ്യാർത്ഥി സംഘടനകൾ സമരവും ധർണ്ണയും പ്രകടനവും ഘെരാവോയും നടത്തുന്നത് നിരോധിച്ചു. കാമ്പസുകൾക്ക് പൊലീസ് സംരക്ഷണം നൽകണം. പഠനം തടസ്സപ്പെടുത്തുന്നത് വിദ്യാഭ്യാസ അവകാശലംഘനം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: STUDENTS POLITICS
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.