SignIn
Kerala Kaumudi Online
Friday, 19 April 2024 7.14 PM IST

പച്ചത്തുരുത്തുകളുടെ പ്രാധാന്യം കൂടുന്നു

greenary

പല പാഠങ്ങളും പഠിക്കാൻ കൂടി കൊവിഡ് കാലം അവസരമൊരുക്കിയതിൽ ഏറ്റവും പ്രധാനം ശുദ്ധവായുവിന്റെ

ലഭ്യത സംബന്ധിച്ചതാണ്. മുമ്പ് കേരളം ഒരു പച്ചത്തുരുത്തായിരുന്നു. ശുദ്ധവായുവും ശുദ്ധജലവും തദ്വാരാ സ്വാഭാവികമായി സംഭവിക്കുന്ന വൃത്തിയും വെടിപ്പും കേരളത്തിന്റെ മുഖമുദ്രയായിരുന്നു. കാലം പുരോഗമിക്കുകയും വികസനം വരികയും മറ്റും ചെയ്യുമ്പോൾ കൂടുതൽ വാസസ്ഥലങ്ങൾ നിർമ്മിക്കേണ്ടി വരും. അപ്പോൾ സ്വാഭാവികമായും വൃക്ഷങ്ങൾ വെട്ടേണ്ടിയും പച്ചത്തുരുത്തുകൾ കുറെയൊക്കെ നഷ്ടപ്പെടേണ്ടിയും വരും. എന്നാൽ കേരളത്തിൽ കഴിഞ്ഞ അരനൂറ്റാണ്ടിനുള്ളിൽ സംഭവിച്ചത് അതു മാത്രമല്ല. റബർകൃഷി വ്യാപകമായി വളർന്ന് പന്തലിച്ചതിന്റെ ഭാഗമായി കേരളത്തിന് ശുദ്ധവായുവും ജലലഭ്യതയും ഉറപ്പാക്കിയിരുന്ന തനത് വൃക്ഷങ്ങളായ പ്ളാവ്, മാവ്, കശുമാവ്, ആര്യവേപ്പ് തുടങ്ങിയവ സമൃദ്ധമായി വളർന്നിരുന്ന മലനാട്ടിൽനിന്ന് അവയെല്ലാം അപ്രത്യക്ഷമായി. പകരം ജലം ഉൗറ്റിയെടുക്കുന്ന റബർ വന്നു. നാണ്യവിളയെന്ന രീതിയിൽ റബർ നിരവധിപേരുടെ ജീവിതത്തിന് സാമ്പത്തികമായ അടിസ്ഥാനമൊരുക്കി എന്നത് തള്ളിക്കളയാനാകില്ല. ഏതു പ്രവൃത്തിക്കും ഒരു സംതുലത ആവശ്യമാണ്. റബർ കൃഷിയുടെ വ്യാപനത്തിൽ ആ ബാലൻസ് ഉണ്ടായില്ല. കേരളത്തിന്റെ പച്ചപ്പ് ഒട്ടുമുക്കാലും വെട്ടിവെളിപ്പാക്കപ്പെട്ടു. അപ്പോഴൊന്നും ശുദ്ധവായുവിന്റെ പ്രാധാന്യം കൊവിഡ് പോലൊരു മഹാമാരി വന്ന് നമ്മെ പഠിപ്പിക്കുമെന്ന് ആരും ഒാർത്തിരുന്നില്ല. ഇൗ പശ്ചാത്തലത്തിലാണ് ഒാരോ ജില്ലയിലും അഞ്ച് പച്ചത്തുരുത്തുകൾ വീതം പ്രത്യേകമായി പരിപോഷിപ്പിക്കാൻ തദ്ദേശസ്വയംഭരണ വകുപ്പിന് കീഴിൽവരുന്ന ഹരിത മിഷൻ തീരുമാനിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച അഞ്ച് പച്ചത്തുരുത്തുകൾ ഒാരോ ജില്ലയിലും എന്ന കൗമുദി സ്പെഷ്യൽ ഞങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. നിലവിലുള്ള പച്ചത്തുരുത്തുകളെ നവീകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ശുദ്ധവായു ശ്വസിക്കാനുള്ള ലെെവ് ഒാക്സിജൻ പാർലർ എന്ന സന്ദേശമാണ് പച്ചത്തുരുത്തുകളുടെ നവീകരണത്തിലൂടെ പകരാൻ ശ്രമിക്കുന്നത്. ഹരിത മിഷന്റെ നേത്യത്വത്തിൽ സ്ഥലങ്ങൾ കണ്ടെത്തി തദ്ദേശീയ വൃക്ഷങ്ങളും സസ്യങ്ങളും ഉൾപ്പെടുത്തി സ്വാഭാവിക വനങ്ങൾ സൃഷ്ടിച്ച് സംരക്ഷിക്കും. ഇൗ പച്ചത്തുരുത്തുകൾ കാർബൺഡയോക്സെെഡ് ആഗിരണം ചെയ്യുന്ന കാർബൺ കലവറകളായും മാറും. പക്ഷികളുടെയും ഷഡ്പദങ്ങളുടെയും ആവാസമേഖലകളായി ഇൗ ചെറുവനങ്ങൾ മാറുകയും ചെയ്യും. നിലവിൽ സംസ്ഥാനത്ത് 214 ഹെക്ടറുകളിലായി 1683 പച്ചത്തുരുത്തുകളുണ്ട്. ഇതൊക്കെ പരിപാലിപ്പിക്കാൻ ചുമതലപ്പെടുത്തുന്നവരിൽ പ്രകൃതിരംഗത്ത് പ്രവർത്തിക്കുന്നവരെ കൂടി ഉൾപ്പെടുത്തുന്നത് നന്നായിരിക്കും. ചട്ടപ്പടി സ‌‌ർക്കാർ രീതിയിൽ മാത്രം ചെയ്യാൻ പറ്റുന്ന കാര്യങ്ങളല്ല ഇതൊക്കെ. വൃക്ഷങ്ങളെ സ്നേഹിക്കുന്നവരുടെ കൂട്ടായ്മകൾക്ക് കൂടുതൽ ഫലപ്രദമായ രീതിയിൽ ഇടപെടാനാകും. പ്രകൃതി പരിപാലന രംഗത്ത് പ്രവർത്തിക്കുന്ന അംഗീകാരമുള്ള സന്നദ്ധ സംഘടനകളെയും സഹകരിപ്പിക്കണം.

ബോധവത്‌കരണ, വിജ്ഞാനസംവിധാനങ്ങൾ ഒരുക്കി വിദ്യാർത്ഥികളുടെ പഠനത്തിന് അവസരമൊരുക്കാനും ഉദ്ദേശിക്കുന്നുണ്ട്. പദ്ധതി ആവിഷ്‌കരിക്കുന്ന സമയത്ത് പേപ്പറിൽ എല്ലാം ഭദ്രമായിരിക്കും. പണവും ചെലവാക്കപ്പെടും. എന്നാൽ പലപദ്ധതികളുടെയും തുടർപരിപാലനം ആരും നടത്താറില്ല. സർക്കാരിന് കഴിയില്ലെങ്കിൽ സ്പോൺസർമാരെ കണ്ടെത്തണം. കാരണം പദ്ധതി നടപ്പിലാക്കുന്നിടത്തോളം പ്രധാനമാണ് അതിന്റെ പരിപാലനവും. പണ്ട് ഒാരോ ഗ്രാമത്തിലും ചെറുതും വലുതുമായ ഒന്നിലധികം കാവുകളുണ്ടായിരുന്നു. അതു മനുഷ്യരാശിക്ക് ചെയ്ത പ്രയോജനം അത് നിലനില്‌ക്കുമ്പോൾ അറിയില്ല. അതെല്ലാം വെട്ടിനശിപ്പിച്ചതിനുള്ള പ്രായശ്ചിത്തം കൂടിയാകട്ടെ പച്ചത്തുരുത്തുകൾ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EDITORIAL
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.