SignIn
Kerala Kaumudi Online
Friday, 19 April 2024 7.06 AM IST

സമസ്തയും മുസ്ലിംലീഗും സി.പി.എമ്മും പിന്നെ വഴിപോക്കരും

vivadavela

കേരള രാഷ്ട്രീയത്തിൽ കൗതുകകരമായ വഴിത്തിരിവായി ഇപ്പോൾ രാഷ്ട്രീയനിരീക്ഷകർ വിലയിരുത്തിക്കൊണ്ടിരിക്കുന്നത് മലബാറിലെ മുസ്ലിംസ്വത്വ രാഷ്ട്രീയത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന ഉൾപ്പിരിവുകളാണ്. അത് കറങ്ങിത്തിരിയുന്നതാകട്ടെ, ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗിന് ചുറ്റിലും. ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ സ്വത്വപ്രതിസന്ധിയും അത് ആ പാർട്ടിയിലുളവാക്കിയിരിക്കുന്ന അസ്വസ്ഥതകളും കണ്ട് ചിരിക്കുന്നത് സി.പി.എം ആണെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ല. സമസ്ത കേരള ജം ഇയ്യത്തുൽ ഉലമ ഇവിടെയൊരു നിർണായക ഘടകമാകുന്നു. ഒരു കാലത്ത് മുസ്ലിംലീഗിന്റെ കരുത്തും സൗന്ദര്യവുമായിരുന്നു സമസ്ത എങ്കിൽ ഇന്ന് ലീഗിനപ്പുറത്തേക്ക് കടന്ന് ചിന്തിക്കാൻ അവർ തയാറാകുന്നു എന്നതാണ് മുസ്ലിംലീഗിനെ വേവലാതിപ്പെടുത്തുന്നത്. അതിന്റെ അനുരണനങ്ങളാണിപ്പോൾ മലബാറിൽ അനുദിനം കാണുന്ന പ്രതികരണങ്ങൾ വ്യക്തമാക്കുന്നതും.

അബ്ദുസമദ് പൂക്കോട്ടൂർ പറഞ്ഞതും

ലീഗ് കേൾക്കുന്നതും

കേരളം ഭരിക്കുന്ന ഇടതുപക്ഷ സർക്കാരുമായി സഹകരിക്കുന്നതിൽ തെറ്റില്ലെന്ന് കഴിഞ്ഞ ദിവസം സമസ്തയിലെ പ്രമുഖനും സുന്നി യുവജനസംഘം സംസ്ഥാന സെക്രട്ടറിയുമായ അബ്ദുസമദ് പൂക്കോട്ടൂർ പറഞ്ഞതാണ് ഏറ്റവുമൊടുവിൽ ലീഗ്- സമസ്ത സംവാദത്തിന് വിത്തുപാകിയിരിക്കുന്നത്.

പൂക്കോട്ടൂർ പറഞ്ഞതിൽ മുസ്ലിംലീഗ് നേതൃത്വം അസ്വസ്ഥമാകുന്നത് സ്വാഭാവികമാണ്. യഥാർത്ഥത്തിൽ കമ്യൂണിസ്റ്റ് സർക്കാരിനെയോ സി.പി.എമ്മിനെയോ കണ്ണടച്ച് പിന്തുണയ്ക്കുന്ന പ്രതികരണമായിരുന്നില്ല ഒരു ഓൺലൈൻ മാദ്ധ്യമത്തിന് നല്‌കിയ അഭിമുഖത്തിൽ പൂക്കോട്ടൂർ നടത്തിയത്. എന്നിട്ടും ലീഗിനെ അത് അസ്വസ്ഥമാക്കി എന്നതിൽ നിന്നുതന്നെ സമസ്തയുടെ മാനസികചാഞ്ചാട്ടം അവരെ എത്രമാത്രം വേവലാതിപ്പെടുത്തുന്നു എന്നതിന്റെ ദൃഷ്ടാന്തമായി.

കമ്യൂണിസത്തിന്റെ അടിസ്ഥാനതത്വം മതനിരാസമാണെന്ന് പൂക്കോട്ടൂർ ഈ അഭിമുഖത്തിൽ പറയുന്നുണ്ട്. ഈ നിലപാട് മുസ്ലിം സംഘടനകളെല്ലാം ഒരേസ്വരത്തിൽ വച്ചുപുലർത്തുന്നതാണ് എന്നതിൽ തർക്കമില്ല. മതനിരാസം വച്ചുപുലർത്തുന്ന കമ്യൂണിസത്തെ അനുകൂലിക്കുന്നില്ല എന്ന സമസ്തയുടെ നിലപാട് തന്നെയാണ് ഇവിടെ പൂക്കോട്ടൂരും ഉയർത്തിപ്പിടിച്ചത്. എന്നാൽ പൂക്കോട്ടൂർ പിന്നീട് പറഞ്ഞതിലാണ് രാഷ്ട്രീയവ്യാഖ്യാനങ്ങൾ ചമയ്ക്കപ്പെട്ടത്.

കേരളം ഭരിക്കുന്ന മുഖ്യ കമ്മ്യൂണിസ്റ്റ് പാർട്ടിയായ സി.പി.എമ്മിൽ ഇപ്പോഴുള്ളവർ ദൈവവിരോധികൾ മാത്രമല്ലെന്നാണ് പൂക്കോട്ടൂർ പറഞ്ഞത്. വിശ്വാസികളായവരും ആ പാർട്ടിയിൽ ഇപ്പോൾ സജീവമാണ്. അപ്പോൾപ്പിന്നെ പ്രായോഗികരാഷ്ട്രീയത്തിന്റെ ഗുണഫലങ്ങൾ വച്ച് അന്ധമായ വിരോധം സർക്കാരിനോട് വച്ചുപുലർത്തേണ്ടതില്ല. ഭരിക്കുന്ന സർക്കാരിൽ നിന്ന് ആനുകൂല്യങ്ങൾ നേടിയെടുക്കാനുള്ള തന്ത്രപരമായ പ്രായോഗികതയാവാം എന്നിരിക്കെ,​ ഇടതുപക്ഷസർക്കാരിനെയും സി.പി.എമ്മിനെയും പിന്തുണയ്ക്കുന്നതിൽ അപാകതയില്ലെന്നാണ് അദ്ദേഹം പറഞ്ഞുവച്ചത്.

ഈ പ്രതികരണം ലീഗ് നേതൃത്വത്തെ വല്ലാതെ അസ്വസ്ഥപ്പെടുത്തുന്നു. വഖഫ് ബോർഡ് നിയമനങ്ങൾ പി.എസ്.സിക്ക് വിട്ടുള്ള നിയമനിർമാണ പ്രശ്നത്തിൽ ലീഗിനെ ഇരുട്ടിൽ നിറുത്തി സമസ്ത നേതൃത്വം സർക്കാരിനോട് ഒത്തുതീർപ്പിന് പോയതും പീന്നീട് ലീഗ് ഇതേ വിഷയത്തിൽ നടത്തിയ പ്രതികരണങ്ങളെ സമസ്ത നിരാകരിച്ചതും ലീഗിനെ വെട്ടിലാക്കാൻ പോന്നതായിരുന്നു. അതിന് പിന്നാലെയും സമസ്ത നേതൃത്വത്തിൽ നിന്ന്,​ പ്രത്യേകിച്ച് ജിഫ്രി മുത്തുക്കോയ തങ്ങളിൽ നിന്നും മറ്റും ഉയർന്നുവന്ന പ്രതികരണങ്ങൾ നിരാശാഭരിതരായ കാമുകരുടെ അവസ്ഥയിലേക്ക് ലീഗിനെ തള്ളിവിട്ടു.

ഈയവസ്ഥയിൽ നില്‌ക്കെയാണ് അബ്ദുസമദ് പൂക്കോട്ടൂരിന്റെ പുതിയ പ്രസ്താവനയെത്തുന്നത്. രണ്ട് ദിവസം മുമ്പ് പൂക്കോട്ടൂർ പങ്കെടുത്ത ഒരു യോഗം കൊവിഡ് പ്രോട്ടോകോൾ ലംഘിച്ചെന്ന് പറഞ്ഞ്,​ പൂക്കോട്ടൂരിന്റെ പേരിൽ പൊലീസ് കേസെടുത്തത് മലബാറിൽ വലിയ ചർച്ചയായിരുന്നു. സമസ്ത നേതൃത്വത്തിന്റെ മുഖപത്രമായ സുപ്രഭാതം,​ വിഷയത്തിൽ പൊലീസിനെയും ആഭ്യന്തരവകുപ്പിനെയും രൂക്ഷമായി വിമർശിച്ച് മുഖപ്രസംഗം രചിച്ചപ്പോൾ ലീഗിന്റെ മനസിലും ലഡു പൊട്ടിയതാണ്. പൊലീസ് നടപ്പാക്കുന്നത് ആർ.എസ്.എസ് അജൻഡയാണെന്നാണ് സമസ്ത മുഖപത്രം തുറന്നടിച്ചത്.

അതിന് പിന്നാലെ പൂക്കോട്ടൂരിന്റെ പ്രതികരണം മറ്റൊരു രീതിയിലുള്ള രാഷ്ട്രീയവ്യാഖ്യാനത്തിന് വഴി തുറക്കുമ്പോൾ ലീഗിനകത്ത് അങ്കലാപ്പ് ഉയരുക സ്വാഭാവികം. അതാണ് മുസ്ലിംലീഗ് നേതാവും മുൻ മന്ത്രിയും എം.എൽ.എയുമായ ഡോ.എം.കെ.മുനീർ ചാടിവീണ് പ്രതികരിച്ചത് നമ്മെ ബോദ്ധ്യപ്പെടുത്തിയത്. മുനീർ പറഞ്ഞത് സമസ്തയുടെ വികാരങ്ങൾ നിയമസഭയിൽ പ്രതിഫലിപ്പിക്കേണ്ടത് ലീഗ് ആണെന്നാണ്. അതായത്,​ ലീഗിന്റെ വളയത്തിനകത്ത് ഒതുങ്ങി നില്‌ക്കുക എന്ന് പരോക്ഷമായി സമസ്തയോട് ആഹ്വാനം ചെയ്യുകയായിരുന്നു അദ്ദേഹം. പക്ഷേ,​ സമസ്ത കൂട്ടാക്കാൻ തയാറാകുമോ എന്ന് ഒരുറപ്പുമില്ല. ഇക്കാര്യം നന്നായി തിരിച്ചറിഞ്ഞുകൊണ്ടിരിക്കുന്നത് മുസ്ലിംലീഗാണെന്നതാണ് യാഥാർത്ഥ്യം.

യഥാർത്ഥത്തിൽ 2006 മുതലിങ്ങോട്ട് സി.പി.എം മലബാർ രാഷ്ട്രീയത്തിൽ പുറത്തെടുത്ത് കൊണ്ടിരിക്കുന്ന അടവുനയം ഫലപ്രാപ്തിയിലെത്തി എന്നുവേണം കാണാൻ. കെ.ടി. ജലീൽ,​ പി.ടി.എ. റഹിം എന്നീ ലീഗ് വിമതരെ അടർത്തിയെടുത്ത് ഇടത് സ്വതന്ത്രരാക്കി പാർട്ടിയുടെ ബുദ്ധികേന്ദ്രങ്ങളാക്കി മാറ്റുകയായിരുന്നു ആദ്യം ചെയ്തത്. പിന്നീടിങ്ങോട്ട് ഓരോ തിരഞ്ഞെടുപ്പിലും ഈ പ്രക്രിയ വിപുലീകരിച്ചു. 2016ൽ ലീഗിലും കോൺഗ്രസിലും നേതൃത്വത്തോട് ഇടഞ്ഞ് നിന്ന വിമതരെ നല്ല അളവിൽ പ്രോത്സാഹിപ്പിച്ച സി.പി.എമ്മിന് മലബാറിൽ മികച്ച നേട്ടമുണ്ടാക്കാനായി. 2006 മുതലിങ്ങോട്ട് കോഴിക്കോട് ജില്ലയിൽ കോൺഗ്രസിന് ഒരു എം.എൽ.എയെ പോലും വിജയിപ്പിക്കാനായിട്ടില്ല എന്നതും ശ്രദ്ധിക്കേണ്ടതുണ്ട്.

മലപ്പുറം ജില്ലയിൽ തവനൂരിന് പുറമേ താനൂർ,​ നിലമ്പൂർ മണ്ഡലങ്ങളും 2016 മുതലിങ്ങോട്ട് ഇടത്തേക്ക് ചാഞ്ഞാണ് നില്‌ക്കുന്നത്. ലീഗിന്റെ ശക്തിദുർഗങ്ങളെന്ന് അറിയപ്പെടുന്ന മറ്റ് മണ്ഡലങ്ങളിലും അവർക്ക് 2021ൽ വിയർക്കുകയും കിതയ്ക്കുകയും വേണ്ടിവന്നെന്ന് കാണണം.

മനസ് കൊടുക്കരുത്

കമ്മ്യൂണിസത്തിന് വോട്ടുകൊടുത്താലും മനസ് കൊടുക്കരുതെന്ന് പറഞ്ഞത് കാന്തപുരം എ.പി. അബൂബക്കർ മുസലിയാർ ഹാജിയാണ്. അദ്ദേഹമിന്ന് കേരളത്തിലെ ഇടതുപക്ഷസർക്കാരിന്റെ, പ്രത്യേകിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്ത സുഹൃത്താണ്. അത് പിണറായി വിജയൻ എന്ന രാഷ്ട്രീയ തന്ത്രജ്ഞന്റെ സോഷ്യൽ എൻജിനിയറിംഗ് മികവായി വേണമെങ്കിൽ കണക്കാക്കാം. കാന്തപുരം സി.പി.എം സർക്കാരിനെ പിന്തുണയ്ക്കുന്നു എന്നതുകൊണ്ട് അദ്ദേഹം സി.പി.എമ്മിനെ അംഗീകരിക്കുന്നു എന്ന് അർത്ഥമാക്കേണ്ടതില്ല. മതനിരാസം അടിസ്ഥാനതത്വമാക്കിയ പ്രസ്ഥാനക്കാരാണ് കമ്മ്യൂണിസ്റ്റുകാരെന്ന് കാന്തപുരം വിശ്വസിക്കുന്നു എന്നതിന്റ തെളിവാണ് അദ്ദേഹത്തിന്റെ മനസ് കൊടുക്കൽ പ്രസ്താവന.

സമസ്തയുടെ നിലപാടും അതുതന്നെയാണ്. അവർ നേരത്തേ മുതൽ മുസ്ലിംലീഗിന്റെ രാഷ്ട്രീയാസ്തിത്വത്തെ പിൻപറ്റി നിന്നുവെന്ന വ്യത്യാസം മാത്രം. അതിന് കാരണം ഇ.കെ സുന്നി വിഭാഗമായ സമസ്തയുടെ വൈസ് പ്രസിഡന്റ് മലബാർ മുസ്ലിം ആത്മീയനേതൃത്വത്തിൽ പരമാദരണീയനായി കരുതപ്പെടുന്ന പാണക്കാട് തങ്ങളാണ് എന്നതായിരുന്നു. പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളും അദ്ദേഹത്തിന്റെ പിൻഗാമിയായെത്തിയ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുമായിരുന്നു സമസ്തയുടെയും അവസാനവാക്ക്. അപ്പോൾ ലീഗിനപ്പുറത്തേക്ക് സഞ്ചരിക്കാൻ സമസ്ത വിസമ്മതിച്ചു നില്‌ക്കുന്നത് സ്വാഭാവികമാണ്.

ഇന്നിപ്പോൾ ഹൈദരലി ശിഹാബ് തങ്ങൾ അസുഖബാധിതനായി കിടപ്പിലാണ്. പാണക്കാട്ട് ഇപ്പോൾ കാര്യങ്ങൾ നിയന്ത്രിക്കുന്നത് മുഹമ്മദലി ശിഹാബ് തങ്ങളുടെ പുത്രനായ സാദിഖലി തങ്ങളാണ്. മുഹമ്മദലി തങ്ങളുടെയോ ഹൈദരലി തങ്ങളുടെയോ സ്വീകാര്യത ആത്മീയതലത്തിൽ സാദിഖലി തങ്ങൾക്ക് അവകാശപ്പെടാനില്ല. അദ്ദേഹം ലീഗിന്റെ രാഷ്ട്രീയനേതാവെന്ന പരിവേഷത്തിലാണ് നില്‌ക്കുന്നതും പ്രവർത്തിക്കുന്നതും. സമസ്ത കുതറിമാറുന്നത് അതിനാലാണ്.

സി.പി.എമ്മും കോൺഗ്രസും സമസ്തയും

പ്രായോഗിക രാഷ്ട്രീയത്തിന്റെ ഭാഗമായ അടവുതന്ത്രങ്ങളിലേക്ക് നീങ്ങാൻ എ.പി സുന്നികളെ പോലെ, സമസ്ത നേതൃത്വവും (ഇ.കെ. സുന്നി) നിർബന്ധിതരാവുന്ന രാഷ്ട്രീയ സാഹചര്യമാണ് രാജ്യത്താകെയുള്ളത്. ഉത്തരേന്ത്യയിൽ രൂക്ഷമാകുന്ന ഇസ്ലാമോഫോബിയ മുസ്ലിം സമൂഹത്തിൽ അരക്ഷിതബോധം നിറച്ചുതുടങ്ങിയിട്ട് കുറച്ചുകാലമായി. രാജ്യത്താകെ മതേതരത്വത്തിനായി നിലകൊള്ളുന്ന പ്രസ്ഥാനമെന്ന പ്രതീതി ഉണർത്താൻ കേരള ഭരണത്തിന്റെ മാത്രം ഖ്യാതിയുള്ള സി.പി.എമ്മിന് ഇപ്പോഴും നന്നായി സാധിക്കുന്നുണ്ട്.

രാജ്യത്തുയർന്നു വരുന്ന വിവിധ രാഷ്ട്രീയപ്രശ്നങ്ങളിൽ ആ പാർട്ടി പ്രഖ്യാപിക്കുന്ന നിലപാടുകളും അതിനൊരു കാരണമാണ്.

മറുവശത്ത് കോൺഗ്രസിന് അത് അത്രമേൽ സാധിക്കുന്നില്ല. ഏറ്റവുമൊടുവിൽ രാഹുൽഗാന്ധിയുടെ ഹിന്ദുരാഷ്ട്ര പരാമർശം, (അദ്ദേഹം ഉദ്ദേശിച്ചത് ബി.ജെ.പിയുടെ വർഗീയ ലൈനിലല്ലെങ്കിലും) പോലും ഉയർത്തിവിട്ട സന്ദേഹം വളരെ വലുതാണ്. സി.പി.എമ്മിന്റെ പോളിറ്റ്ബ്യൂറോ അംഗമായ കേരള മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാനത്തുടനീളം പാർട്ടി സമ്മേളനവേദികളിൽ രാഹുൽഗാന്ധിയുടെ ഈ പരാമർശമെടുത്തിട്ട് കോൺഗ്രസിനെ കുടഞ്ഞെറിയുന്നത് നാം കണ്ടു.

ഉത്തർപ്രദേശിലും മറ്റും സംഘപരിവാർ തീവ്രഹിന്ദുത്വമുയർത്തി നടത്തിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയക്കളികളെ നേരിടാൻ മൃദുഹിന്ദുത്വം പരീക്ഷിക്കുന്ന കോൺഗ്രസിൽ മുസ്ലിംസമൂഹത്തിന് പ്രതീക്ഷ നഷ്ടപ്പെട്ടുവരുന്നത് സ്വാഭാവികമാണ്. ഉത്തർപ്രദേശിൽ നഷ്ടപ്രതാപം വീണ്ടെടുക്കാൻ എളുപ്പവഴി ഈ മൃദുഹിന്ദുത്വത്തിന്റേതാണെന്ന വിശ്വസിക്കുന്നവരാണ് രാഹുൽഗാന്ധി അടക്കമുള്ള നേതാക്കൾ. അവിടെ മതേതരമുഖം സി.പി.എം പേരിനായാലും ഉയർത്തിപ്പിടിച്ചാൽ മുസ്ലിംസമൂഹത്തിന് അത് പ്രത്യാശ പകരും. കേരളത്തിൽ സ്ഥിതി മറിച്ചാണ്. മുസ്ലിംലീഗ് ഇവിടെ കോൺഗ്രസ് നയിക്കുന്ന മുന്നണിയിലെ പ്രബലകക്ഷിയാണ്. അതുകൊണ്ട് ഇവിടത്തെ യഥാർത്ഥ സെക്യുലർ ഫേസ് അവരാണെന്ന് ധരിപ്പിക്കാൻ ലീഗ് കൊണ്ടുപിടിച്ച് ശ്രമിക്കുന്നു.

ഉത്തരേന്ത്യയടക്കമുള്ള വിശാലമായ കാൻവാസിൽ ഇടതുപക്ഷത്തിനെ പ്രത്യാശാഭരിതമായ മുഖവുമായി നോക്കുന്ന മുസ്ലിം സ്വത്വ രാഷ്ട്രീയബോധം സമസ്ത അടക്കമുള്ളവരെ ചെറുതായെങ്കിലും സ്വാധീനിച്ചില്ലെങ്കിലല്ലേ അദ്ഭുതം.

ബാബറി മസ്ജിദിനെ മതേതര ഇന്ത്യയ്ക്ക് പോറലേല്ക്കാത്ത വിധം പരിരക്ഷിച്ച പണ്ഡിറ്റ് നെഹ്റുവിന്റെ പാരമ്പര്യം രാജീവ്ഗാന്ധി പ്രധാനമന്ത്രി പദത്തിലേക്കെത്തുമ്പോൾ മാറിമറിഞ്ഞതും ഇവിടെ ചേർത്തുവായിക്കണം. 1989 ൽ ബാബറിമസ്ജിദ് വിശ്വഹിന്ദു പരിഷത്തിന് രാമജന്മഭൂമി ശിലാന്യാസത്തിനായി തുറന്നുകൊടുത്തത് രാജീവ്ഗാന്ധിയാണെന്ന വെളിപ്പെടുത്തലൊക്കെ വന്നുകഴിഞ്ഞതാണ്. 1992 ൽ ബാബറി മസ്ജിദ് തകർക്കപ്പെട്ട ശേഷമിങ്ങോട്ട് മതേതര ഇന്ത്യയുടെ മുഖം മാറിമറിഞ്ഞത് കണ്ടു. ഇന്നിപ്പോൾ ഉത്തരേന്ത്യയുടെ സ്വത്വത്തിൽ അരികുവത്കരിക്കപ്പെട്ട ജനസമൂഹമായി മുസ്ലിം സമൂഹം മാറിപ്പോയിരിക്കുന്ന കാഴ്ചയാണ്. അവിടെ കോൺഗ്രസ് പോലും വെറും കാഴ്ചക്കാരാവുന്ന രാഷ്ട്രീയ സാഹചര്യത്തിൽ നിന്നുകൊണ്ട്,​ ഇങ്ങ് മലബാറിലെ മുസ്ലിം രാഷ്ട്രീയ ധ്രുവീകരണത്തിലേക്ക് നോക്കുമ്പോൾ സമസ്തയുടെ നിലപാടുകൾ ഒട്ടും അദ്ഭുതം സമ്മാനിക്കുന്നില്ലെന്ന് വേണം ചിന്തിക്കാൻ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VIVADAVELA
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.