SignIn
Kerala Kaumudi Online
Thursday, 25 April 2024 5.26 PM IST

ആളെക്കൊല്ലും ഗെയിമുകളും റെമ്മികളിയും ഇനിയെങ്കിലും പൂട്ട് ഇടണം

game

കുട്ടികൾക്കും യുവാക്കൾക്കും ഇടയിൽ പകർച്ചവ്യാധി പോലെ പടർന്നു പിടിക്കുന്ന ഓൺലൈൻ ഗെയിമുകൾ വലിയൊരു ദുരന്തത്തിന്റെ മണിമുഴക്കമാണ്. കുട്ടികളുടെ ജീവനുതന്നെ ഇന്ന് ഓൺലൈൻ ഗെയിമുകൾ ഭീഷണിയായി. ചിലത് നിരോധിക്കപ്പെട്ടെങ്കിലും അപകടകരമായ പല ഗെയിമുകളും ഇപ്പോഴുമുണ്ട്. സ്‌കൂൾ, കോളേജ് പഠനത്തിന് ഓൺലൈൻ ക്‌ളാസുകൾ വന്നതോടെ എല്ലാവരുടെയും കൈകളിൽ സ്‌മാർട്ട് ഫോണും ടാബുകളും നിർബന്ധ ഘടകമായി മാറി. അതോടെ ഓൺലൈൻ ഗെയിമുകൾക്ക് വലിയ സ്വീകാര്യതയും ലഭിച്ചു തുടങ്ങി. മത്സര ഭ്രാന്ത് മൂത്ത് കുട്ടികൾ ജീവനൊടുക്കുന്നതിലേക്ക് എത്തിയോടെയാണ് വലിയൊരു വിപത്തിനെ തിരിച്ചറിഞ്ഞത്. ഇതിനെ പ്രതിരോധിക്കാനുള്ള നീക്കങ്ങൾ മാതാപിതാക്കളുട‌െ ഭാഗത്തു നിന്നാണ് ആദ്യം തുടങ്ങേണ്ടത്.

ഓൺലൈൻ ഗെയിമിന് അടിപ്പെടുന്ന കുട്ടികൾ മറ്റൊരു ലോകത്താണ്. അവരെ പറഞ്ഞ് മനസിലാക്കി പിന്തിരിപ്പിക്കാൻ രക്ഷകർത്താക്കൾ തയ്യാറാകണം. അതിനായി കുട്ടികളുടെ തണലായി മാതാപിതാക്കൾ മാറണം. എതിരാളിയോട് ഏറ്റുമുട്ടുമ്പോഴുള്ള മത്സരഭ്രാന്ത് തന്നെയാണ് കുട്ടികൾ ഓൺലൈൻ ഗെയിമുകൾക്ക് അടിപ്പെടുന്നതിനുള്ള പ്രധാന കാരണം. മത്സരത്തിന്റെ ഓരോ ഘട്ടവും കഴിയുമ്പോൾ ലഭിക്കുന്ന സ്ഥാനക്കയറ്റങ്ങൾ, സമ്മാനങ്ങൾ, അംഗീകാരങ്ങൾ എന്നിവയെല്ലാം കൂടുതൽ പ്രോത്സാഹനത്തിന് വഴിതുറക്കും. ചില കളികളിൽ നിന്ന് പണവും ലഭിക്കും. മൊബൈൽ ഗെയിമുകൾ കളിക്കരുതെന്ന് കുട്ടികളോട‌് പറയാനാവില്ല. കുട്ടികളുടെ വളർച്ചയുടെ ഭാഗമാണ് കളികൾ. അതിനാൽ ഓൺലൈൻ ഗെയിമുകളെക്കുറിച്ച് മാതാപിതാക്കൾക്ക് കൃത്യമായ അവബോധം വേണം. കുട്ടികളു‌ടെ ആഗ്രഹങ്ങൾ സാധിച്ചു കൊടുക്കുമ്പോൾ അവരെ അമിതമായി വിശ്വസിക്കരുത്. കൃത്യമായി നിരീക്ഷണം നടത്തിയാൽ കുട്ടികൾ അപകടക്കെണിയിൽ വീഴുന്നത് ഒഴിവാക്കാൻ കഴിയും. കുട്ടികളോട് വേണ്ട എന്നു പറയേണ്ടിടത്ത് ഒരു ശങ്കയും കൂടാതെ അത് പറയണം. വാരിക്കോരി പണം നല്കുകയും തെറ്റുപറ്റിയാൽ അത് നിറുത്തുകയും ചെയ്യുന്നത് ഗുണത്തേക്കാളേറെ ദോഷമായിരിക്കും ഉണ്ടാക്കുക. കുട്ടികൾ ഗെയിമുകൾക്ക് അടിപ്പെട്ടിട്ടുണ്ടെന്ന് ബോദ്ധ്യമായാൽ അവർക്ക് അതിന്റെ ഗൗരവം പറഞ്ഞുകൊടുക്കണം. അവിടെയും നില്ക്കുന്നില്ലെങ്കിൽ എത്രയും വേഗം മനശാസ്ത്രജ്ഞനെ സമീപിക്കുക.

ലഹരിക്ക് അടിപ്പെട്ട് പോകുന്നവരെപ്പോലെ ഭ്രാന്തമായ ആവേശമാണ് ഓൺലൈൻ ഗെയിമിൽ കുടുങ്ങിയവരിലും ഉളവാകുന്നത്. സംഘട്ടനങ്ങളും വെടിവയ്‌പ്പും നിറഞ്ഞ കളി ഇന്ന് നഗര - ഗ്രാമ ദേദമെന്യേ പട‌ർന്നു പിടിച്ചിരിക്കുകയാണ്. കുടുംബങ്ങളിൽ മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള വലിയ സംഘർഷങ്ങൾക്ക് ഓൺലൈൻ ഗെയിമുകൾ വഴിവയ്‌ക്കുന്നതായി പൊലീസ് ഉദ്യോഗസ്ഥർ പറയുന്നു. മനോനിലയെ താളം തെറ്റിക്കുന്ന കളികൾ ഒഴിവാക്കുക തന്നെ വേണം. സൈബർ ഇട‌ങ്ങളിൽ പതിയിരിക്കുന്ന അപകടങ്ങളെക്കുറിച്ച് ചെറുപ്പത്തിലേ ബോദ്ധ്യപ്പെടുത്തുകയാണ് വേണ്ടത്. ഓൺലൈൻ ഗെയിമുകളെ ഫലപ്രദമായി നിയന്ത്രിക്കാനുള്ള നിയമങ്ങളുടെ അഭാവം വലിയൊരു പ്രതിസന്ധി സൃഷ്‌ടിക്കുന്നുണ്ട്.

ഓൺലൈൻ ഗെയിമിലെ പ്രൊഫൈൽ തട്ടിപ്പും ഗുരുതരമായ സ്ഥിതിവിശേഷം സൃഷ്‌ടിക്കുന്നു. അടുത്തിടെ ആലപ്പുഴയിൽ കളിയിലെ കേമനായ വിദ്യാർത്ഥി ഫയർ ഗെയിം കളിക്കുന്ന അക്കൗണ്ട് അന്യജില്ലക്കാരനായ സോഷ്യൽ മീഡിയയിലെ സുഹൃത്തിന് നല്‌കാമെന്ന് വാഗ്ദാനം ചെയ്‌തു. പകരം1000 രൂപ നല്‌കാമെന്നായിരുന്നു കരാർ. അന്യജില്ലകളിൽ നിന്ന് പതിനഞ്ച് വയസുള്ള മകനെ തിരക്കി വീട്ടിൽ ആളുകൾ എത്തിയതോടെയാണ് പരിഭ്രാന്തരായ മാതാപിതാക്കൾ പൊലീസിൽ പരാതിപ്പെട്ടത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഈ വിവരങ്ങൾ മാതാപിതാക്കൾ അറിഞ്ഞത്. കൊവിഡ് ലോക്ക്ഡൗണിനു ശേഷമാണ് ഇത്തരം പ്രവണതകൾ ഏറിയത്. ഓൺലൈൻ മൊബൈൽ ഗെയിമുകൾ വഴി ഇത്തരത്തിൽ ലക്ഷങ്ങളാണ് കുട്ടികൾ ചോർത്തുന്നത്.
വീട്ടിൽ അറിയാതെയാണെങ്കിലും കുട്ടികൾ ഗെയിമിംഗ് കമ്പനികൾക്കു പണം നിയമവിധേയമായാണു കൈമാറുന്നതിനാൽ കേസെടുക്കാനോ നടപടിയെടുക്കാനോ കഴിയാതെ പൊലീസും വെട്ടിലാകുന്നു. ഗെയിം കളിച്ച് പണം പോയതിൽ പൊലീസുകാരന്റെ മകനും ഉൾപ്പെട്ടിട്ടുണ്ട്. 3000 ത്തിലധികം രൂപ അക്കൗണ്ടിൽ നിന്ന് പിൻവലിച്ചെന്ന മെസേജ് ഫോണിൽ വന്നപ്പോഴാണ് മകന്റെ ഗെയിം കളിയുടെ ആഴം പൊലീസുകാരനായ അച്ഛനും അറിഞ്ഞത്. ലോക്ക്ഡൗണിനു മുമ്പു വരെ മൊബൈൽ ഫോൺ വിദ്യാർത്ഥികൾ ഉപയോഗിക്കുന്നതിനു രക്ഷിതാക്കൾ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. എന്നാൽ, ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചതോടെ രക്ഷിതാക്കളുടെ നിയന്ത്രണം അയഞ്ഞു. ഇതോടെ കുട്ടികൾ മൊബൈൽ ഫോൺ ഗെയിമുകളിലേക്ക് കൂടുതലായി തിരിഞ്ഞു.

ആദ്യം സൗജന്യമായി കളിക്കാൻ അനുവദിക്കുന്ന രീതിയിലാണു പല ഗെയിമുകളും സെറ്റ് ചെയ്തിരിക്കുന്നത്. തുടർച്ചയായി കളിച്ച് കുട്ടികൾ ഗെയിമുകളിൽ ആകൃഷ്ടരാകുന്ന ഘട്ടങ്ങളിൽ കമ്പനികൾ പണം ഈടാക്കി തുടങ്ങും. കളിയുടെ രസം കയറുമ്പോൾ അടുത്തഘട്ടം കളിയ്‌ക്കണമെങ്കിൽ പണം ഓൺലൈനായി അടയ്ക്കണമെന്നാകും നിബന്ധന. ഇതോടെ മാതാപിതാക്കളുടെ ഓൺലൈൻ വാലറ്റുകളിൽ നിന്നു പണം അയയ്ക്കും. യുദ്ധം പോലുള്ള ഗെയിമുകളാണ് ഏറെയും. ഇത്തരത്തിലുള്ളവ കളിക്കുമ്പോൾ പടയാളിക്കു ആയുധങ്ങളും സുരക്ഷാ ഉപകരണങ്ങളും വാങ്ങാൻ വേണ്ടിയാണു പണം ആവശ്യമായി വരിക. 250 രൂപ മുതൽ കാൽലക്ഷം രൂപ വരെ ആയുധങ്ങൾക്കായി ചെലവഴിക്കേണ്ടി വരും.

കൊവിഡ് ലോക്ക്ഡൗൺ സമയത്താണ് ഓൺലൈൻ റമ്മികളിക്കും പ്രചാരമുണ്ടായത്. പണിയൊന്നുമില്ലാതെ വീട്ടിൽ ചടഞ്ഞു കൂടിയിരുന്നവർ നേരംപോക്കിനായി റമ്മി കളിയിലേക്ക് തിരിഞ്ഞപ്പോൾ അത് ലഹരിപോലെ ഉന്മാദാവസ്ഥയിലേക്ക് പോകുകയാണെന്ന് ആദ്യം ആരും തിരിച്ചറിഞ്ഞില്ല. പണമില്ലാത്തവർക്ക് വായ്പ നല്‌കാനായി മൊബൈൽ ആപ്പുകളും പൊട്ടിമുളച്ചു. ചെറിയ തുകയ്ക്ക് കളി തുടങ്ങിയവർ വലിയ തുകകളിലേക്ക് വഴിമാറി. പണം നഷ്ടപ്പെട്ടവർ കിട്ടാവുന്നിടത്തു നിന്നെല്ലാം വായ്പയെടുത്ത് കളി തുടർന്നു. മണിലെൻഡിംഗ് ആപ്പുകളിൽ നിന്ന് വായ്പയെടുത്തവർക്ക് ഭീഷണിയും ബ്‌ളാക്ക് മെയിലിംഗും നേരിടേണ്ടി വന്നു. കുടുംബത്തെ അറിയിക്കാതെ റമ്മി കളിച്ച് പണം പോയതിനാൽ ആരും പരാതിപ്പെട്ടില്ല. എന്നാൽ, കടംകയറി നിൽക്കകള്ളിയില്ലാതെ പലരും ആത്മഹത്യ ചെയ്തതോടെയാണ് റമ്മികളിയിലെ ആഴവും പരപ്പും വ്യക്തമായത്. ഈ സമയം ആയിരക്കണക്കിന് ആളുകൾ കടംകയറി പുറത്തിറങ്ങാനാവാത്ത അവസ്ഥയിലെത്തിയിരുന്നു.

ഓൺലൈൻ റമ്മി കളിക്കുള്ള നിരവധി ആപ്പുകളാണ് പ്‌ളേസ്‌റ്റോറുകളിലുള്ളത്. ഇവയുടെ പരസ്യങ്ങൾ സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ ഇപ്പോഴും പ്രചരിക്കുന്നുണ്ട്. കമ്പനികൾ ചില നിയമങ്ങൾ പറയുന്നുണ്ടെങ്കിലും ഇതൊന്നും വായിച്ചു നോക്കാതെയാണ് ആളുകൾ കളി തുടങ്ങുന്നത്. ഓൺലൈൻ ഗെയിമുകളിൽ മറുഭാഗത്ത് മനുഷ്യരല്ലെന്ന കാര്യം പലരും മറന്നു പോകുന്നു. നിർമ്മിതബുദ്ധി അടിസ്ഥാനമാക്കി നിർമ്മിച്ച ആപ്പുകളായിരിക്കും കളി നിയന്ത്രിക്കുക. ഇവരെ പരാജയപ്പെടുത്തുകയെന്നത് വലിയ വെല്ലുവിളിയാണ്. ഈ വെല്ലുവിളി ഏറ്റെടുത്തുള്ള കളിയാണ് ലക്ഷങ്ങളുടെ നഷ്ടത്തിലേക്ക് ആളുകളെ എത്തിക്കുന്നത്.

ആയിരക്കണക്കിന് ആളുകൾക്ക് പണം നഷ്ടമാകുന്നുവെന്ന് വ്യക്തം. മാനഹാനി ഭയന്ന് ആരും പരാതിപ്പെടുന്നില്ല. ആ സാഹചര്യത്തിൽ ബോധവത്കരണമാണ് പരമപ്രധാനം. റമ്മികളിയിൽ അടിപ്പെട്ടുപോകുന്നവരെ ബോധവത്കരണത്തിലൂടെ മാത്രമേ മടക്കിക്കൊണ്ടുവരാൻ കഴിയുകയുള്ളൂവെന്ന് പൊലീസും വ്യക്തമാക്കുന്നു. അതിനായി പൊലീസ് സാമൂഹിക മാദ്ധ്യമങ്ങൾ ഉപയോഗപ്പെടുത്തുന്നു എന്നത് അഭിനന്ദനം അർഹിക്കുന്നു. ആത്മഹത്യകൾ ഒന്നിനും പരിഹാരമല്ല. എന്നാൽ, ചതിക്കുഴികളിൽ വീഴാതിരിക്കാനുള്ള ജാഗ്രത ഓരോരുത്തരും സ്വയം പുലർത്തണം. കുട്ടികളുടെ കാര്യത്തിൽ അതീവശ്രദ്ധ വേണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ONLIME GAME
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.