SignIn
Kerala Kaumudi Online
Saturday, 20 April 2024 2.06 AM IST

ഉത്സവ പ്രതീക്ഷകൾക്ക് തിരശീലയിട്ട് ഒമിക്രോൺ

omicron

വെഞ്ഞാറമൂട്: കൊവിഡ് വ്യാപനത്തെ തുടർന്ന് കഴിഞ്ഞ രണ്ട് വർഷവും പ്രതിസന്ധി നേരിട്ട കലാകാരന്മാരുടെ പ്രതീക്ഷകൾക്ക് തിരശീലയിട്ട് ഒമിക്രോൺ. കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്നതോടെ ജില്ലയിലെ ഉത്സവകാലം ആശങ്കയിലാവുകയാണ്. ലോക്ക്ഡൗണിൽ മുടങ്ങിയ ആഘോഷങ്ങൾ ഇത്തവണ ചെറുതായെങ്കിലും സംഘടിപ്പിക്കാമെന്ന് പ്രതീക്ഷിക്കുന്നവർക്കാണ് പുതിയ നിയന്ത്രണങ്ങൾ തലവേദനയാകുന്നത്. വീണ്ടുമൊരു അടച്ചുപൂട്ടൽ ഉണ്ടാകില്ലെന്ന് സർക്കാർ വ്യക്തമാക്കുമ്പോഴും ക്ഷേത്രങ്ങളിലെ കലാപരിപാടികൾക്കുള്ള നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിച്ചാൽ ഇത്തവണയും പ്രതീക്ഷകൾ അസ്ഥാനത്താകും.

ക്രിസ്‌മസ്, പുതുവത്സരാഘോഷങ്ങൾക്ക് പിന്നാലെയാണ് കൊവിഡ് നിരക്ക് ഉയർന്നത്. ഏപ്രിൽ വരെയാണ് കേരളത്തിലെ ഉത്സവസീസൺ. പല ക്ഷേത്രങ്ങളിലും ഉത്സവ തീയതികൾ തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞവർഷം ആഘോഷപരിപാടികൾ ഒഴിവാക്കി പൂജകൾ മാത്രമായാണ് ഉത്സവം നടത്തിയത്. ഇത്തവണ വിവിധ സ്റ്റേജ് പരിപാടികളടക്കം നടത്താമെന്ന് ആലോചിച്ച ക്ഷേത്ര ഭരണസമിതികൾ കൊവിഡ് വ്യാപനത്തിന് പിന്നാലെ ആശങ്കയിലാണ്. കാത്തിരുന്ന സീസൺ വീണ്ടും കൈവിട്ട് പോകുമെന്ന ആശങ്കയിലാണ് കലാകാരന്മാർ.

പെരുവഴിയാകുമോ പരിശീലനം

ബുക്കിംഗുകൾ ലഭിക്കുമെന്ന പ്രതീക്ഷയിൽ പരിശീലനം ആരംഭിച്ച കലാസംഘങ്ങൾ ആശങ്കയിലാണ്. അയൽ സംസ്ഥാനങ്ങളിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. നിയന്ത്രണങ്ങളിലെ ഇളവിനെ തുടർന്നാണ് വിവിധ ട്രൂപ്പുകൾ കലാകാരന്മാരെ വിളിച്ചുചേർത്ത് പരിശീലനം പുനരാരംഭിച്ചത്. ആർട്‌വർക്കുകളും വസ്ത്രങ്ങളും ഉപകരണങ്ങളുമുൾപ്പെടെ പുതുതായി വാങ്ങിയാണ് ഇവർ പരിശീലനം പുനരാരംഭിച്ചത്.

പ്രതിസന്ധിയും നിയന്ത്രണവും

----------------------------------------------------

 ഭക്തജനങ്ങളുടെ എണ്ണത്തിൽ കുറവ്

 ജീവനക്കാർക്ക് ശമ്പളം നൽകണം

 ഉത്സവ സീസണിലെ കൊവിഡ് വ്യാപനം

 ഘോഷയാത്രകൾ ഒഴിവാക്കും

 ഉത്സവങ്ങൾ പൂജകൾ മാത്രമാക്കും

നഷ്ടം നേരിടുന്നവർ

1. സ്റ്റേജ് കലാകാരന്മാർ

2. ചെണ്ടമേള സംഘങ്ങൾ

3. കച്ചവടക്കാർ

4. ലൈറ്റ് ആൻഡ് സൗണ്ട് മേഖല

5. ചെറുകിട വില്പനക്കാർ

'' ബുക്കിംഗ് ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന സമയത്താണ് ഒമിക്രോൺ ഭീഷണി ഉയർന്നത്. ആയിരക്കണക്കിന് കലാകാരന്മാർക്ക് ഉപജീവനം ലഭിക്കുന്ന കാലമാണ് ഉത്സവ സീസൺ. ഇത്തവണയും സീസൺ കൈവിട്ടുപോകാനാണ് സാദ്ധ്യത. സ്ഥിരം ബുക്കിംഗുകൾ നൽകിയിരുന്ന ഭരണസമിതികൾ പോലും പരിപാടികൾ ഒഴിവാക്കുകയാണ് ''

അനിൽ, പ്രോഗ്രാം ഏജന്റ്

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.