SignIn
Kerala Kaumudi Online
Friday, 19 April 2024 6.37 AM IST

സിനിമയിൽ അവസരം വേണമെങ്കിൽ കിടക്ക പങ്കിടാൻ ക്ഷണം,​ റിപ്പോർട്ട് നൽകി രണ്ടു വർഷം കഴിഞ്ഞിട്ടും സർക്കാർ അനങ്ങിയില്ല

cinema-

തിരുവനന്തപുരം: മലയാള സിനിമാ മേഖലയിൽ സ്ത്രീകൾ നേരിടുന്ന ചൂഷണങ്ങളെക്കുറിച്ച് പഠിക്കാൻ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിഷൻ, ലൈംഗിക ചൂഷണമുൾപ്പെടെ നടക്കുന്നുണ്ടെന്നും പരാതികൾ കൈകാര്യം ചെയ്യാൻ പ്രത്യേക ട്രൈബ്യൂണൽ രൂപീകരിക്കാനും ഇതിനായി നിയമനിർമ്മാണം നടത്താനും നിർദ്ദേശിച്ച് റിപ്പോർട്ട് നൽകി രണ്ടു വർഷം കഴിഞ്ഞിട്ടും സർക്കാർ അനങ്ങിയില്ല.

2019 ഡിസംബർ 31നാണ് റിപ്പോർട്ട് സമർപ്പിച്ചത്. 2017ൽ നടി ആക്രമിക്കപ്പെട്ട കേസിന് ശേഷം വിമെൻ ഇൻ സിനിമാ കളക്ടീവിന്റെ പരാതിപ്രകാരമാണ് കമ്മിഷനെ വച്ചത്. ഇന്ത്യയിൽ ഇത്തരത്തിലൊന്ന് ആദ്യമാണ്. 6 മാസത്തിനകം റിപ്പോർട്ട് നൽകാൻ നിർദ്ദേശിച്ചെങ്കിലും രണ്ടു വർഷമെടുത്ത് സമഗ്ര റിപ്പോർട്ട് കൈമാറി. ജസ്റ്റിസ് ഹേമയെക്കൂടാതെ നടി ശാരദ, മുൻ ഐ.എ.എസ് ഉദ്യോഗസ്ഥ കെ.ബി. വത്സലകുമാരി എന്നിവരുൾപ്പെട്ടതാണ് കമ്മിഷൻ.

നടപടിയുണ്ടാവാത്തതിൽ പ്രതിഷേധിച്ച് വിമെൻ ഇൻ സിനിമാ കളക്ടീവ് പ്രവർത്തകർ അടുത്തിടെ രംഗത്തെത്തിയതോടെ സർക്കാർ ഉണർന്നിട്ടുണ്ട്. ശുപാർശകൾ പരിശോധിക്കാൻ ചലച്ചിത്ര അക്കാഡമി സെക്രട്ടറി, സാംസ്കാരിക, നിയമ വകുപ്പുകളിലെ അണ്ടർ സെക്രട്ടറിമാർ എന്നിവരുൾപ്പെട്ട സമിതിയെ ചുമതലപ്പെടുത്തിയിരിക്കയാണ്. അതേസമയം, സുപ്രധാനമായ വിഷയം പരിശോധിക്കാൻ താഴെത്തട്ടിലുള്ള ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയത് ഗൗരവം കുറച്ചുകാണലാണെന്ന ആക്ഷേപവുമുയരുന്നു.

സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ ലൈംഗിക പീഡനങ്ങൾ തടയൽ നിയമം (പോഷ് ആക്ട്) ഫലപ്രദമായി നടപ്പാക്കണമെന്നും ഹേമ കമ്മിഷൻ നിർദ്ദേശിച്ചു. റിപ്പോർട്ടിലെ സുപ്രധാന ശുപാർശകളടക്കം സർക്കാർ പുറത്തുവിട്ടിട്ടില്ല. സ്ഫോടനാത്മക വെളിപ്പെടുത്തലുകൾ സിനിമാരംഗത്തെ പിടിച്ചുലയ്ക്കുമെന്നതിനാലാണ് റിപ്പോർട്ട് പുറത്തു വിടാത്തതെന്നാണ് സർക്കാർ വൃത്തങ്ങൾ സൂചിപ്പിച്ചിരുന്നത്.

അവസരം വേണമെങ്കിൽ കിടക്ക പങ്കിടാൻ ക്ഷണം

നടി പാർവതി തിരുവോത്ത്, സംവിധായിക അഞ്ജലി മേനോൻ, നടിയെ ആക്രമിച്ച കേസിൽ പ്രതിയായ നടൻ ദിലീപ് തുടങ്ങിയവരിൽ നിന്നെല്ലാം കമ്മിഷൻ മൊഴിയെടുത്തിരുന്നു. സിനിമയിൽ അവസരം ലഭിക്കാൻ കിടക്ക പങ്കിടാനാവശ്യപ്പെടുന്നതായും മറ്റു രീതിയിൽ ചൂഷണം ചെയ്യുന്നതായും നിരവധി പേരാണ് കമ്മിഷനെ ബോധിപ്പിച്ചത്. ഇതിന് പിൻബലം നൽകുന്ന ഓഡിയോ ക്ലിപ്പുകളും മെസ്സേജുകളും പലരും ഹാജരാക്കി. ഷൂട്ടിംഗ് സ്ഥലത്ത് ടോയ്‌ലെറ്റോ വസ്ത്രം മാറാൻ സൗകര്യമോ ഉണ്ടാകാറില്ല. ഇത് ചോദിച്ചാൽ മോശമായി പ്രതികരിക്കും. ഇതിന്റെയൊക്കെ അടിസ്ഥാനത്തിലാണ് ചലച്ചിത്രരംഗത്ത് വനിതകൾ ലിംഗപരവും തൊഴിൽപരവുമായ വിവേചനവും ചൂഷണവും നേരിടുന്നുണ്ടെന്ന നിഗമനത്തിൽ കമ്മിഷൻ എത്തിയത്.

ക്ലാസിഫൈഡ് രേഖകൾ പുറത്തുവിടേണ്ട

വിവരാവകാശ നിയമം എട്ടാം വകുപ്പിലെ രണ്ടാം ഷെഡ്യൂൾ പ്രകാരം രാജ്യസുരക്ഷയെ ബാധിക്കുന്നതും വിശ്വാസയോഗ്യമായ മൊഴികളുടെ അടിസ്ഥാനത്തിൽ സൂക്ഷിക്കേണ്ട രഹസ്യവിവരങ്ങളും പുറത്തുവിടേണ്ടതില്ല. ക്ലാസിഫൈഡ് രേഖകൾ എന്നാണിവ അറിയപ്പെടുന്നത്. ഹേമ കമ്മിഷന് ലഭിച്ച പല മൊഴികളും അത്തരത്തിലുള്ളതാണ്.


" പരിശോധനാ സമിതിയോട് അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പോർട്ട് കിട്ടിയ ശേഷം നിയമനിർമാണമടക്കം ആലോചിക്കും "-

മന്ത്രി സജി ചെറിയാൻ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CINEMA
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.