SignIn
Kerala Kaumudi Online
Thursday, 25 April 2024 7.38 AM IST

കൈവിട്ട ജാഗ്രത തിരികെ പിടിക്കണം

photo

രാജ്യത്തിന്റെ ഇതര ഭാഗങ്ങൾക്കൊപ്പം കേരളത്തിലും കൊവിഡ് - ഒമിക്രോൺ ബാധിതരുടെ സംഖ്യ കുതിച്ചുയരുകയാണ്. ലോകരാജ്യങ്ങളിലെ സ്ഥിതി ഇന്ത്യയെക്കാൾ ഏറെ ഭയാനകമാണ്. കാര്യങ്ങൾ നിയന്ത്രണാധീനമായി വരുന്നു എന്ന പ്രതീതി ശക്തിപ്പെടുന്നതിനിടയിലാണ് സംസ്ഥാനത്ത് വീണ്ടും രോഗം പടരുന്നത്. തിങ്കളാഴ്ച പുതുതായി രോഗം ബാധിച്ചവരുടെ ഇരട്ടിയാണ് ചൊവ്വാഴ്ച ഉണ്ടായത്. ആരോഗ്യമേഖലയെയും സർക്കാരിനെയും ഒരുപോലെ സമ്മർദ്ദത്തിലാക്കുന്ന സ്ഥിതിവിശേഷമാണ് മുന്നിലുള്ളത്.

മഹാമാരിയെ നേരിടാൻ എല്ലാം അടച്ചുപൂട്ടി വീടുകളിൽത്തന്നെ കഴിയുക എന്ന പഴയ മാതൃക ഇനി ഗുണകരമാകില്ലെന്നു ബോദ്ധ്യമായിക്കഴിഞ്ഞു. അതുകൊണ്ടു തന്നെയാണ് ലോക്ക്‌ഡൗണിനെക്കുറിച്ച് ആലോചിക്കുന്നില്ലെന്ന് ആദ്യമേ സർക്കാർ വ്യക്തമാക്കിയത്. ലോക്ക്‌ഡൗൺ ജനങ്ങൾക്കും സമ്പദ് മേഖലയ്ക്കും വരുത്തിവച്ച ആഘാതം ചെറുതായിരുന്നില്ല. എല്ലാ മേഖലകളും തുറന്നു പ്രവർത്തിപ്പിച്ചുകൊണ്ടുതന്നെ മഹാമാരിയെ എങ്ങനെ ഫലപ്രദമായി നേരിടാമെന്നതിനാകണം ഇനി ഉൗന്നൽ നല്‌കേണ്ടത്. ഈ ഉദ്യമത്തിൽ ആദ്യം ഉറപ്പാക്കേണ്ടത് ജനങ്ങളുടെ സഹകരണം തന്നെയാണ്.ജനങ്ങൾ സ്വയം സ്വീകരിക്കുന്ന ജാഗ്രതയും മുൻകരുതലുമാണ് കൂടുതൽ ഫലം തരുന്നത്.

രോഗപ്പകർച്ച തടയാനുള്ള ഏറ്റവും നല്ല മാർഗം കേന്ദ്ര - സംസ്ഥാന സർക്കാരുകൾ ഈ വിഷയത്തിൽ മുന്നോട്ടുവച്ചിട്ടുള്ള മാർഗനിർദ്ദേശങ്ങൾ അക്ഷരംപ്രതി അനുസരിക്കുക എന്നതാണ്. മാസ്‌ക് ധരിച്ചില്ലെങ്കിൽ പൊലീസ് പിടിച്ച് പിഴയിടും എന്നാവരുത് ചിന്ത. കൊവിഡിനെ ചെറുക്കാൻ ഏറ്റവും നല്ല മാർഗമെന്ന നിലയ്ക്കാണ് മുഖാവരണം അണിയൽ എന്ന ബോധത്തോടെ വേണം അതു ചെയ്യാൻ. പൊതുഇടങ്ങളിലെ ആൾക്കൂട്ടം ഒഴിവാക്കുക എന്നതും എടുത്തുപറയേണ്ട കാര്യം തന്നെ. നിയന്ത്രണാതീതമായ തോതിലുള്ള ഒത്തുചേരലാണ് ഇപ്പോഴത്തെ രോഗപ്പകർച്ചയ്ക്കു കാരണമെന്ന് പ്രത്യേകം പറയേണ്ടതില്ല. ക്രിസ്‌മസ് - പുതുവത്സരാഘോഷങ്ങളും ഉല്ലാസയാത്രകളും വിനോദസഞ്ചാരവുമെല്ലാം അറിഞ്ഞുകൊണ്ടു കൊവിഡിനെ ക്ഷണിച്ചുവരുത്തിയ ഘടകങ്ങളാണ്.

വിവാഹം, മരണം തുടങ്ങിയ ചടങ്ങുകളിൽ അൻപതിലധികം പേർ പങ്കെടുക്കരുതെന്ന് സർക്കാർ നിബന്ധന വച്ചിട്ടുണ്ട്. എന്നാൽ ചുറ്റും കാണുന്ന ഒത്തുചേരലുകൾ സർക്കാർ നിബന്ധനകളെ പരസ്യമായി വെല്ലുവിളിക്കുന്ന തരത്തിലാണ്. ഭയന്നിട്ടാണെങ്കിലും ജനങ്ങൾ കുറെയൊക്കെ നിയന്ത്രണം പാലിക്കാൻ മുന്നോട്ടുവന്നെന്നിരിക്കും. എന്നാൽ സംഘടിത ശക്തികൾ ഒരിക്കലും അതിനു തയ്യാറാവില്ല. ജനങ്ങൾക്കു വഴികാട്ടേണ്ട രാഷ്ട്രീയ പാർട്ടികൾ തന്നെയാണ് കൊവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്താൻ ഏറ്റവും മുന്നിലുള്ളതെന്ന സങ്കടകരമായ സ്ഥിതി കാണാതിരുന്നുകൂടാ. നിബന്ധനകളും നിയന്ത്രണങ്ങളും എല്ലാവർക്കും ഒരുപോലെ ബാധകമാണെന്ന് എന്നാണവർ മനസിലാക്കുക. രണ്ടു ഡോസ് വാക്സിനെടുത്താലും രോഗം പിടിപെടാമെന്നു തെളിഞ്ഞ സ്ഥിതിക്ക് അതിനുള്ള സാഹചര്യം ഉണ്ടാകാതെ നോക്കുക മാത്രമാണ് ഏക പോംവഴി. ആശുപത്രികളെയും ആരോഗ്യപ്രവർത്തകരെയും വീണ്ടും സമ്മർദ്ദത്തിലാക്കുന്ന തരത്തിൽ രോഗവ്യാപനം ഉണ്ടാകാതിരിക്കാനാകണം ഓരോ വ്യക്തിയും മുൻകരുതലെടുക്കേണ്ടത്. ചൊവ്വാഴ്ച സംസ്ഥാനത്ത് 9066 പേർക്കാണ് പുതുതായി രോഗം പിടിപെട്ടതെന്ന കണക്ക് തീർച്ചയായും നല്ല വാർത്തയൊന്നുമല്ല. അഞ്ചിനു താഴെയെത്തിയ ടി.പി.ആർ വീണ്ടും പതിനഞ്ചിനോട് അടുക്കുകയാണ്. ഇനിയുള്ള ദിവസങ്ങളിൽ ഇനിയും ഉയർന്നേക്കാം. വിദ്യാഭ്യാസ സ്ഥാപനങ്ങൾ തത്‌ക്കാലം പ്രവർത്തിക്കുന്നുണ്ടെങ്കിലും സ്ഥിതി ഗുരുതരമായാൽ അടയ്ക്കേണ്ട സ്ഥിതി വരും. അയൽ സംസ്ഥാനങ്ങളിൽ അതു നടന്നുകഴിഞ്ഞു. വർഷാന്ത്യ പരീക്ഷകൾ ഏറെ അകലത്തല്ലെന്നും ഓർക്കേണ്ടതുണ്ട്. രണ്ടുവർഷമായി പഠനമാകെ അവതാളത്തിലാണ്. കുട്ടികളുടെ ഭാവിയെക്കരുതിയെങ്കിലും കർക്കശമായ നിയന്ത്രണങ്ങൾ പാലിച്ച് മഹാമാരിയെ പടിക്കു പുറത്തുനിറുത്താൻ ജനങ്ങൾ പ്രതിജ്ഞയെടുക്കേണ്ട സമയമാണിത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: COVID
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.