SignIn
Kerala Kaumudi Online
Thursday, 18 April 2024 9.42 AM IST

കെ - റെയിലും ആറന്മുള വിമാനത്താവള പദ്ധതിയും

aranmula

സംസ്ഥാന സർക്കാരിന്റെ കെ - റെയിൽ പദ്ധതിയാണ് നാട്ടിലെങ്ങും ചർച്ച. കെ - റെയിലിന്റെ കല്ല് പിഴുതു കളയുമെന്നും, കല്ല് പറിക്കുന്നവന്റെ പല്ല് പറിക്കുമെന്നും വാഗ്വാദങ്ങൾ കനക്കുന്നു. ചർച്ചക്കാരുടെ മുന്നിലേക്ക് മറ്റൊരു വിഷയം കൂടി. കെ- റെയിലിനും ആറന്മുള വിമാനത്താവള പദ്ധതിക്കും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ ? ഇല്ലെന്ന് ഒറ്റനോട്ടത്തിൽ തോന്നാം. ഒന്നു ചുഴിഞ്ഞു നോക്കിയാൽ രണ്ടും തമ്മിൽ ചില സാദൃശ്യങ്ങൾ കാണാം. ഒന്ന് സെമി ഹൈസ്പീഡ് റെയിൽപ്പാത ആണെങ്കിൽ അടുത്തത് വിമാനത്താവളം ആണെന്ന വ്യത്യാസം മാത്രം.

എന്താണ് കെ - റെയിലും ആറന്മുള വിമാനത്താവളവും തമ്മിലുള്ള അടുപ്പം?. മണ്ണിന്റെ, പ്രകൃതിയുടെ, പരിസ്ഥിതിയുടെ അടുപ്പമാണ്. വിമാനത്താവള പദ്ധതിക്കാരെ കെട്ടുകെട്ടിച്ചത് ആറന്മുളയിലെ മണ്ണും പ്രകൃതിയും തണ്ണീർത്തടങ്ങളും നീർച്ചാലുകളുമായിരുന്നു. നീരൊഴുക്കും ജലാശയങ്ങളും നികത്തി ഉയർത്തി വിമാനത്താവളം പണിതാലുണ്ടാകുന്ന പാരിസ്ഥിതിക പ്രശ്നങ്ങളെ അന്നത്തെ ഉമ്മൻചാണ്ടി സർക്കാർ അവഗണിച്ചപ്പോൾ സമരം തുടങ്ങിയത് എൽ.ഡി.എഫും ബി.ജെ.പിയും ഒന്നിച്ചായിരുന്നു. പദ്ധതിക്ക് അനുമതി കൊടുത്തത് തങ്ങളല്ല അതിനു മുൻപത്തെ വി.എസ് അച്യുതാനന്ദൻ സർക്കാരാണെന്ന കോൺഗ്രസ് വാദം കൊണ്ട് ഒരു പ്രയോജനവുമുണ്ടായില്ല. കവയിത്രി സുഗതകുമാരിയായിരുന്നു ആറന്മുള പദ്ധതിയ്‌ക്കെതിരായ സമരത്തിന് നേതൃത്വം കൊടുത്തത്. ആറന്മുളയെന്ന പൈതൃകഗ്രാമത്തെ സംരക്ഷിച്ചു നിറുത്തേണ്ടതാണെന്ന് മറ്റാരേക്കാളും നന്നായിട്ട് അറിയാമായിരുന്നതും പറഞ്ഞതും പാടിയതും സുഗതകുമാരിയായിരുന്നു. ആറന്മുള പദ്ധതിയുടെ അനുമതികളെല്ലാം റദ്ദാക്കി കമ്പനിയെ നാടുകടത്തിയത് ഒന്നാം പിണറായി സർക്കാരാണ്. പദ്ധതി നടപ്പാക്കിയിരുന്നെങ്കിൽ പ്രളയകാലത്തെയും വരണ്ട കാലത്തെയും ആറന്മുളയിലെ ഭൂപ്രകൃതിയും ജനജീവിതവും എത്രമാത്രം ദു:സഹമാകുമെന്ന ബോദ്ധ്യത്തിൽ നിന്നാണ് സർക്കാർ ഉണർന്നത്.

കെ - റെയിൽ പദ്ധതി ആവശ്യമെന്നും അനാവശ്യമെന്നും വാദങ്ങൾ ഉയർന്ന നിലവിലെ സ്ഥിതി വിശേഷമാണ് ആറന്മുള പദ്ധതി വിവാദത്തിലകപ്പെട്ടപ്പോഴും ഉണ്ടായിരുന്നത്. ആറന്മുള പദ്ധതി പ്രദേശം 700 ഏക്കർ സ്ഥലമായിരുന്നു. ഭൂരിഭാഗവും പാടശേഖരങ്ങളും തണ്ണീർത്തടങ്ങളും.

പാടശേഖരങ്ങളും നീർച്ചാലുകളും

കെ - റെയിൽ പദ്ധതി കടന്നുപോകുന്ന 530 കിലോമീറ്ററിൽ 280 കിലോമീറ്ററും പാടശേഖരമാണെന്നാണ് പുറത്തുവരുന്ന വിവരം. കെ -റെയിൽപ്പാതയ്‌ക്കായി ഏറ്റെടുക്കുന്ന പാടശേഖരങ്ങളിലെ സ്ഥലങ്ങൾ ഏഴ് മീറ്റർ വരെ ഉയർത്തേണ്ടി വരുമെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. പാടശേഖരങ്ങളുടെ വിസ്തൃതി കുറയും. ഈ ഭാഗത്ത് തണ്ണീർത്തടങ്ങളും നീർച്ചാലുകളും ഉണ്ടെങ്കിൽ നികത്തപ്പെടും. ആറന്മുളയിൽ കണക്കാക്കിയതിനേക്കാൾ പതിൻമടങ്ങ് ഏക്കർ നെൽപ്പാടങ്ങളും നീർത്തടങ്ങളും നികത്തപ്പെടുന്നതായിരിക്കും കെ-റെയിൽപ്പാത. കർഷകരെയും പാവങ്ങളെയും പ്രതിനിധീകരിക്കുന്ന സർക്കാർ നെൽപ്പാടങ്ങളെ സംരക്ഷിക്കാൻ കടമപ്പെട്ടവരല്ലേ?. ഇടതു സഹയാത്രികരുടെ മേധാവിത്വമുള്ള ശാസ്ത്രസാഹിത്യ പരിഷത്ത് പോലുള്ള പ്രസ്ഥാനങ്ങൾ ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയതാണ്. സംശയങ്ങൾക്ക് ഉത്തരം നല്‌കാതെയായിരുന്നു ആറന്മുള പദ്ധതിക്ക് അന്നത്തെ യു.ഡി.എഫ് സർക്കാർ പച്ചക്കൊടി കാട്ടിയത്. ഇപ്പോഴത്തെ കെ - റെയിൽ പദ്ധതിയുടെ കാര്യത്തിലും സമാനമായ അവസ്ഥയാണുള്ളത്. ആറൻമുള വിഷയത്തിൽ പരിസ്ഥിതി സംരക്ഷണത്തിന്റെ കാര്യത്തിൽ ആശങ്ക ഉയർന്ന ഘട്ടങ്ങളിൽ നാട്ടുകാർക്ക് പിന്തുണയും സഹായവും നൽകാൻ ഇപ്പോഴത്തെ സർക്കാരിലെ പല പ്രമുഖരുമുണ്ടായിരുന്നു. ഉന്നത സി.പി.എം, സി.പി.എെ നേതാക്കളുണ്ടായിരുന്നു. കെ- റെയിലിന്റെ കാര്യത്തിലും ഇത്തരം ആശങ്കകൾ സ്വാഭാവികമാണ്. പ്രതിഷേധിക്കുന്നവർക്കു നേരെ കയ്യൂക്ക് കാട്ടാതെ സംശയങ്ങൾ ദുരീകരിച്ച് പോയാൽ പദ്ധതി നടത്തിപ്പിനോട് എതിർപ്പ് കുറഞ്ഞേക്കും. സ്ഥലം ഏറ്റെടുക്കുമ്പോൾ വീടും കൃഷിയിടങ്ങളും ഇല്ലാതാകുന്നത് സാധാരണക്കാരുടെതും പാവങ്ങളുടേതുമാണ്. തലമുറകളായി താമസിച്ചുവരുന്ന ഇടങ്ങളിൽ നിന്ന് ഒഴിഞ്ഞുപോകേണ്ട സ്ഥിതിവിശേഷം വൈകാരികത നിറഞ്ഞതാണ്. അതുകൊണ്ടാണ് പ്രതിഷേധങ്ങൾക്ക് ശക്തി കൂടുന്നത്. കെ റെയിൽ പദ്ധതിക്കായി രാഷ്ട്രീയ നേതാക്കളുടെയോ മറ്റ് ഏതെങ്കിലും പ്രമുഖരുടെയോ സ്ഥലം ഏറ്റെടുക്കുന്നതായി ഇതുവരെ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. വൻകിട പദ്ധതിക്കു വേണ്ടി പലപ്പോഴും വീടും കുടിയും ഉപേക്ഷിക്കേണ്ടി വരുന്നത് പാവങ്ങളാണ്. വീട് നഷ്ടപ്പെടുന്നവർക്ക് എത്രമാത്രം നഷ്ടപരിഹാരവും ജോലിയും കൊടുക്കുമെന്ന് വാഗ്ദാനം ചെയ്താലും ആളുകൾ വിശ്വസിക്കില്ല. പദ്ധതി മുടങ്ങിയാലോ ഇഴഞ്ഞു നീങ്ങിയാലോ ഇൗ വാഗ്ദാനങ്ങൾ ചുവപ്പുനാടകളിൽ കുടുങ്ങും.

ആശങ്ക വെറുതെയല്ല

ആറന്മുള വിമാനത്താവള പദ്ധതി നടപ്പാക്കിയിരുന്നെങ്കിൽ നൂറ് കണക്കിന് കുടുംബങ്ങളുടെ വരുമാന മാർഗം അടയുമായിരുന്നു. പകരം എന്തെന്ന ചോദ്യം ഉയർന്നപ്പോൾ തൊഴിലായിരുന്നു പദ്ധതിയുമായി വന്ന സ്വകാര്യ കമ്പനിയുടെ വാഗ്ദാനം. ഒടുവിൽ, പദ്ധതി തന്നെ അടഞ്ഞ അദ്ധ്യായമായി. കെ റെയിൽ കേരളത്തിന്റെ വികസന മുന്നേറ്റത്തിന് മുതൽക്കൂട്ടായിരിക്കാം. ഇൗ സെമി ഹൈസ്പീഡ് പദ്ധതിയിൽ സാധാരണക്കാർക്ക് എന്ത് തൊഴിലവസരമാണ് ലഭിക്കാൻ പാേകുന്നതെന്ന് കൂടി സർക്കാർ വ്യക്താക്കേണ്ടതുണ്ട്. നാല് മണിക്കൂർ കൊണ്ട് തിരുവനന്തപുരത്ത് നിന്ന് കാസർകോട് എത്തുന്ന കെ - റെയിലിൽ കാപ്പിക്കച്ചവടത്തിന് പോലും സ്കോപ്പില്ലെന്നാണ് അറിയുന്നത്. കെ - റെയിലിൽ സ്റ്റോപ്പുള്ളയിട‌ത്ത് ടീ സ്റ്റാളോ ബുക്ക് സ്റ്റാളോ ഉണ്ടോയെന്നുപോലും വ്യക്തമല്ല. പിന്നെ തൊഴിൽ സാദ്ധ്യതയുള്ളത് ശുചീകരണ വിഭാഗത്തിലായിരിക്കാം. മറ്റ് പ്രധാന അവസരങ്ങൾ സാങ്കേതിക വൈദഗ്ദ്ധ്യവും പ്രൊഫഷണൽ മികവും പ്രകടിപ്പിക്കുന്നവർക്കാകാം.

പദ്ധതികൊണ്ട് സാധാരണക്കാർക്ക് എന്തെങ്കിലും പ്രയോജനമുണ്ടെങ്കിൽ അത് നേരത്തെ വെളിപ്പെടുത്തിയാൽ പൊതുജനങ്ങളുടെ വിശ്വാസമാർജിച്ച് സർക്കാരിന് മുന്നോട്ടുപോകാൻ കഴിയും. ഭീഷണിയുടെ ഭാഷയിൽ കല്ലിടൽ നടത്തിയാൽ അത് പിഴുതെറിയാനുള്ള പ്രേരണ സൃഷ്ടിക്കപ്പെടും. അതാണിപ്പോൾ അരങ്ങേറിക്കൊണ്ടിരിക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ARANMULA, PTA DIARY
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.