SignIn
Kerala Kaumudi Online
Tuesday, 23 April 2024 2.40 PM IST

സൃഷ്ടിയുടെ രഹസ്യം തേടി

james

പ്രപഞ്ചത്തിലെ ആദ്യ നക്ഷത്രത്തിന്റെ രഹസ്യം തേടി ലോകത്തിലെ ഏറ്റവും വലിയ ടെലിസ്‌കോപ്പായ ജെയിംസ് വെബ് യൂറോപ്പ്യൻ സ്‌പേസ് ഏജൻസിയുടെ അരിയാന റോക്കറ്റിൽ ഫ്രഞ്ച് ഗയാനയിലെ കുറുവിൽ നിന്നും ഇക്കഴിഞ്ഞ ക്രിസ്‌മസ് പുലരിയിൽ പുറപ്പെട്ടു. ലോകത്തിൽ ഇന്നുവരെ നിർമ്മിച്ചിട്ടുള്ളതിൽ വച്ചേറ്റവും വലുതും ഏറ്റവും ശക്തവുമായ ടെലിസ്‌കോപ്പാണ് ജെയിംസ് വെബ്. ഇതിനു മൂന്നുനില കെട്ടിടത്തിന്റെ ഉയരവും ഒരു ടെന്നീസ് കോർട്ടിന്റെ അത്രയും വിസ്താരവുമുണ്ട്. 1990 ഏപ്രിൽ 20 ന് ബഹിരാകാശത്ത് എത്തിച്ചേർന്ന ഹബ്ബിൾ ടെലിസ്‌കോപ്പിന്റെ നീളം 2 . 4 മീറ്റർ മാത്രമായിരുന്നു. ഹബ്ബിളിനെക്കാൾ നൂറുമടങ്ങ് വലിയ ടെലിസ്‌കോപ്പാണ് ജെയിംസ് വെബ്. പ്രത്യേകരീതിയിൽ മടക്കിയാണ് വിക്ഷേപണത്തിന് ഉപയോഗിച്ച റോക്കറ്റിലെ പേടകത്തിൽ ജെയിംസ് വെബ്ബിനെ ഉൾക്കൊള്ളിച്ചതുതന്നെ.

ടെലിസ്‌കോപ്പിന്റെ സംരക്ഷണത്തിന് ഉപയോഗിക്കുന്ന സൺ ഷീൽഡിന് തന്നെ ഒരു ടെന്നിസ് കോർട്ടിന്റെ അത്രയും വലിപ്പമുണ്ട്. ഹബ്ബിളിനെപ്പോലെ ഭൂമിയെ പ്രദക്ഷിണം ചെയ്യാനല്ല ജെയിംസ് വെബ് ഉദ്ദേശിച്ചിട്ടുള്ളത്. ജെയിംസ് വെബ് ഒരു ഒപ്രിക്കൽ ടെലിസ്‌കോപ്പ് ആണ്. എന്നാൽ മനുഷ്യന്റെ കാഴ്ചശക്തിക്ക് പ്രയോജനം ലഭിക്കാത്ത ഇൻഫ്രാറെഡ് രശ്മികൾ ഉപയോഗിച്ചാണ് ടെലിസ്‌കോപ്പ് പ്രപഞ്ചത്തെ നിരീക്ഷിക്കാൻ പോകുന്നത്. ഇൻഫ്രാറെഡ് രശ്മികൾ മനുഷ്യന് ചൂടായിട്ടായിരിക്കും അനുഭവപ്പെടുക.

പ്രപഞ്ചത്തിലെ നക്ഷത്രജാലങ്ങൾക്കും നക്ഷത്രങ്ങൾക്കും അവയുടെ ഗ്രഹങ്ങൾക്കുമിടയിലൂടെയും വാതകപടലങ്ങളിലൂടെയും ചൂഴ്ന്നിറങ്ങി പ്രപഞ്ചോല്പത്തിക്ക് നിദാനമായ വൻസ്ഫോടനത്തിന്‌ ശേഷം 200 മില്ല്യൺ വർഷങ്ങളിലെ സംഭവങ്ങളിലേക്കുവരെ വെളിച്ചം വീശാൻ ജെയിംസ് വെബ്ബിലെ കാമറകൾക്ക് സാധിക്കും. ടെലിസ്‌കോപ്പിന്റെ സൂര്യനെ അഭിമുഖീകരിക്കുന്ന വശവും മറുവശവും തമ്മിൽ 600 ഡിഗ്രി ഫാരെൻ ഹീറ്റിന്റെ താപവ്യത്യാസമായിരിക്കും അനുഭവപ്പെടുക.

ടെലിസ്‌കോപ്പിലെ സ്വർണം പൂശിയ വിസ്തൃതമായ ദർപ്പണമുപയോഗിച്ചാണ് വിദൂരസ്ഥങ്ങളായ നക്ഷത്രങ്ങളെ ഫോക്കസ് ചെയ്യുന്നത്. വിദൂരസ്ഥങ്ങളായ നക്ഷത്രങ്ങളെ കൃത്യമായി ഫോക്കസ് ചെയ്യുന്നതിന് വിസ്തൃതമായ കോൺകേവ് ദർപ്പണങ്ങൾ ആവശ്യമാണ്. സ്വർണം പൂശിയ18 ബെറീലിയം ഭാഗങ്ങൾ ചേർന്നതാണ് ടെലിസ്‌കോപ്പിന്റെ മുഖ്യദർപ്പണം. ഈ 18 ചെറിയ ദർപ്പണങ്ങളെ മടക്കിയാണ് റോക്കറ്റിൽ ഉൾക്കൊള്ളിച്ചിരുന്നത്. ബഹിരാകാശത്തുവച്ച് അവ വിടരുകയും ഒറ്റദർപ്പണമായി സംയോജിപ്പിക്കപ്പെടുകയും ചെയ്യുന്നു. സ്വർണം പൂശുന്നതുകൊണ്ട് ദർപ്പണത്തിനു ഏറ്റവും മിനുസമുള്ള പ്രതലം രൂപപ്പെടുത്തുന്നതിന് മാത്രമല്ല ഇൻഫ്രാറെഡ് രെശ്മികളെ നന്നായി പ്രതിഫലിപ്പിക്കുന്നതിനും സാധിക്കുന്നു. ഭൂമിയിൽ നിന്നും 15 ലക്ഷം കിലോമീറ്റർ അകലെ ലാഗ് റേഞ്ച് 2 എന്ന ഒരു നിർണായക ബിന്ദുവിനെയാണ് ജെയിംസ് വെബ് ലക്ഷ്യമിട്ടിരിക്കുന്നത്.

ഭൂമിയിൽ നിന്നും 15 ലക്ഷം കിലോമീറ്റർ അകലത്തിൽ സൂര്യനെയായിരിക്കും ജെയിംസ് വെബ് പ്രദക്ഷിണം ചെയ്യുക. ലാഗ് റേഞ്ച് പോയിന്റിൽ ഭൂമിയുടെയും സൂര്യന്റെയും ഗുരുത്വാകഷർണം സന്തുലിതാവസ്ഥയിൽ എത്തിനില്‌ക്കുന്നു എന്നതുകൊണ്ടു ഉപഗ്രഹത്തിനു അല്ലെങ്കിൽ ടെലിസ്‌കോപ്പിനു പാർക്ക് ചെയ്യാൻ ഏറ്റവും സുരക്ഷിതമായ സ്ഥാനങ്ങളിൽ ഒന്നാണ് സെക്കൻഡ് ലാഗ് റേൻജ് പോയിന്റ് (L2 ). ഇവിടെ ടെലിസ്‌കോപ്പിന്റെ ചലനത്തെ നിയന്ത്രിക്കാൻ ഇന്ധനത്തിന്റെ ആവശ്യം പരിമിതമായി മാത്രമേ വേണ്ടിവരുന്നുള്ളൂ. ഭൂമിയോടൊപ്പം പേടകത്തിന് സഞ്ചരിക്കാൻ പറ്റുന്ന സ്ഥാനമാണ് L 2 . ഈ പോയിന്റിൽ നിന്നും സൂര്യനെയും ഭൂമിയെയും സദാ വീക്ഷിച്ചു കൊണ്ടിരിക്കാൻ സാധിക്കും. ബഹിരാകാശത്ത് ഒരുമാസം തുടർച്ചയായി സഞ്ചരിച്ചെങ്കിൽ മാത്രമേ ടെലിസ്‌കോപ് കൃത്യമായി ലക്ഷ്യസ്ഥാനമായ സെക്കൻഡ് ലാഗ്രേഞ്ച് പോയിന്റിൽ എത്തുകയുള്ളൂ. വീണ്ടും അഞ്ചുമാസത്തോളം നീണ്ടുനില്‌ക്കുന്ന തയ്യാറെടുപ്പുകൾക്കു ശേഷമേ ശാസ്ത്രീയ നിരീക്ഷണങ്ങൾ തുടങ്ങുകയുള്ളു. മഹാ വിസ്‌ഫോടനത്തെ തുടർന്ന് പ്രപഞ്ചത്തിൽ എന്തെല്ലാമായിരിക്കും സംഭവിച്ചിരിക്കുക എന്ന് തുടങ്ങുന്ന കാര്യങ്ങളാണ് പ്രധാനമായും ടെലിസ്‌കോപ് അന്വേഷിക്കുക. പ്രപഞ്ചത്തിൽ പിറവിയെടുത്ത ആദ്യ നക്ഷത്രത്തെ കണ്ടെത്തുന്നതും ആകാശഗംഗ പോലുള്ള നക്ഷത്രസമൂഹങ്ങൾ എങ്ങനെ രൂപം പ്രാപിച്ചെന്ന് കണ്ടുപിടിക്കുന്നതും ജെയിംസ് വെബ്ബിന്റെ അന്വേഷണ പരിധിയിൽപ്പെട്ട കാര്യങ്ങളാണ്.

(ലേഖകൻ ഐ.എസ്.ആർ.ഒ മുൻ ശാസ്ത്രജ്ഞനാണ് )

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: JAMES WEBB SPACE TELESCOPE
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.