SignIn
Kerala Kaumudi Online
Friday, 19 April 2024 5.51 PM IST

ഗവേഷണങ്ങൾ നീണാൾ വാഴ്‌കെ

photo

ഒടുവിൽ പതിമൂന്ന് യൂണിവേഴ്സിറ്റികൾക്കു നാഥനില്ലാതായി. ഒരു മാസം കഴിയുന്നു. കേരളമാണിത്. എല്ലാപേരും ഒന്നിച്ച് ഒരു പർവതത്തിനും കടലിനുമിടയിൽ കഴിയുന്നു. എല്ലാം മക്കളെ പഠിപ്പിക്കാൻ. പഠിപ്പിച്ച് ഒരു നിലയിലെത്തിക്കാൻ. ആ മുൻ ചിന്തയാണ് കേരളത്തിന്റെ പൂർണ സാക്ഷരത. 13 യൂണിവേഴ്സിറ്റികൾ.

ഉന്നത വിദ്യാഭ്യാസത്തെക്കുറിച്ച് ജനം ചിന്തിച്ചു. മക്കൾ പഠിച്ച് വലുതായപ്പോൾ വിദ്യാഭ്യാസത്തിന്റെ അന്തസ് ഉയർത്തിപ്പിടിച്ചു. കേരള യൂണിവേഴ്സിറ്റിയുടെ നിലവാരം കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയെ പോലെ ഓക്സ്‌ഫോർഡ് യൂണിവേഴ്സിറ്റിയെ പോലെ ഉയർന്നുനിന്നു.

പണ്ട് വിവാഹത്തിന് 'മംഗളപത്രം" ഇറക്കുമായിരുന്നു. മിനുമിനുത്ത കട്ടി കടലാസാണ്. ഒരു വശത്തെ നിറം മഞ്ഞ. മറുവശം ഇളം ചുവപ്പ്. ഈ പുറത്ത് മണവാളന്റേയും മണവാട്ടിയുടേയും മേൽവിലാസം. രണ്ടുവശത്തായി. മദ്ധ്യത്ത് ഗണപതിയുടേയോ തൃപ്പാദങ്ങളുടേയോ ചിത്രം. താഴെ ഏതാനും കൊള്ളാവുന്ന വരികൾ. ആവുന്നത്ര സാഹിത്യഭംഗിയോടെ. ഏറ്റവും ഒടുവിൽ 'പുതുജീവിതത്തിലേക്കു പദമൂന്നിയിരിക്കുന്ന നിങ്ങൾക്കു മംഗളാശംസകൾ." പിന്നെ ആശംസകരുടെ ഒപ്പും. അച്ചിട്ടെടുക്കുന്ന ആ പത്രത്തിനു നല്ല ഗമയാണ്. അക്കാലത്ത്, എന്നു പറഞ്ഞാൽ ആളുകൾ പേർഷ്യയിൽ പോയി തുടങ്ങിയ കാലത്ത്. ചിലർ ഈ മംഗളപത്രം യൂണിവേഴ്സിറ്റി നല്‌കുന്ന 'ഡിഗ്രി ഡിപ്ളോമ"യാണെന്നു അറബികളെ ബോധിപ്പിക്കും. ജോലിയും ഒപ്പിക്കും.

കാലം കഴിയുന്നു. പുറംരാജ്യങ്ങളിൽ ജോലി വേണോ. കേരളത്തിലെ ഡിഗ്രിക്കു സാക്ഷ്യപ്പെടുത്തൽ വേണ്ടിവന്നു. നോട്ടറിയുടെ സാക്ഷ്യപ്പെടുത്തലായിരുന്നു ആദ്യം. തുടർന്ന് നോട്ടറിയുടെ ഒപ്പിനു ഹോം ഡിപ്പാർട്ടുമെന്റിന്റെ സാക്ഷ്യപ്പെടുത്തൽ വന്നു. കുറെ കഴിഞ്ഞു. അവിടേയും നിന്നില്ല. ഈ സാക്ഷ്യപ്പെടുത്തിയ രേഖകൾ വീണ്ടും യൂണിവേഴ്സിറ്റിക്ക് അയച്ച് നിജസ്ഥിതി തേടി.

കോളേജ് അദ്ധ്യാപക ജോലിക്ക് യു.ജി.സി നിബന്ധനകൾ വച്ചു. എം.ഫിൽ, പിഎച്ച്.ഡി എന്നിങ്ങനെ ഉന്നത വിദ്യാഭ്യാസ ഡിഗ്രികളുണ്ടായി. ഇൗ രണ്ടിലും കൂടിയവൻ പിഎച്ച്.ഡി എന്നുവച്ചാൽ ഡോക്ടർ ഒഫ് ഫിലോസഫി. ഗവേഷണത്തിനും പ്രബന്ധങ്ങളുടെ പ്രസിദ്ധീകരണത്തിനുമായി മൂന്നുവർഷം മുതൽ ആറുവർഷംവരെ സമയം കിട്ടും. മാസ്റ്റേഴ്സ് ഡിഗ്രി മാത്രം പോരാ. ഗവേഷണത്തിന് അനുപമമായ കഴിവ് വേണം. അനിതര സാധാരണമായ ബുദ്ധിവൈഭവം വേണം. സമർപ്പണബോധം വേണം. ഇംഗ്ളീഷ് ഭാഷ, ജന്തുശാസ്ത്രം, രസതന്ത്രം, ഉൗർജ്ജതന്ത്രം തുടങ്ങി മിക്ക ഭാഷകളിലും വിഷയങ്ങളിലും ഗവേഷണമാകാം. വിദൂരവിദ്യാഭ്യാസക്കാർക്ക് രക്ഷയില്ല.

പക്ഷേ ഇന്ന് കേരളത്തിലെ ഉന്നതവിദ്യാഭ്യാസം എവിടെ എത്തിനില്‌ക്കുന്നു. ചാൻസലറും വൈസ് ചാൻസലറും പ്രോ വൈസ്ചാൻസലറും ഒക്കെ വേണ്ടേ യൂണിവേഴ്സിറ്റിക്ക്. ഉന്നതരിൽ ഉന്നതന്മാർ തമ്മിൽ പലവിധ തർക്കം. ഫയലുകൾ എടുക്കുന്നില്ല. എടുത്തവ കുന്നുകൂടി കിടക്കുന്നു. വിദ്യാഭ്യാസരംഗത്ത് നിശ്ചലത. ജീവനക്കാരുടെ നിസഹായത. ഒക്കെ ഒന്നു ചൂടുപിടിച്ചു വന്നപ്പോൾ സിൽവർലൈൻ എടുത്തിട്ടു. കല്ലിട്ടു. സംഗമങ്ങളായി. കോടികളുടെ കണക്കുകളായി. വിദ്യാഭ്യാസരംഗത്തിന് അതോടെ `മാസ്‌ക്കു'മായി.

ഒരു സിംഗ്ജിയുടെ ഗവേഷണമുണ്ടായിരുന്നു. കാലത്തിന് അനുയോജ്യം. സിംഗിന് പിഎച്ച്.ഡി വേണം. ഇന്നതുവരെ ആരും ചെയ്യാത്ത ഒന്നായിരിക്കണം ഗവേഷണ വിഷയം. അയാൾ ചിന്തിച്ചിരിക്കുമ്പോൾ മേശപ്പുറത്തുകൂടി ഒരു `പാറ്റ'

ഒാടിപ്പോയി. സിംഗ് അതിനെ പിടികൂടി. ഒരു കാല് മുറിച്ചുമാറ്റി. മേശപ്പുറത്ത് തിരികെവച്ചു. പാറ്റയോട് `ഒാടാൻ' പറഞ്ഞു. പാറ്റ `ഒാടി.' ചിറകുകൾ മുറിച്ചു. ഒാടാൻ പറഞ്ഞു. പാറ്റ ഒാടി. ബാക്കി കാലുകളും മുറിച്ചുമാറ്റി. എന്നിട്ട് പാറ്റയെ മേശപ്പുറത്തുവച്ചു. `ഒാടാൻ ' പറഞ്ഞു. പാറ്റ ഒാടിയില്ല.

സിംഗ് ജി തുള്ളിച്ചാടി. ഉറക്കെ വിളിച്ചു പറഞ്ഞു. `` എന്റെ ഗവേഷണം വിജയിച്ചു. ഒരു പാറ്റയുടെ എല്ലാ കാലുകളും മുറിച്ചുമാറ്റുന്നതോടെ, ചിറകുകൾ മുറിച്ചെടുക്കുന്നതോടെ അതിന്റെ `ശ്രവണശക്തി' നശിക്കുന്നു.''

കേരളത്തിൽ ഇത്തരം ഗവേഷണങ്ങൾ ഉണ്ടാകാതിരിക്കട്ടെ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: UNIVERSITIES OF KERALA
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.