SignIn
Kerala Kaumudi Online
Saturday, 22 January 2022 2.44 AM IST

ഇനിയുമെത്ര ധീരജുമാർ...

dheeraj

അന്ന് അഭിമന്യു, ഇന്ന് ധീരജ്. ഇരുവരും സ്വന്തം നാടുവിട്ടു പോയി പഠിച്ചവർ, പാട്ടുകൊണ്ട് കാമ്പസിന്റയും, ഹോസ്റ്റലിന്റെയും മനം കവർന്നവർ. മോഹങ്ങളും, പ്രതീക്ഷകളും ഏറെയുണ്ടായിരുന്നവർ. ക്യാംപസിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ ഇരകൾ.

വട്ടവട സ്വദേശിയായ അഭിമന്യു കൊല്ലപ്പെട്ടത് എറണാകുളം മഹാരാജാസ് ക്യാംപസിലായിരുന്നെങ്കിൽ മൂന്ന് വർഷങ്ങൾക്കിപ്പുറം കണ്ണൂർ സ്വദേശിയായ ധീരജിന്റെ മരണം ഇടുക്കി എൻജിനിയറിംഗ് കോളേജ് ക്യാംപസിലായിരുന്നു. അഭിമന്യുവിന്റെ പിന്നിലേറ്റ കുത്ത് നെഞ്ചുതകർത്ത് പുറത്ത് വന്നെങ്കിൽ ധീരജിന് കുത്തേറ്റത് ഇടനെഞ്ചിലായിരുന്നു. കമ്പ്യൂട്ടർ സയൻസിൽ ഏറെ താത്പര്യമുണ്ടായിരുന്ന ധീരജ് അലോട്‌മെന്റ് വഴിയാണ് ഇടുക്കി എൻജിനീയറിംഗ് കോളേജിലെത്തിയത്. സ്വന്തം നാട്ടുകാർ ഏറെയുണ്ടായിരുന്ന കോളേജ് ധീരജിന് പെട്ടെന്ന് പ്രിയപ്പെട്ടതായി മാറി. നല്ല ജോലിയും സ്വപ്നം കണ്ടു. മഹാരാജാസിന്റെ അഭിമന്യുവിനെ പോലെ നാടൻ പാട്ടുകൾ പാടിയായിരുന്നു അവൻ എല്ലാവരുടെയും മനം കവർന്നത്. പഠനത്തിലും മിടുക്കനായിരുന്നു.

രണ്ടായിരത്തിൽ പ്രവർത്തനമാരംഭിച്ച ഇടുക്കി പൈനാവ് എൻജിനിയറിംഗ് കോളേജിൽ രാഷ്ട്രീയ തർക്കങ്ങൾ നടക്കാറുണ്ടെങ്കിലും ആയുധം ഉപയോഗിച്ചുള്ള സംഘർഷം ആദ്യമായിരുന്നു. 1200 വിദ്യാർത്ഥികൾ പഠിക്കുന്ന ക്യാമ്പസിൽ വ്യത്യസ്ത രാഷ്ട്രീയം പിന്തുടരുന്നവരുണ്ടെങ്കിലും കലാലയമുറ്റത്ത് അവരൊന്നായിരുന്നു. കോളേജ് ക്യാംപസിനുള്ളിൽ ഉടലെടുക്കുന്ന പ്രശ്‌നങ്ങൾ അവിടെത്തന്നെ തീർന്നിരുന്നു. എന്നാൽ ഈ സംഭവം എല്ലാവരെയും ഞെട്ടിച്ചു.

തിങ്കളാഴ്ച മോശം ദിവസം

സാങ്കേതിക സർവകലാശാല യൂണിയൻ തിരഞ്ഞെടുപ്പായിരുന്നു തിങ്കളാഴ്ച. എസ്.എഫ്.ഐയ്ക്ക് വ്യക്തമായ ആധിപത്യമുള്ള ക്യാംപസാണ് ഇടുക്കി ഗവ. എൻജിനിയറിംഗ് കോളേജ്. രാവിലെതന്നെ വലിയ ഉത്സാഹത്തിലായിരുന്നു ധീരജും മറ്റ് സഖാക്കളും. ഉച്ചയ്ക്ക് ഒരു മണിക്ക് ശേഷം കൊവിഡ് നിരീക്ഷണത്തിലുള്ളവർക്ക് വോട്ടുചെയ്യാനുള്ള അവസരമായിരുന്നു. ഈ സമയം ധീരജും മറ്റുള്ളവരും കോളേജിന് പുറത്തേക്ക് വരികയായിരുന്നു. ഗേറ്റിന് വെളിയിലായി ആറോളം യൂത്ത്കോൺഗ്രസ്- കെ.എസ്.യു പ്രവർത്തകർ കാത്ത് നില്‌ക്കുന്നുണ്ടായിരുന്നു. യൂത്ത് കോൺഗ്രസ് വാഴത്തോപ്പ് മണ്ഡലം പ്രസിഡന്റ് നിഖിൽ പൈലി,​ ഇടുക്കി മണ്ഡലം പ്രസിഡന്റ് ജെറിൻ ജോജോ,​ കോളേജിലെ കെ.എസ്.യു യൂണിറ്റ് സെക്രട്ടറി അലക്സ് റാഫേൽ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. പുറമേ നിന്നുള്ളവർ ക്യാംപസിനകത്ത് കയറരുതെന്ന് എസ്.എഫ്.ഐ പ്രവർത്തകർ ഇവരോട് പറഞ്ഞു. ഇതേചൊല്ലി ഇരുകൂട്ടരും തമ്മിലുണ്ടായ വാക്കേറ്റം സംഘർഷത്തിൽ കലാശിച്ചു. ഇതിനിടെ യൂത്ത്കോൺഗ്രസുകാർ പിന്തിരിഞ്ഞോടി. പിന്നാലെയെത്തിയ എസ്.എഫ്.ഐ പ്രവർത്തകനായ അഭിജിത് ടി. അനിലിനെ അപ്രതീക്ഷിതമായി നിഖിൽ പൈലി തന്റെ പാന്റ്സിന്റെ പോക്കറ്റിൽ കരുതിയിരുന്ന കത്തിയെടുത്ത് കുത്തുകയായിരുന്നു. പിന്നാലെയെത്തിയ എ.എസ്. അമലിനെയും നിഖിൽ കുത്തി. ഇതിന് ശേഷം ഓടിരക്ഷപ്പെടാൻ ശ്രമിച്ച നിഖിലിനെ ധീരജ് തടഞ്ഞു. ഉടൻ നിഖിൽ ധീരജിന്റെ നെഞ്ചിന്റെ ഇടതുഭാഗത്ത് ആഞ്ഞുകുത്തി. തുടർന്ന് രക്ഷപ്പെട്ട ഇയാളെ പിന്നീട് അടിമാലിക്കടുത്ത് കരിമണലിൽ ബസിനുള്ളിൽ പൊലീസ് പിടികൂടുകയായിരുന്നു.

തിരിഞ്ഞുനോക്കാതെ പൊലീസ്

തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സംഘർഷ സാദ്ധ്യത കണക്കിലെടുത്ത് കോളേജ് അധികൃതർ പൊലീസിന്റെ സഹായം ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് കാമ്പസിന് മുന്നിൽ പൊലീസുകാർ ഡ്യൂട്ടിയിലുണ്ടായിരുന്നു. കുത്തേറ്റു രക്തം വാർന്നുകിടന്ന ധീരജിനെ ആശുപത്രിയിലെത്തിക്കണമെന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരോട് വിദ്യാർത്ഥികൾ പറഞ്ഞപ്പോൾ അവിടെ കിടക്കട്ടെ എന്നായിരുന്നത്രേ മറുപടി.

ഈ സമയത്താണ് അതുവഴി ജില്ലാ പഞ്ചായത്ത് കമ്മിറ്റിയിൽ പങ്കെടുക്കാൻ ജില്ലാ പഞ്ചായത്തംഗം കെ.ജി. സത്യൻ കാറിലെത്തിയത്. ജില്ലാ പഞ്ചായത്ത് ആസ്ഥാനത്തേക്ക് പ്രവേശിക്കുന്ന അതേ കവാടത്തിലൂടെയാണ് എൻജിനിയറിംഗ് കോളേജിലേക്കും പോകുന്നത്. കവാടം കടന്ന് മുന്നോട്ടു പോകുന്നതിനിടെ ചില വിദ്യാർത്ഥികൾ ഓടിയെത്തി കാർ തടഞ്ഞ് കാര്യം പറഞ്ഞു. കാറുമായി സത്യൻ എത്തുമ്പോൾ ധീരജ് നെഞ്ചിൽ കൈ അമർത്തി നിലത്ത് കിടക്കുകയായിരുന്നു. ഈ സമയം ഓടിക്കൂടിയവരും വിദ്യാർത്ഥികളും ചേർന്ന് കാറിൽ കയറ്റി. ചോര അധികം വാർന്നിരുന്നില്ലെന്നും സത്യൻ ഓർക്കുന്നു. കാറിൽ ഇടുക്കി മെഡിക്കൽ കോളേജിലെത്തിക്കുമ്പോൾ ധീരജിന് ജീവനുണ്ടായിരുന്നു. കാറിൽവച്ച് ഞരങ്ങിയിരുന്നു. ആശുപത്രിയിലെത്തി 15 മിനിട്ടിനകം ധീരജ് മരിച്ചതായി ഡോക്ടർമാർ അറിയിച്ചതായും അദ്ദേഹം പറയുന്നു.

കെ.ജി. സത്യൻ പൈനാവിൽ നടത്തിയിരുന്ന മെൻസ് ഹോസ്റ്റലിലായിരുന്നു ധീരജ് കോളേജിലെത്തിയ ആദ്യകാലത്ത് താമസിച്ചിരുന്നത്. ആവശ്യങ്ങൾക്ക് സ്ഥിരമായി ഫോണിലും ബന്ധപ്പെട്ടിരുന്നു. പക്ഷേ, ആശുപത്രിയിലെത്തിക്കാനുള്ള തത്രപ്പാടിനിടയിൽ ധീരജാണ് തന്റെ കാറിന് പിന്നിൽ മുറിവേറ്റ് കിടക്കുന്നതെന്ന് സത്യൻ അറിഞ്ഞിരുന്നില്ല. മരണശേഷം സഹപാഠികൾ പറയുമ്പോഴാണ് ധീരജിനെ തിരിച്ചറിഞ്ഞത്. ധീരജിനെ കയറ്റാനായി കോളേജിന്റെ ഭാഗത്തേക്ക് പോകുമ്പോഴും തിരികെ ആശുപത്രിയിലേക്ക് പോകുമ്പോഴും പ്രതി നിഖിലും മറ്റൊരാളും താഴേക്ക് നടന്നുവരുന്നത് കണ്ടതായി കെ.ജി. സത്യൻ ഓർക്കുന്നു.

ഞെട്ടലിൽ സഹപാഠികൾ

ഉറ്റചങ്ങാതി, പ്രിയ ഗായകൻ അങ്ങനെ എല്ലാമെല്ലാമായ ധീരജ് കൺമുന്നിൽ കുത്തേറ്റു വീഴുന്നതു കണ്ടതിന്റെ ഞെട്ടലിലായിരുന്നു അവർ. ആരോടും മിണ്ടാതെ ഇടുക്കി മെഡിക്കൽ കോളേജിൽ കൂടി നിന്ന ധീരജിന്റെ സഹപാഠികളെ ആശ്വസിപ്പിക്കാൻ സി.പി.എം എസ്.എഫ്‌.ഐ നേതാക്കൾ പാടുപെട്ടു. ഉച്ചക്ക് ഒന്നരയോടെ സംഭവമറിഞ്ഞ് ഓരോരുത്തരായി കോളേജിൽ നിന്ന് ആശുപത്രിയിലേക്ക് എത്തിക്കൊണ്ടിരുന്നു. രാത്രി വൈകിയും ഇവർ തിരികെ പോയില്ല. സംഘർഷത്തിൽ തങ്ങളുടെ സുഹൃത്തിന് പരിക്കേറ്റു എന്നേ അവർ കരുതിയുള്ളൂ. എന്നാൽ ആശുപത്രിയിൽ നിന്ന് കേട്ട വിവരം അവർക്ക് ഹൃദയ ഭേദകമായിരുന്നു.

ഈറനണിയിക്കും വിലാപയാത്ര

ധീരജിന് ഇടുക്കിയിൽ നിന്ന് സഹപാഠികളും സഖാക്കളും നൽകിയ യാത്രയയപ്പ് വികാരനിർഭരമായിരുന്നു. മൃതദേഹം കടന്നുപോയ വഴികളിലെല്ലാം എസ്.എഫ്.ഐ പ്രവർത്തകർ ശുഭ്രപതാകയുമായി പ്രിയ സഖാവിനെ ഒരുനോക്കു കാണാൻ കാത്തുനിന്നു. ഇടുക്കി മെഡിക്കൽ കോളേജിൽ നിന്ന് പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം എസ്.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്റ് വി.പി. സാനു, സംസ്ഥാന പ്രസിഡന്റ് സച്ചിൻദേവ് എന്നിവരുടെ നേതൃത്വത്തിൽ സംഘടനാപതാക പുതപ്പിച്ചാണ് ഏറ്റുവാങ്ങിയത്. പിന്നെ സി.പി.എം ജില്ലാ കമ്മറ്റി ഓഫീസിലേക്ക്. അവിടെ ജില്ലാ സെക്രട്ടറി സി.വി വർഗീസും എം.എം മണി എം.എൽ.എയുമടക്കമുള്ള നേതാക്കൾ കാത്തു നില്‌ക്കുന്നുണ്ടായിരുന്നു. ചെമ്പതാക പുതപ്പിച്ച് പൊതുദർശനത്തിനു വെച്ച മൃതദേഹത്തിൽ പാർട്ടി പ്രവർത്തകർ അന്ത്യാഭിവാദ്യം അർപ്പിച്ചു.
അവിടെ നിന്ന് കുത്തേറ്റു വീണ കവാടവും കടന്ന് ധീരജെത്തുമ്പോൾ അവനേറെ സ്‌നേഹിച്ച കലാലയം വിതുമ്പലടക്കാൻ പാടുപെടുകയായിരുന്നു. ഒരിക്കൽ അവന്റെ പാട്ടുകൾക്ക് കാതോർത്തിരുന്ന കോളേജ് ഹാളിൽ ഏങ്ങലടികൾ മാത്രമായി. എപ്പോഴും ചിരിച്ചിരുന്ന അവന്റെ നിശ്ചലമായ മുഖം കാണാൻ കഴിയാതെ സഹപാഠികളിൽ പലരും മുഖംപൊത്തി. അവരുടെ സങ്കടങ്ങളും വികാര പ്രകടനങ്ങളും നിയന്ത്രിക്കാൻ അദ്ധ്യാപകരും നേതാക്കളും ബുദ്ധിമുട്ടി. അവസാനമായി കവാടവും കടന്ന് യാത്രയാകുമ്പോൾ കലാലയം അക്ഷരാർത്ഥത്തിൽ നിശ്ചലമായി.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: IDUKKI DIARY
KERALA KAUMUDI EPAPER
TRENDING IN OPINION
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.