ആലപ്പുഴ: കെ.എസ്.ആർ.ടി.സി ബസുകൾ വൃത്തിയും വെടിപ്പുമായി നിരത്തിലിറങ്ങണമെന്ന ഉത്തരവ് ഒരുമുഴം മുന്നേ നടപ്പാക്കി ആലപ്പുഴ കെ.എസ്.ആർ.ടി.സി ഡിപ്പോ. അഞ്ച് ജീവനക്കാരെ ഉപയോഗിച്ച് കൃത്യമായ ഇടവേളകളിൽ 60 ബസുകളും വൃത്തിയാക്കുന്നുണ്ടെന്ന് അധികൃതർ പറയുന്നു.
ഒപ്പം എല്ലാ ബസുകൾക്കും റിവേഴ്സ് ലൈറ്റും, ഇൻഡിക്കേറ്ററും, ഡ്രൈവർമാർക്ക് ഉയരമനുസരിച്ച് നീക്കാവുന്ന സീറ്റും ബോട്ടിൽ ഹോൾഡറും എയർ വെൻഡും 95 ശതമാനം വാഹനങ്ങളിലും സജ്ജമാക്കിയിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു. ലൈറ്റ്, ഹോൺ തുടങ്ങിയവയില്ലാതെയും, വൃത്തിഹീനമായും സംസ്ഥാനത്ത് പല ബസുകളും സർവീസ് നടത്തുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് വകുപ്പ്തല ഉത്തരവിറങ്ങിയത്. യാത്രക്കാർക്ക് പുറമേ ഡ്രൈവർമാരും കണ്ടക്ടർമാരും ഉൾപ്പെടെ വാഹനങ്ങളുടെ വൃത്തി സംബന്ധിച്ച് പരാതി ഉന്നയിച്ചിരുന്നു.
തെളിവ് സഹിതം പരാതി വന്നാൽ നടപടി
ബസുകളിലെ പോരായ്മകൾ സംബന്ധിച്ച് ഫോട്ടോ, വീഡിയോ എന്നിവ സഹിതം പരാതി വന്നാൽ ഗാരേജ് അധികാരിക്കും, ബന്ധപ്പെട്ട ജീവനക്കാർക്കുമെതിരെ കർശന നടപടിയുണ്ടാകും. പരാതി വരുന്ന ഡിപ്പോയിലെ മുഴുവൻ ബസ് വാഷർമാരെയും മുന്നറിയിപ്പില്ലാതെ പറഞ്ഞുവിടും. ഇത്തരം സാഹചര്യമുണ്ടായാൽ കുടുംബശ്രീ പോലുള്ള ഏജൻസികളെ വൃത്തിയാക്കൽ ചുമതല ഏൽപ്പിക്കുന്നത് പരിഗണിക്കുമെന്ന് സി.എം.ഡി കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
പരാതി അറിയിക്കേണ്ട വാട്സ് ആപ്പ് നമ്പർ: 9400058900
ആലപ്പുഴ ഡിപ്പോയിൽ ബസുകൾ: 60
ബസ് വാഷർമാർ: 5
""
കൊവിഡ് കാലം മുതൽ വാഹനങ്ങളിൽ സാനിറ്റൈസേഷൻ ഉൾപ്പെടെ കർശനമാണ്. സൂപ്പർ ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചർ ബസുകൾ ഒന്നിടവിട്ട ദിവസങ്ങളിലും ഓർഡിനറി ബസുകൾ മൂന്ന് ദിവസത്തിലൊരിക്കലും ജീവനക്കാർ കൃത്യമായി വൃത്തിയാക്കുന്നുണ്ട്.
അശോക് കുമാർ, എ.ടി.ഒ, ആലപ്പുഴ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |