SignIn
Kerala Kaumudi Online
Thursday, 25 April 2024 12.32 AM IST

വീണ്ടും ഉടക്കി ലീഗും സമസ്തയും

photo

മുസ്‌ലിം ലീഗിന്റെ മുഖപത്രമായ ചന്ദ്രികയുടെ ഓൺലൈനിൽ വന്ന വാർത്ത തെറ്റാണെന്നും പ്രവർത്തകർ വഞ്ചിതരാകരുതെന്നും കാണിച്ച് സമസ്ത അസാധാരണ വാർത്താക്കുറിപ്പ് ഇറക്കിയത് കഴിഞ്ഞ ദിവസമാണ്. സമസ്തയുടെ മുഖപത്രമായ സുപ്രഭാതം സ്ഥാപിക്കുന്നതിന് മുമ്പ് വരെ സമസ്തയുടെ കൂടി ഇടമായാണ് ചന്ദ്രിക അറിയപ്പെട്ടിരുന്നത്. ലീഗുമായി ബന്ധം തുടരുമെന്ന് സമസ്ത ഉന്നതാധികാര സമിതി തീരുമാനിച്ചെന്നായിരുന്നു ചന്ദ്രിക ഓൺലൈനിൽ വന്ന വാർത്ത. സമസ്ത വാർത്താക്കുറിപ്പിൽ ഇല്ലാത്ത വാചകമാണിതെന്ന് ചൂണ്ടിക്കാട്ടി സമസ്ത നേതൃത്വം പിന്നാലെ മറ്റൊരു വാർത്താക്കുറിപ്പ് ഇറക്കി. ഒപ്പം പ്രവർത്തകർക്ക് ജാഗ്രതാ നിർദ്ദേശവും. സമസ്തയും ലീഗ് നേതൃത്വവും തമ്മിലെ വിടവ് വീണ്ടും വർദ്ധിക്കുന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണവും ലീഗിനുള്ള കൃത്യമായ സന്ദേശവും കൂടിയാണിത്. സമസ്തയെ ലീഗിന്റെ വഴിക്ക് കൊണ്ടുവരാനുള്ള ശ്രമമാണോ, അതോ ലീഗിനെ സമസ്തയുടെ വഴിക്ക് കൊണ്ടുവരാനുള്ള ശ്രമമാണോ ഈ വിവാദങ്ങളും പോരുമെന്ന് ചോദിച്ചാൽ രണ്ട് ശരിയെന്ന് വേണം പറയാൻ.

അത്ര കൂളല്ല ജമാഅത്തെ ബന്ധം

2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പ് മുതലാണ് ജമാഅത്തെ ഇസ്‌ലാമിയുമായി മുസ്‌ലിം ലീഗ് പരസ്യ ബന്ധത്തിന് തുടക്കമിട്ടത്. നേരത്തെ ജമാഅത്തെ ഇസ്‌ലാമിയോട് തൊട്ടുകൂടായ്മ പുലർത്തിയ സംഘടനയായിരുന്നു ലീഗ്. വെൽഫെയർ പാർട്ടി രൂപീകരണത്തിന് ശേഷമുണ്ടായ ആദ്യ തിരഞ്ഞെടുപ്പുകളിൽ പ്രാദേശികമായി ഇടതുപക്ഷവുമായി അടുത്ത് പ്രവർത്തിക്കുന്ന ശൈലിയായിരുന്നു സ്വീകരിച്ചിരുന്നത്. അകൽച്ചയ്ക്ക് പിന്നാലെ സി.പി.എം വിരോധത്തിന് ജമാഅത്തെ ഇസ്‌ലാമി മൂർച്ച കൂട്ടി. ഇത് ലീഗുമായി ഐക്യപ്പെടുന്നതിലേക്കുള്ള പാലമായി. ജമാഅത്ത്, മുജാഹിദ് വിഭാഗങ്ങളുമായി മുസ്‌ലിം ലീഗ് അടുക്കുന്നതിനോട് കാലങ്ങളായി സമസ്ത പുലർത്തുന്ന എതിർപ്പ് അവഗണിച്ചായിരുന്നു ലീഗിന്റെ നീക്കം.

യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളും വഖഫ് ബോർഡ് ചെയർമാനായിരുന്ന റഷീദലി ശിഹാബ് തങ്ങളും മുജാഹിദ് സമ്മേളനത്തിൽ പങ്കെടുക്കുന്നത് സമസ്ത നേതൃത്വം വിലക്കിയത് വലിയ വിവാദമായിരുന്നു. ലീഗിനെ മുസ്‌ലിം സംഘടനകളുടെ പൊതുപ്ലാറ്റ് ഫോമാക്കി മാറ്റുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായി മുസ്‌ലിം ലീഗ് നേതൃത്വത്തിന്റെ ആഗ്രഹപ്രകാരം കൂടിയാണ് ഇരുവരെയും മുജാഹിദ് സമ്മേളനത്തിലേക്ക് ക്ഷണിച്ചത്. മുനവ്വറലിക്കും റഷീദലിക്കുമെതിരായ അച്ചടക്ക നടപടിക്ക് മുന്നോടിയായി അഞ്ചംഗ അന്വേഷണ സമിതിയെ കൂടി നിയോഗിച്ചാണ് സമസ്ത ഇതിന് മറുപടിയേകിയത്. സമിതിയുടെ റിപ്പോർട്ട് വരുന്നതിന് മുൻപേ മുനവ്വറലിയെയും റഷീദലിയെയും കൊണ്ട് ഖേദപ്രകടനം നടത്തി ലീഗ് തലയൂരി. സുന്നി വിഭാഗമായ കാന്തപുരം വിഭാഗത്തോടുള്ള നിലപാട് ലീഗ് മയപ്പെടുത്തിയ സന്ദർഭങ്ങളിലും സമസ്തയുടെ ചൂടറിഞ്ഞിട്ടുണ്ട്. സുന്നി വിഭാഗങ്ങളുടെ ഐക്യം കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് ഇരുകൂട്ടരും പറഞ്ഞ സന്ദർഭത്തിലടക്കം സമസ്തയുടെ നിലപാടിൽ വലിയ മാറ്റം വന്നിട്ടില്ല. ജമാഅത്തെ ഇസ്‌ലാമിയും മുജാഹിദും മതത്തിൽ നിന്ന് വ്യതിചലിച്ചവരാണെന്ന നിലപാടിൽ ഉറച്ചുനില്ക്കുകയാണ് സമസ്ത. ഇതിനിടയിലാണ് ജമാഅത്തെ ഇസ്‌ലാമിയുമായി രാഷ്ട്രീയ ബന്ധത്തിന് ലീഗ് തുടക്കമിട്ടത്.

2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും 2020 ലെ തദ്ദേശ തിരഞ്ഞെടുപ്പിലും 2021 ഏപ്രിലിലെ നിയമസഭാ തിരഞ്ഞെടുപ്പിലും ഈ ബന്ധം തുടർന്നു. ലോക്‌സ‌ഭ തിരഞ്ഞെടുപ്പിലെ വലിയ വിജയത്തിന് പിന്നാലെ തദ്ദേശ, നിയമസഭ തിരഞ്ഞെടുപ്പുകളിൽ ഈ കൂട്ടുകെട്ട് കൂടുതൽ ശക്തമായി. മലപ്പുറം ജില്ലയിലെ പല തദ്ദേശ സ്ഥാപനങ്ങളിലും വെൽഫെയർ പാർട്ടിക്കായി ലീഗ് സീറ്റ് വിട്ടുനല്കി. എന്നാൽ തദ്ദേശ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും വലിയ തിരിച്ചടി നേരിട്ടു. ജമാഅത്തെ ഇസ്‌ലാമിയുമായുള്ള ബന്ധം ഗുണത്തേക്കാളേറെ ദോഷം ചെയ്‌തെന്ന വിലയിരുത്തലുകൾക്കിടയിലും ഈ ബന്ധം ലീഗ് തുടർന്നു. ഇതിലെ മുറുമുറുപ്പും അനിഷ്ടവും പലവട്ടം സമസ്ത നേതൃത്വം പ്രകടിപ്പിച്ചിട്ടുണ്ട്. മറ്റ് മുസ്‌ലിം സംഘടനകളുമായി ലീഗ് ബന്ധം സ്ഥാപിക്കുന്നതിനെ എതിർക്കുന്ന നിലപാടാണ് സമസ്തയുടേത്. എല്ലാ മുസ്‌ലിം സംഘടനകളുടെയും പൊതു പ്ലാറ്റ്ഫോമായി ലീഗിനെ ഉയർത്തണമെന്നും സമസ്തയെ മാത്രം ആശ്രയിക്കരുതെന്നുമുള്ള ചിന്താഗതി ലീഗിലെ ഒരുവിഭാഗം നേതാക്കൾക്കിടയിൽ വളരുകയും അടുത്തകാലത്തായി ലീഗിന്റെ നിലപാടുകളിൽ ഈ സ്വാധീനം പ്രകടമാവുകയും ചെയ്തിട്ടുണ്ട്. ഇത് സമസ്തയെ തെല്ലൊന്നുമല്ല അസ്വസ്ഥപ്പെടുത്തുന്നത്. ലീഗ് മറ്റ് സംഘടനകളുമായി ബന്ധം സ്ഥാപിക്കാൻ ശ്രമിച്ചാൽ ഇതേ വഴിയിൽ സമസ്തയും മുന്നോട്ടുപോവുമെന്ന ശക്തമായ താക്കീത് സമസ്ത നേതൃത്വം ലീഗിനേകിയിട്ടുണ്ട്. ഇടത് മുഖ്യമന്ത്രിമാരെ കാണുന്ന പതിവില്ലാത്ത സമസ്ത വഖഫ് വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ നേരിൽ കാണുകയും സർക്കാരിൽ വിശ്വാസം അർപ്പിക്കുകയും ചെയ്തത് ഫലത്തിൽ ലീഗിനുള്ള താക്കീത് കൂടിയാണ്. സമസ്തയുടെ സ്വതന്ത്ര അസ്ഥിത്വത്തിന് വേണ്ടി വാദിക്കുന്ന യുവനേതാക്കളുടെ സ്വാധീനവും ഇതിന് വേഗം കൂട്ടി.

വീണ്ടും വരുമോ ഐക്യ ചർച്ച

സമസ്തയും ലീഗും തമ്മിലെ ഭിന്നത കാന്തപുരം വിഭാഗം സസൂക്ഷ്മം വീക്ഷിക്കുന്നുണ്ട്. ജിഫ്രി തങ്ങൾക്ക് വധഭീഷണി ഉണ്ടായെന്ന വെളിപ്പെടുത്തലിന് പിന്നാലെ ശക്തമായ അന്വേഷണവും നടപടിയും ആവശ്യപ്പെട്ട് കാന്തപുരം രംഗത്തുവന്നിരുന്നു. സുന്നി ഐക്യത്തിന് ഇടംകോലിടുന്നത് മുസ്‌ലിം ലീഗാണെന്ന വിലയിരുത്തലിലാണ് കാന്തപുരം വിഭാഗം. സുന്നി ഐക്യ ചർച്ചയ്ക്കായി മൂന്ന് വർഷം മുമ്പ് എട്ടംഗ പ്രതിനിധി സംഘത്തെ ഇ.കെ, എ.പി സുന്നി വിഭാഗങ്ങൾ നിശ്ചയിച്ചിരുന്നു. സാദിഖലി ശിഹാബ് തങ്ങൾ അദ്ധ്യക്ഷനായ സമിതിയാണ് ചർച്ചയ്ക്ക് മദ്ധ്യസ്ഥത വഹിച്ചത്. കാന്തപുരം വിഭാഗം യു.ഡി.എഫ് വിരുദ്ധ നിലപാട് തുടരുന്ന സാഹചര്യത്തിൽ സുന്നി ഐക്യമുണ്ടാവാൻ ലീഗ് ആഗ്രഹിച്ചിരുന്നില്ല. സുന്നി ഐക്യത്തെ ആദ്യം സ്വാഗതം ചെയ്ത ലീഗ് പിന്നീട് തള്ളിപ്പറയുകയും ചെയ്തു. സുന്നി ഐക്യം ഗൗരവമായി ഇതുവരെ വന്നിട്ടില്ലെന്നും അതിൽ ആത്മാർത്ഥതയുണ്ടെന്ന് തോന്നിയിട്ടില്ലെന്നുമാണ് പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞത്. മറ്റെന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാക്കാൻ വേണ്ടിയാണോ എന്ന ചിന്തയാണ് വരുന്നതെന്ന് കൂടി കുഞ്ഞാലിക്കുട്ടി പറഞ്ഞുവച്ചു. സമുദായം ഒന്നിക്കുമ്പോൾ അതിന്റെ ഗുണമാണല്ലോ സമുദായ രാഷ്ട്രീയത്തിന് ലഭിക്കുക എന്നായിരുന്നു ഇതിനോട് ഇ.കെ. സുന്നി വിഭാഗത്തിന്റെ പ്രതികരണം. ഒരേ ആശയത്തിൽ വിശ്വസിക്കുന്ന രണ്ട് വിഭാഗങ്ങൾ രണ്ടായി നില്‌ക്കുന്നതിനേക്കാൾ നല്ലത് ഒന്നാവുന്നതാണെന്ന നിലപാടാണ് സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾക്ക്. രണ്ട് വിഭാഗം നേതൃത്വങ്ങളും ഇത് മനസിലാക്കിയിട്ടുണ്ടെന്ന് കൂടി ജിഫ്രി തങ്ങൾ പറഞ്ഞുവച്ചു. മഹല്ലുകളിലും പള്ളികളിലും ഭിന്നിപ്പിന്റെ പേരിലുണ്ടാവുന്ന പ്രശ്നങ്ങൾ പരിഹരിക്കുക എന്ന ലക്ഷ്യം കൂടി ഐക്യ ചർച്ചകൾക്ക് പിന്നിലുണ്ടായിരുന്നു. സുന്നികൾ തമ്മിൽ ഐക്യപ്പെടുന്നത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ഇ.കെ, എ.പി സുന്നി വിഭാഗങ്ങൾ ഒരുപോലെ പ്രഖ്യാപനവും നടത്തി. ജിഫ്രി തങ്ങൾ സമസ്ത പ്രസിഡന്റായതോടെ ഐക്യ ചർച്ചകൾക്ക് വേഗമേറിയിരുന്നു. തുറന്ന സമീപനമാണെന്ന പ്രഖ്യാപനവുമായി കാന്തപുരം എ.പി.അബൂബക്കർ മുസ്ലിയാരും രംഗത്തുവന്നിരുന്നു. ഐക്യശ്രമങ്ങൾ സംബന്ധിച്ച ചർച്ച പുരോഗമിച്ചെങ്കിലും പിന്നീട് എവിടെയും എത്തിയില്ല.

പിളർപ്പും ലീഗിന്റെ പേരിൽ

സുന്നികൾക്ക് പ്രത്യേക രാഷ്ട്രീയ പാർട്ടി വേണമെന്ന് ആവശ്യപ്പെട്ട് 1979ൽ യുവജനസംഘടനായ എസ്.വൈ.എസ് സമസ്ത നേതൃത്വത്തിന് നിവേദനം നൽകിയതാണ് പിളർപ്പിലേക്ക് വഴിവച്ചത്. സുന്നികൾക്ക് പ്രത്യേകം ഒരു രാഷ്ട്രീയ പാർട്ടി രൂപീകരിക്കുകയോ അല്ലെങ്കിൽ സമസ്തയുടെ കീഴ്ഘടകമായ സുന്നി യുവജന സംഘത്തെ ഒരു രാഷ്ട്രീയ പാർട്ടിയായി അംഗീകരിക്കുകയോ ചെയ്യണമെന്നായിരുന്നു നിവേദനത്തിലെ ആവശ്യം. ഇത് സമസ്ത നേതൃത്വം അംഗീകരിച്ചില്ല. ഇതിന് പിന്നാലെ സമസ്ത നേതാക്കളുമായി ആലോചിക്കാതെ എറണാകുളത്ത് സമ്മേളനത്തിനുള്ള ഒരുക്കം എസ്.വൈ.എസ് തുടങ്ങി. പതിവിന് വിപരീതമായി മുസ്‌ലിം ലീഗിന്റെ അമരത്തുള്ള പാണക്കാട് കുടുംബാംഗങ്ങളെ ഉൾപ്പെടുത്തിയതുമില്ല. സമ്മേളനം നിറുത്തിവയ്ക്കണമെന്ന സമസ്തയുടെ ആവശ്യവും അവഗണിക്കപ്പെട്ടു. ഇതോടെ സമസ്തയുടെ നിലപാടിനെ പിന്തുണയ്ക്കുന്നവരെ ഉൾപ്പെടുത്തി 1989 ആഗസ്റ്റിൽ സമസ്ത നേതൃത്വം മറ്റൊരു എസ്.വൈ.എസ് സംസ്ഥാന കമ്മിറ്റി രൂപീകരിച്ചതോടെ പിളർപ്പ് പൂർണമായി. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ പ്രസിഡന്റുമാക്കി. പിന്നീട് ലീഗ് ജില്ലാ പ്രസിഡന്റ്,​ സംസ്ഥാന പ്രസിഡന്റ് സ്ഥാനങ്ങൾ വഹിക്കുമ്പോഴും ആ പദവി അദ്ദേഹം ഉപേക്ഷിച്ചില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MALAPPURAM DIARY
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.