SignIn
Kerala Kaumudi Online
Friday, 29 March 2024 4.04 PM IST

സിൽവർ ലൈനിനെതിരെ അവിശുദ്ധ കൂട്ടുകെട്ട്: മുഖ്യമന്ത്രി, യു.ഡി.എഫ്- ബി.ജെ.പി - ജമാ അത്തെ ഇസ്ലാമി സഖ്യം വികസനത്തെ എതിർക്കുന്നു

silver-line

തിരുവനന്തപുരം: കേരളത്തിൽ തുടർഭരണമുണ്ടായതോടെ യു.ഡി.എഫ്- ബി.ജെ.പി- ജമാഅത്തെ ഇസ്ലാമി സഖ്യം വലിയ തോതിലുള്ള പ്രചാരവേല സർക്കാരിനെതിരെ നടത്തുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സർക്കാരിന്റെ വികസനപദ്ധതികളെ രാഷ്ട്രീയ വിരോധത്തിന്റെ പേരിൽ എതിർക്കുന്നതാണിവരുടെ പരിപാടിയെന്നും സി.പി.എം തിരുവനന്തപുരം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യവേ പിണറായി പറഞ്ഞു. കേന്ദ്ര ഏജൻസികളെയടക്കം രംഗത്തിറക്കിയും മാദ്ധ്യമങ്ങളെ ഉപയോഗിച്ചും സംഘടിത പ്രചാരണങ്ങൾ അഴിച്ചുവിട്ടിട്ടും ജനങ്ങൾ സർക്കാരിന് തുടർഭരണം സമ്മാനിച്ചതിന് ഒരുകാരണം വികസന നയമാണ്. അതിനി പാടില്ല എന്നതിനാലാണ് വികസനപദ്ധതികളെ തകർക്കാൻ ശ്രമിക്കുന്നത്. സിൽവർ ലൈനിനെതിരെയാണ് അവിശുദ്ധകൂട്ടുകെട്ട്. സിൽവർലൈൻ കേരളത്തിന്റെ വളർച്ചയ്ക്ക് ഉത്തേജനമേകുന്നതാണ്. പശ്ചാത്തലസൗകര്യം വർദ്ധിക്കുന്നതോടെ കേരളത്തിന്റെ സാമ്പത്തികവളർച്ചയുടെ ആക്കം കൂടും.

സിൽവർലൈൻ പദ്ധതി സ്വാശ്രയത്വം നേടുമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. മൂലധനച്ചെലവിന് വായ്പയെടുക്കാതെ ഒരു സംസ്ഥാനത്തിനും രാജ്യത്തിനും മുന്നോട്ട് പോകാനാവില്ല. 2025ഓടെ പ്രതിദിനം ഒരുലക്ഷംപേർ സിൽവർലൈനിലൂടെ യാത്ര ചെയ്യും. ജനിച്ചുവീഴുന്ന ഓരോ കുഞ്ഞിനെയും 33,000രൂപയുടെ കടക്കാരാക്കുമെന്നാണ് പദ്ധതിക്കെതിരായ മറ്റൊരാക്ഷേപം. വികസനത്തെ തകർത്ത് രൂപപ്പെടുത്തുന്ന തൊഴിലില്ലായ്മ, 33,000 രൂപയല്ല, അതിന്റെ ഇരട്ടി ചെലവിട്ടാലും പരിഹരിക്കാനാവില്ല.

ഇസ്ലാമിക രാഷ്ട്രവാദത്തിനായി നിലകൊള്ളുന്നവരെന്ന യഥാർത്ഥമുഖം മറച്ചുവയ്ക്കാൻ പരിസ്ഥിതി സ്നേഹത്തിന്റെയും മനുഷ്യാവകാശ സംരക്ഷണത്തിന്റെയുമെല്ലാം മുഖംമൂടി ധരിച്ച് നടക്കുന്നവരാണ് ജമാഅത്തെ ഇസ്ലാമിക്കാർ. കേരളത്തിലെ ഭൂരിപക്ഷ, ന്യൂനപക്ഷ വിഭാഗങ്ങളിലുള്ള മഹാഭൂരിഭാഗം പേരും മതനിരപേക്ഷ ചിന്താഗതിക്കാരാണ്. ആ അന്തരീക്ഷം തകർത്ത് വർഗീയ മനസുകളെ സൃഷ്ടിച്ചെടുക്കാനായി വലിയ തോതിലുള്ള വർഗീയ ധ്രുവീകരണത്തിനാണ് ശ്രമം. നേരത്തേ യു.ഡി.എഫ് ഒളിഞ്ഞും തെളിഞ്ഞുമായിരുന്നു ഇവരുമായി സഖ്യമുണ്ടാക്കിപ്പോന്നതെങ്കിൽ ഇപ്പോഴവർതന്നെ നേരിട്ട് വർഗീയ അജൻഡ ഏറ്റെടുക്കുകയാണ്. മുസ്ലിംലീഗ് വർഗീയ തീവ്രവാദികളുടെ അജൻഡകളാണേറ്റെടുക്കുന്നത്. ജനങ്ങളെ വ്യത്യസ്ത അറകളിലാക്കി തിരിച്ച് വികസനത്തെയാകെ തകർക്കാൻ നീക്കം നടത്തുന്നു. ക്രമസമാധാനം തകർക്കാനുള്ള നീക്കങ്ങളും മറുഭാഗത്തുണ്ട്. ഇടുക്കിയിലെ ധീരജിന്റെ കൊലപാതകം അതിന്റെ ഏറ്റവുമൊടുവിലത്തെ ഉദാഹരണമാണ്. കൊലയെ ന്യായീകരിക്കുക മാത്രമല്ല, കൊല്ലപ്പെട്ടയാളെ വീണ്ടും കൊലപ്പെടുത്തുകയും ചെയ്യുന്ന സമീപനമാണ് കോൺഗ്രസ് നേതാക്കളുടേത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SILVER LINE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.