'സൂപ്പർ ശരണ്യ" എന്ന സിനിമയിൽ സോനയായി കൈയടി നേടുന്ന മമിതാ ബൈജുവിന്റെ വിശേഷങ്ങൾ
'സൂപ്പർ ശരണ്യ" യുടെ സൂപ്പർ കൂട്ടുകാരിയാണ് സോന എന്ന സൊനാര. ആ കഥാപാത്രത്തെ മികവോടെ അവതരിപ്പിച്ച മമിതാ ബൈജുവിന്റെ ഭാഷയിൽ പറഞ്ഞാൽ പൊളി വൈബ് ചങ്ക്. സോനയുടെ കുറുമ്പും സ്നേഹവും പിണക്കവും ഗംഭീരമായി പകർത്തിവച്ച് മമിതയെ ആരും മറക്കാനിടയില്ല. സിനിമാകരിയറിന്റെ തുടക്കമാണെങ്കിലും മികച്ച കഥാപാത്രങ്ങളെ സമ്മാനിക്കാൻ മമിതയ്ക്ക് കഴിഞ്ഞിട്ടുണ്ട്. 'ഖൊ ഖൊ" എന്ന സിനിമയിലെ അഞ്ജു എന്ന കഥാപാത്രത്തെയും മമിത മികവുറ്റതാക്കിയിരുന്നു. സിനിമയെ അത്രയേറെ ഇഷ്ടപ്പെടുന്ന മമിത 'സൂപ്പർ ശരണ്യ" എന്ന ചിത്രത്തിന് ലഭിക്കുന്ന അഭിനന്ദനങ്ങളുടെ തിരക്കിനിടയിൽ പുതിയ വിശേഷങ്ങൾ പങ്കുവയ്ക്കുന്നു.
മനസ് നിറയുന്നുണ്ട്
'സൂപ്പർ ശരണ്യ" യ്ക്ക് നല്ല അഭിനന്ദനങ്ങളാണ് ലഭിക്കുന്നത്. തുടക്കം മുതൽ അവസാനം വരെ സിനിമ ആസ്വദിക്കപ്പെടുന്നുണ്ട് എന്നറിയുന്നത് വലിയ സന്തോഷമാണ്. അതോടൊപ്പം വ്യക്തിപരമായി ലഭിക്കുന്ന ഓരോ സന്ദേശങ്ങളും അഭിപ്രായങ്ങളും വലിയ സംതൃപ്തിയാണ് നൽകുന്നത്. നീണ്ട മെസേജുകളാണ് മിക്കവരും അയക്കുന്നത്. സോന എന്ന ഞാൻ അവതരിപ്പിച്ച കഥാപാത്രത്തെ അവരുടെ ജീവിതത്തിൽ അടുത്തറിയാമെന്നാണ് പലരും പറയുന്നത്. അതൊക്കെ കേൾക്കുമ്പോൾ മനസ് നിറയുന്നുണ്ട്. രണ്ടുവർഷം മുമ്പായിരുന്നു സിനിമയിലേക്കുള്ള ഓഡിഷൻ നടന്നത്. തിരഞ്ഞെടുക്കപ്പെട്ടെങ്കിലും കൊവിഡ് കാലമായതുകൊണ്ട് ചെറിയ ഇടവേള വന്നു. കഴിഞ്ഞ വർഷം ജനുവരിയിലായിരുന്നു ഞങ്ങളെല്ലാവരും ചേർന്നുള്ള ഒരു ഓഡിഷൻ കൂടി നടന്നത്. ഷൂട്ടിംഗിന് ഒരു മാസം മുമ്പായിരുന്നു രണ്ടാമത്തെ ഓഡിഷൻ. കൂടാതെ സീനുകളൊക്കെ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായുള്ള ഒരു സെഷൻ കൂടിയുണ്ടായിരുന്നു. അങ്ങനെ ഷൂട്ടിംഗിന് മുമ്പേ ഞങ്ങളെല്ലാവരും അടുപ്പത്തിലായി. അനശ്വരയും ഞാനും റോസ്നയും ദേവികയുമാണ് സൂപ്പർ ശരണ്യയിലെ ആ കൂട്ടുകാർ. ഞങ്ങൾ സെറ്റിൽ അടിച്ചുപൊളിച്ചു.
സന്തോഷം നിറഞ്ഞ അന്തരീക്ഷം
ഗിരീഷ് സാർ സൂപ്പർ സംവിധായകനാണ്. നമുക്ക് കൃത്യം സ്പേസ് തരും. വലിയ സീനുകളൊക്കെ ആണെങ്കിലും നമ്മുടെ ഭാഗത്ത് നിന്ന് നല്ല പെർഫോമൻസ് ഉണ്ടാകുമ്പോൾ അത് സ്വീകരിക്കാൻ തയ്യാറാണ്. ഫ്രഷായാണ് ലൊക്കേഷനിൽ പോയത്. ഇങ്ങനെ ചെയ്യാമെന്നൊക്കെ പ്ലാൻ ചെയ്ത് ഇനി അതല്ല വേണ്ടെതെന്ന് ഡയറക്ടർ സാർ പറയുമ്പോൾ പിന്നെ അത് മാറ്റാൻ ബുദ്ധിമുട്ടായിരിക്കുമെന്ന് തോന്നി. ഫ്രഷായി പോയാൽ ഒരു സീൻ പറയുമ്പോൾ പെട്ടെന്ന് മനസിലാകും, നമ്മുടെ ബെസ്റ്റ് തന്നെ കൊടുക്കാൻ കുറച്ചു കൂടെ എളുപ്പവുമാകും. ആ സിനിമ പ്രേക്ഷകർക്ക് അനുഭവപ്പെടുന്ന അതേ അന്തരീക്ഷം തന്നെയായിരുന്നു ഷൂട്ടിംഗ് സെറ്റിലും. ആ വൈബ് അതേ പോലെ നിലനിറുത്താൻ ക്രൂ മുഴുവൻ ശ്രദ്ധിച്ചിരുന്നു.ഒരു കോളേജ് വൈബ് മോഡിലായിരുന്നു ലൊക്കേഷൻ. 'സൂപ്പർ ശരണ്യ" ഷൂട്ടിംഗ് കഴിഞ്ഞാണ് ഞാൻ തേവര സേക്രഡ് ഹാർട്ട് കോളേജിൽ ബി എസ്സി സൈക്കോളജിയ്ക്ക് ജോയിൻ ചെയ്തത്. ആദ്യമായിട്ടാണ് കോളേജിലേക്ക് എത്തിയതെന്ന ഫീലിംഗ് അനുഭവപ്പെട്ടില്ല. കാരണം അതിന് മുമ്പായിരുന്നല്ലോ ഞങ്ങളുടെ ലൊക്കേഷൻ തന്നെ കോളേജായി മാറിയത്.
ആത്മവിശ്വാസം പകർന്ന കഥാപാത്രങ്ങൾ
അഭിനയത്തെ ഗൗരവമായി കാണാൻ തുടങ്ങിയപ്പോൾ തന്നെ എനിക്ക് നല്ല കഥാപാത്രങ്ങളെ ലഭിച്ചു. ഓപ്പറേഷൻ ജാവയിലാണെങ്കിലും ഖൊ ഖൊ ആണെങ്കിലും കുറച്ചു ആഴമുള്ള കഥാപാത്രങ്ങളായിരുന്നു. ജാവയിലെ അൽഫോൻസ ഇരുപത്തഞ്ച് വയസൊക്കെയുള്ള ആളാണ്, പതിനെട്ട് വയസിലാണ് ഞാൻ ആ കഥാപാത്രം ചെയ്യുന്നത്. അതു ചെയ്താൽ ശരിയാകുമോ എന്നൊക്കെയായിരുന്നു എന്റെ ചിന്ത. ആ ചിത്രത്തിന്റെ സംവിധായകൻ തരുൺ ചേട്ടനാണ് ധൈര്യം നൽകിയത്. കൂടെ അഭിനയിച്ച ബാലുചേട്ടൻ നമുക്ക് സ്പേസ് തരുന്ന ആളാണ്. അങ്ങനെ ആ കഥാപാത്രത്തെ ടെൻഷനില്ലാതെ അവതരിപ്പിക്കാൻ കഴിഞ്ഞു. അതു കഴിഞ്ഞ് നേരെ വന്നത് ഖൊ ഖൊയിലേക്കാണ്. ഒരു ട്രോമയെ നേരിട്ട പത്താംക്ളാസിൽ പഠിക്കുന്ന വളരെ അഗ്രസീവായ ഒരു കുട്ടി. തൊട്ടതിനും പിടിച്ചതിനും ദേഷ്യമുള്ള അഞ്ജു എന്ന ആ കഥാപാത്രത്തെ അവതരിപ്പിക്കാൻ ഞാൻ നേരത്തെ കണ്ടിട്ടുള്ള ചിലരുടെ മാനറിസങ്ങളും സഹായിച്ചിട്ടുണ്ട്. സംവിധായകൻ രാഹുലേട്ടനും നായികയായ രജിഷ ചേച്ചിയും ഒരുപാട് സഹായിച്ചു. സ്പോർട്സ് സിനിമയായതുകൊണ്ട് തന്നെ ഓടുമ്പോഴും മറ്റും വീണ് പരിക്കുകളുണ്ടായിരുന്നു. സിനിമയ്ക്ക് ലഭിച്ച ഫീഡ് ബാക്കുകളാണ് ആ വേദന മാറ്റിയതും സിനിമയിൽ തന്നെ നിൽക്കണമെന്ന ആഗ്രഹം ഉറപ്പിച്ചതും.
രണ്ടും ഞാൻ തന്നെ
ചെയ്ത സിനിമകളിലെ വേഷങ്ങളെല്ലാം വ്യത്യസ്തമായിരുന്നു. അതെന്റെ ഭാഗ്യമായാണ് കരുതുന്നത്. കരിയറിന്റെ തുടക്കത്തിൽ നമ്മളെ തിരിച്ചറിയുന്ന കഥാപാത്രങ്ങൾ എല്ലായ്പ്പോഴും കിട്ടണമെന്നില്ല. പ്രേക്ഷകർ തിരിച്ചറിയാൻ തീർച്ചയായും ഒരു സമയമെടുക്കും. 'ഹണീബി" 2 വിൽ ആസിഫിക്കയുടെ അനുജത്തിയായി ഞാൻ അഭിനയിച്ചിട്ടുണ്ടെന്ന് പറഞ്ഞാൽ ആ സിനിമ കണ്ടവർക്ക് ഓർത്തെടുക്കാൻ കഴിയണമെന്നില്ല. ആ സിനിമയിൽ ഇന്ന ആളാണെന്ന് പറയുമ്പോഴാണ് ആ കുട്ടി താനാണോ എന്ന ചോദ്യം വരുന്നത്. രസകരമായ ഒരനുഭവം പറയാം. ഓപ്പറേഷൻ ജാവയും ഖൊഖോയും ഒരേ സമയമായിരുന്നു തിയേറ്ററിലെത്തിയത്. 'ഖൊഖൊ" കണ്ട് തിയേറ്ററിൽ നിന്നുള്ളവർ നേരത്തെ ഏതെങ്കിലും സിനിമ ചെയ്തിട്ടുണ്ടോ എന്ന് ചോദിച്ചപ്പോൾ അപ്പുറത്തെ തിയേറ്ററിലുള്ള 'ഓപ്പറേഷൻ ജാവ" യിൽ അഭിനയിച്ചിട്ടുണ്ടെന്ന് പറഞ്ഞപ്പോൾ അത് നേരത്തെ കണ്ടതായിരുന്നു, പക്ഷേ രണ്ടാളും ഒന്നാണെന്ന് മനസിലാക്കാൻ സാധിച്ചില്ല, കുറച്ചു മുതിർന്ന കുട്ടിയാണെന്നാണ് കരുതിയെതെന്നായിരുന്നു പറഞ്ഞത്.
ഇനി മുന്നോട്ട്
സിനിമ എനിക്ക് പണ്ടേ ഇഷ്ടമായിരുന്നു. ഒരു സാധാരണ കുടുംബാന്തരീക്ഷമായതുകൊണ്ടു തന്നെ സിനിമ സ്വപ്നം കണ്ടില്ല എന്നതാണ് സത്യം. സിനിമയിൽ ബന്ധങ്ങളോ പരിചയമോ ഉണ്ടായിരുന്നില്ല. കണ്ണാടിയുടെ മുന്നിൽ പോയി അഭിനയിച്ചു നോക്കുന്നതിൽ വരെ സിനിമയോടുള്ള ഇഷ്ടം നീണ്ടിട്ടുണ്ട്. 'സർവോപരി പാലാക്കാരൻ" എന്ന സിനിമയായിരുന്നു ആദ്യം. പ്ളസ്ടു കഴിഞ്ഞപ്പോഴാണ് സിനിമയെ ഗൗരവമായി കാണണമെന്ന് തീരുമാനിച്ചത്. സിനിമ എനിക്ക് അത്ര ഇഷ്ടമാണെന്ന് ഞാൻ സ്വയം തിരിച്ചറിഞ്ഞതും സിനിമ വിടാൻ പറ്റില്ലെന്ന് തിരിച്ചറിഞ്ഞും ആ ഒരു കാലത്തായിരുന്നു. ആദ്യത്തെ രണ്ട് ചിത്രങ്ങളൊഴികെ ബാക്കിയുള്ളവയിൽ ഞാൻ തന്നെയാണ് ഡബ് ചെയ്തത്. സിനിമ എനിക്ക് ഓകെയാണെന്ന് രക്ഷിതാക്കളെ ബോധിപ്പിക്കണമായിരുന്നു. അത് ശരിയായപ്പോൾ ധൈര്യമായി. അച്ഛൻ ബൈജുവും അമ്മ മിനിയും ഏട്ടൻ മിഥുനുമെല്ലാം നല്ല സപ്പോർട്ടാണ്.