ആട്ടക്കാലങ്ങളിലൂടെ മിഴിവാർന്ന് വികസിച്ച ഒരു ദേഹം ഒടുവിൽ ഒരു നിമിഷം പെട്ടെന്ന് ശുഷ്ക്കിച്ച് ഒന്നുമല്ലാതാവുന്നതിലെ ദയനീയത പ്രകാശനെ വിഷാദമഗ്നനാക്കി...
''മരുന്നൊക്കെ കഴിക്ക്ന്ന്ല്ലേ?""
''ഇനി മരുന്നിനും മന്ത്രത്തിനൊന്നും ഒരു കാര്യോല്ലാ...""
ആ വാക്കുകളിലെ നനവ് പ്രകാശന്റെ മനിലൊരു മരവിപ്പായി പടർന്നു. അയാൾ ഒന്നും പറയാനാവാത്ത നിഹായതയോടെ പെരുവണ്ണാന്റെ മുന്നിൽ മുഖം താഴ്ത്തി നിന്നു. ഒരുപക്ഷേ ഇനിയൊരിക്കലും പെരുവണ്ണാന്റെ മുഖത്ത് മനയോലയും ചായില്ല്യവും പുരളില്ല എന്ന് ഒരു നടുക്കത്തോടെ ചിന്തകൾ കടന്നുപോയി...
('ദൈവപ്പുര" - പേജ് 56)
ആത്മസുഹൃത്തും മാദ്ധ്യമപ്രവർത്തകനുമായ വി. വി. പ്രഭാകരന്റെ ഒരു ഫേസ്ബുക്ക് പോസ്റ്റ് കഴിഞ്ഞ ദിവസം കാണുകയുണ്ടായി. കാസർകോട് കാനത്തൂർ നാൽവർ ദൈവസ്ഥാനത്ത് കളിയാട്ട മഹോത്സവത്തിൽ ഇത്തവണ വിഷ്ണുമൂർത്തിയുടെ സവിധത്തിൽ ചേർന്നുനിൽക്കാനായതിന്റെ സന്തോഷം രേഖപ്പെടുത്തിയായിരുന്നു ആ കുറിപ്പും ഫോട്ടോകളും... ഫോട്ടോകളിൽ വിഷ്ണുമൂർത്തിത്തെയ്യം ദിവ്യസൗന്ദര്യം പ്രസരിപ്പിച്ചുകൊണ്ടിരുന്നു. 2020-ലെ തെയ്യക്കാലം പാതിയിലേറെയും കൊവിഡ് മഹാമാരി കൊണ്ടുപോയെങ്കിലും 2021-ന്റെ അവസാനകാലം തൊട്ട് കോട്ടങ്ങളും പള്ളിയറകളും സ്ഥാനങ്ങളും കാവുകളുമൊക്കെ ചെറുതായി അനക്കം വെച്ചു തുടങ്ങിയിരിക്കുന്നു. തുലാപ്പത്തു മുതൽ ഇനി മേടമൊടുങ്ങും വരെയുള്ള വരവിളിക്കാലം ഒമിക്രോൺ കൊണ്ടുപോകുമോ എന്ന ഭയപ്പാടുകൾക്കിടയിലാണ് പല ദേവസ്ഥാനങ്ങളും പതുക്കെ ഉണരുന്നത്; പ്രഭാകരനെപ്പോലെ ഞാനും തെയ്യപ്രഭയിൽ സന്തോഷചിത്തനാവുന്നത്.
നർത്തകരത്നം കണ്ണപ്പെരുവണ്ണാന്റെ നാട്ടുകാരനാണ് പ്രഭാകരൻ. എന്നെ പത്തുനാൽപ്പതുവർഷം മുമ്പ് കൊടക്കാട് എന്ന ആ മനോഹരമായ ഗ്രാമത്തിലേക്കു കൂട്ടിക്കൊണ്ടുപോയത് പ്രഭാകരനാണ്. 'വീക്ഷണം" പത്രത്തിലെ ജോലി താത്കാലികമായി മതിയാക്കി എറണാകുളത്തു നിന്ന് നാടിന്റെ ഉത്സവനന്മകളിലേക്ക് പ്രഭാകരൻ തിരിച്ചെത്തിയ കാലമായിരുന്നു അത്. കണ്ണപ്പെരുവണ്ണാന്റെ വൈദ്യശാലയിലെ ഞങ്ങളുടെ എത്രയോ രാപ്പകലുകൾ. പെരുവണ്ണാൻ അക്കാലത്താണ് എന്നോട് തെയ്യാട്ട ജീവിതം പറഞ്ഞുതുടങ്ങുന്നത്... ഇരുപത്തിയൊന്നാം വയസിൽ, 1984-ൽ 'ദൈവപ്പുര" എന്ന ആദ്യ നോവൽ ഞാനെഴുതുന്നതും, അതിൽ രാമപ്പെരുവണ്ണാൻ, പ്രകാശൻ തുടങ്ങിയ സദൃശ കഥാപാത്രങ്ങളായി കണ്ണപ്പെരുവണ്ണാനും പ്രഭാകരനും രൂപാന്തരപ്പെടുന്നതും അങ്ങനെയാണ്....
വീണ്ടുമീ ഉശാറാവുന്ന തെയ്യക്കാലത്ത്, 37 വർഷത്തിനുശേഷം ഫിംഗർ ബുക്സിറക്കിയ 'ദൈവപ്പുര" യുടെ പുതിയ പതിപ്പിന് മുന്നിലിരിക്കുമ്പോൾ മനസിനകത്തിരുന്ന് പള്ളിവാൾ ചുഴറ്റി കോലമുറയുന്നു. വരവിളി ഒഴുകിപ്പരക്കുന്നു: ''കരു വിതച്ച ചീർമ്മയ്ക്ക് മറുവിധിയാണല്ലോ പുതിയോതി. ആയതുകൊണ്ട് തൊണ്ണൂറ്റാറ് മഹാവ്യാധിക്ക് നൂറ്റെട്ടൗഷധമായിട്ടും ധന്വന്തരിയായിട്ടും നിന്നുകൊള്ളാം ക്ട്ടോ...! ഗൊണം വരട്ട് പൈതങ്ങളേ, ഗൊണം വരട്ട്...""
രണ്ട്
തോറ്റംപാട്ടുകൾ ദൈവക്കോലങ്ങളുടെ ഐതിഹ്യകഥനങ്ങളാണ്. അത്രയേറെ സൗന്ദര്യവും നാട്ടുതനിമയും മുറ്റിനിൽക്കുന്നവയാണവ. തെയ്യാട്ടത്തിനുമുമ്പ് വെള്ളാട്ടം കെട്ടി തോറ്റം പാടിത്തീർക്കണം. മല്ലിയോട്ടും മന്ദംപുറത്തും മീത്തലൂട്ടും മുച്ചിലോട്ടും ചീർമ്മക്കാവിലുമൊക്കെ തോറ്റം കേട്ടു നടന്ന സന്ധ്യകൾ, തെയ്യമുറയുന്ന രാവുകൾ...
തോറ്റംപാട്ടുകൾ കേട്ടും പകർത്തിയും ജീവിതകാലമേതാണ്ട് പൂർണ്ണമാക്കിയ ഒരു മനുഷ്യനുണ്ടായിരുന്നു ഞങ്ങളുടെ നാട്ടിൽ. ഡോ. എം. വി. വിഷ്ണുനമ്പൂതിരി. ജാതിവ്യത്യാസങ്ങൾ കൊടുമ്പിരിക്കൊണ്ടിരുന്ന നാളുകളിലും തെയ്യാട്ടങ്ങൾക്കിടയിലേക്ക് നടന്നിറങ്ങി ജീവിച്ച കലാസ്നേഹി. തെയ്യമെന്നാൽ ദൈവമെന്നാണെന്നും ദൈവം കെട്ടുമ്പോൾ മലയന്റെയും വണ്ണാന്റേയും കീഴ്ജാതി സവർണ്ണർ മറന്നു പോകുന്നുവെന്നുമുള്ള 'ഐറണി" നമ്പൂതിരി മാഷാണ് ആദ്യമായി ചിരിച്ചുകൊണ്ട് എന്നോട് പറഞ്ഞത്! അദ്ദേഹം സാമാഹരിച്ച തോറ്റംപാട്ടുകൾ നാടോടി വിജ്ഞാനീയത്തിന്റെ ഉത്തമമാതൃകകളായി നമുക്കു മുന്നിലുണ്ട്. സി.എം.എസ് ചന്തേരയും കുട്ടമത്ത് എ. ശ്രീധരനും എ. എൻ. കൊടക്കാടും ആർ.സി കരിപ്പത്തും വാണീദാസ് എളയാവൂരും രാഘവൻ പയ്യനാടും കെ.കെ. മാരാരും മുതൽ ഇങ്ങേയറ്റത്ത് ഇപ്പോൾ സജീവമായി പ്രവർത്തിക്കുന്ന ഫോക് ലാന്റിലെ ഡോ. വി. ജയരാജനും സംഗീതനാടക അക്കാഡമിയിലെ വി.കെ. അനിൽകുമാറും വരെയുള്ളവരുടെ ഈ രംഗത്തെ പ്രവർത്തനങ്ങളും ഓർക്കുന്നു.
തെയ്യാട്ടത്തിന്റെ ആറുമാസക്കാലം ആട്ടക്കാരെ കൈകൂപ്പിനടന്നവർ അത് കഴിഞ്ഞാൽ വീണ്ടും അവരെ അകറ്റിനിർത്തുകയാണ് പതിവ്. ആട്ടക്കാർക്ക് മേടം കഴിഞ്ഞാൽ ആറുമാസം പട്ടിണിയും പരിവട്ടത്തിന്റേയും വറുതികാലമാണ്.. പാതിജീവിതം ദൈവമായും പാതിജീവിതം പാവം മനുഷ്യനായും ജീവിച്ചു തീർക്കേണ്ട വൈരുദ്ധ്യമാണ് ഒരു തെയ്യാട്ടക്കാരന്റേത്...!
മൂന്ന്
'ദൈവപ്പുര" എന്ന നോവലിന്റെ ആമുഖമായി തെയ്യം കെട്ടുകാരുടെ ജീവിതപശ്ചാത്തലത്തിൽ ഒരു കഥയെഴുതാനായിരുന്നു ഞാനാദ്യം തുനിഞ്ഞത്. തീച്ചാമുണ്ഡിയായി വേഷമിടുന്ന കുഞ്ഞാപ്പു എന്ന തെയ്യക്കാരൻ ആളുയരത്തിലെരിയുന്ന ചെമ്പകവിറകിന്റെ 'മേലേരി"യിലെ കനൽച്ചൂടിൽ വെന്തടങ്ങുന്ന അവസ്ഥയാണ് 'ദൈവം" എന്ന കഥയിൽ ഞാനെഴുതിയത്. സാഹിത്യപ്രവർത്തകസഹകരണസംഘത്തിന്റെ 1984-ലെ കാരൂർ അവാർഡ് ആ കഥയ്ക്ക് ലഭിച്ചു. 1985-ൽ മാതൃഭൂമി ആഴ്ചപ്പതിപ്പിലൂടെ പ്രകാശിതമായ 'ദൈവം" അടങ്ങുന്ന 'എന്റെ ഗ്രാമകഥകളു"ടെ സമാഹാരവും ഒലിവ് ബുക്സിലൂടെ ഇപ്പോൾ ഈ തെയ്യാട്ടകാലത്തു തന്നെ പ്രസിദ്ധീകരിക്കപ്പെട്ടു എന്നത് നിറുകയിൽ വന്നു വീഴുന്ന അനുഗ്രഹത്തണുപ്പായി ഞാനറിയുന്നു...
കരിവെള്ളൂർ ഈയ്യക്കാട്ടെ എന്റെ തറവാട്ടുവീടിന്റെ മുന്നിലെ മൈതാനിവളപ്പിൽ വാഴപ്പോളയിലുള്ള ചെമ്മരത്തിത്തറയായ കളിയാമ്പിള്ളി കൊത്തിനുറുക്കുന്ന കതിവന്നൂർ വീരനാണ് കുട്ടിക്കാലത്തെ അനുഭവങ്ങളിലെയും ഓർമയിലേയും ആദ്യ തെയ്യം. പിന്നീട് എത്രയോ കളിയാട്ടങ്ങൾ, തെയ്യക്കോലങ്ങൾ. ആട്ടത്തിനിടയിൽ പൊള്ളലേറ്റും വലിയമുടിയുടെ മുളന്തണ്ട് തലയിൽ തറഞ്ഞും തലപ്പാവിലൊളിപ്പിച്ച അടക്ക മൂർദ്ധാവിൽ താഴ്ന്നും സംഭവിച്ച ദുർമരണകഥകളും ഒരുപാട്. കാഞ്ഞങ്ങാട് വയനാട്ടു കുലവൻ തെയ്യംകെട്ടിനിടയിലെ മൃഗബലിയായ 'ബപ്പിടൽ' നിയമക്കുരുക്കിൽപെട്ടതും, കൊട്ടണച്ചേരിയറയിലെ കരിഞ്ചാമുണ്ടിത്തെയ്യം ആടിനെ കടിച്ച് ചോര ചീറ്റുന്ന ആചാരം പരിഷത്തുകാരുടെ എതിർപ്പിൽ മുടങ്ങിയതുമൊക്കെയായ എത്രയോ സംഭവകഥകൾ...
നാല്
വ്രതാനുഷ്ഠാനങ്ങളോടെ സാധാരണ മനുഷ്യൻ ദിവ്യമായ തൈയ്യക്കോലമാവുന്ന പരിവർത്തനത്തെക്കുറിച്ച്, പരിചിതരായ ആട്ടക്കാരോട് ഞാൻ പലപ്പോഴും ചോദിച്ചിട്ടുണ്ട്. ആ 'ട്രാൻസിഷൻ" അപാരമായ ഒരത്ഭുതമായാണ് പലരും പറഞ്ഞത്. സാധാരണ സമയങ്ങളിൽ അധികമൊന്നും സംസാരിക്കാത്ത പലരും 'തെയ്യ"മാവുമ്പോൾ വേറിട്ട വരമൊഴികളിലൂടെ ഭക്തരുടെ ഹൃദയം കവരുന്നതിനും ഞാൻ സാക്ഷിയാണ്. കൈകൂപ്പിയുള്ള പരിദേവനങ്ങൾക്ക് കുറിക്കുകൊള്ളുന്ന മറുപടികളും അനുഗ്രഹവചസുകളുമായി ദൈവരൂപങ്ങളായി സാധാരണ മനുഷ്യർ മാറുന്നു...!
കിരീടത്തിൽ നിന്ന് ചെത്തിപ്പൂ നുള്ളിയെടുത്ത്, താലത്തിൽ നിന്ന് മഞ്ഞൾക്കുറിയും ചേർത്ത് നീട്ടി, മഹാമാരിയുടെ ദുരിതങ്ങളകറ്റാൻ ഇതാ വീണ്ടും വെള്ളാട്ടത്തിന്റെ ഉരിയാട്ടം മുഴങ്ങുന്നു:
''ഇപ്പഴത്തിങ്കൽ കളരിയടിച്ച പുഷ്പം നുള്ളിയിട്ടിട്ടേയുള്ളു. ആയതിനെക്കൊണ്ടെന്റെ തേരും തിരുമുടിയും തീർത്ത് ഒക്കെയും വിശേഷമാക്കും കെട്ടാ.... എന്നോടെന്നോട് ചൊന്നില്ല എന്മുഖം നോക്കിയില്ല എന്നുള്ള പരാധീനം ആർക്കാർക്കും വേണ്ട കെട്ടാ... ഗൊണം വരട്ട് പൈതങ്ങളേ... ഗൊണം വരട്ട്...""
അതെ, വെള്ളാട്ടമേ തുടങ്ങിയുള്ളൂ... ഇനി സാക്ഷാൽ കോലമുണ്ടുറയാൻ, അനുഗ്രഹം ചൊരിയാൻ... പക്ഷേ --
(സതീഷ്ബാബു പയ്യന്നൂർ:
98470 60343)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |