കൊച്ചി: സീറോമലബാർ സഭ തലശേരി അതിരൂപത ആർച്ച് ബിഷപ്പായി ജോസഫ് പാംപ്ലാനിയേയും പാലക്കാട് രൂപത ബിഷപ്പായി പീറ്റർ കൊച്ചുപുരയ്ക്കലിനേയും തിരഞ്ഞെടുത്തു. സിനഡ് യോഗത്തിന്റെ ഭാഗമായി സീറോമലബാർ സഭാ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ ജോർജ് ആലഞ്ചേരിയാണ് പ്രഖ്യാപനം നടത്തിയത്.
കർദിനാൾ ജോർജ് ആലഞ്ചേരിയും തലശേരി ആർച്ച് ബിഷപ്പ് മാർ ജോർജ് ഞറളക്കാട്ടും പാലക്കാട് ബിഷപ്പ് ജേക്കബ് മനത്തോടത്തും നിയുക്ത പിതാക്കന്മാരെ പൊന്നാട അണിയിച്ചും ബൊക്കെ നൽകിയും അനുമോദിച്ചു.
അറിയപ്പെടുന്ന ദൈവശാസ്ത്രജ്ഞനും പ്രാസംഗികനും ധ്യാനഗുരുവും നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവുമാണ് ജോസഫ് പാംപ്ലാനി. 2017 നവംബർ മുതൽ തലശേരി അതിരൂപതയുടെ സഹായമെത്രാനാണ്. ഇംഗ്ലീഷ്, ജർമ്മൻ, ലത്തീൻ, ഗ്രീക്ക്, ഹീബ്രു ഭാഷകളിൽ പ്രാവീണ്യമുണ്ട്. തലശേരി അതിരൂപത അദ്ധ്യക്ഷനായിരുന്ന ജോർജ് ഞറളക്കാട്ട് വിരമിച്ച ഒഴിവിലേക്കാണ് നിയമനം.
പാലക്കാട് രൂപതാദ്ധ്യക്ഷനായിരുന്ന ജേക്കബ് മനത്തോടത്ത് വിരമിച്ചതിനാലാണ് പീറ്റർ കൊച്ചുപുരയ്ക്കൽ നിയമിതനായത്. 2020 ജനുവരി 15ന് പാലക്കാട് സഹായമെത്രാനായി നിയമിക്കപ്പെട്ട ഇദ്ദേഹം 2020 ജൂൺ 18ന് അഭിഷിക്തനായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |