SignIn
Kerala Kaumudi Online
Wednesday, 24 April 2024 6.27 AM IST

വിദ്യാലയങ്ങൾ വീണ്ടും അടയുമ്പോൾ

school

സംസ്ഥാനം വീണ്ടും കൊവിഡ് വ്യാപനച്ചുഴിയിലകപ്പെട്ട പശ്ചാത്തലത്തിൽ കുട്ടികൾ ഒരിക്കൽക്കൂടി ഓൺലൈൻ പഠനത്തിലേക്കു തിരിയാൻ നിർബന്ധിതരായിരിക്കുകയാണ്. ഒന്നുമുതൽ ഒൻപതുവരെയുള്ള ക്ളാസുകൾ ഈ മാസം 21 മുതൽ നിറുത്തിവയ്ക്കും. 10, 11, 12 ക്ളാസുകൾ തത്‌കാലം സ്‌കൂളുകളിൽ തുടരുമെങ്കിലും രോഗവ്യാപനം കൂടുതൽ രൂക്ഷമായാൽ ഇതിലും പുനരാലോചന വേണ്ടിവരും. ഒൻപതു വരെയുള്ള ക്ളാസുകൾ രണ്ടാഴ്ചത്തേക്ക് നിറുത്തിവയ്ക്കാനാണ് തീരുമാനം. അതിനുശേഷം സ്ഥിതിഗതികൾ അവലോകനം ചെയ്ത് തീരുമാനിക്കും. മാർച്ച് പരീക്ഷാ മാസമായതിനാൽ ശേഷിക്കുന്ന അദ്ധ്യയനം പഴയപടി ഓൺലൈനിലേക്കു മാറ്റിയാലും അത്ഭുതമില്ല. 10, 11, 12 ക്ളാസ് വിദ്യാർത്ഥികൾക്ക് പ്രതിരോധകുത്തിവയ്പ് എത്രയും വേഗം പൂർത്തിയാക്കുക എന്ന കടമ്പയും മുന്നിലുണ്ട്. ആദ്യം മുതലേ വാക്സിനേഷൻ സ്‌കൂളുകൾ കേന്ദ്രീകരിച്ചു നടത്തിയിരുന്നെങ്കിൽ ചുരുങ്ങിയ ദിവസങ്ങൾകൊണ്ട് പൂർത്തിയാക്കാൻ കഴിയുമായിരുന്നു.

പത്ത്, പന്ത്രണ്ട് ക്ളാസുകാരുടെ അവസാന പരീക്ഷയുടെ തീയതികൾ പ്രഖ്യാപിച്ചുകഴിഞ്ഞു. തടസം കൂടാതെ അതു നടത്താനുള്ള ശ്രമമാണ് ഇനി വേണ്ടത്. മഹാമാരിക്കൊപ്പം രണ്ടുവർഷമായി ജീവിക്കുന്നതിനാൽ ഇതൊക്കെ വലിയ വെല്ലുവിളിയായി കരുതേണ്ടതില്ല. ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ച് പരീക്ഷകൾ നടത്താവുന്നതേയുള്ളൂ.

കുട്ടികളുടെ കാര്യങ്ങൾക്ക് നീക്കുപോക്കുണ്ടെങ്കിലും മുതിർന്നവർ പൊതുവേ നിയന്ത്രണങ്ങൾ പാലിക്കുന്നതിൽ വിമുഖത കാണിച്ചതാണ് മൂന്നാംവരവ് ഇത്ര രൂക്ഷമാക്കിയത്. വ്യാപനം നിയന്ത്രിക്കാൻ സർക്കാർ കുറെ കാര്യങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. സർക്കാർ, അർദ്ധസർക്കാർ, സഹകരണ സ്ഥാപനങ്ങൾ എന്നിവയുടെ പരിപാടികൾ ഓൺലൈനിലേ നടത്താവൂ എന്നു നിർദ്ദേശമുണ്ട്. ടി.പി.ആർ ഇരുപതിൽ കൂടുതലുള്ള ഇടങ്ങളിൽ ചടങ്ങുകളിൽ അൻപതു പേരിൽ കൂടരുതെന്നും നിഷ്‌കർഷിച്ചിട്ടുണ്ട്. ഇതൊക്കെ കർക്കശമായി പാലിക്കപ്പെടുന്നുണ്ടോ എന്ന് ഉറപ്പാക്കാനുള്ള സംവിധാനങ്ങൾ കൂടി ഉണ്ടാകണം. ആളുകളുടെ കൂട്ടംകൂടൽ നിയന്ത്രിക്കാനാവുന്നില്ലെങ്കിൽ രോഗവ്യാപനം തുടർന്നുകൊണ്ടേയിരിക്കും. ഇടക്കാലത്ത് നന്നേ കുറഞ്ഞിരുന്ന രോഗവ്യാപനം ആഘോഷനാളുകളെത്തുടർന്നാണ് ചരടുപൊട്ടിയതെന്ന് വ്യക്തമാണ്. ഇനിയും നിയന്ത്രണം കടുപ്പിച്ചില്ലെങ്കിൽ വലിയ ആപത്തിലേക്കായിരിക്കും ചെന്നെത്തുക. നിയന്ത്രണങ്ങൾ പാലിക്കാനും മാർഗനിർദ്ദേശങ്ങൾ അനുസരിക്കാനും സാധാരണക്കാർ സ്വമേധയാ തയ്യാറാവുമെങ്കിലും അതിനു കൂട്ടാക്കാത്തവർ രാഷ്ട്രീയത്തിലും സംഘടനകളിലും പ്രവർത്തിക്കുന്നവരാണ്. വൻ പ്രാതിനിദ്ധ്യത്തോടെ നടത്തുന്ന സമ്മേളനങ്ങളും ആഘോഷപരിപാടികളും അറിഞ്ഞുകൊണ്ട് മഹാമാരി ക്ഷണിച്ചുവരുത്തുന്നതിനു തുല്യമാണ്. ഉത്സവങ്ങളുടെയും പെരുന്നാളിന്റെയും നാളുകളാണ് വരാൻ പോകുന്നത്. കരുതലെടുത്തില്ലെങ്കിൽ വലിയ വില നല്‌കേണ്ടിവരും. ലോക്ക്‌ഡൗൺ പ്രായോഗികമല്ലെന്നു തെളിഞ്ഞിട്ടുള്ളതിനാൽ ഇനി ആ മാർഗത്തെക്കുറിച്ച് ചിന്തിക്കുന്നില്ലെന്നാണ് സർക്കാർ നിലപാട്. ജനജീവിതം സാധാരണ മട്ടിൽ നീങ്ങിയില്ലെങ്കിൽ അതുകൊണ്ടുണ്ടാകുന്ന കഷ്ടനഷ്ടങ്ങൾ വളരെ വലുതാണെന്ന് ബോദ്ധ്യമായതാണ്. കൊവിഡ് കേസുകളിലെ പ്രതിദിന വർദ്ധന വളരെയധികം ഭീതിജനിപ്പിക്കും വിധത്തിലാണ്.

കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാൻ ജനങ്ങൾ ആത്മാർത്ഥമായി മുന്നോട്ടുവന്നില്ലെങ്കിൽ ആദ്യഘട്ടത്തിലെ ദുരനുഭവങ്ങൾ ആവർത്തിച്ചെന്നിരിക്കും. ആരോഗ്യവിദഗ്ദ്ധരും സർക്കാരും നല്‌കുന്ന നിർദ്ദേശങ്ങൾ മുഖവിലയ്ക്കെടുക്കാൻ ഏവരും തയ്യാറാകണം. മുതിർന്നവരിൽ നിന്നുണ്ടായ കരുതലില്ലായ്മയും അച്ചടക്കരാഹിത്യവുമാണ് കൊവിഡ് എന്ന ദുർഭൂതത്തെ വീണ്ടും മൂടിതുറന്ന് പുറത്തുവിട്ടത്. സ്ഥിതി ഇനിയും രൂക്ഷമായാൽ ദുരന്തമത്രയും സഹിക്കേണ്ടിവരുന്നത് സാധാരണക്കാരാകും. നേരത്തെ തൊഴിലും വരുമാനവും നഷ്ടമായവർ ലക്ഷക്കണക്കിനാണ്. ആ ദുർഗതി ആവർത്തിക്കാൻ ഇടനല്‌കരുത്. രോഗവ്യാപനത്തിൽ ഇപ്പോൾ തിരുവനന്തപുരം, എറണാകുളം ജില്ലകളാണ് മുന്നിൽ. ഇത്തരം ഇടങ്ങളിൽ കർക്കശ നിയന്ത്രണങ്ങൾ സ്വീകരിച്ചില്ലെങ്കിൽ രോഗവ്യാപനം അതിവേഗത്തിലാകും. നിയന്ത്രണങ്ങൾ കടലാസിലൊതുങ്ങാതെ നടപ്പിൽ വരുത്തേണ്ടത് ജില്ലാ ഭരണാധികാരികളാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EDITORIAL
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.