കൊച്ചി: ഇടുക്കി ഗവണമെന്റ് എഞ്ചിനീയറിംഗ് കോളേജിലെ എസ്എഫ്ഐ പ്രവർത്തകനായ ധീരജിനെ കൊലപ്പെടുത്തിയ സംഭവത്തിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരനെ അനുകൂലിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ധീരജിന്റെ കൊലപാതകത്തിൽ പൊലീസ് പ്രതികളാക്കിയിരിക്കുന്നവർ നിരപരാധികളാണെങ്കിൽ സംരക്ഷിക്കുമെന്നാണ് കെ സുധാകരൻ പറഞ്ഞതെന്നും പൊലീസിന്റെ അന്വേഷണ റിപ്പോർട്ട് പുറത്തുവരട്ടെയെന്നും അദ്ദേഹം പറഞ്ഞു. ആറുപേർ ചേർന്ന് എങ്ങനെയാണ് നൂറുപേരെ ആക്രമിച്ചതെന്ന് വ്യക്തമാക്കണമെന്നും വി ഡി സതീശൻ അഭിപ്രായപ്പെട്ടു.
സിപിഎമ്മിനെ മരണത്തിന്റെ വ്യാപാരികളെന്നും വി ഡി സതീശൻ വിമർശിച്ചു. ജനുവരി 31വരെ എല്ലാ പരിപാടികളും കോൺഗ്രസ് മാറ്റി വച്ചു. എന്നാൽ സിപിഎം ഇതൊന്നും ബാധകമല്ലാ എന്ന രീതിയിൽ ജില്ലാ കളക്ടറുടെ ഉത്തരവ് ലംഘിച്ച് തിരുവാതിരയും ജില്ലാ സമ്മേളനവും നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. 50പേർക്ക് മാത്രം പങ്കെടുക്കാൻ അനുമതിയുള്ളിടത്ത് 250പേർ പങ്കെടുക്കുന്നുണ്ടെന്നും പ്രതിപക്ഷ നേതാവ് വിമർശിച്ചു.
കെ റെയിലുമായി ബന്ധപ്പെട്ട് പാരിസ്ഥിതികാഘാത പഠനം നടത്തണമെന്ന് പ്രതിപക്ഷം നിരന്തരം ആവശ്യപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു. ഡിപിആർ പ്രകാരം റെയിലിന് ചുറ്റും 200കിലോമീറ്ററോളം മതിൽ കെട്ടുമെന്നാണ് പറയുന്നത്. എന്നാൽ ഇതൊരു കൊറിഡോർ ഡാം പോലെയാകും. സിൽവർ ലൈനിന് തൊട്ടടുത്ത് പരിസ്ഥിതി ലോല മേഖലയാണെന്നും. റെയിൽ പരിസ്ഥിതി ലോല പ്രദേശത്ത് കൂടിയല്ല പോകുന്നതെന്ന വാദം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.
പിടി തോമസിന്റെ സംസ്കാരവുമായി ബന്ധപ്പെട്ട് ഒരു വിവാദത്തിനും ഇല്ലെന്നും സംസാകാരവുമായി ബന്ധപ്പെട്ട മുഴുവൻ ചിലവും കോൺഗ്രസാണ് വഹിച്ചതെന്നും അദ്ദേഹം പറഞ്ഞു. മറിച്ചെന്തെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കിൽ അത് തിരുത്താൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും വി ഡി സതീശൻ പറഞ്ഞു.