മുംബയ്: കൊവിഡ് വ്യാപനം അതിരൂക്ഷമായതോടെ ഉത്തരേന്ത്യയിലടക്കം നിയന്ത്രണങ്ങൾ ശക്തമാക്കി. ഉത്തരാഖണ്ഡിൽ കൊവിഡ് നിയന്ത്രണങ്ങൾ 31 വരെ നീട്ടി. നേരത്തെയുള്ള നിയന്ത്രണങ്ങൾ പ്രകാരം സ്കൂളുകൾ തുറക്കില്ല. ഓഫിസുകൾക്ക് 50 ശതമാനം ജോലിക്കാരുമായി പ്രവർത്തിക്കാം. സ്റ്റേഡിയം, പാർക്കുകൾ, ജിമമ്മുകൾ, നീന്തൽക്കുളങ്ങൾ, വിനോദ സഞ്ചാര കേന്ദ്രങ്ങൾ എന്നിവയും തുറക്കില്ല. വിവാഹമടക്കമുള്ള പൊതുപരിപാടികൾക്ക് 100 പേർക്ക് മാത്രമാണ് പ്രവേശനം. മാർക്കറ്റുകൾ രാത്രി എട്ടിന് അടയ്ക്കും. മെഡിക്കൽ സ്റ്റോറുകളും, റെസ്റ്റോറന്റുകളും ആരാധാനാലയങ്ങളും തുറക്കും.
ജമ്മു കാശ്മീരിലും കൂടുതൽ നിയന്ത്രണങ്ങൾ നിലവിൽ വന്നു. ശനിയാഴ്ച മുതൽ ജമ്മു കാശ്മീരിൽ വാരാന്ത്യ ലോക്ക്ഡൗൺ നിലവിൽ വന്നു. രാത്രി ഒൻപത് മുതൽ രാവിലെ ആറ് വരെയുള്ള രാത്രി കർഫ്യു എല്ലാ ജില്ലകൾക്കും ബാധകമാണ്. പൊതുചടങ്ങുകളിൽ 25 പേർക്ക് മാത്രമാണ് പ്രവേശനം. ഇവർ വാക്സിൻ സ്വീകരിച്ചവരായിരിക്കണം. ഹാളുകളിൽ പരമാവധി ശേഷിയുടെ 25 ശതമാനം പേർക്ക് പ്രവേശിക്കാം. തിയേറ്ററുകൾ, റെസ്റ്റോറന്റുകൾ, ക്ലബ്ബുകൾ, ജിമ്മുകൾ, നീന്തൽക്കുളങ്ങൾ എന്നിവിടങ്ങളിലും പരമാവധി ശേഷിയുടെ 25 ശതമാനം പേർക്ക് മാത്രം പ്രവേശിക്കാം. ക്ലാസുകൾ ഓൺലൈൻ വഴിയായിരിക്കും.
ജമ്മു കാശ്മീരിലെത്തുന്നവർ വാക്സിനേഷൻ സർട്ടിഫിക്കറ്റോ ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റോ ഹാജരാക്കണം. രോഗലക്ഷണങ്ങളുള്ളവർക്ക് ആർ.ടി.പി.സി.ആർ നിർബന്ധമാണ്.
പശ്ചിമ ബംഗാൾ ശനിയാഴ്ച 31 വരെ നിയന്ത്രണങ്ങൾ നീട്ടിയിരുന്നു.
Listen to the latest songs, only on JioSaavn.com