Kerala Kaumudi Online
Monday, 20 May 2019 6.05 AM IST

തിവാരിയുടെ മകന്റെ കൊലപാതകം: മരുമകൾ അറസ്റ്റിൽ

apoorva

ന്യൂഡൽഹി: യു.പി മുൻ മുഖ്യമന്ത്രി പരേതനായ എൻ.ഡി. തിവാരിയുടെ മകൻ രോഹിത് ശേഖർ തിവാരി കൊല്ലപ്പെട്ട കേസിൽ ഭാര്യ അപൂർവ ശുക്ലയെ പൊലീസ് അറസ്റ്റ് ചെയ്തു. തുടർച്ചയായ മൂന്നുദിവസത്തെ ചോദ്യംചെയ്യലിനൊടുവിലാണ് അപൂർവയെ അറസ്റ്റ് ചെയ്തത്. ഇവരെ ഡൽഹി കോടതി രണ്ടുദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.

ഇക്കഴിഞ്ഞ ഏപ്രിൽ 16നാണ് 40കാരനായ രോഹിതിനെ വീടിനുള്ളിലെ സ്വന്തം കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഹൃദയാഘാതംമൂലമാണ് രോഹിത് മരണപ്പെട്ടതെന്നാണ് ആദ്യം പുറത്തുവന്ന വിവരമെങ്കിലും ശ്വാസംമുട്ടിയുള്ള മരണമാണെന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ടാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്. അസംതൃപ്തമായ വിവാഹജീവിതമാണ് കൊലയ്ക്ക് പ്രേരിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു.

സംഭവം നടന്ന ദിവസം അമിതമായ അളവിൽ മദ്യപിച്ചെത്തിയ രോഹിതും അപൂർവയും തമ്മിൽ രാത്രി വൈകി വഴക്ക് നടന്നിരുന്നു. വഴക്കിനിടയിൽ അപൂർവ രോഹിതിനെ തലയിണയുപയോഗിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇരുവരും തമ്മിലുള്ള വഴക്ക് പതിവായിരുന്നു. ഉത്തരാഖണ്ഡിൽ ഏപ്രിൽ 12ന് വോട്ടുചെയ്യാൻ പോയി രോഹിത് തിരിച്ചെത്തിയ 15ന് രാത്രിയാണ് സംഭവം നടക്കുന്നത്. കൊലപാതകം മുൻകൂട്ടി തയ്യാറാക്കിയിരുന്നതല്ലെന്നും ഇരുവരും തമ്മിലുള്ള വിവാഹബന്ധത്തിലെ പ്രശ്നങ്ങളാണ് കൊലയ്ക്ക് കാരണമായതെന്നും അഡിഷണൽ കമ്മിഷണർ രാജീവ് രഞ്ജൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.

സുപ്രീംകോടതിയിൽ അഭിഭാഷകയായ അപൂർവയെ കഴിഞ്ഞ ഞായറാഴ്ച മുതൽ പൊലീസ് ചോദ്യംവരികയായിരുന്നു. മൊഴികളിലെ വൈരുദ്ധ്യമാണ് അപൂർവയെ സംശയത്തിന്റെ നിഴലിലാക്കിയത്. മാത്രമല്ല. സംഭവം നടക്കുന്ന സമയം, അപൂർവയും രണ്ട് വീട്ടുജോലിക്കാരും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.

രോഹിതിന്റെ പേരിലുള്ള സ്വത്ത് തട്ടിയെടുക്കാൻ അപൂർവയും കുടുംബക്കാരും ശ്രമിക്കുന്നതായി രോഹിതിന്റെ അമ്മ ഉജ്ജ്വല തിവാരിയും ആരോപിച്ചിരുന്നു.

 തെളിവ് നശിപ്പിച്ചത് ഒന്നരമണിക്കൂറിൽ

രാത്രി ഒരു മണിയോടെയാണ് രോഹിതിന്റെ കൊലപാതകം നടക്കുന്നത്. ഒന്നരമണിക്കൂറിനുള്ളിൽ തന്നെ അപൂർവ തെളിവുകൾ നശിപ്പിച്ചിരുന്നു. ആരുടെയും സഹായമില്ലാതെയാണ് അപൂർവ കൃത്യം നടത്തിയത്. സംഭവദിവസം രാവിലെ വീട്ടിലെത്തിയ രോഹിതിന്റെ മാതാവ്​ ഉജ്ജ്വലയോട്​ ഉറങ്ങുകയാണ്​ ശല്യപ്പെടുത്തേണ്ട എന്നായിരുന്നു അപൂർവ പറഞ്ഞത്​. പിന്നീടാണ്​ മരണവിവരം പുറത്തു വരുന്നത്​. സ്ഥിരമായി മദ്യപിച്ചെത്തുന്ന രോഹിത് സംഭവദിവസവും അമിതമായി മദ്യപിച്ചിരുന്നു. ചുമരിൽ താങ്ങിയാണ് ഇയാൾ നടന്നിരുന്നതെന്ന് സിസി ടിവി ദൃശ്യങ്ങളിലും വ്യക്തമാണ്.

കണ്ടത് മാട്രിമോണിയൽ വഴി

മാട്രിമോണിയൽ സൈറ്റ് വഴിയാണ് 2017ൽ ലഖ്നൗവിൽവച്ച് രോഹിതും അപൂർവയും കണ്ടുമുട്ടുന്നത്. ഒരുവർഷത്തോളം ഇരുവരും തമ്മിലുള്ള ബന്ധം തുടർന്നു. എന്നാൽ, പിന്നീട് രോഹിത് അപൂർവയിൽനിന്ന് അകലുകയും വിവാഹത്തിൽ നിന്ന് പിന്മാറുന്നതായി അമ്മ ഉജ്ജ്വലയെ അറിയിക്കുകയും ചെയ്തു. 2018 ജനുവരി മുതൽ മാർച്ച് വരെ ഇരുവരും തമ്മിൽ ഒരുതരത്തിലുള്ള ആശയവിനിമയവും നടന്നിരുന്നില്ല. എന്നാൽ, പിന്നീട് ഏപ്രിൽ രണ്ടിന് ഇരുവരും ഒന്നിച്ചുവന്ന് വിവാഹം കഴിക്കാനുള്ള താത്പര്യം അറിയിക്കുകയായിരുന്നുവെന്ന് ഉജ്ജ്വല പറയുന്നു. എന്നാൽ, പ്രശ്നങ്ങൾ വഷളായതിനെ തുടർന്ന് വിവാഹമോചിതരാകാൻ ഇരുവരും തീരുമാനിച്ചിരുന്നു. വിവാഹത്തിന് മുമ്പ് അപൂർവയ്ക്ക് മറ്റൊരാളുമായി ഇഷ്ടമുണ്ടായിരുന്നതായും രോഹിതിന്റെ സ്വത്തുക്കൾ തട്ടിയെടുക്കാൻ ശ്രമിക്കുന്നതായും ഉജ്ജ്വല ആരോപിക്കുന്നുണ്ട്.

 മകനായത് നിയമം പറഞ്ഞപ്പോൾ

ആറ്​ വർഷം നീണ്ട നിയമപോരാട്ടങ്ങൾക്ക്​ ശേഷമാണ്​ രോഹിതിനെ എൻ.ഡി. തിവാരി മകനായി അംഗീകരിച്ചത്​. ഡി.എൻ.എ ടെസ്​റ്റിന്​ രക്തം നൽകാൻ പോലും തിവാരി മടിച്ചിരുന്നു. 2014ലാണ്​ ഡൽഹി കോടതി രോഹിതിന്റെ പിതാവ്​ തിവാരിയാണെന്ന്​ പ്രഖ്യാപിച്ചത്​. അതേവർഷം രോഹിതിന്റെ മാതാവിനെ തിവാരി വിവാഹം കഴിക്കുകയും ചെയ്​തു. കഴിഞ്ഞവർഷമാണ്​ എൻ.ഡി. തിവാരി മരിച്ചത്​.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: APOORVA
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY