ലക്ഷ്യ സെന്നിന് ഇന്ത്യ ഓപ്പൺ സൂപ്പർ 500 ബാഡ്മിന്റൺ പുരുഷ സിംഗിൾസ് കിരീടം
ഫൈനലിൽ ലക്ഷ്യ ലോക ചാമ്പ്യൻ ലോ കീൻ യേയെ അട്ടിമറിച്ചു
ന്യൂഡൽഹി : ലോക ചാമ്പ്യൻ ലോ കീൻ യേയെ ഫൈനലിൽ അട്ടിമറിച്ച് ഇന്ത്യൻ യുവ രക്തം ലക്ഷ്യ സെൻ ഇന്ത്യ ഓപ്പൺ സൂപ്പർ 500 ബാഡ്മിന്റൺ പുരുഷ സിംഗിൾസ് കിരീടം സ്വന്തമാക്കി. 20കാരനായ ലക്ഷ്യ കരിയറിൽ ആദ്യമായാണ് ഒരു സൂപ്പർ 500 കിരീടം സ്വന്തമാക്കുന്നത്. 54 മിനിട്ട് നീണ്ട ആവേശകരമായ കലാശപ്പോരാട്ടത്തിൽ 24-22,21-17 എന്ന സ്കോറിനാണ് ലക്ഷ്യ ലോക ചാമ്പ്യനെ അട്ടിമറിച്ചത്. കഴിഞ്ഞ മാസം നടന്ന ലോക ചാമ്പ്യൻഷിപ്പിൽ ലക്ഷ്യ വെങ്കലം നേടിയിരുന്നു.
പുരുഷ ഡബിൾസിൽ ഇന്ത്യൻ സഖ്യമായ സാത്വിക് സായ്രാജ്-ചിരാഗ് ഷെട്ടി സഖ്യത്തിനാണ് കിരീടം. ഫൈനലിൽ മുഹമ്മദ് അഹ്സാൻ-ഹെൻദ്ര സത്യവാൻ സഖ്യത്തെ21-16,26-24 എന്ന സ്കോറിനാണ് ഇന്ത്യൻ സഖ്യം കീഴടക്കിയത്. ഇന്ത്യ ഓപ്പൺ പുരുഷ ഡബിൾസ് കിരീടം നേടുന്ന ആദ്യ ഇന്ത്യൻ സഖ്യമാണ് സാത്വിക്കും ചിരാഗും. മൂന്ന് തവണ ലോക ചാമ്പ്യൻഷിപ്പ് നേടിയവരാണ് മുഹമ്മദ് അഹ്സാൻ-ഹെൻദ്ര സത്യവാൻ സഖ്യം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |