SignIn
Kerala Kaumudi Online
Friday, 29 March 2024 4.03 PM IST

ഗുണ്ടകളുടെ സ്വന്തം നാട്..!

illustration

രാത്രിയിൽ വീട്ടിൽനിന്ന് ഓട്ടോറിക്ഷയിൽ തട്ടിക്കൊണ്ടുപോയ 19 വയസുകാരനെ മർദ്ദിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം തോളിൽ ചുമന്ന് പൊലീസ് സ്റ്റേഷനു മുന്നിലെത്തിച്ച് കൊലവിളി നടത്തുന്നിടം വരെയെത്തി നില്‌ക്കുന്നു കേരളത്തിൽ ഗുണ്ടകളുടെ വിളയാട്ടം. കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനാണ് ഉത്തരേന്ത്യൻ മോഡൽ ഗുണ്ടാവിളയാട്ടത്തിന് വേദിയായത്. കുപ്രസിദ്ധ ഗുണ്ട ജോമോനാണ് 19കാരൻ ഷാൻ ബാബുവിനെ കൊലപ്പെടുത്തി തോളിൽചുമന്ന് സ്റ്റേഷനു മുന്നിൽ കൊണ്ടിട്ടത്. മകനെ കാണാനില്ലെന്ന് രാത്രിയിൽത്തന്നെ ഷാനിന്റെ മാതാവ് പരാതി നല്‌കിയിട്ടും നേരം വെളുക്കട്ടെയെന്ന പതിവ് പല്ലവിയിലായിരുന്നു കോട്ടയം ഈസ്റ്റ് പൊലീസ്. നേരത്തേ കോട്ടയത്ത് കെവിൻ എന്ന യുവാവിനെ ഭാര്യാവീട്ടുകാരുടെ ക്വട്ടേഷനിൽ ഒരു സംഘം തട്ടിക്കൊണ്ടുപോയപ്പോൾ മാതാപിതാക്കളും ഭാര്യയും നേരിട്ടെത്തി പരാതി നല്‌കിയിട്ടും ഗാന്ധിനഗർ പൊലീസ് കാട്ടിയ അലംഭാവം കെവിന്റെ ജീവനെടുക്കുന്നതിലാണ് കലാശിച്ചത്. എത്ര അനുഭവങ്ങളുണ്ടായാലും പൊലീസ് പഠിക്കുന്നില്ലെന്ന് ചുരുക്കം.

വീട്ടിൽനിന്ന് തട്ടിക്കൊണ്ടുപോയ ആളെ കൊലപ്പെടുത്തി സ്റ്റേഷനു മുന്നിൽ കൊണ്ടിടാൻ തക്ക ധൈര്യം ഗുണ്ടകൾക്കുണ്ടെങ്കിൽ ഇവിടുത്തെ സാധാരണക്കാർക്ക് എന്ത് സുരക്ഷയാണ് ഈ പൊലീസ് നല്‌കുന്നത് ? ഗുണ്ടകൾ അഴിഞ്ഞാടുമ്പോഴും പല പേരുകളുള്ള ഓപ്പറേഷനുകൾ പ്രഖ്യാപിച്ച് പൊലീസ് മേധാവി ഉറങ്ങുകയാണോ ? ഡിസംബർ 18 മുതൽ ജനുവരി ഒൻപതുവരെ ജില്ലകളിൽ രണ്ടുവീതം പ്രത്യേക സ്ക്വാഡുകളെ നിയോഗിച്ച് നടത്തിയ ഓപ്പറേഷനുകളിൽ 13,032 ഗുണ്ടകളെ പിടികൂടി ജയിലിൽ അടച്ചെന്നാണ് പൊലീസ് മേധാവി മാദ്ധ്യമങ്ങളെ അറിയിച്ചത്. ഗുണ്ടാനിയമപ്രകാരം 215 പേർക്കെതിരെ കേസെടുത്തു. അപ്പോൾ പൊലീസിന്റെ പട്ടികയിലില്ലാത്ത ഗുണ്ടകളാണോ ഇവിടെ അഴിഞ്ഞാടുന്നത് ? ഗുണ്ടകളെ അമർച്ച ചെയ്യാൻ അതിശക്തമായ നടപടിയെടുക്കണമെന്നാണ് ജനംആഗ്രഹിക്കുന്നത്. ലക്ഷം കോടിയുടെ അതിവേഗ റെയിൽ ഗതാഗത സൗകര്യമുണ്ടാവേണ്ടത് സമാധാനവും സുരക്ഷിതത്വവുമുള്ള നാട്ടിലായിരിക്കണം. കനത്ത ശമ്പളവും വമ്പൻ അധികാരങ്ങളും നല‌്കി അറുപതിനായിരം പേരുള്ള സേനയെ പരിപാലിക്കുന്നത് ക്രമസമാധാന പാലനം ഉറപ്പാക്കാനാണ്.

ഗുണ്ടാനിയമം ചുമത്തി പൊലീസ് നാടുകടത്തിയ ജോമോൻ ആ കാലാവധി കഴിഞ്ഞ് നാട്ടിൽ തിരിച്ചെത്തി തന്റെ സാന്നിദ്ധ്യം അറിയിക്കാൻ കൊല നടത്തിയെന്നാണ് പൊലീസ് പറയുന്നത്. ഗുണ്ടാനിയമം ചുമത്തി, സ്വന്തം ജില്ലയിൽ ആറുമാസം പ്രവേശിക്കരുത് എന്ന ശിക്ഷ നല്‌കുന്നവരെ തുടർച്ചയായി നിരീക്ഷിക്കാൻ പൊലീസിൽ സംവിധാനമില്ലേ ? ഇങ്ങനെയുള്ളവർ ശിക്ഷാകാലയളവിൽ എന്തു ചെയ്യുന്നു, എവിടെയൊക്കെ പോകുന്നു എന്നൊക്കെ പൊലീസ് അറിയേണ്ടതല്ലേ ? ഇന്റലിജൻസ് വിഭാഗവുമായി ചേർന്ന് കൂടുതൽ ജാഗ്രതയോടെ പൊലീസ് പ്രവർത്തിക്കേണ്ടത് അനിവാര്യമാണ്. ഗുണ്ടകളെയും ക്വട്ടേഷൻ സംഘങ്ങളെയും അമർച്ചചെയ്യുന്നതിൽ കടുത്ത നടപടികളാണെടുക്കേണ്ടത്. ഗുണ്ടകൾ ആളുകളെ കൊലപ്പെടുത്തി കാൽവെട്ടിയെടുത്ത് ആഘോഷയാത്ര നടത്തുന്നു. ക്രിമിനൽ മാഫിയാസംഘങ്ങൾ നഗരങ്ങളിൽ പട്ടാപ്പകൽ വിലസുന്നു. ഗുണ്ടാപ്രവ‌ർത്തനം തൊഴിലായി വളരുകയാണ്. ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടൽ നാടിന് ഭീഷണിയായി മാറി. ഏറ്റവുമധികം ഗുണ്ടകളുള്ളത് തലസ്ഥാനത്താണ്. കൊലപാതകം, ക്വട്ടേഷൻ, അക്രമ പ്രവർത്തനങ്ങൾ തുടങ്ങി പൊതുസമൂഹത്തിന് ഭീഷണിയായ ഗുണ്ടാസംഘങ്ങളാണ് തലസ്ഥാനത്ത് വിലസുന്നത്. ഗുണ്ടകളെ നേരിടാൻ 15 വർഷം മുൻപുതന്നെ കാപ്പ നിയമം കേരളത്തിലുണ്ട്. ഗുണ്ടകളെ ഒരുവ‌ർഷം കരുതൽ തടങ്കലിലാക്കാനും നാടുകടത്താനുമടക്കം അതിശക്തമായ അധികാരങ്ങളുള്ള ഈ നിയമം ഫലപ്രദമായി ഉപയോഗിച്ച് ഗുണ്ടകളെ അമർച്ച ചെയ്യാൻ പൊലീസിന് കഴിയുന്നില്ല.

കേരളത്തിലാകെ എത്ര ഗുണ്ടകളുണ്ടെന്ന കൃത്യമായ കണക്കുപോലും പൊലീസിന്റെ പക്കലില്ല. സ്ഥിരമായി ഗുണ്ടാപ്രവർത്തനം നടത്തുന്ന 4500 പേർ സംസ്ഥാനത്തുണ്ടെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണക്ക്. 1300പേർ അതീവ അപകടകാരികളാണ്. ഇവർ എപ്പോൾ വേണമെങ്കിലും അക്രമങ്ങൾ നടത്താൻ സജ്ജരായിരിക്കുന്നവരാണ്. എന്നാൽ ജില്ലകളിൽ പ്രത്യേക ഓപ്പറേഷൻ പ്രഖ്യാപിച്ച പൊലീസ് 13,032 ഗുണ്ടകളെ ഒരുമാസം കൊണ്ട് പിടികൂടി. രണ്ടിലേറെ ക്രിമിനൽ കേസുകളുള്ളവരെയെല്ലാം പിടികൂടി ഗുണ്ടാവിരുദ്ധ ഓപ്പറേഷന്റെ വലിപ്പം കൂട്ടിയതു കൊണ്ടുമാത്രം കാര്യമില്ലെന്നതാണ് കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ സംഭവം പൊലീസിനെ പഠിപ്പിക്കുന്നത്. അപകടകാരികളായ ഗുണ്ടകളുടെ പട്ടികയുണ്ടാക്കി അവരെ കൃത്യമായി കരുതൽ തടങ്കലിലാക്കണം. ജാമ്യം നേടി പുറത്തിറങ്ങാനു ള്ള പഴുതുകൾ അടയ്ക്കണം. എങ്കിലേ ജനങ്ങൾക്ക് ഭയമില്ലാതെയും സമാധാനത്തോടെയും ജീവിക്കാനാവൂ. ഗുണ്ടകളുമായി ചില പൊലീസുകാർക്കുള്ള വഴിവിട്ട ബന്ധങ്ങളും നടപടികൾക്ക് തടസമാകുന്നുണ്ട്. രാഷ്ട്രീയ സ്വാധീനമുള്ളവരെ പൊലീസ് കണ്ടില്ലെന്ന് നടിക്കുന്നെന്ന ആക്ഷേപവുമുണ്ട്.

ഇനിയെങ്കിലും പിഴയ്ക്കരുത്

ഗുണ്ടകളുടെ തേർവാഴ്ച കണ്ട് കേരളം പകച്ചു നില്‌ക്കുകയാണ്. ഗുണ്ടാസംഘങ്ങളെ അമർച്ച ചെയ്യാൻ പ്രാപ്തിയുള്ള ഉദ്യോഗസ്ഥരെ രംഗത്തിറക്കി സമൂഹത്തിൽ സമാധാനം ഉറപ്പാക്കുകയാണ് പൊലീസ് നേതൃത്വം ചെയ്യേണ്ടത്. 'ഓപ്പറേഷൻ കാവൽ' എന്ന പേരിൽ ഡി.ജി.പി അനിൽകാന്ത് പ്രഖ്യാപിച്ച പ്രത്യേക ദൗത്യം ദയനീയമായി പരാജയപ്പെട്ടു.

ഗുണ്ടകളെ അമർച്ച ചെയ്യാൻ ജില്ലാതലത്തിലും സ്റ്റേഷൻ തലത്തിലും ഗുണ്ടാവിരുദ്ധ സ്ക്വാഡുകളുണ്ടാക്കിയെങ്കിലും വിജയിച്ചില്ല. താഴേത്തട്ടിൽ ഉദ്യോഗസ്ഥർ സഹകരിക്കാത്തതായിരുന്നു കാരണം. സേനയുടെ വിശ്വാസമാർജ്ജിക്കാൻ പൊലീസ് മേധാവിക്ക് കഴിയുന്നില്ലെന്ന ആക്ഷേപങ്ങൾ പലകോണുകളിൽ നിന്നും ഉയരുന്നുമുണ്ട്. എ.ഡി.ജി.പി മനോജ് എബ്രഹാമിനാണ് ഇപ്പോൾ ഗുണ്ടാവേട്ടയുടെ ചുമതല. ജില്ലകളിൽ രണ്ട് സ്ക്വാഡുകൾ വീതം രൂപീകരിച്ചാണ് ഇപ്പോഴത്തെ ഗുണ്ടാവിരുദ്ധ പ്രവർത്തനങ്ങൾ. സംസ്ഥാനത്ത് ഇതുവരെ നടന്ന വർഗീയ കൊലപാതകങ്ങളിലെ പ്രതികളെ ഉടൻ പിടികൂടുമെന്നും സ്ഥിരം കുറ്റവാളികളുടെയും ഗുണ്ടകളുടെയും മുൻപു കേസുകളിൽപ്പെട്ടവരുടെയും പട്ടിക ജില്ലാ അടിസ്ഥാനത്തിൽ തയാറാക്കി വാറന്റുള്ള പ്രതികളെയും ഒളിവിൽ കഴിയുന്നവരെയും കണ്ടെത്തി ഉടൻ അറസ്​റ്റ് ചെയ്യുമെന്നുമാണ് പൊലീസിന്റെ ഉറപ്പ്. ക്രിമിനൽ സംഘങ്ങൾക്കു പണം കിട്ടുന്ന സ്രോതസും കണ്ടെത്തും. അതീവ അപകടകാരികളായ ഗുണ്ടകളെ കാപ്പ നിയമത്തിന്റെ വിവിധ വകുപ്പുകൾ ചേർത്ത് തടവറയിൽ അടയ്ക്കുകയാണ് പൊലീസ് അടിയന്തരമായി ചെയ്യേണ്ടത്.

കാപ്പ ചുമത്താൻ വകതിരിവ് വേണം


പരിസ്ഥിതി പ്രക്ഷോഭങ്ങളിലെ നായകർക്കെതിരെയും സർക്കാരിനെ വിമർശിക്കുന്നവർക്കെതിരെയുമൊന്നും ചുമത്താനുള്ള വകുപ്പല്ല ഗുണ്ടാനിയമം (കാപ്പ). ഗുണ്ടാവേട്ടയുടെ പേരിൽ രണ്ടിലേറെ കേസുകളുള്ള സമരക്കാരെ ഗുണ്ടാലിസ്റ്റിൽ പെടുത്താനുള്ള പൊലീസിന്റെ നീക്കം വിവാദമായിരുന്നു. വിചാരണയില്ലാതെ ആരെയും ഒരുവർഷം വരെ കരുതൽ തടങ്കലിലാക്കാവുന്ന കാപ്പ ചുമത്തുന്നതിൽ പൊലീസ് അമിതാധികാരം കാട്ടുമെന്ന് ഭയന്ന് ജില്ലാ മജിസ്ട്രേറ്രുമാർക്കാണ് കരുതൽ തടങ്കലിന് ഉത്തരവിടാൻ അധികാരം നല്‌കിയിട്ടുള്ളത്. ഈ അധികാരം തങ്ങൾക്ക് വേണമെന്ന് പൊലീസ് ഏറെക്കാലമായി ആവശ്യപ്പെടുകയാണ്. ചിലേടത്തെങ്കിലും ഗുണ്ടാനിയമം ചുമത്താനുള്ള പൊലീസിന്റെ ശുപാർശകളിൽ കളക്ടർമാർ തീരുമാനമെടുക്കുന്നത് വൈകിപ്പിക്കുന്നുണ്ട്. ഗുണ്ടാ നിയമപ്രകാരം കരുതൽ തടവിലാക്കേണ്ട 145 പേരുകളാണ് കഴിഞ്ഞ നവംബർ 30 വരെ കലക്ടർമാർക്ക് ജില്ലാ പൊലീസ് മേധാവിമാർ കൈമാറിയത്. ഇതിൽ 39 പേരെ കരുതൽ തടങ്കലിലാക്കി ഉത്തരവിട്ടു. ബാക്കിയുള്ളവരുടെ കാര്യത്തിൽ നടപടിയില്ല. ഇതിനു കാരണം രാഷ്ട്രീയ സമ്മർദ്ദമാണെന്നാണ് ആക്ഷേപം. കോടതികളിൽ നിന്നുള്ള തിരിച്ചടി നേരിടുമെന്ന് ഭയന്ന് കരുതലോടെയാണ് ഐ.എ.എസുകാർ നടപടിയെടുക്കുന്നതെന്നൊരു മറുവശവുമുണ്ട്.

2020ൽ 150 പേരെ ഗുണ്ടാനിയമം ചുമത്തി തടവിലാക്കാൻ നടപടി തുടങ്ങിയിരുന്നു. ഇതിൽ 51 പേർക്കെതിരായ കരുതൽ തടങ്കൽ ഉത്തരവിൽ കലക്ടർമാർ ഒപ്പിട്ടില്ല. അകത്താക്കിയവരിൽ ഒരാൾ ഹൈക്കോടതിയുടെ അനുകൂല റിപ്പോർട്ടിൽ പുറത്തിറങ്ങി. 31 പേരെ ഉന്നതതല ഉപദേശക സമിതിയും വിട്ടയച്ചു. സ്ഥിരം ക്രിമിനലുകളെ നാടുകടത്താൻ കാപ്പ നിയമപ്രകാരം ഐ.ജിമാർക്ക് അധികാരമുണ്ട്. കഴിഞ്ഞ നവംബർ വരെ 201 ഗുണ്ടകളുടെ പേരുകൾ എസ്.പിമാർ നല്കിയെങ്കിലും 117 ഉത്തരവു മാത്രമാണ് ഐ.ജിമാർ പുറപ്പെടുവിച്ചത്. 2010ൽ ഇത്തരത്തിൽ 160 പേരുടെ പട്ടിക എസ്.പിമാർ നൽകിയെങ്കിലും 72 പേരെ മാത്രമാണ് ആറുമാസം മുതൽ ഒരുവർഷം വരെ നാടുകടത്തി ഉത്തരവിട്ടത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: GOONDA ACT
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.