SignIn
Kerala Kaumudi Online
Saturday, 20 April 2024 6.23 AM IST

അരങ്ങിന്റെ അളവുകൾ കടന്ന ആത്‌മനൃത്തം

birju-maharaj

കഥകിലെ ലഖ്‌‌‌നൗ ഘരാനയുടെ ഇതിഹാസ നർത്തകനാണ് ബിർജു മഹാരാജ്. ബിർജു പിറന്നുവീണതുതന്നെ കഥകിന്റെ താരാട്ട് പാട്ടുകേട്ടുകൊണ്ടാണ്. അമ്മയുടെ മുലപ്പാലിലൂടെ ബിർജുവിന്റെ ചോരഞരമ്പുകളിൽ കൃഷ്‌ണഗാനങ്ങൾ ഒഴുകിയിറങ്ങി. അച്ഛൻ ആ കുഞ്ഞുപാദങ്ങൾക്ക് നൃത്തം പകർന്നു. ബിർജു മഹാരാജ് എന്നാൽ കഥകാണ്. കഥക് എന്നാൽ ബിർജു മഹാരാജാണ്. ബാലസരസ്വതിയുടെ അതുല്യമായ അഭിനയ പ്രതിഭയും രുക്‌മിണി ദേവിയുടെ താത്വികമായ അറിവും ബിർജുവിൽ ഒന്നുചേർന്നിരിക്കുന്നു.

കഥകിലെ ജയ്‌പൂർ ഘരാന സങ്കീർണമായ പദചലനങ്ങൾക്ക് പ്രാമുഖ്യം നൽകുന്നു. ലഖ്‌നൗ ഘരാനയിലാകട്ടെ സൂക്ഷ്‌മ സുന്ദരമായ അഭിനയത്തിനാണ് പ്രാധാന്യം.

സാങ്കേതിക തികവുകൊണ്ടു മാത്രം മികച്ച നർത്തകരാവാൻ കഴിയില്ലെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. 1988 ഒക്ടോബറിൽ തിരുവനന്തപുരത്ത് നടന്ന സൂര്യ നൃത്തസംഗീതോത്സവത്തിലാണ് എനിക്കു ബിർജു മഹാരാജിന്റെ കഥക് കാണാനുള്ള ഭാഗ്യം ലഭിച്ചത്. അന്നത്തെ ബിർജുവിന്റെ നൃത്തം മരണം വരെയും മറക്കാനാവില്ല. ദിവ്യസൗന്ദര്യത്തിന്റെ സമസ്‌ത ഭാവങ്ങളേയും തൊട്ടുണർത്തിയ തീവ്രമായ അനുഭവമായിരുന്നു അത്. പ്രപഞ്ചമെങ്ങും നിറഞ്ഞുനില്‌ക്കുന്ന ആദിമമന്ത്രമായ ഓങ്കാര നാദത്തിന്റെ ഉൾത്തുടിപ്പുകൾ തേടിക്കൊണ്ടാണ് നൃത്തം ആരംഭിച്ചത്. ബിർജു മഹാരാജ് ആത്മനൃത്തമാടി.

ആത്‌മനൃത്തത്തിൽ ബിർജു അരങ്ങിന്റെ അളവുകൾ കടന്ന് കാലദേശങ്ങളിലേക്ക് സംക്രമിച്ച്, ആദിസ്രോതസിലേക്ക് പ്രയാണമായി. ബിർജു ആ രാത്രിയിൽ ഒരു നർത്തകൻ മാത്രമായിരുന്നില്ല, ആത്‌മാവിൽ നിന്ന് ഗാനാലാപനം നടത്തി, വാദ്യങ്ങളിലൂടെ വാദനം നടത്തി, വായ്‌ത്താരികളിലൂടെ, പദചലനങ്ങളിലൂടെ, ഭാവമുദ്രകളിലൂടെ സങ്കീർണമായ താളങ്ങളുടെ ആത്മാവിലേക്ക് യാത്രയായി. ചിലങ്കകെട്ടി വേദിയിലെത്തുമ്പോൾ, പാദങ്ങളിൽ ചലനങ്ങൾ മെല്ലെ പിറവികൊള്ളുമ്പോൾ, ബിർജു മഹാരാജ് ബിർജു മഹാരാജ് അല്ലാതായി മാറുന്നു.

ഭൂപാലി രാഗത്തിൽ അവതരിപ്പിച്ച നൂപുര നൃത്തം വശ്യമോഹനമായിരുന്നു. വ്യത്യസ്ത താളങ്ങളുടെ സമഞ്ജസമായ സമന്വയത്തിലൂടെ പ്രപഞ്ചതാളത്തിന് ദൃശ്യമാനം നൽകാൻ ബിർജുവിനു കഴിഞ്ഞു.

ദേശ്, സോഹനി, ബിഹാഗ്, അഠാണ എന്നീ രാഗങ്ങളിൽ കോർത്തെടുത്ത അതിസുന്ദരമായ തുംരി കൃഷ്‌ണഗാഥയുടെ സമസ്ഥാർത്ഥങ്ങളും പ്രേക്ഷകരിലേക്ക് പകർന്നു. ഈ തുംരി ബിർജുവിന്റെ മുത്തച്ഛനായ ബിന്ദാദ് മഹാരാജിന്റേതാണ്. തുടർന്നവതരിപ്പിച്ച ത്രിപാലിക, നാദ് ഗുഞ്‌ജൻ എന്നീ ഇനങ്ങളും മറക്കാനാവാത്തവയായിരുന്നു.

പ്രപഞ്ചത്തിലെ സമസ്‌ത താളങ്ങളും ഒരു ദിവ്യസ്രോതസിൽ നിന്നും പിറവിയെടുക്കുന്നുവെന്നും ഈ സമസ്‌ത താളങ്ങളും ആ ആദി സ്രോതസിൽ ലയിക്കാനായി കാലദേശങ്ങളിലൂടെ കടന്നുപോകുന്നുവെന്നും ബിർജു മഹാരാജ് വിശ്വസിച്ചു. നൂപുരനാദത്തിന്റെ ശ്രവണമാത്രയിൽ , ചലനങ്ങളുടെ ഇന്ദ്രജാലങ്ങളിൽ, ബിർജു സ്വയം മറക്കുന്നു. പിന്നെ നമ്മുടെ മുന്നിൽ നിന്ന് ബിർജു മഹാരാജ് മറയുന്നു. പിന്നെ ഈശ്വര കഥകൾ കഥനം ചെയ്യുന്ന ഒരു കാഥികനായി പ്രത്യക്ഷനാകുന്നു. ആ കാഥികൻ നൃത്ത - നൃത്യങ്ങളിലൂടെ, ഗാനാലാപനത്തിലൂടെ, വാദ്യവാദനത്തിലൂടെ സത്യശിവ സൗന്ദര്യങ്ങളുടെ കഥകൾ പാടാൻ തുടങ്ങുന്നു; ആടാൻ തുടങ്ങുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BIRJU MAHARAJ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.