കോട്ടയം: രാത്രി സുഹൃത്തുക്കൾക്കൊപ്പം വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്ന യുവാവിനെ ഗുണ്ടാനേതാവ് തട്ടിക്കൊണ്ടുപോയി തല്ലിക്കൊന്ന് മൃതദേഹം പൊലീസ് സ്റ്റേഷൻ മുറ്റത്ത് കൊണ്ടിട്ടു. 'ഞാനിവനെ കൊന്നു'വെന്ന് വീരവാദം മുഴക്കി കീഴടങ്ങി.
കോട്ടയം വിമലഗിരി ഉറുമ്പിയത്ത് ബാബുവിന്റെയും പൊന്നമ്മയുടെയും (ത്രേസ്യാമ്മ) മകൻ ഷാൻ ബാബുവാണ് (19) കൊലചെയ്യപ്പെട്ടത്. മുട്ടമ്പലം കോതമന ജോമോൻ കെ. ജോസാണ് (40) അറസ്റ്റിലായത്. കാപ്പ ചുമത്തി പൊലീസ് നാടുകടത്തിയ ഗുണ്ടാ നേതാവാണിയാൾ. പ്രതി സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷയും ഡ്രൈവർ പാമ്പാടി സ്വദേശി ബിനുവും കസ്റ്റഡിയിൽ. ഇന്നലെ പുലർച്ചെ 3.30നായിരുന്നു സംഭവം.
ഞായറാഴ്ച രാത്രി എട്ടേകാലോടെ ഫുട്ബാൾ കളികഴിഞ്ഞ് എ.ആർ. ക്യാമ്പിനരികിലുള്ള മിണ്ടാമഠത്തിന് സമീപത്തെ വീട്ടിലേയ്ക്ക് നടന്നുവരികയായിരുന്ന ഷാനെ ഓട്ടോറിക്ഷയിലെത്തിയ ജോമോനും സംഘവും തട്ടിക്കൊണ്ടു പോവുകയായിരുന്നു. കൂടെയുണ്ടായിരുന്ന രണ്ടുപേർ ഭയന്നോടി. രാത്രി ഒന്നരയോടെ ഷാന്റെ അമ്മ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. പുലർച്ചെ മൂന്നരയോടെയാണ് ജോമോൻ ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിന് സമീപമുള്ള ഈസ്റ്റ് പൊലീസ് സ്റ്റേഷൻ മുറ്റത്ത് ഷാന്റെ മൃതദേഹം തോളിൽ ചുമന്നുകൊണ്ടിടുകയായിരുന്നു. ജോമോനും ഷാന്റെ കുടുംബവും പരിചയക്കാരാണ്.
സഹോദരി: ഷാരോൺ ബാബു. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം വീട്ടുകാർക്ക് കൈമാറി.
തട്ടിക്കൊണ്ടുപോയത് താവളം അറിയാൻ
എതിർചേരിയിലെ ഗുണ്ടയായ സൂര്യന്റെ താവളമറിയാനാണ് ഷാനെ തട്ടിക്കൊണ്ടു പോയതെന്നാണ് മൊഴി. സൂര്യന്റെ സുഹൃത്താണ് ഷാൻ. ജോമോനെ കാപ്പ ചുമത്തി നാടുകടത്തിയതിനു പിന്നാലെ ഇയാളുടെ സംഘാംഗത്തെ സൂര്യൻ മർദ്ദിച്ചിരുന്നു.
മരണ കാരണം തലയിലെ പരിക്ക്
തലയ്ക്കേറ്റ പരിക്കാണ് മരണകാരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. തലയോട്ടി പൊട്ടിയിട്ടില്ലെങ്കിലും തലച്ചോറിൽ അമിത രക്തസ്രാവമുണ്ടായി.
തട്ടിക്കൊണ്ടുപോയത് ജോമോന്റെ വാടക വീടിന് സമീപം ആനത്താനം മൈതാനത്തേയ്ക്ക്. വടികൊണ്ടായിരുന്നു മർദ്ദനം.