SignIn
Kerala Kaumudi Online
Friday, 19 April 2024 5.51 PM IST

വനമേഖലയിൽ വെള്ളമില്ല; കാടിറങ്ങി വന്യമൃഗങ്ങൾ

elephant

കൊല്ലങ്കോട്. വേനൽചൂട് കടുത്തതോടെ വനമേഖലയിൽ നിന്ന് വന്യമൃഗങ്ങൾ കാടിറങ്ങുന്നത് വ്യാപകമാകുന്നു. വനമേഖലയിൽ മൃഗങ്ങൾക്ക് വെള്ളം കുടിക്കാനായി തടാകങ്ങൾ നിർമ്മിക്കാത്തതാണ് വെള്ളംതേടി മൃഗങ്ങൾ കാടിറങ്ങാൻ പ്രധാനകാരണം. നെല്ലിയാമ്പതി മലനിരയിലെ നീർച്ചാലുകളും വെള്ളച്ചാട്ടവും അതേവേഗതയിൽ ഒഴുകി താഴെയെത്തുന്നതാണ് മൃഗങ്ങൾക്ക് കുടിക്കാൻ ജലദൗർലഭ്യത്തിന് കാരണമാകുന്നത്. കാട്ടാന, പുലി, പന്നി എന്നിവയ്ക്ക് പുറകെ കാട്ടുപോത്തുകളും കാടിറങ്ങി തുടങ്ങിയതായി നാട്ടുകാർ പറഞ്ഞു. ജനവാസ മേഖലയിൽ ഇവ എത്തുന്നതോടെ ഭീതിയിലാണ് നാട്ടുകാർ ഓരോദിവസവും തള്ളിനീക്കുന്നത്. കാട്ടാനയിറങ്ങുന്നത് മലയോര മേഖലയിൽ വ്യാപക കൃഷിനാശത്തിനു പുറമേ വളർത്തുമൃഗങ്ങൾക്കും ഭീഷണിയാവുന്നുണ്ട്.
വനംവകുപ്പ് സൗരോർജ്ജ വേലികൾ സ്ഥാപിച്ചെങ്കിലും പലപ്പോഴും ഇവതല്ലി തകർത്താണ് കാട്ടാനകൾ അതിർത്തി കടന്നെത്തുന്നത്. കനം കൂടിയതും എളുപ്പം തകരാത്തതുമായ ഫെൻസിംഗ് സ്ഥാപിക്കുകയോ ട്രഞ്ച് നിർമ്മിക്കുകയോ വേണമെന്ന കർഷകരുടെ ആവശ്യം ഇതുവരെ അധികൃതർ പരിഗണിച്ചിട്ടില്ല. ടൈഗർ റിസർവ് ഫോറസ്റ്റാണെങ്കിലും വന്യമൃഗങ്ങളെ സംരക്ഷിക്കാൻ വേണ്ട സംവിധാനങ്ങൾ ഒരുക്കാൻ വനംവകുപ്പും തയ്യാറായിട്ടില്ല.

വന്യജീവി അക്രമണം ഇതുവരെ.
പറമ്പിക്കുളത്ത് കാട്ടാന റേഷൻകട തകർത്ത് അരി നശിപ്പിച്ചതും പൊലീസ്‌സ്റ്റേഷനിൽ രാത്രി കാട്ടാന ആക്രമിക്കാനിടയായതും അടുത്തിടെയായിരുന്നു. പലകപ്പാണ്ടി മാത്തൂർ വെള്ളാരംകടവ് പ്രദേശങ്ങളിൽ പുലിയിറങ്ങി വളർത്തുമൃഗങ്ങളെ കൊന്നതും പിന്നീട് വനംവകുപ്പ് കൂടൊരുക്കി പുലിയെ പിടികൂടിയിരുന്നു. രണ്ടുവർഷം മുമ്പ് നെല്ലിയാമ്പതി മലനിരയിൽ നിന്നിറങ്ങിയ കാട്ടുപോത്ത് കൊല്ലങ്കോട് വടവന്നൂർ വഴി പുതുനഗരത്തെത്തി ജനവാസമേഖലിയിൽ ഏറെ പരിഭ്രാന്തി പടർത്തുകയും ഒടുവിൽ പിടികൂടി വനത്തിൽ വിട്ടയക്കുകയായിരുന്നു. കഴിഞ്ഞ ദിവസം പറമ്പിക്കുളം വനമേഖലയിൽ നിന്നിറങ്ങിയ കാട്ടുപോത്ത് മുതലമട മീങ്കരഡാം വഴി വേമ്പ്രയിൽ എത്തിയതും ജനങ്ങളെ ഭീതിയിലാഴ്ത്തി.

തമ്പടിച്ച് നായാട്ടു സംഘം.
വന്യമൃഗങ്ങൾ നാട്ടിലേക്കിറങ്ങുന്നത് കൂടിയതോടെ നെല്ലിയാമ്പതി വനമേഖലയുടെ താഴ്‌വരകളിൽ നായാട്ടു സംഘം തമ്പടിച്ചു തുടങ്ങി. ഭക്ഷണത്തിനായും വെള്ളം കുടിക്കാനായുമെത്തുന്ന വന്യമൃഗങ്ങളെ കെണിയൊരുക്കിയും വേട്ടയാടിയും പിടികൂടുന്ന സംഘം ഇപ്പോൾ സജീവമായിരിക്കുകയാണ്. തൃശൂർ, എറണാകുളം, കോട്ടയം, മലപ്പുറം ജില്ലയിലുള്ളവരാണ് മാൻ, പന്നി, കാട്ടുപോത്ത് എന്നിവയെ വേട്ടയാടി കടത്തികൊണ്ടു പോകുന്നത്. നെല്ലിയാമ്പതി വെടിയിറച്ചി എന്ന പേരിൽ രഹസ്യമായി വൻവിലക്ക് വില്പന നടത്തുന്ന സംഘവും ഇവിടെ പ്രവർത്തിച്ചുവരുന്നുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.