മലപ്പുറം: കോട്ടക്കലിൽ യുവാവിനെ ഭീഷണിപ്പെടുത്തി അഞ്ച് ലക്ഷം രൂപ തട്ടാൻ ശ്രമിച്ച കേസിൽ യുവതിയുൾപ്പെടെ ഏഴംഗ ഹണിട്രാപ്പ് സംഘത്തെ പിടികൂടി. മലപ്പുറം സ്വദേശിയായ യുവാവിന്റെ ദൃശ്യങ്ങൾ പകർത്തി അഞ്ച് ലക്ഷം രൂപ തട്ടാനുള്ള ശ്രമത്തിലാണ് ഏഴംഗ സംഘം പിടിയിലാകുന്നത്. മലപ്പുറം കൊണ്ടോട്ടി സ്വദേശി ഫസീല, കൊണ്ടോട്ടി സ്വദേശിക്കളായ റഷീദ്, നിസാമുദീൻ, കോട്ടക്കൽ സ്വദേശികളായ മുബാറക്, നസ്റുദീൻ, തിരൂർ ബി പി അങ്ങാടി സ്വദേശി ഹസീം, മംഗലം സ്വദേശി ഷാഹുൽ ഹമീദ് എന്നവരെയാണ് കോട്ടക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. യുവാവിന്റെ പരാതിയിൽ അന്വേഷണം നടത്തിയ പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. .
മിസ്ഡ് കോളിലൂടെ ഒന്നാം പ്രതിയായ ഫസീല യുവാവുമായി ബന്ധം സ്ഥാപിച്ചശേഷം ഇരുവരും തമ്മിലുള്ള സംഭാഷണങ്ങൾ റെക്കാഡ് ചെയ്യുകയായിരുന്നു. അതിന് ശേഷം ഈ മാസം 12ന് നേരിൽ കാണണമെന്ന് ആവശ്യപ്പെട്ട് യുവാവിനെ കോട്ടക്കലിലേക്ക് വിളിച്ചുവരുത്തി. ഇരുവരും സഞ്ചിച്ചിരുന്ന കാറിനെ പിന്തുടർന്ന നാലംഗ സംഘം കാർ തടഞ്ഞുനിർത്തി യുവാവിനെ ആക്രമിക്കുകയും തട്ടികൊണ്ട് പോകുകയുമായിരുന്നു. ഇതിനു ശേഷം യുവാവിന്റെ സ്വകാര്യ ദൃശ്യങ്ങൾ പകത്തിയ സംഘം അഞ്ച് ലക്ഷം രൂപ നൽകിയില്ലെങ്കിൽ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമത്തിലിടുമെന്ന് ഭീഷണിപ്പെടുത്തി. ഇതിനു ശേഷമാണ് യുവാവ് പൊലീസിൽ പരാതി നൽകുന്നത്.
കൂടുതൽ പേർ ഈ സംഘത്തിന്റെ കെണിയിലകപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു.