Kerala Kaumudi Online
Friday, 24 May 2019 4.05 AM IST

ശ്രീലങ്കൻ സ്ഫോടന പരമ്പരകൾക്ക് പിന്നിൽ അതിസമ്പന്ന കുടുംബം, ചാവേറുകൾ വിദേശത്ത് നിന്ന് ഉന്നത വിദ്യാഭ്യാസം നേടിയവർ

colombo

കൊളംബോ: ഈസ്റ്റ‌ർ ദിനത്തിൽ കൊളംബോയിൽ നടന്ന സ്ഫോടന പരമ്പരകൾക്ക് പിന്നിൽ പ്രവർത്തിച്ച എട്ടു ചാവേറുകളെ പൊലീസ് തിരിച്ചറിഞ്ഞു. കൂട്ടത്തിൽ ഒരാൾ സ്ത്രീയാണ് ഒരാളെ കൂടി തിരിച്ചറിയാനുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. സ്ഫോടന പരമ്പരകൾക്ക് പിന്നിൽ പ്രവർത്തിച്ച രണ്ടുപേർ ശ്രീലങ്കയിലെ ഏറ്റവും വലിയ സമ്പന്ന കുടുംബത്തിലെ സഹോദരന്മാരാണെന്ന് പൊലീസ് കണ്ടെത്തി. സ്ഫോടനങ്ങൾ നടക്കുന്നതിന് ഏതാനും സമയം മുൻപുള്ള സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് പൊലീസിന് കൂടുതൽ തെളിവുകൾ ലഭിച്ചത്.

തോളിൽ ഒരു ബാഗുമായി നെഗോമ്പോയിലെ സെന്റ് സെബാസ്റ്റി‌‌‌‌യൻ കത്തീഡ്രലിലേക്ക് വളരെ ലാഘവത്തോടെ നടന്നു കയറിയ വ്യക്തി അവിടെ നിന്ന ഒരു പിഞ്ചു കുഞ്ഞിന്റെ തലമുടിയിൽ തഴുകിയ ശേഷം നേരെ പള്ളിക്കകത്തു ചെന്ന് തന്റെ ബാഗിൽ നിറച്ചിരുന്ന സ്ഫോടകവസ്തുക്കൾ ട്രിഗർ ചെയ്ത അയാൾ ചിന്നിച്ചിതറിച്ചത് അവിടെ പ്രാർത്ഥിച്ചുകൊണ്ടിരുന്ന നിരപരാധികളായ 67 വിശ്വാസികളെയും അവരുടെ സ്വപ്നങ്ങളും ജീവിതവുമായിരുന്നു.

colombo

സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണം കൊളംബോയിലെ അതിസമ്പന്നമായ ഒരു കുടുംബത്തിലേക്കാണ് പൊലീസിനെ കൊണ്ടെത്തിച്ചത്. ഇൽഹാം ഇബ്രാഹിം, ഇൻഷാഫ് എന്ന സഹോദരന്മാരായിരുന്നു ചാവേറുകളായ ഏഴ്പേരിൽ രണ്ടുപേർ. ഇവരിലൊരാൾ ഇംഗ്ലണ്ടിലും, ഓസ്ട്രേലിയയിലും വിദ്യാഭ്യാസം നടത്തിയിട്ടുണ്ടെന്നും അന്വേഷണ സംഘം വ്യക്തമാക്കി.

colombo

ഇന്റലിജൻസ് വിഭാഗം നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കൊളംബോയിലെ ഡമാറ്റാ‌ഗോഡയിലുള്ള ഇബ്രാഹിം കുടുംബത്തിന്റെ വീട് പൊലീസ് റെയ്ഡ് ചെയ്തു. റെയ്ഡിനെ തുടർന്ന് പിടിക്കപ്പെടുംമെന്ന് ഉറപ്പായതോടെ ഇൽഹാമിന്റെ ഗർഭിണിയായ ഭാര്യ ഫാത്തിമ, വീട്ടിൽ സൂക്ഷിച്ചിരുന്ന ബോംബ് പൊട്ടിക്കുകയായിരുന്നു. ഗർഭിണിയായ ഫാത്തിമയും അവരുടെ മൂന്ന് കുട്ടികളും, റെയ്ഡ് നടത്താൻ എത്തിയ പൊലീസ് ഇൻസ്‌പെക്ടർ രണ്ടു കോൺസ്റ്റബിൾമാരും സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടു.

കൊളോസസ്സ് എന്ന പേരിലുള്ള ഇബ്രാഹിം കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ചെമ്പുനിർമാണ ഫാക്ടറിയാണ് സ്ഫോടന പരമ്പരകൾക്ക് ബോംബ് നിർമിക്കാനുള്ള സുരക്ഷിത ഇടമായി പ്രവർത്തിച്ചത്. ഇവിടെ നിർമിച്ച സ്റ്റീൽ ബോൾട്ടുകളും, സ്‌ക്രൂകളും മറ്റുമാണ് ബോംബുകളിൽ സ്ഫോടകവസ്തുക്കൾക്കൊപ്പം നിറച്ചത്. ഈ വസതുക്കളായിരുന്നു നിരപരാധികളായ നൂറുകണക്കിന് മനുഷ്യരുടെ ദേഹത്ത് തുളച്ചുകേറിയതും അവരെ ഇല്ലാതാക്കിയതും.

colombo

ഏഴംഗ ചാവേർ സംഘത്തിലുണ്ടായിരുന്ന മൗലവി സെഹ്‌റാൻ ഹാഷിം എന്നയാളാണ് സ്ഫോടന പരമ്പരകളുടെ സൂത്രധാരൻ എന്നാണ് മിറർ പത്രം റിപ്പോർട്ട് ചെയ്തത്. ബ്രിട്ടീഷ് സഹോദരങ്ങളായ അമേലിയുടെയും, ഡാനിയേലിന്റെയും മരണത്തിനു കാരണമായ ബോംബ് പൊട്ടിച്ച ചാവേറും ഹാഷിം തന്നെയാണ്. ഇയാളുടെ ശ്രീലങ്കൻ തമിഴ് ഭാഷയിലുള്ള പ്രകോപനപരമായ പ്രഭാഷങ്ങൾ ഏറെ നാളായി സോഷ്യൽ മീഡിയകളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ടായിരുന്നു.

colombo

ശ്രീലങ്ക കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന എൻ.ടി.ജെ എന്ന സംഘടയാണ് സ്ഫോടനത്തിന് പിന്നിലെന്ന് നേരത്തേ സംശയം ഉണ്ടായിരുന്നു. ഇവർക്ക് ഭീകരസംഘടനയായ ഐസിസുമായി ആശയപരമായി ബന്ധമുണ്ടാിയിരുന്നെന്നാണ് വെളിപ്പെടുത്തൽ. അതേസമയം, എൻ.ടി.ജെ സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഭീകര സംഘടനയായ ഐസിസ് ഏറ്റെടുത്തിരുന്നു.

ചാവേറുകളായ സഹോദരന്മാരുടെ പിതാവും ശ്രീലങ്കയിലെ അതിസമ്പന്നനും സുഗന്ധ വ്യഞ്ജന വ്യാപാരുയുമായ മുഹമ്മദ് ഇബ്രാഹിമിനെ അന്വേഷണ വിധേയമായി പൊലീസ് അറസ്റ്റ്‌ ചെയ്തു. പ്രദേശത്തെ സാധുക്കളെ സഹായിക്കുന്ന കാര്യത്തിൽ മുഹമ്മദ് നല്ല വ്യക്തിത്വത്തിന് ഉടമയാണെന്നും അയൽക്കാരും ബന്ധുക്കളും വ്യക്തമാക്കി.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: SRILANKA BLAST, COLOMBO BLAST, COLOMBO, BOMB BLAST IN COLOMBO, TERROR ATTACK
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY