SignIn
Kerala Kaumudi Online
Thursday, 25 April 2024 2.08 PM IST

സമാന്തര എക്‌സ്ചേഞ്ചുകളെ പരിധിക്ക് പുറത്താക്കുക

parallel-telephone-exchan

രാജ്യസുരക്ഷയ്‌ക്ക് പരമപ്രാധാന്യം നല്‌കുന്ന ഇക്കാലത്ത് ഗുരുതര ഭീഷണിയായി പടർന്നു പന്തലിക്കുകയാണ് സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ചുകൾ. ഇതിന് പിന്നിൽ പ്രവർത്തിക്കുന്നവരെ പൂർണമായി കണ്ടെത്താൻ കഴിഞ്ഞാൽ മാത്രമേ ശാശ്വത പരിഹാരമാകൂ. ചില കണ്ണികളെ പിടികൂടാനായെങ്കിലും രാജ്യത്തിന് പുറത്ത് വേരുകളുള്ള സംഘം ഇപ്പോഴും സജീവമാണ്. കോഴിക്കോട്, കൊച്ചി, പാലക്കാട്, ബംഗ്ളൂരു എന്നിവിടങ്ങളിൽ അടുത്തകാലത്ത് കണ്ടെത്തിയ സമാന്തര എക്‌സ്ചേഞ്ചുകൾ ഭീകരപ്രവർത്തനത്തിനുള്ള മാർഗങ്ങളിൽ ഒന്നായിരുന്നുവെന്ന് മിലട്ടറി ഇന്റലിജൻസ് സ്ഥിരീകരിച്ചിട്ടുണ്ട്.

കേരളത്തിൽ സമാന്തര ടെലിഫോൺ എക്‌സ്ചേഞ്ച് പുതിയ കാര്യമല്ലെങ്കിലും ഇപ്പോൾ ഗുരുതര സ്ഥിതിവിശേഷമാണ്. നേരത്തെ ടെലികോം കമ്പനികളെ കബളിപ്പിച്ച് പണമുണ്ടാക്കാനുള്ള മാർഗമായിരുന്നുവെങ്കിൽ ഇന്ന് ഭീകരപ്രവർത്തനങ്ങൾക്കാണ് സമാന്തര എക്‌സ്ചേഞ്ചുകൾ കൂടുതലായും വിനിയോഗിക്കുന്നത്. അട‌ുത്തകാലത്ത് രജിസ്‌റ്റർ ചെയ്‌ത കേസുകളെല്ലാം ഈ സ്വഭാവത്തിലുള്ളതായിരുന്നു. സമാന്തര ടെലിഫോൺ എക്‌സ്ചേഞ്ചുകൾക്ക് പിന്നിലെ യഥാർത്ഥ ലക്ഷ്യങ്ങൾ വളരെ വേഗത്തിൽ കണ്ടെത്തേണ്ടതുണ്ട്. ഇത്തരം എക്‌സ്ചേഞ്ചുകൾ രാജ്യസുരക്ഷയ്‌ക്ക് ഭീഷണിയാകുന്നുവെന്ന കാര്യത്തിൽ തർക്കമില്ല. ലാഭകരമല്ലാഞ്ഞിട്ടും ഇത്തരം എക്‌സ്ചേഞ്ചുകൾ എന്തിന് പ്രവർത്തിക്കുന്നുവെന്നത് സംശയാസ്പദമാണ്. ഭീകരവാദം, ക്വട്ടേഷൻ സംഘങ്ങൾ, സ്വർണകടത്ത് എന്നിവയ്‌ക്ക് സമാന്തര എക്‌സ്ചേഞ്ചുകളുമായി ബന്ധമുണ്ട്. രാജ്യസുരക്ഷയ്‌ക്കും പരമാധികാരത്തിനും ഹാനികരമാകുന്ന പ്രവർത്തനങ്ങൾ സമാന്തര എക്‌സ്‌ചേഞ്ചുകൾക്ക് പിന്നിലുണ്ടെന്ന് ഹൈക്കോടതിയും വിലയിരുത്തിയത് വിഷയത്തിന്റെ ഗൗരവം ഉൾക്കൊണ്ടാണ്. എന്നിട്ടും ഇവയെ പൂർണമായി ഉന്മൂലനം ചെയ്യാൻ അന്വേഷണ ഏജൻസികൾക്കും സർക്കാരുകൾക്കും കഴിയാത്തത് ഗുരുതര സ്ഥിതിവിശേഷം സൃഷ്‌ടിക്കുന്നു.

ഒരു പ്രത്യേക മേഖലയിൽ ഒതുങ്ങുന്നതല്ല സമാന്തര എക്‌സ്ചേഞ്ചുകൾ. അതിന്റെ കണക്‌ടിവിറ്റി രാജ്യങ്ങൾക്കും അപ്പുറവുമാണ്. അടുത്തിടെ കോഴിക്കോട്ട് ആറ് സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ചുകൾ കണ്ടെത്തിയിരുന്നു. ഈ എക്‌സ്‌ചേഞ്ചുകൾ വഴി രാജ്യത്തിനു പുറത്തേക്ക് വിളിക്കുന്ന ഫോൺ കോളുകളുടെ വിവരങ്ങൾ ശേഖരിക്കാനോ പരിശോധന നടത്താനോ കഴിയില്ല. അതിനാൽ ഹവാല ഇടപാടുകൾക്കും ഭീകരവാദ പ്രവർത്തനങ്ങൾക്കുമൊക്കെ ഇത്തരം സംവിധാനങ്ങൾ ഉപയോഗിക്കുന്നുണ്ടെന്നാണ് അന്വേഷണസംഘങ്ങളുടെ നിഗമനം.

സാമ്പത്തിക, ടെലികോം രംഗത്തിന് പുറമേ ഗൗരവകരമായ സുരക്ഷാ പ്രശ്‌നമാണ് സമാന്തര എക്‌സ്ചേഞ്ചുകൾ ഉയർത്തുന്നത്. സമാന്തര എക്‌സ്ചേഞ്ചുകൾ നിർമ്മിക്കാൻ ആവശ്യമായ ഉപകരണങ്ങൾ നിരോധിത വസ്‌തുക്കളല്ലാത്തതിനാൽ വിപണിയിൽ സുലഭമാണ്. ചൈനീസ് ഓൺലൈൻ സൈറ്റുകളിലും ഉപകരണങ്ങൾ വില്‌ക്കുന്നുണ്ട്. കോഴിക്കോട്ടെ സമാന്തര എക്‌സ്‌ചേഞ്ചിലെ റെയ്ഡിൽ ചൈനീസ് ഉപകരണങ്ങളാണ് പിടിച്ചെടുത്തത്. രാജ്യത്ത് ആഭ്യന്തര പ്രശ്‌നങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കുന്നവർക്ക് വിദേശത്തു നിന്ന് ബന്ധപ്പെടാൻ സുരക്ഷിതമാർഗം ഇത്തരം എക്‌സ്‌ചേഞ്ചുകളാണ്. നിരീക്ഷണ സംവിധാനങ്ങളെ വിദഗ്ദ്ധമായി കബളിപ്പിക്കാൻ അന്താരാഷ്ട്ര കോളുകൾ ലോക്കലാക്കി മാറ്റുന്ന ഈ സംവിധാനത്തിന് കഴിയും.

കോഴിക്കോട്ടും ബംഗ്ളൂരുവിലും നിയമവിരുദ്ധ സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ചുകൾ പ്രവർത്തിച്ചത് പതിനായിരത്തോളം മൊബൈൽ സിം കാർഡുകൾ ഉപയോഗിച്ചാണ്. ഇവയിൽ 9,792 സിമ്മുകൾ അന്വേഷണ ഏജൻസികൾ പിടിച്ചെടുത്തിരുന്നു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളായ ഒറീസ, ജാർഖണ്ഡ്, ന്യൂഡൽഹി എന്നിവിടങ്ങളിൽ നിന്ന് വ്യാജരേഖകൾ ചമച്ചാണ് സിമ്മുകൾ വാങ്ങിക്കൂട്ടിയത്. ഒന്നിന് 600 മുതൽ 700 രൂപ ചെലവഴിച്ചാണ് സിമ്മുകൾ സംഘം സംഘടിപ്പിച്ചത്. ഒരുലക്ഷം രൂപ വിലയുള്ള 136 അനുബന്ധ ഉപകരണങ്ങളും (സിം ബോക്‌സ്) പിടിച്ചെടുത്തിരുന്നു. പാക്കിസ്ഥാൻ, ചൈന എന്നീ രാജ്യങ്ങളുമായി ബന്ധമുള്ളവരാണ് എക്‌സ്‌ചേഞ്ചുകളുടെ പിന്നിലെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു..

കോഴിക്കോട് സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ച് കേസിൽ പാക്കിസ്ഥാൻ ബന്ധം സ്ഥിരീകരിച്ചിരുന്നു. കൊച്ചി ഉൾപ്പെടെ രാജ്യത്ത് 13 സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ചുകൾ കണ്ടെത്തി. കോഴിക്കോട്ടെ എക്‌സ്‌ചേഞ്ച് നടത്തിയിരുന്ന ബേപ്പൂർ സ്വദേശി അബ്ദുൾ ഗഫൂർ, കാടാമ്പുഴ ഇബ്രാഹിം പുല്ലാട്ട് എന്നിവർ അറസ്‌റ്റിലുമായി. കേസിലെ പ്രതികളും സമാന്തര ടെലിഫോൺ ഉപയോഗിച്ചവരും കേന്ദ്ര ഏജൻസിയായ റോയുടെ (റിസർച്ച് ആൻഡ് അനാലിസ് വിംഗ് ) നിരീക്ഷണത്തിലായിരുന്നെങ്കിലും കൂടുതൽ നടപടികളിലേക്ക് അന്വേഷണസംഘങ്ങൾക്ക് പോകാൻ കഴിയാത്തത് വീഴ്ചയായി. കോഴിക്കോട് കേസിലെ പ്രതിക്ക് 168 പാക്കിസ്ഥാൻ പൗരന്മാരുമായി ബന്ധമുണ്ടെന്ന് ക്രൈംബ്രാഞ്ചും കണ്ടെത്തിയിരുന്നു. പ്രതികളിൽ ഒരാൾ വൻതുകയ്ക്ക് കോൾ റൂട്ടുകൾ പാക്കിസ്ഥാൻ, ചൈന, ബംഗ്‌ളാദേശ് സ്വദേശികൾക്ക് വില്‌ക്കുകയും ചെയ്‌തു. സമാന്തര എക്‌സ്‌ചേഞ്ചിൽ ഉപയോഗിച്ചിരുന്ന സോഫ്ട് സ്വിച്ചിന്റെ ക്‌ളൗഡ് സെർവർ ചൈനയിലാണെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള കണ്ടെത്തലുകൾ അന്വേഷണ സംഘങ്ങൾക്കുണ്ടെങ്കിലും മാഫിയയുടെ അടിവേര് പറിച്ചു കളയാനായിട്ടില്ല.

വിദേശത്ത് നിന്ന് വരുന്ന ഫോൺവിളികൾ അവിടുത്തെ നെറ്റ് വർക്കിനെയും ഇന്റർനാഷണൽ ഇന്റർകണക്ട് കാരിയറിനെയും പൂർണമായും ഒഴിവാക്കി ഇന്റർനെറ്റ് വഴി സ്വീകരിച്ച് ഇന്ത്യയിൽ ലോക്കൽ കോളാക്കി മാറ്റുന്നതാണ് സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ചിന്റെ രീതി. നിരവധി സിമ്മുകൾ ഇടാവുന്നന്ന 'സിം ബോക്‌സാണ് പ്രധാന ഉപകരണം. ഇതിൽ ഏത് ഓപ്പറേറ്ററുടെയും സിം ഇടാം. സിമ്മുകൾ ഇന്റർനെറ്റുമായി ബന്ധപ്പെടുത്തും. മൊബൈൽ ഫോണുകൾ വ്യാപകമാകുന്നതിന് മുമ്പ് ഹുണ്ടി കാളുകളെന്ന പേരിലും ഇത്തരം കോളുകൾ നൽകിയിരുന്നു.

ഏത് രാജ്യത്ത് നിന്നുള്ള വിളിയാണെന്നു പോലും തിരിച്ചറിയാൻ കഴിയാത്തതിനാൽ രാജ്യദ്രോഹ പ്രവർത്തനങ്ങൾക്കും കള്ളക്കടത്തിനും ഉപയോഗിച്ചാൽ പോലും കണ്ടെത്താൻ കഴിയില്ല. ഒപ്പം ഓരോ അന്താരാഷ്ട്ര കോളിനും സർക്കാരിന് ലഭിക്കേണ്ട നികുതിയും ടെലികോം കമ്പനികൾക്ക് ലഭിക്കേണ്ട കോടികളുടെ പ്രതിഫലവുമാണ് നഷ്‌ടമാകുന്നത്.

അന്വേഷണങ്ങൾ പാതിവഴിയിൽ നിലയ്‌ക്കുന്നതാണ് സമാന്തര എക്‌സ്ചേഞ്ചുകൾ കൂണുപോലെ പൊട്ടിമുളയ്‌ക്കാൻ ഇടയാക്കുന്നത്. കോഴിക്കോട് കേസിൽ ഒരു പ്രതിയുടെ മുൻകൂർ ജാമ്യഹർജി പരിഗണിച്ചപ്പോൾ അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരാകാനായിരുന്നു ഹൈക്കോടതി നിർദ്ദേശം. എന്നാൽ, മാസങ്ങൾ കഴിഞ്ഞിട്ടു പാേലും പ്രതി കീഴടങ്ങിയില്ല. അന്വേഷണവും വഴിമുട്ടി. സൈബർ സ്വഭാവമുള്ള കേസായതിനാൽ വിദഗ്ദ്ധ സംഘത്തെയാണ് അന്വേഷണത്തിന് നിയോഗിക്കേണ്ടത്. എന്നാൽ, പലപ്പോഴും അത്തരമൊരു നീക്കമുണ്ടാകാറില്ല. രാജ്യത്തിനകത്തും പുറത്തുമായി വലിയ ബന്ധങ്ങളുള്ള സംഘത്തെ പിടികൂടണമെങ്കിൽ അന്വേഷണസംഘങ്ങൾ വലിയൊരു 'ഓപ്പറേഷൻ' നടത്തണം. അന്വേഷണസംഘങ്ങളുടെ ഏകോപനം പരമപ്രധാനമാണ്. മിലട്ട‌റി ഇന്റലിജൻസ് ഉൾപ്പെടെയുള്ള വിഭാഗങ്ങളെയും കോർത്തിണക്കിയായിരിക്കണം ആ ദൗത്യം. അതിനായി കേന്ദ്ര സർക്കാരിന്റെ ഇട‌പെടലും അനിവാര്യമാണ്. രാജ്യസുരക്ഷയെ ബാധിക്കുന്ന തലത്തിലേക്ക് കാര്യങ്ങൾ നീങ്ങിയിട്ടും കണ്ടില്ലെന്ന് നടിക്കുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങൾ ക്ഷണിച്ചുവരുത്തും. സമാന്തര ടെലിഫോൺ എക്‌സ്ചേഞ്ച് സംഘങ്ങളെ പൂർണമായും തുടച്ചുനീക്കുക തന്നെ വേണം. ഈ മാഫിയ ശൃംഖലയെ ഒരിക്കലും വളരാൻ അനുവദിക്കരുത്. ഇച്‌ഛാശക്തിയോടെയുള്ള തീരുമാനങ്ങൾ സർക്കാരുകളുടെ ഭാഗത്തു നിന്നും ഉയർന്നു വരണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PARALLEL TELEPHONE EXCHANGE
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.